പ്രീയ സഹോദരങ്ങളെ,

നാം ജീവിക്കുന്നത് ലോക രാജ്യത്തിലാണ്. ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കുക എന്ന ദൈവപിതാവിന്റെ തിരുഹിതം നിറവേറ്റുവാനാണ് ദൈവമായിരുന്നിട്ടും മാനവരൂപം ധരിച്ച് ഈശോ നാഥൻ ഈ ലോകത്തിലേക്ക് കടന്നു വന്നത്. രക്ഷാകര പദ്ധതിക്ക് ദൈവത്തിന് മനുഷ്യന്റെ സഹകരണം ആവശ്യമായിരുന്നു. ദൈവഹിതത്തിന് മുൻപിൽ പരിശുദ്ധ കന്യകാ മറിയം നടത്തിയ ഫിയാത്ത് – സമ്പൂർണ്ണ സമർപ്പണത്തിലൂടെയുള്ള ആമേൻ പറച്ചിൽ രക്ഷാകര പദ്ധതിയുടെ തുടക്കമായിരുന്നു.

ദൈവഹിതം വെളിപ്പെടുമ്പോൾ, പിതാവായ ദൈവത്തിന്റെ തിരുവിഷ്ടത്തിന് മുൻപിൽ ഞാൻ ആമേൻ പറയുവാൻ തയ്യാറാകുമ്പോൾ അവിടെ പ്രേഷിത ദൗത്യം ആരംഭിക്കപ്പെടുന്നു.

ഈശോയുടെ ലക്ഷ്യം പിതാവിന്റെ തിരുഹിതം നിറവേറ്റുക എന്നതായിരുന്നു. യോഹന്നാന്റെ സുവിശേഷം 4:34 ൽ നാം വായിക്കുന്നുണ്ട് എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുകയും അവിടുത്തെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം. ഈശോ പഠിപ്പിച്ച ശ്രേഷ്ഠമായ പ്രാർത്ഥനയിലും നാം ഉരുവിടുന്നത് പിതാവിന്റെ തിരുഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആയിരിക്കുവാനാണ്.

ഒരു വ്യക്തി പോലും തന്റെ പിതാവിന്റെ രാജ്യത്തിന് അവകാശിയാകാതെ നഷ്ടപ്പെട്ടു പോകാതിരിക്കാൻ സകല മക്കളയും വീണ്ടെടുക്കണമെന്ന തന്റെ പിതാവിന്റെ മഹത്തായ പദ്ധതി നിറവേറ്റുന്നതിന് ഈശോ തന്റെ അവസാനത്തുള്ളി രക്തം പോലും വില നൽകി കുരിശിൽ ബലിയായി തീർന്നു. വിലകൊടുക്കാതെ, ത്യാഗവും സമർപ്പണവുമില്ലാതെ ദൈവരാജ്യ പദ്ധതികളെ പൂർത്തീകരിക്കുവാൻ സാധ്യമല്ല.

ദൈവഹിതത്തിനുള്ള പരിപൂർണ്ണ സമർപ്പണമാണ് പ്രേഷിത ദൗത്യത്തിന്റെ കാതൽ. അതുകൊണ്ട് തന്നെയാണ് വള്ളവും വലയും ഉപേക്ഷിച്ച് ആദ്യ ശിഷ്യർ ഗുരുവിനെ അനുയാത്ര ചെയ്തത്. പണമോ, സ്ഥാനമാനങ്ങളോ, അധികാരമോ, പ്രശസ്തിയോ, ദൈവത്തെക്കാൾ ഉപരി യാതൊന്നുമോ നമ്മെ ഭരിക്കുന്നെങ്കിൽ ക്രിസ്തു എന്ന ഗുരുനാഥന്റെ വഴി നമുക്ക് എളുപ്പമാകില്ല.

ദൈവ രാജ്യത്തിന് വേണ്ടി നാം ചുവടുവയ്ക്കുമ്പോൾ ഒരുപക്ഷേ നമ്മെ കാത്തിരിക്കുന്നത് ദുഷ്പ്രചരണങ്ങളുടെയും, അപമാനങ്ങളുടെയും, കല്ലേറിന്റെയും കുരിശിന്റെ വഴികൾ ആയിരിക്കും. സ്വയം പരിത്യജിക്കാതെയും, നിശബ്ദനാകാതെയും ദൈവരാജ്യ പദ്ധതികൾ പൂർത്തീകരിക്കുവാൻ സാധ്യമല്ല.

നൂറ്റാണ്ടുകളായുള്ള തിരുസഭയുടെ പ്രേഷിത ചരിത്രം പരിശോധിച്ചാൽ അനേകം വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ചുടുനിണം വീണ വിശ്വാസത്തിന്റെ വീര ചരിതത്തിലാണ് നാം ചവിട്ടി നിൽക്കുന്നത്. മഹാവിശുദ്ധരായ ത്യാഗോജ്വല രക്തസാക്ഷികളുടെ ചുടുനിണം നമ്മെ ഓർമ്മപ്പെടുത്തുന്നത് തങ്ങൾ അനുഭവിച്ചറിഞ്ഞ ക്രിസ്തുസ്നേഹത്തിന്റെ നിർമ്മലസാക്ഷ്യപത്രങ്ങളാണ്. വിശുദ്ധരുടെ ജീവിതം പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ കഴിയും വിശ്വാസത്തെക്കാൾ വലുതായിരുന്നില്ല അവർക്ക് ഇഹലോക ജീവിതംപോലും.

അതെ പ്രീയപ്പെട്ടവരെ, മിഷൻ ആരംഭിക്കുന്നത് ക്രിസ്തുവിനോടുള്ള അടങ്ങാത്ത സ്നേഹത്തിൽ നിന്നുമാണ്. എന്റെ ഹൃദയം ക്രിസ്തുവിന്റെ തിരുഹൃദയത്തോട് ഒട്ടിച്ചേർന്നിരിക്കുന്ന സ്നേഹത്തിന്റെ ഒന്നാകലിലാണ് മിഷൻ ആരംഭിക്കുന്നത്. അവിടെ ഞാൻ മറയുകയും എന്നിലെ ക്രിസ്തു വെളിപ്പെടുകയും ചെയ്യും.

ആത്മാക്കൾക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ അടങ്ങാത്ത ദാഹം നാം ഏറ്റെടുക്കുമ്പോൾ അവിടെ ദൈവരാജ്യ ശുശ്രൂഷകൾ രൂപപ്പെടും.

ദൈവരാജ്യ സ്ഥാപനത്തിനായി പ്രേഷിതദൗത്യം നൽകി ഈശോ നിയോഗിച്ചത് അപ്പാസ്തലന്മാരെയാണ്. അപ്പോസ്തലന്മാരുടെ പിൻഗാമിയായ മാർപാപ്പായിലൂടെ – തിരുസഭയിലൂടെയാണ് പ്രേഷിത ദൗത്യം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്.

ലോകസ്ഥാപനം മുതൽ പിതാവ് നമുക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യത്തിലേക്ക് ഓരോ വ്യക്തികളെയും ആനയിക്കുവാൻ ഉതകുന്ന വിധത്തിൽ നിത്യരക്ഷ എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് തിരുസഭയോട് ചേർന്ന് നിന്നുകൊണ്ട് ഈ കാലഘട്ടത്തിലെ മിഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുവാൻ നമുക്ക് കൂട്ടായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.

മിഷൻ പ്രവർത്തനം നമ്മുടെ ശുശ്രൂഷയല്ല അത് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാണെന്ന് തിരിച്ചറിയാം. ലോകാതിർത്തികൾവരെ അപ്പോസ്തലന്മാരെ സാക്ഷികളാക്കാൻ ഒരുക്കിയത് പരിശുദ്ധാത്മാവാണ്. അന്ന് സെഹിയോൻ മാളികയിൽ ശ്ലീഹന്മാരെ രൂപാന്തരപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്ത പരിശുദ്ധാത്മാവിന്റെ തീ നമ്മെയും രൂപാന്തരപ്പെടുത്തും. ഇന്ന് ലോകമെമ്പാടുമുള്ള ദൈവമക്കളിൽ വലിയ ഉണർവ്വും തീക്ഷ്ണതയും നൽകിക്കൊണ്ട് ദൈവമക്കളെ സജ്ജരാക്കുന്നതും തീർത്ഥാടകസഭയെ നയിച്ചുകൊണ്ടിരിക്കുന്നതും പരിശുദ്ധാത്മാവായ ദൈവമാണ്.

സാർവ്വത്രീക സഭ ഒക്ടോബർ 18 ഞായർ പ്രേഷിത ഞായറാഴ്ച്ചയായി ആചരിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ പ്രേഷിത ദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് തിരുസഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കാളിയാകുവാൻ വേണ്ട കൃപയും അഭിഷേകവും ലഭിക്കുവാൻ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം… പരിശുദ്ധാത്മാവാം ദൈവമേ എന്നെ ചലിപ്പിക്കണമേ… നിയന്ത്രിക്കണമേ… നയിക്കണമേ… സാക്ഷിയാക്കണേ🙏

Saju Cleetus
A humble Servant of Divina Misericordia