ആമുഖം :-

നൊവേന – നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും

ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എൻ്റെ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

“ഈ ഒൻപതു ദിവസങ്ങളിൽ എല്ലാ ആത്മാക്കളെയും എന്റെ കരുണയുടെ അരുവിയിലേക്കു നീ കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങിനെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും, ദുരിതങ്ങളിലും, പ്രത്യേകിച്ചു മരണസമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ കൃപകളും അവർ നേടിയെടുക്കട്ടെ.ഓരോ ദിവസവും വ്യത്യസ്തരായ ആത്മാക്കളെ എന്റെ ഹൃദയത്തിലേക്ക് കൊണ്ട് വരുകയും എന്റെ കരുണ കടലിൽ മുക്കി എടുക്കുകയും ചെയ്യുക.”(ഡയറി 1209)

“ഈ നൊവേന വഴിയായി ആത്മാക്കളിലേക്കു എല്ലാവിധ കൃപാവരങ്ങളും ഞാൻ ഒഴുക്കും” (ഡയറി 796 )

ഈ നവനാൾ നൊവേന ദുഃഖ വെള്ളിയാഴ്ച മുതൽ നടത്തുവാനാണ് ദിവ്യനാഥൻ കല്പിച്ചിട്ടുള്ളതെങ്കിലും , ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കൽപ്പിച്ചിട്ടുണ്ട്.ആയതിനാൽ ഫലപ്രദമായ ഈ നൊവേന പാപികളുടെ മനസാന്തരത്തിനായി കൂടെ കൂടെ നടത്തുന്നത് ഉത്തമമായിരിക്കും.കുടുംബങ്ങളിൽ അനുദിനം ഈ നൊവേന പ്രാർത്ഥിക്കുന്നത് വളരെ അനുഗ്രഹപ്രദമാണ്.ഈ ദിവസങ്ങളിൽ കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ചു അത്യുത്തമം

നൊവേന

കാർമ്മി : അത്യുന്നതങ്ങളിൽ ദൈവ ത്തിനു സ്തുതി

സമൂ : ആമ്മേൻ

കാർമ്മി : ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും

സമൂ : ആമേൻ

കാർമ്മി : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ / അങ്ങയുടെ രാജ്യം വരേണമേ / അങ്ങ് പരിശുദ്ധൻ,പരിശുദ്ധൻ,പരിശുദ്ധൻ / സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / അങ്ങയുടെ മഹത്വത്താൽ / സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു / മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു / സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ /അങ്ങയുടെ നാമം പൂജിതമാകണമേ / അങ്ങയുടെ രാജ്യം വരേണമേ / അങ്ങയുടെ തിരു മനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ/ ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ / ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു പോലെ / ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ / ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ/ ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ / എന്ത് കൊണ്ടെന്നാൽ , രാജ്യവും ശക്തിയും മഹത്വവും / എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ

കാർമ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ : ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ

കാർമ്മി : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ / അങ്ങയുടെ രാജ്യം വരേണമേ / അങ്ങ് പരിശുദ്ധൻ,പരിശുദ്ധൻ,പരിശുദ്ധൻ / സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / അങ്ങയുടെ മഹത്വത്താൽ / സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു / മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു /

കാർമ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

കാർമ്മി : വി. ഫൗസ്റ്റീനയിലൂടെ പിതാവിന്റെ കരുണ ലോകത്തിനു വെളിപ്പെടുത്തിയ ഈശോയെ, ഞങ്ങളങ്ങേയ്‌ക്ക്‌ നന്ദി പറയുന്നു. പിതാവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രിയും അങ്ങേ തിരുക്കുമാരന്റെ മാതാവും, പരി. ആത്മാവിന്റെ മണവാട്ടിയുമായ പരി. കന്യാ മറിയത്തിന്റെ പ്രത്യേക മധ്യസ്ഥതയിലൂടെ അവിടുത്തെ കരുണ വർഷിക്കുവാൻ അങ്ങ് തിരഞ്ഞെടുത്ത ഡിവിന മിസ്‌റിക്കോർഡിയ മിനിസ്ട്രിയെ ഓർത്ത് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് തിരഞ്ഞെടുത്ത ഈ കൂട്ടായ്മയിൽ വന്ന് ദുഖിതമായ ആത്മാവോടും തളർന്ന ഹൃദയവുമായി പരി.അമ്മയുടെ മാധ്യസ്ഥം വഴി ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളുടെ മേൽ കരുണ വർഷിക്കണമേ. ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങൾ ഓർക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും , അങ്ങേ തിരുക്കുമാരന്റെ പീഡ സഹനത്തെയും പ്രതി ഞങ്ങളോട് കരുണ തോന്നണമേ (ബാറൂക് 3:1-5 )

കുരിശിൽ കിടന്നുകൊണ്ട് ‘എനിക്ക് ദാഹിക്കുന്നു’ (യോഹ 19:28) എന്നരുൾ ചെയ്ത് ആത്മാക്കളോടുള്ള സ്നേഹം പ്രകടമാക്കിയ ഈശോയെ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏക ജാതനെ നല്കാൻ തക്കവിധം ലോകത്തെ സ്നേഹിച്ച ദൈവമേ, (യോഹ 3:16) ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.”ഇതാ നിന്റെ അമ്മ” (യോഹ 19:27 ) എന്നരുൾ ചെയ്തുകൊണ്ട് സ്വന്തം അമ്മയെ ഞങ്ങൾക്ക് അമ്മയായി തന്ന ഈശോയെ ഈ നവ നാളിൽ സംബന്ധിക്കുന്ന എല്ലാ വ്യക്തികളെയും, കുടുംബങ്ങളെയും കുടുംബ ശാഖകളേയും അവരുടെ പൂർവിക ആത്മാക്കളെയും പരി. കന്യാമറിയത്തിന്റെ വിമല ഹൃദയം വഴി അങ്ങയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു.

ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ ശരീരത്തെയും, മനസ്സിനെയും, ആത്മാവിനെയും, ബുദ്ധിയെയും, ചിന്തകളെയും കഴുകി വിശുദ്ധീകരിച്ചു എല്ലാ തരത്തിലുമുള്ള പാപങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും, ശാപങ്ങളിൽ നിന്നും, പൈശാചിക പീഡകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

കാർമ്മികൻ ചൊല്ലിക്കൊടുക്കുന്നു

ഈശോയെ, / സർവ ലോകത്തിനും / ജീവന്റെ ഉറവിടവും / കരുണയുടെ കടലും തുറന്നുകൊണ്ടാണല്ലോ / അങ്ങ് മരണം പ്രാപിച്ചത്. / ജീവന്റെ സംഭരണിയും / അളവില്ലാത്ത കാരുണ്യത്തിന്റെ / ഉറവിടവുമായ ഈശോയെ / സർവ്വ ലോകത്തെയും / അങ്ങ് ആവരണം ചെയ്തു / അങ്ങയുടെ ആഗ്രഹങ്ങൾ / പൂർണമായി ചൊരിയണമേ.

ഈശോയുടെ തിരുഹൃദയത്തിൽനിന്നും, / ഞങ്ങൾക്കുവേണ്ടി / കാരുണ്യ ശ്രോതസ്സായി / ഒഴുകിയെത്തിയ / തിരു രക്തമേ, / തിരു ജലമേ, / ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു. ആമ്മേൻ

ഒന്നാം ദിവസം

കാർമ്മി : ഇന്ന് മനുഷ്യ മക്കളെ, മുഴുവനും പ്രത്യേകിച്ച്, എല്ലാ പാപികളെയും എന്റെ അടുക്കൽ കൊണ്ട് വരിക. അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. അങ്ങനെ ആത്മാക്കളുടെ നഷ്ടം മൂലം ഞാൻ അനുഭവിക്കുന്ന വേദനാജനകമായ ദുഃഖത്തിൽ എന്നെ ആശ്വസിപ്പിക്കുക

കാർമ്മി : ഏറ്റവും കരുണയുള്ള ഈശോയെ, (സമൂഹവും ചേർന്ന് ) / ഞങ്ങളോട് അനുകമ്പ തോന്നാതിരിക്കാൻ / അങ്ങേയ്ക്കു സാധ്യമല്ലല്ലോ / ഞങ്ങളോട് ക്ഷമിക്കണമേ / ഞങ്ങളുടെ പാപങ്ങൾ നീ നോക്കരുതേ / അങ്ങയുടെ അളവില്ലാത്ത നന്മയിൽ ആശ്രയിച്ചു / ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു / അങ്ങയുടെ കരുണാർദ്ര ഹൃദയത്തിൽ / ഞങ്ങളെ സ്വീകരിക്കേണമേ / അങ്ങിൽ നിന്ന് അകന്നു പോകാൻ / ഞങ്ങളെ അനുവദിക്കരുതെ / പിതാവിനോടും പരിശുദ്ധാത്മാവിനോടും / അങ്ങയെ ഒന്നിപ്പിക്കുന്ന / സ്നേഹത്തെ പ്രതി / ഞങ്ങളുടെ യാചന കേൾക്കണമേ.

നിത്യ പിതാവേ / ഏറ്റവും അനുകമ്പയുള്ള, / ഈശോയുടെ തിരു ഹൃദയത്തിൽ വസിക്കുന്നതിനു / പാപികളിലും / മനുഷ്യ കുലം മുഴുവനിലും / അങ്ങയുടെ കരുണ കടാക്ഷം പതിപ്പിക്കണമേ. / കർത്താവീശോമിശിഹായുടെ / പീഡാനുഭവത്തെ കുറിച്ച് / ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. / അങ്ങയുടെ കാരുണ്യത്തിന്റെ സർവ്വ ശക്തിയെ / എപ്പോഴും, എന്നേയ്ക്കും ഏവരും പുകഴ്ത്തട്ടെ. ആമ്മേൻ

കരുണയുടെ ജപമാല (സമൂഹം മുട്ടുകുത്തുന്നു )

കാർമ്മി : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരു മനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ

സമൂ : അന്നന്ന് വേണ്ട ആഹാരം / ഇന്നും ഞങ്ങൾക്ക് തരേണമേ / ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് / ഞങ്ങൾ ക്ഷമിക്കുന്നതു പോലെ / ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ./ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ / തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ

കാർമ്മി : നന്മ നിറഞ്ഞ മറിയമേ സ്വസ്തി ! / കർത്താവ് അങ്ങയോടു കൂടെ / സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു / അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ / അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

സമൂ : പരി. മറിയമേ തമ്പുരാന്റെ അമ്മെ / പാപികളായ ഞങ്ങൾക്ക് വേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും / തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ ആമ്മേൻ

വിശ്വാസ പ്രമാണം

കാർമ്മി : സർവ്വശക്തനായ പിതാവും ( സമൂഹവും ചേർന്ന് ) / ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ / ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. / അവിടുത്തെ ഏക പുത്രനും / ഞങ്ങളുടെ കർത്താവുമായ / ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. / ഈ പുത്രൻ പരി. ആത്മാവിനാൽ ഗർഭസ്ഥനായി / കന്യാമറിയത്തിൽനിന്നു പിറന്ന് / പന്തിയോസ് പീലാത്തോസിന്റെ കാലത്ത് / പീഡകൾ സഹിച്ച്‌ / കുരിശിൽ തറയ്ക്കപ്പെട്ട് , മരിച്ച് , അടയ്ക്കപ്പെട്ട്, / പാതാളങ്ങളിൽ ഇറങ്ങി / മരിച്ചവരുടെ ഇടയിൽ നിന്ന് / മൂന്നാം നാൾ ഉയിർത്ത് / സ്വർഗത്തിലേക്ക് എഴുന്നള്ളി / സർവ്വ ശക്തിയുള്ള പിതാവിന്റെ / വലതു ഭാഗത്ത് ഇരിക്കുന്നു./ അവിടെനിന്ന് / ജീവിക്കുന്നവരെയും, മരിച്ചവരെയും വിധിക്കുവാൻ / വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു./ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു / വിശുദ്ധ കത്തോലിക്കാ സഭയിലും / പുണ്യവാന്മാരുടെ ഐക്യത്തിലും / പാപങ്ങളുടെ മോചനത്തിലും / ശരീരത്തിന്റെ ഉയിർപ്പിലും / നിത്യമായ ജീവിതത്തിലും / ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ

വലിയ മണികളിൽ

കാർമ്മി : നിത്യ പിതാവേ എന്റെയും, ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ തിരു ശരീരവും , തിരു രക്തവും, ആത്മാവും ദൈവത്വവും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വെയ്ക്കുന്നു

ചെറിയ മണികളിൽ ( സമൂഹം ഇരുഗണമായി ചൊല്ലുന്നു)

ഈശോയുടെ അതി ദാരുണമായ പീഡാ സഹനങ്ങളെ കുറിച്ച്,
ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ

(10 പ്രാവശ്യം)

അഞ്ചു ദശകങ്ങളും കഴിഞ്ഞു

കാർമ്മി: / സമൂ : പരിശുദ്ധനായ ദൈവമേ / പരിശുദ്ധനായ ബലവാനേ / പരിശുദ്ധനായ അമർത്യനേ / ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ.

(3 പ്രാവശ്യം)

ദൈവകാരുണ്യത്തിൻ്റെ സ്തുതിപ്പുകൾ

ലുത്തിനിയ: (സമൂഹം നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നു)

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

സ്വർഗീയ പിതാവായ ദൈവമേ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പുത്രനായ ദൈവമേ, ലോകത്തിന്റെ വിമോചകാ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പരിശുദ്ധാത്മായ ദൈവമേ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പിതാവിന്റെ മടിയിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മനസ്സിലാക്കാനാവാത്ത മഹാ രഹസ്യമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്കു അളക്കാനാവാത്ത ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

സ്വർഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മാംസം ധരിച്ചു വചനത്തിലൂടെ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു


ഈശോയുടെ ഹൃദയത്തിൽ പാപികൾക്കായ് ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ!


ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു


പരിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു


പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മാമ്മോദീസ്സായിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഈശോമിശിഹായിലുള്ള ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

പ്രത്യേകമായി മരണ സമയത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

അമർത്യത നൽകി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

നരകത്തിന്റെ തീയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

കഠിന പാപികളുടെ മനസ്സാന്തരത്തിനായി പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മാലാഖമാർക്ക് അനുഗ്രഹവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വെച്ച് ആഴമേറിയ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഇല്ലായ്മയിൽ നിന്നും അസ്തിത്വത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയും ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ദൈവത്തിന്റെ കരവേളകളുടെയെല്ലാം മകുടമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഞങ്ങളെല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

ഭയത്തിന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

രോഗികളുടെയും , സഹിക്കുന്നവരുടെയും ആരോഗ്യ പാത്രമായ ദൈവകാരുണ്യമേ!!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷ പാരവശ്യവുമായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

എല്ലാ പ്രവർത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ!

ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

കാർമ്മി : കുരിശിൽ ലോകത്തെ രക്ഷിച്ചു ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ !

സമൂ : കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

കാർമ്മി : എല്ലാ ദിവ്യ ബലികളിലും ഞങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ

സമൂ : കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

കാർമ്മി : അങ്ങയുടെ അളവില്ലാത്ത കരുണയിൽ ലോക പാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ

സമൂ : കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

കാർമ്മി : കർത്താവേ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

സമൂ : കർത്താവേ ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

കാർമ്മി : മിശിഹായെ ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

സമൂ : മിശിഹായെ ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

കാർമ്മി :കർത്താവേ ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

സമൂ : കർത്താവേ ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ !

കരുണയ്ക്കുവേണ്ടി പ്രാർത്ഥന

(സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്) കാർമ്മികൻ ചൊല്ലി കൊടുക്കുന്നു

കർത്താവായ ദൈവമേ, / ഞങ്ങളെ രക്ഷിക്കണമേ / അങ്ങേ മക്കളോട് / കരുണ കാണിക്കണമേ. / ഞങ്ങളും, ഞങ്ങളുടെ ജീവിത പങ്കാളിയും, മക്കളും / സഹോദരങ്ങളും, മാതാപിതാക്കളും / സഹപ്രവർത്തകരും , അധികാരികളും, സന്യസ്തരും, വൈദികരും / പൂർവികരും വഴി / വന്നു പോയ / പാപങ്ങളും അപരാധങ്ങളും / ക്ഷമിക്കണമേ / ഞങ്ങളെ ശിക്ഷിക്കരുതേ / ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണേ / ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചു / അങ്ങയുടെ അരൂപിയിലൂടെ നയിക്കണമേ /

പ്രാർത്ഥിക്കാം

കാർമ്മി : നിത്യനായ ദൈവമേ, അനന്ത കാരുണ്യത്തിന്റെ ഉറവിടമേ, സഹാനുഭൂതിയുടെ അക്ഷയ പാത്രമേ കനിവോടെ ഞങ്ങളുടെ മേൽ നോക്കണമേ. അങ്ങയുടെ കാരുണ്യം ഞങ്ങളിൽ വർധിപ്പിക്കണമേ.
അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ നിരാശരും ദുഖിതരുമാകാതെ, കാരുണ്യവും സ്നേഹവും തന്നെയായ അങ്ങയുടെ തിരു മനസ്സിന് കൂടുതൽ ആത്മ വിശ്വാസത്തോടെ ഞങ്ങളെ തന്നെ സമർപ്പിക്കുവാൻ ഞങ്ങളെയും ശക്തരാക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും,

സമൂ : ആമ്മേൻ

സമാപന ആശിർവാദം

കാർമ്മി : ദൈവമേ , അങ്ങയുടെ കരുണയുടെ വക്താക്കളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവ കരുണ ഞങ്ങളിലേക്ക് കടന്നു വരുവാൻ തടസ്സമായി നിൽക്കുന്ന പാപങ്ങളെയും, സാഹചര്യങ്ങളെയും, തുടച്ചു മാറ്റണമേ. ഞങ്ങളുടെ മേലും , ഞങ്ങളുടെ കുടുംബങ്ങളുടെ മേലും, മാതാപിതാക്കളുടെ മേലും പൂർവ്വികരുടെ മേലും, സഹപ്രവർത്തകരുടെമേലും , അധികാരികളുടെമേലും, സന്യസ്തരുടെമേലും, വൈദികരുടെമേലും അങ്ങേ കരുണ ചൊരിയണമേ.

നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിൻറെ സഹവാസവും നമ്മോടൊത്തുണ്ടായിരിക്കട്ടെ. ഇപ്പോഴും , എപ്പോഴും എന്നേയ്ക്കും,

സമൂ : ആമ്മേൻ