പ്രീയ സഹോദരങ്ങളെ,

ഈ കാലഘട്ടത്തിൽ കർത്താവിന്റെ കരുണയിൽ ശരണപ്പെട്ട് ദൈവകരുണയ്ക്കായി നിരന്തരം പ്രാർത്ഥിക്കുവാനും, ദൈവ കരുണ ലോകത്തോട് പ്രഘോഷിക്കുവാനും ദൈവ കരുണയ്ക്ക് സാക്ഷ്യം നൽകുവാനും, ദൈവ കരുണയിലൂടെ ലോക സുവിശേഷവൽക്കരണം എന്ന മഹാദൗത്യം സാധിതമാക്കുവാനുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കർത്താവ് തെരഞ്ഞെടുത്ത് കൂട്ടിച്ചേർത്ത ഈ കാലഘട്ടത്തിന്റെ ദൈവ കരുണയുടെ ശുശ്രൂഷകരാണ് നാം എന്ന ബോധ്യം നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയും നമ്മെ സദാ പ്രവർത്തന നിരതരാക്കുകയും ചെയ്യും.

കർത്താവാണ് എന്നെ വിളിച്ചത് എന്ന ഉത്തമ ബോധ്യം എനിക്ക് ഉണ്ടായിരിക്കണം.

കർത്താവാണ് എന്നെ തെരഞ്ഞെടുത്ത് തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചതെന്ന ഉറച്ച ബോധ്യം എന്റെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിയ്ക്കും. നമ്മെ വിളിച്ചവൻ വിശ്വസ്തനായ ദൈവമാണ്. ദൈവ കരുണയുടെ പ്രേഷിതരെന്ന നമ്മുടെ വിളിയും നിയോഗവും വളരെ വലുതാണ്. പ്രശ്ന സങ്കീർണ്ണവും പ്രതിസന്ധി നിറഞ്ഞതുമായ ഈ കാലഘട്ടത്തിൽ മനുഷ്യന് അഭയം തേടുവാൻ സ്വർഗ്ഗം നൽകിയിരിക്കുന്ന രക്ഷാമാർഗ്ഗമാണ് ക്രിസ്തുവിന്റെ തുറന്ന ഹൃദയത്തിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ദൈവ കരുണ. ഈ മഹാകരുണയിലേക്ക് ലോകമെമ്പാടുമുളള സകല മക്കളെയും കൂട്ടിക്കൊണ്ടുവരാനുള്ള ദൈവികദൗത്യം ദൈവ കരുണയുടെ പ്രേഷിതരെന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ദൈവ കരുണയർഹിക്കാത്ത ഒരാൾ പോലുമില്ല. അതിനാൽ സഹോദരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഒരു വിളികൂടി നമുക്കുണ്ട് എന്ന യാഥാർത്ഥ്യം നമുക്ക് തിരിച്ചറിയാം.

ദൈവ കരുണ എന്ന നാമം ഉച്ഛരിക്കുവാൻ നമുക്ക് സാധിക്കുന്നെങ്കിൽ അതുതന്നെ കർത്താവിന്റെ മഹാകരുണയാണെന്ന് നമുക്ക് മനസ്സിലാക്കാം.
വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനത്തിലൂടെ ദൈവ വചനം നമ്മോട് സംസാരിക്കുന്നത് ഇങ്ങനെയാണ്.
“നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.” (കൊളോസോസ്‌ 3 : 12)

കാരുണ്യവും, ദയയും, വിനയവും, സൗമ്യതയും, ക്ഷമയും ധരിക്കാതെ നമുക്ക് ദൈവരാജ്യത്തിന്റെ യഥാർത്ഥ ശുശ്രൂഷകരാകാൻ സാധ്യമല്ല. മനസ്സലിവുള്ള, മറ്റുള്ളവരെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും, ശ്രവിക്കുവാനും കഴിയുന്ന കരുണയുള്ള ഹൃദയം നമ്മെ ദൈവ കരുണയുടെ യഥാർത്ഥ ശുശ്രൂഷയിലേക്ക് നയിക്കും.

ദൈവ കരുണയുടെ മിനിസ്ട്രി കർത്താവിന്റേതാണ്

ദൈവ കരുണയുടെ മിനിസ്ട്രി കർത്താവിന്റേതായതുകൊണ്ട് അതിനെ വളർത്തുന്നതും ശുശ്രൂഷകളുടെ അതിരുകളെ വിസ്തൃതമാക്കുന്നതും കർത്താവാണ്. നമ്മുടെ ലക്ഷ്യം എപ്പോഴും ദൈവ കരുണയ്ക്ക് മഹത്വം കൊടുക്കുക എന്നതായിരിക്കണം. പലപ്പോഴും സാത്താൻ സ്ഥാനമാനങ്ങൾ, പണം, പ്രശസ്തി തുടങ്ങിയ ലോകപരമായ സന്തോഷങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കും. ഈ സന്ദർഭങ്ങളിലൊക്കെ ദൈവ കരുണയ്ക്ക് മഹത്വം എന്ന സുകൃതവാക്യം ആവർത്തിച്ചുകൊണ്ട് സാത്താനെ പരാജയപ്പെടുത്തുവാൻ നമുക്ക് സാധിക്കട്ടെ.

ദൈവരാജ്യത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുവാൻ കഴിഞ്ഞു എന്ന ആത്മ സംതൃപ്തിയിൽ നാം കുടുങ്ങിക്കിടക്കുകയാണെങ്കിൽ അവിടെ ദൈവ കരുണയ്ക്ക് മഹത്വവും പുകഴ്ച്ചയുമുണ്ടാകില്ല. ദാസ മനോഭാവത്തോടെ എപ്പോഴും ദൈവഹിതത്തിന് ഏൽപ്പിച്ചു കൊടുത്തുകൊണ്ട് സദാ സന്നദ്ധനായി ദൈവരാജ്യ വേലയ്ക്കായിയുള്ള ഒരു വ്യഗ്രത എന്നിൽ ഉണ്ടാകുകയും പരിശുദ്ധാത്മാവിന്റെ ഇടപെടലിനെ തിരിച്ചറിയുകയും, പരിശുദ്ധാത്മ സ്വരത്തിന് ആമേൻ പറയുകയും ചെയ്യുമ്പോഴാണ് ദൈവഹിതം എന്നിലൂടെ നിറവേറ്റപ്പെടുന്നത്.

ദൈവകൃപ മതി

കുറച്ച് നാളുകൾക്ക് മുൻപ് ഒരു സഹോദരി ചിലരുടെ കുറവുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു: ബ്രദർ പ്രാർത്ഥിച്ച് നോക്കിയിട്ടാണോ ഇവരെയൊക്കെ ശുശ്രൂഷാ ദൗത്യം ഏൽപ്പിച്ചത്. ഞാൻ ഇങ്ങനെ മറുപടി നൽകി : “കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ള അവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. വിശുദ്ധരാക്കിയിട്ടല്ല കർത്താവ് തന്റെ വേലയ്ക്കായി നമ്മെ ഓരോരുത്തരെയും വിളിച്ചു ചേർത്തത്. ഓരോ ദിവസവും പരമ പരിശുദ്ധനായ നാഥന്റെ കൂടെ വസിക്കുമ്പോൾ നമ്മുടെ കുറവുകളെ കണ്ടെത്താൻ കഴിയുകയും, അവയെ തിരുത്തുവാൻ പരിശുദ്ധാത്മ സഹായം തേടുകയും ചെയ്യുമ്പോഴാണ് വിശുദ്ധിയുടെ ഉന്നതമായ പടവുകളിലേക്ക് നാം നടന്നടുക്കുന്നത്.”

അനുസരണം ബലിയേക്കാൾ ശ്രേഷ്ടം

തിരുസഭയുടെ അധികാരികൾ പറയുന്നത് അനുസരിക്കുവാനും, വിധേയപ്പെടാനും നമുക്ക് കഴിയുമ്പോഴാണ് ഉത്തമ കത്തോലിക്കാ ജീവിതത്തിന് മാതൃകയായി നാം മാറുന്നത്. നാം ഒരു കൂട്ടായ്മയിൽ അംഗമായിരിക്കുമ്പോൾ ആ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്നവർ നൽകുന്ന നിർദ്ദേശങ്ങളെ അനുസരിക്കുകയും, അത് നടപ്പിലാക്കുകയും ചെയ്യുമ്പോൾ അത് ദൈവം ഏൽപ്പിച്ച ക്രമത്തെ അനുസരിക്കുകയും, ദൈവഹിതത്തിന് വിധേയപ്പെടുകയും ചെയ്യുകയാണ്.

നമ്മുടെ അഭിപ്രായങ്ങൾക്ക് വ്യത്യസ്തമായ തീരുമാനങ്ങളോ നിർദ്ദേശങ്ങളോ ഉയരുമ്പോൾ ദൈവഹിതം തിരിച്ചറിയാതെ പലപ്പോഴും നാം വൈകാരീകമായി തീരുമാനമെടുക്കുകയും, പ്രതികരിക്കുകയും ചെയ്യുന്നത് പോലും ക്രിസ്തുവിന്റെ കരുണാർദ്ര ഹൃദയത്തെ മുറിപ്പെടുത്തുകയാണെന്ന യാഥാർത്ഥ്യം നമുക്ക് മറക്കാതിരിയ്ക്കാം.

സമ്പൂർണ്ണ സമർപ്പണം

തിരുസഭ 2020 ഒക്ടോബർ 18 ന് പ്രേഷിത ഞായർ ആചരണത്തിനായി ഒരുങ്ങുമ്പോൾ ദൈവരാജ്യ ശുശ്രൂഷയ്ക്ക് ആമേൻ പറഞ്ഞുകൊണ്ട് നാം ഏറ്റെടുത്തിരിക്കുന്ന ശുശ്രൂഷാ ദൗത്യത്തെ പരിപൂർണ്ണ വിശ്വസ്തതയോടെ നിർവഹിക്കുവാൻ നമ്മുടെ സമർപ്പണത്തെ നവീകരിക്കാം. ദൈവരാജ്യത്തിന് ഉതകും വിധം ഫലം നൽകുവാനും, കൂടുതൽ കൂടുതൽ ഈശോയുടെ കരുണയ്ക്ക് മഹത്വം നൽകിക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷകൾ നിറവേറ്റുവാനുമുള്ള കൃപ ഈശോനാഥൻ നമ്മിൽ വർഷിക്കട്ടെ.

ഈ ജപമാല മാസം പ്രേഷിതരുടെ രാജ്ഞിയും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാ മറിയത്തിന്റെ പാഠശാലയിൽ ഇരുന്നുകൊണ്ട് പ്രേഷിത ജീവിതത്തിന്റെ ഉന്നതമായ മഹത്വം തിരിച്ചറിഞ്ഞ്, നമ്മുടെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുവാനുള്ള പരമോന്നത കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

ദൈവകരുണയിൽ ശരണപ്പെട്ടുകൊണ്ട്,

Saju Cleetus
A humble Servant of Divina Misericordia