Uncategorized

നവംബർ 2 സകല ആത്മാക്കളുടെ ഓർമ്മ ദിനം.

Purgatory

നവംബർ 2
സകല ആത്മാക്കളുടെ ഓർമ്മ ദിനം.

ഇഹലോകത്തിൽ നിന്ന് വേർപെട്ട സകല ആത്മാക്കളെയും ദൈവത്തിൻ്റെ മഹാകരുണയിൽ സമർപ്പിച്ചുകൊണ്ട് തിരുസഭ ഇന്ന് സകല ശുദ്ധീകരാത്മാക്കളെയും സ്മരിക്കുകയും ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ക്രൈസ്തവ വിശ്വാസത്തിലെ മരിച്ചവർ

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ സദുക്കയരുടെ ചോദ്യത്തിന് മറുപടിയായി ഈശോ പറയുന്നുണ്ട് ” പുനരുത്ഥാനത്തിൽ അവർ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല.പിന്നെയോ അവർ സ്വർഗ്ഗദൂതൻമാരെപ്പോലയായിരിക്കും. ഞാൻ അബ്രാഹത്തിൻ്റെ ദൈവവും, ഇസഹാക്കിൻ്റെ ദൈവവും, യാക്കോബിൻ്റെ ദൈവവുമാണ് എന്ന് മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലേ?. അവിടുന്ന് മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവമാണ്.” (മത്താ 22: 30-32)

അതെ പ്രീയമുള്ളവരെ, ഈശോയ്ക്ക് എല്ലാവരും ജീവിക്കുന്നവരാണ്. ദൈവദൂതന്മാർ ദൈവത്തിൻ്റെ ഹിതാനുവർത്തികളാണ്. ഈ ലോകത്തിൽ കർത്താവിൻ്റെ ഹിതപ്രകാരം നാം ജീവിക്കുമ്പോൾ സ്വർഗ്ഗത്തിലെത്തുമ്പോഴും ദൈവദൂതന്മാർക്ക് സമരായി നാം മാറുകയും ജീവിക്കുന്നവരുടെ ദേശത്തിന് അവകാശികളായി തീരുകയും ചെയ്യും.

ദൈവഹിതത്തിന് എതിരായി തിന്മ പ്രവർത്തിച്ച് ജീവിച്ച് മാരക പാപത്തിൽ മരിക്കുന്നവർ തങ്ങളുടെ മരണശേഷം നിത്യനരകത്തിനർഹരായി തീരും. നരകത്തിലുള്ളവർ ദൈവത്തെ സംബന്ധിച്ച് ജീവിക്കുന്നവരല്ല, മരിച്ചവരാണ്. അതുകൊണ്ട് തന്നെ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു: “പാപത്തിൻ്റെ ശമ്പളം മരണമെന്ന് “.

ഇന്ത്യയിൽ ജീവിച്ചിരുന്ന സന്യാസിയായിരുന്ന സാധു സുന്ദർ സിംഗിൻ്റെ ജീവചരിത്രം വായിച്ചപ്പോൾ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരിക്കൽ അദ്ദേഹത്തിന് സ്വർഗ്ഗ ദർശനം ഉണ്ടായപ്പോൾ സാധു സുന്ദർ സിംഗ് കണ്ട കാഴ്ച്ച ഇതാണ്. സ്വർഗ്ഗത്തിലേക്ക് ഓരോ ആത്മാക്കൾ എത്തുമ്പോൾ അവർക്ക് പ്രവേശിക്കുവാനുള്ള മാനദണ്ഡമായി ദൈവദൂതന്മാർ നോക്കുന്നത് ഓരോ ആത്മാവിനും യേശുവിൻ്റെ ഛായ ഉണ്ടോയെന്നാണ്. ക്രിസ്തുവിൻ്റെ ഛായ നമ്മിൽ വെളിപ്പെടുവോളം ഒരു രൂപാന്തരീകരണം നമ്മിൽ സംഭവിക്കട്ടെ. ക്രിസ്തുവിൻ്റെ ഛായയാണോ നമുക്കെന്ന് ആത്മാർത്ഥമായി ചിന്തിക്കുവാനും, പാപങ്ങളെ ഓർത്ത് പശ്ചാത്തപിച്ചുകൊണ്ട് ഒരുങ്ങുവാനും തിരുസഭ നൽകിയിരിക്കുന്ന ദിനം കൂടിയാകട്ടെ സകല ശുദ്ധീകരാത്മാക്കളുടെയും ഓർമ്മദിനം.

ക്രൈസ്തവ ജീവിതത്തിൽ മരണം ഒരു അവസാനമല്ല, അത് നിത്യജീവനിലേക്കുള്ള ആരംഭമാണ്. അതുകൊണ്ട്, സകല ആത്മാക്കളുടെയും ഓർമ്മദിനം മരണത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചും ചിന്തിക്കുവാനും പ്രാർത്ഥിക്കുവാനും ഒരുങ്ങുവാനുമുള്ള ഒരു പരിശ്രമം കൂടി നമ്മിൽ ആരംഭിക്കട്ടെ.

ഈ ലോക ജീവിതത്തിൽ കർത്താവിനെ സ്തുതിക്കുകയും ആരാധിക്കുകയും പരമോന്നത ആരാധനയായ ക്രിസ്തുവിൻ്റെ കാൽവരി ബലിയിൽ പങ്കുചേർന്നുകൊണ്ട് വിശുദ്ധരായി ജീവിക്കുകയും ചെയ്യുന്നവർക്ക് നിശ്ചയമായും മരണശേഷം കർത്താവിൻ്റെ സ്വർഗ്ഗീയ വിരുന്നിൽ പങ്കാളിയാകുവാൻ സാധിക്കും.

നമ്മുടെ ഇടയിൽ നിന്ന് വേർപെട്ടുപോയ സകല ആത്മാക്കൾക്കും വേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചോദിച്ചാൽ അതിന് ഉത്തരം പ്രാർത്ഥനയാണ്.

ശുദ്ധീകരണ സ്ഥലം

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ വിമോചനത്തിന് വേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത്. നരകത്തിൽ നിപതിച്ച ഒരു ആത്മാവിന് നമ്മുടെ പ്രാർത്ഥന സഹായകമാകില്ല. എന്നാൽ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമാണ്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ ഏറ്റവും വലിയ വേദന യഥാർത്ഥത്തിൽ ദൈവത്തിൽ എത്തിച്ചേരുവാൻ കഴിയാത്തതാണ്. അവരുടെ സ്വർഗ്ഗീയ യാത്രയെ ത്വരിതപ്പെടുത്തുവാൻ നമ്മുടെ പ്രാർത്ഥനകൾ ഉപകരിക്കും.

യേശുവിൻ്റെ ഒരു തുള്ളി രക്തം മതി സകല ശുദ്ധീകരാത്മാക്കളുടെയും പാപക്കറകളെ കഴുകി നിത്യജീവന് അവരെ അവകാശിയാക്കാൻ. അതു കൊണ്ട് ശുദ്ധീകരാത്മാക്കൾക്ക് വേണ്ടി നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അവരെ നമ്മുടെ അനുദിന ദിവ്യബലിയർപ്പണത്തിൽ സമർപ്പിക്കുക എന്നതാണ്. പരേത ശുശ്രുഷയിൽ നാം ആലപിക്കുന്ന പാട്ടിൻ്റെ വരികൾ ഓർമ്മയിൽ വരികയാണ് : “നിൻ തിരുരക്തം വിലയായ് നൽകി നീ വീണ്ടെടുത്തവരല്ലോ നാഥാ…….”. ഈശോയുടെ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്ന നമുക്ക് കാസയോടും പീലാസയോടും ചേർത്ത് സകല ശുദ്ധീകരാത്മാക്കളെയും സമർപ്പിക്കാം.

സകല ആത്മാക്കളുടെയും ഓർമ്മദിനമായ നവംബർ 2 ന് ദേവാലയ മണി അനേക തവണ മുഴങ്ങുന്നത് നാം കേൾക്കാറുണ്ട്. അത് ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള നമുക്കുള്ള ഓർമ്മപ്പെടുത്തലാണ്. സകല ശുദ്ധീകരാത്മാക്കളെയും ദൈവത്തിൻ്റെ കരുണയിൽ സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥനകളും, പരിത്യാഗവും, പുണ്യപ്രവർത്തികളുമൊക്കെ സകല ശുദ്ധീകരാത്മാക്കൾക്കും വേണ്ടി കാഴ്ച്ചവച്ചുകൊണ്ട് നമുക്ക് ദൈവത്തിൻ്റെ മഹാ കരുണയിൽ അഭയം തേടാം.

ദൈവ കരുണയിൽ ശരണപ്പെട്ട്,

Saju Cleetus
Servant of Divina Misericordia