ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ

പ്രീയ സഹോദരങ്ങളെ,

ആരാധന ക്രമത്തിലെ അവസാന ഞായറാഴ്ച്ചയായ 2020 നവംബർ 22 ന് സാർവ്വത്രീക സഭ ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്.

ക്രിസ്തു നമ്മുടെ രാജാവ്

ലോക ചരിത്രത്തിൽ അനേകം സിംഹാസനങ്ങളും, സാമ്രാജ്യങ്ങളും ചരിത്രത്തിൻ്റെ ഓർമ്മകളിൽ ഒതുങ്ങുമ്പോൾ ഒരു രാജാവ് ഇന്നും ജനഹൃദയങ്ങളിൽ ഭരണം നടത്തുന്നു. അവിടുത്തെ സാമ്രാജ്യം ഇന്നും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. അവിടുത്തെ രാജ്യത്തിന് ഒരിക്കലും അവസാനമില്ല. രാജാക്കന്മാരുടെ രാജാവും നേതാക്കന്മാരുടെ നേതാവുമായ ക്രിസ്തുവിൻ്റെ രാജത്വം ഏറ്റുപറയുവാനും പ്രഖ്യാപിക്കുവാനും തിരുസഭ നമുക്ക് നൽകിയിരിക്കുന്ന ദിവസമാണ് ആരാധന ക്രമത്തിലെ അവസാന ഞായറാഴ്ച്ച.

ലോകരാജ്യവും ദൈവരാജ്യവും

ഈ ലോകത്തിൽ ജീവിക്കുമ്പോൾ തന്നെ സ്വർഗ്ഗോന്മുഖരായി വിശുദ്ധിയുടെയും വേർപാടിൻ്റെയും ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കും. ഒരുപക്ഷേ ലോകത്തിൻ്റെ കണ്ണുകളിൽ ഭോഷന്മാരായി നാം ചിത്രീകരിക്കപ്പെട്ടേക്കാം. എന്നാൽ ക്രിസ്തുവിൻ്റെ രാജ്യത്തിൽ നമുക്ക് ഇടമുണ്ട്. ഈശോ പറയുന്നുണ്ട് ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ടെന്ന് .

ഈ ലോകജീവിതത്തിൽ ക്രിസ്തു രാജാവായുള്ള ഒരു ഭരണക്രമം നമ്മുടെ ജീവിതത്തിൽ ഇല്ല എങ്കിൽ അവിടുത്തെ രാജ്യത്തിൽ നിന്നും നാം അകലെയാണ്. ദൈവരാജ്യത്തിൻ്റെ കീഴിലുള്ള ഒരുവന് ലോകരാജ്യത്തെ കീഴ്പ്പെടുത്തുവാൻ സാധിക്കും. തിരുവചനത്തിൽ ഈശോ പറയുന്നു “ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ 16:33). ക്രിസ്തു തൻ്റെ രക്തം വില നൽകി സ്വന്തമാക്കിയവരായ നമുക്കും ക്രിസ്തുവിലൂടെ ഈ ലോകത്തെ കീഴടക്കുവാൻ സാധിക്കും.

ഭൗമീക രാജാക്കന്മാർക്ക് ഒരിക്കലും നമുക്ക് പൂർണ്ണമായ സംതൃപ്തി പ്രദാനം ചെയ്യുവാൻ ആകില്ല. നാം ആയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നോ, ബന്ധനത്തിൽ നിന്നോ നമ്മെ വിടുവിക്കാനോ, അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കുവാനോ, രോഗത്തിൽ നിന്ന് വിമോചനം നൽകുവാനോ ഒരു രാജാവിനും സാധ്യമല്ല. എന്നാൽ സമഗ്ര വിമോചകനായ ക്രിസ്തുവിന് നമ്മെ പരിപൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുവാൻ സാധിക്കും. ഒന്ന് മാത്രം മതി, പാപത്തെയും, പിശാചിനെയും, മരണത്തെയും ജയിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന് നമ്മെ പരിപൂർണ്ണമായി ഏൽപ്പിച്ചുകൊടുക്കുക. അവിടുന്ന് നമ്മുടെ രാജാവും കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും, പ്രഖ്യാപിക്കുകയും ഏറ്റു പറയുകയും ചെയ്യുക.

ക്രിസ്തുവിൻ്റെ രാജപാത കാൽവരിയുടെയും കുരിശിൻ്റെയും സഹന വഴികളായിരുന്നു. എളിമയുടെ സിംഹാസനമായി കാൽവരിക്കുരിശ് നമ്മുടെ ജീവിത വഴികളിൽ ഉയർന്ന് നിൽക്കുന്നുണ്ടെങ്കിൽ നാം ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല. സ്വയം പരിത്യജിച്ച് സ്വന്തം കുരിശ് എടുത്ത് ക്രിസ്തുവിനെ അനുഗമിക്കുവാൻ ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ നമ്മെ ക്ഷണിക്കുന്നു.

ക്രിസ്തുവിൻ്റെ രാജകൽപ്പന സ്നേഹമാണ്. അതു കൊണ്ടാണ് അവിടുന്ന് പത്ത് പ്രമാണങ്ങളെ സ്നേഹത്തിൻ്റെ രണ്ട് കൽപ്പനകളായി നമുക്ക് നിർവ്വചിച്ച് നൽകിയത്. അന്തിമ ഭോജനവേളയിൽ വീണ്ടും സ്നേഹത്തിൻ്റെ പുതിയ കൽപ്പന നൽകി യുഗാന്ത്യം വരെ സ്നേഹമായി വസിക്കുവാൻ കുർബാനയായി തീരുവാൻ തൻ്റെ ശരീര രക്തങ്ങളെ നമുക്കായി പകുത്ത് നൽകിക്കൊണ്ട് സ്നേഹത്തിൻ്റെ രാജാവായി മാറി.

ക്രിസ്തുവിൻ്റെ കുത്തിതുറക്കപ്പെട്ട കരുണയുള്ള ഹൃദയത്തിൽ മറഞ്ഞിരിക്കുന്നത് ദൈവ പിതാവിൻ്റെ സ്നേഹം തന്നെയാണ്. സ്നേഹിക്കുന്നവരെത്തേടി തൻ്റെ സിംഹാസനം വിട്ട് ഇറങ്ങി വരുന്ന സ്നേഹം തന്നെയാണ് നമ്മുടെ ആബാ പിതാവ്. ഈ സ്നേഹപിതാവിൻ്റെ രാജ്യത്തിൻ്റെ മഹത്വത്തിനായി ഈശോ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. നമ്മുടെ സമയവും കഴിവുകളും ജീവിതവുമൊക്കെ ക്രിസ്തുരാജൻ്റെ പാദാന്തികത്തിൽ സമർപ്പിച്ചുകൊണ്ട് ദൈവരാജ്യ പദ്ധതികൾക്കായി ഇതാ കർത്താവിൻ്റെ ദാസൻ/ ദാസി എന്ന് ഏറ്റ് പറഞ്ഞുകൊണ്ട് പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതത്തിന് സമ്പൂർണ്ണ സമർപ്പണം നടത്താം.

രാജകീയ പൗരോഹിത്യം

വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു: “എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിൻ്റെ സ്വന്തം ജനവുമാണ് “. (1 പത്രോ 2: 9). മാമ്മോദീസായിലൂടെ ക്രിസ്തുവിൻ്റെ രാജകീയ അഭിഷേകത്തിൽ പങ്കാളികളായ നമുക്ക് ആ ഉന്നതമായ വിളിയുടെ പദവിയിലും അവകാശത്തിലും ജീവിച്ചുകൊണ്ട് ക്രിസ്തുരാജ്യം പടുത്തുയർത്താം. രാജാവിനുള്ളതിനെല്ലാം അവകാശികളാണ് നാം എന്ന ബോധ്യവും തിരിച്ചറിവും നമ്മുടെ ജീവിതത്തെ മാറ്റിമറിയ്ക്കുകയും ദൈവരാജ്യത്തിൻ്റെ ഉന്നത ദർശനങ്ങളിലേക്ക് നാം നയിക്കപ്പെടുകയും ചെയ്യും.

കരുണയുടെ രാജാവ്

വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറയുകയാണ് നീതിമാനായ ന്യായാധിപനായി ഞാൻ വരും മുമ്പ് കരുണയുടെ രാജാവായി വരുന്നു.( ഡയറി-83). നീതി വിധിയാളനായി മഹത്വപൂർണ്ണനായ രാജാവ് തൻ്റെ പിതാവ് ലോകസ്ഥാപനത്തിന് മുൻപേ നമുക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുവാൻ സ്വർഗ്ഗസ്ഥനായ പിതാവിന് മാത്രം അറിയാവുന്ന ആ ദിനം ആഗതനാകും. അതിനാൽ നമുക്ക് എപ്പോഴും ഒരുക്കമുള്ളവരായിരിക്കാം. ക്രൈസ്തവ ജീവിതത്തിലെ ഇനി നടക്കാനിരിക്കുന്ന ഈ മഹാസംഭവത്തിനായി നമ്മെ സ്വയം വിശുദ്ധീകരിക്കുവാനും, ദൈവ ജനത്തെ ഒരുക്കുവാനും ഈ കാലഘട്ടത്തിൽ വലിയ ഒരു ഉണർവ്വിനായി നമ്മെ ക്രിസ്തുരാജന് പ്രതിഷ്ഠിക്കാം. ലോകരാജ്യങ്ങളുടെമേൽ ദൈവ കരുണയ്ക്കായി നമുക്ക് കരം ഉയർത്താം. നമ്മുടെ കൂട്ടായ്മയിലും മിനിസ്ട്രിയിലും ഒക്കെ ഈ ഉണർവ്വ് സംഭവിക്കുമ്പോൾ അനേകർ നമ്മുടെ പ്രാർത്ഥനകളും ശുശ്രൂഷകളും വഴിയായി മാനസാന്തരത്തിലേക്കും ദൈവരാജ്യ അനുഭവത്തിലേക്കും രൂപാന്തരപ്പെടും.

അന്ധകാര ശക്തികളുടെ നിയന്ത്രണത്തിലായിരിക്കുന്ന ദൈവമക്കളെ പിടിച്ചെടുക്കുന്ന, നരകത്തെ കൊള്ളയടിക്കുന്ന ദൈവരാജ്യ പോരാളികളെ സ്വർഗ്ഗം ഉറ്റുനോക്കുന്നു. മാനസാന്തരത്തിനും, അനുതാപത്തിനും, തിരിച്ചുവരവിനുമായി മാനവകുലം കടന്നു പോകുന്ന മഹാമാരിയുടെ ഈ മുന്നറിയിപ്പിൻ്റെ കാഹളനാദം നമ്മുടെ കാതുകളിൽ എത്തട്ടെ.

പ്രാർത്ഥിക്കാം…… കരുണയുടെ രാജാവിൽ അഭയം തേടാം……

ക്രിസ്തുവിൻ്റെ രാജത്വത്തിലേക്ക് സകല മക്കളും എല്ലാ രാജ്യങ്ങളും, ജനതകളും, ഗോത്രങ്ങളും കടന്നു വരുവാനും, ക്രിസ്തുവിൻ്റെ പരിപൂർണ്ണ നിയന്ത്രണത്തിലായിരിക്കുവാൻ നമ്മെയും നമുക്കുള്ളവരെയും അവിടുത്തെ പാദാന്തികത്തിൽ സമർപ്പിച്ചുകൊണ്ട് ക്രിസ്തുരാജന് സ്തുതിയും ആരാധനയും മഹത്വവും നൽകാം.

”അനന്തരം രാജാവ് തൻ്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എൻ്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ” (മത്താ: 25: 34)

Viva Christo Rey

Saju Cleetus
Servant of Divina Misericordia