Messages

തിരുസഭ ആഗമന കാലത്തിലേക്ക്

Advent

ആഗമനകാലം ഒന്നാം ഞായര്‍…

തിരുസഭാമാതാവ് പുതിയ ആരാധന ക്രമവത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഗമനകാലത്തിലേക്ക് / മംഗളവാർത്ത കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

കഴിഞ്ഞ ആരാധന ക്രമവത്സരത്തിലെ ഒരു ആണ്ടുവട്ടക്കാലം തിരുസഭയിലൂടെ കർത്താവ് നമ്മുടെമേൽ ചൊരിഞ്ഞ കൃപകൾക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രാർത്ഥനാപൂർവ്വം നമുക്ക് ആഗമന കാലത്തിലേക്ക് പ്രവേശിക്കാം.

ആഗമനം എന്ന വാക്കില്‍ തന്നെ ഈ തിരുക്കര്‍മ കാലത്തിന്റെ മുഴുവന്‍ അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. ആഗമനകാലഘട്ടത്തില്‍ നാല് ഞായറാഴ്ചകളാണ് ഉള്ളത്. ഈ കാലഘട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രഥമ വരവിന്റെ അനുസ്മരണമാണ്. കര്‍ത്താവിന്റെ പ്രഥമ ആഗമനത്തിന്റെ അനുസ്മരണം ആഘോഷിക്കുമ്പോഴും അവിടുത്തെ രണ്ടാമത്തെ വരവിനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരാണ് സഭാമക്കളായ നാം ഓരോരുത്തരും.

മാനവകുലത്തിന്റെ മുഴുവന്‍ രക്ഷകനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കുന്ന ദൈവമക്കളുടെ ഒരുക്കവും പ്രാർത്ഥനയും കാത്തിരിപ്പും ക്രിസ്തുവിന്റെ രണ്ടാം വരവ് എന്ന മഹാസുദിനത്തെ ലക്ഷ്യം വച്ചുകൊണ്ടാണ്.

നാം ആരാധനാ ക്രമവത്സരത്തിലൂടെ തിരുസഭയോടൊപ്പം ആത്മീയ തീര്‍ത്ഥാടനത്തിലാണ്. നമ്മുടെ ജീവിതാവസാനം വരെ തുടർന്നുകൊണ്ടിരിക്കുന്ന ഈ തീർത്ഥാടനത്തിൻ്റെ പര്യവസാനം നാം നിത്യജീവിതത്തിൽ എത്തപ്പെടണമെങ്കിൽ കേവലം ബാഹ്യമായ ആഘോഷങ്ങൾക്ക് ഉപരി ക്രിസ്തുവിൻ്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും അനുഭവവേദ്യമാകുന്ന പരിശുദ്ധമായ ബലിപീഠത്തോട് നമുക്ക് ചേർന്ന് നിൽക്കാം. പരമ പരിശുദ്ധ കൂദാശയിലൂടെ ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ച കത്തോലിക്കാ തിരുസഭയിലെ അംഗമായതിൽ നമുക്ക് അഭിമാനിക്കുകയും കർത്താവിന് നന്ദി പറയുകയും ചെയ്യാം.

ആഗമനകാലം കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും കാലമാണ്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ മഹിമ പ്രതാപത്തോടെ വരുവാനിരിക്കുന്ന യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അനുസ്മരണം, അവിടുത്തെ കാത്തിരിക്കുന്ന ഓരോ വ്യക്തിയിലും സന്തോഷം നിറയ്ക്കുന്നു. ഒപ്പം, ജീവിതത്തെ അവിടുത്തെ മഹാവരവിനുവേണ്ടി ഒരുക്കുവാനും പ്രേരിപ്പിക്കുന്നു.

പ്രിയപ്പെട്ടവരെ, യേശുവിന്റെ ജനനം ആഘോഷിക്കുവാന്‍ പ്രാർത്ഥനാപൂർവ്വം ഒരുങ്ങുവാന്‍ തിരുസഭ മാതാവ് നമ്മെ ക്ഷണിക്കുന്നു. ആത്മ വിശുദ്ധീകരണത്തിലൂടെ ജീവിതത്തിൽ വന്നുപോയ വീഴ്ച്ചകളെ ഓർത്ത് ആത്മാർത്ഥമായി അനുതപിക്കുവാനും ദൈവത്തിൻ്റെ മഹാകരുണയിൽ ശരണപ്പെടുവാനും ഈ ആഗമനകാലം നമുക്ക് സഹായകമാകട്ടെ. ഉണ്ണി ഈശോയ്ക്ക് വസിക്കുവാൻ നമ്മുടെ ഹൃദയപുൽക്കൂട് ഒരുക്കാം. ഈശോ വസിക്കുവാൻ തടസ്സമായിരിക്കുന്ന എല്ലാ പാപമുള്ളുകളെയും കണ്ടെത്തി അവയെ നമ്മുടെ ഹൃദയത്തിൽ നിന്നും ദൂരെയെറിയാം.

പ്രാര്‍ത്ഥനയും പരിത്യാഗവും സത്പ്രവർത്തികളും ഉപവാസവും വഴി ഈ കാത്തിരിപ്പിൻ്റെ കാലഘട്ടം നമുക്ക് നമ്മെത്തന്നെ ഒരുക്കാം. പരിശുദ്ധ അമ്മയും വിശുദ്ധ യൌസേപ്പ് പിതാവും ഈശോയ്ക്ക് ജനിക്കുവാന്‍ നമ്മുടെ ഹൃദയ വാതിലുകളില്‍ മുട്ടുന്നുണ്ട്. ലോകം നൽകുന്ന ക്ഷണിക സന്തോഷങ്ങളുടെ വാതിലുകളെ ജീവിതത്തിൽ അടച്ചുകളഞ്ഞുകൊണ്ട് നിത്യജീവിതത്തിന് വേണ്ടിയുള്ള ഹൃദയ വാതിൽ നമുക്ക് രക്ഷകനായ ക്രിസ്തുവിനായി തുറന്നിടാം. അവൻ നമ്മിൽ വസിക്കട്ടെ… അവൻ നമ്മെ നയിക്കട്ടെ… അവൻ നമ്മിൽ ഭരണം നടത്തട്ടെ… ആമേൻ.

മാറാനാത്താ, കർത്താവായ യേശുവേ വരേണമേ🙏

ദൈവ കരുണയിൽ ശരണപ്പെട്ട്,

Saju Cleetus,
Servant of Divina Misericordia