Messages

2021 ഒക്ടോബർ 24 – പ്രേക്ഷിത ഞായറാഴ്ച്ച (Mission Sunday)

Mission Sunday

പ്രീയ സഹോദരങ്ങളെ,

സാർവ്വത്രീക സഭ ഒക്ടോബർ 24 ഞായറാഴ്ച്ച പ്രേക്ഷിത ഞായർ (Mission Sunday) ആയി ആചരിക്കുകയാണല്ലോ. ഈ വേളയിൽ സഭയുടെ പ്രേക്ഷിത ദൗത്യത്തിൽ സഭാ ശരീരത്തിലെ അവയവങ്ങളായ നമ്മുടെ പങ്കാളിത്തത്തെപ്പറ്റി നാം ആഴത്തിൽ ചിന്തിക്കുകയും, പ്രേക്ഷിത ദൗത്യ നിർവ്വഹണത്തിനായി കൂടുതൽ പ്രാർത്ഥിച്ച് ഒരുങ്ങുകയുമാണല്ലോ.

തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാൻ നമ്മുടെ പ്രാർത്ഥനയും, പരിത്യാഗവും, സമർപ്പണവും, സഹനങ്ങളും നമുക്ക് കാഴ്ച്ചവയ്ക്കാം. അനുദിനമുള്ള നമ്മുടെ ദൈവരാജ്യ ശുശ്രൂഷകൾ വഴി ദൈവത്തിന്റെ മഹാകരുണയ്ക്ക് മഹത്വം നൽകുവാനും, അനേകായിരം ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി ഒരു ബലിയാത്മാവായ് നമ്മെ പരിപൂർണ്ണമായി സമർപ്പണം ചെയ്യുവാനും മിഷൻ ഞായറാഴ്ച്ച ദൈവകരുണയുടെ പ്രേക്ഷിതർക്ക് സാധിക്കട്ടെ.

ആധുനീകതയുടെ ഈ കാലഘട്ടത്തിൽ ശരിയായ പ്രേക്ഷിത നിർവ്വഹണത്തിന് നിരവധി വെല്ലുവിളികൾ സഭ നേരിടുന്നുണ്ട്. 2000 വർഷങ്ങളായി ലോകമെങ്ങും വിശ്വാസത്തിന്റെ തീർത്ഥാടനം തുടർന്ന് കൊണ്ടിരിക്കുന്ന തിരുസഭയുടെ പ്രേഷിത യാത്രയുടെ സംഭാവനയാണ് ഭാരത സഭ. തോമാശ്ലീഹായും, വിശുദ്ധ ഫ്രാൻസിസ് സേവ്യറും, തുടങ്ങി അനേകം മിഷണറിമാരുടെ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും വിശ്വാസത്തിൽ നാം ഉയർന്നു നിൽക്കുമ്പോൾ ഈ കാലഘട്ടത്തിന്റെ ഫ്രാൻസിസ് സേവ്യർ എവിടെ എന്ന് മാമ്മോദീസാ സ്വീകരിച്ച ഓരോ കത്തോലിക്കനോടും തിരുസഭ ചോദിക്കുന്ന ഞായറാഴ്ച്ചയാണ് പ്രേക്ഷിത ഞായർ. ഈ കാലഘട്ടത്തിന്റെ വിശുദ്ധർ ലോകത്തിന്റെ കോണുകളിൽ അവതരിക്കുമ്പോഴാണ് പ്രേക്ഷിത ഞായറാഴ്ച്ച ഉയർപ്പിന്റെ ഞായറാഴ്ച്ചയായി മാറുന്നത്.

മാമ്മോദീസാ സ്വീകരിച്ച ഓരോ കത്തോലിക്കന്റെയും കടമയാണ് ഉയർത്തെഴുന്നേറ്റ യേശുവിലുള്ള വിശ്വാസ പ്രഘോഷണം. ഭാരത സഭ (റീത്ത് വ്യത്യാസമില്ലാതെ) സുവിശേഷ പ്രഘോഷണ ദൗത്യത്തിനായി യോജിച്ചുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കേണ്ട കാലഘട്ടമാണിത്. സഭയുടെ പ്രേക്ഷിത ദൗത്യത്തിൽ ഇതര അപ്പസ്തോലിക സഭകളെ എങ്ങനെ സഹകരിപ്പിക്കാം എന്നതിനെപ്പറ്റിയും ഈ കാലഘട്ടത്തിൽ ചിന്തകൾ ഉയർന്ന് വരട്ടെയെന്ന് ആഗ്രഹിക്കുകയാണ്. മിഷൻ പ്രദേശങ്ങളിലെ ഇടവകകളെ ഏറ്റെടുക്കുവാനും ദൈവരാജ്യ ശുശ്രൂഷകൾക്കായി അനേകം പ്രേക്ഷിതരെ ലോകമെങ്ങും സംഭാവന ചെയ്യുവാനും നമുക്ക് കഴിയട്ടെ.

സഭയുടെ എല്ലാ പ്രേക്ഷിത ദൗത്യത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. ക്രിസ്തുവുമായുള്ള അഗാധ സ്നേഹത്തിൽ ബന്ധിതമായ പ്രാർത്ഥനയിൽ നാം ശക്തിപ്പെട്ടാൽ ആത്മാക്കൾക്കു വേണ്ടിയുള്ള ദാഹം നമ്മിൽ ഉളവാകും. ആത്മാക്കൾക്ക് വേണ്ടിയുള്ള ദാഹം അതിന്റെ ഉച്ചകോടിയിൽ എത്തുമ്പോൾ പുതിയ ശുശ്രൂഷകൾ തിരുസഭയിൽ രൂപപ്പെടും.

ഈ കാലഘട്ടത്തിൽ സഭക്ക് ആവശ്യം പരിശുദ്ധാത്മാവിനാൽ കത്തിജ്വലിക്കുന്ന ശുശ്രൂഷകരെയാണ്. ജ്വലിക്കുന്ന സാക്ഷ്യമായിക്കൊണ്ട് സുവിശേഷത്തിന്റെ അഗ്നിനാളങ്ങൾ ആയിരങ്ങളിൽ പകരുവാൻ ഓരോ ശുശ്രൂഷകനും സാധിക്കട്ടെ. പരസ്പരം കുറ്റമാരോപിക്കാതെ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് സഭാമാതാവ് ഇന്ന് നമ്മോട് ചോദിക്കുന്നു. നമുക്ക് ഉത്തരം കൊടുക്കാം.

ആര് എനിക്കായി പോകും?

ഇതാ ഞാൻ എന്ന് പറയുന്ന ഞായറാഴ്ച്ചയാണ് മിഷൻ ഞായർ. വിശ്വാസത്തിൽ മരിച്ച അവസ്ഥയിൽ കഴിയുന്നവരുടെ കൂട്ടമല്ല സഭ. ഓരോ ഞായറാഴ്ച്ചയും നാം ബലിപീഠത്തിൽ കണ്ടുമുട്ടുന്നത് പാപത്തെയും, മരണത്തെയും പിശാചിനെയും തോല്പിച്ച ഉത്ഥിതനായ ക്രിസ്തുവിനെയാണ്. ജീവനുള്ള സഭയെ തിരിച്ചറിയാൻ കഴിയുന്നത് ആൾക്കൂട്ടത്തിന്റെ എണ്ണത്തിലല്ല, പ്രേക്ഷിത നിർവ്വഹണത്തിലൂടെയുള്ള വിശ്വാസ സാക്ഷ്യങ്ങളിലാണ്. ജറുസലേം ദേവാലയം തകർക്കപ്പെട്ടതുപോലെയുള്ള പ്രതിസന്ധികളിലൂടെ ദൈവജനം കടന്നുപോയാലും തകരാത്ത വിശ്വാസം മനുഷ്യാലയങ്ങളിൽ ഉള്ളിടത്തോളം കാലം ആദിമ സഭയിലെപ്പോലെ എത് പ്രതിസന്ധികളെയും അതിജീവിക്കുവാനും, ഒത്ത് കൂടുന്ന ഇടങ്ങളെ ദേവാലയങ്ങൾ ആക്കി മാറ്റുവാനും, തകർന്നതിനെ പണിതുയർത്തുവാനും കർത്താവിന്റെ സഭക്ക് കഴിയും.

ഈ കാലഘട്ടത്തിലെ നെഹമിയ ആയി നമുക്ക് മാറാം. പ്രവാചക ദൗത്യം ഏറ്റെടുത്ത് കൊണ്ട് തകർന്നു കിടക്കുന്ന ജറുസലേമിനെ ഓർത്ത് പ്രവാചകൻ ദൈവസന്നിധിയിൽ വിലപിക്കുകയും, ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതുപോലെ ദൈവജനത്തിന് വേണ്ടി – തിരുസഭയ്ക്ക് വേണ്ടി- ലോകമെമ്പാടുമുള്ള ഓരോ ആത്മാവിന് വേണ്ടിയും നമുക്ക് നെടുവീർപ്പോടും തീക്ഷ്ണതയോടും കൂടെ പ്രാർത്ഥിക്കാം.

2019 ജനുവരി 8 ന് തിരുവനന്തപുരം കുമാരപുരത്തെ പത്താം പീയൂസ് പാപ്പായുടെ ദേവാലയത്തോട് ചേർന്നുള്ള നിത്യാരാധന ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കർത്താവ് നൽകിയ സന്ദേശമായിരുന്നു ലോകരാജ്യങ്ങളെ ഏറ്റെടുത്ത് ദൈവ കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ. ഈ സന്ദേശം ആയിരങ്ങൾ ഏറ്റെടുത്തതിനെ തുടർന്ന്, അനേകരുടെ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ഈശോയോടുള്ള അത്യഗാധ സ്നേഹത്തിന്റെയും ഫലമായി ഇന്ന് മുപ്പത്തിയയ്യായിരത്തിൽ അധികം അംഗങ്ങളുള്ള മഹാശുശ്രൂഷയായി ഡിവിന മിസറിക്കോർഡിയ മിനിസ്ട്രിയെ കർത്താവ് വളർത്തി.

ദൈവകരുണയ്ക്കായ് പ്രാർത്ഥിക്കുവാൻ നാം ഏറ്റെടുത്തിരിക്കുന്ന രാജ്യങ്ങൾക്കുവേണ്ടി കരുണയുടെ ജപമാലകൾ നമുക്ക് ദൈവസന്നിധിയിൽ കാഴ്ച്ചവയ്ക്കാം. ഈ നാളുകളിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന അനേകം സാക്ഷ്യങ്ങൾ നമ്മുടെ വിശ്വാസത്തെ ജ്വലിപ്പിക്കുന്നവയാണ്. നാം ഒരുമിച്ച് പ്രാർത്ഥനയിൽ ഐക്യപ്പെട്ട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനാ മുറിയിൽ ദൈവത്തിന്റെ ആത്മാവ് ഇറങ്ങി വരും. അനേകം രാജ്യങ്ങളുടെ വാതിലുകൾ നമുക്കായി തുറന്നു കിട്ടും. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നമുക്ക് വെളിപ്പെടുത്തി തരും. ദൈവകരുണയുടെ ശുശ്രൂഷാ വഴികൾ കാണിച്ചു തരും. കർത്താവിന്റെ ഹിതം തിരിച്ചറിഞ്ഞ് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ പ്രാർത്ഥനയും, പ്രേക്ഷിത ശുശ്രൂഷകളുമെല്ലാം ദൈവത്തിന്റെ ഉപരി മഹത്വത്തിനും തിരുസഭയുടെ വളർച്ചയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി നമുക്ക് കാഴ്ച്ചവയ്ക്കാം.

പ്രേക്ഷിത വഴികളിൽ ഒരുപക്ഷേ, ക്രിസ്തു കടന്നുപോയതുപോലെ കാൽവരിയനുഭവങ്ങളും, കുരിശും, അപമാനങ്ങളും, പരിഹാസവും, ഒറ്റുകാരും നമ്മെ കാത്തിരിക്കുന്നുണ്ടാകും. എന്നാൽ ക്രൈസ്തവ ജീവിതത്തെ കാത്തിരിക്കുന്ന ഉത്ഥാനത്തിന്റെ പൊൻപ്രഭ നമ്മെ പുതിയ ജറുസലേമിന്റെ ആനന്തത്തിലേക്കുയർത്തും.

പ്രേക്ഷിതരുടെ രാജ്ഞിയായ ദൈവകരുണയുടെ മാതാവിന്റെ നിരന്തര സഹായം നമുക്ക് തേടാം.

ദൈവ കരുണയുടെ ശുശ്രൂഷയ്ക്കും, പ്രചാരണത്തിനും താല്പര്യം ഉള്ളവരും, ഈ ശുശ്രൂഷക്ക് വേണ്ടി ദൈവസ്വരം ലഭിക്കുന്നവരും, ഇനിയും ദൈവ കരുണയുടെ കൂട്ടായ്മ ആരംഭിക്കാത്ത രാജ്യങ്ങളിലോ, ദേശങ്ങളിലോ ഈ ശുശ്രൂഷക്ക് തുടക്കം കുറിക്കുവാൻ ആഗ്രഹിക്കുന്നവരും, പരിശുദ്ധാത്മാവിന്റെ പ്രേരണ കിട്ടുന്നവരും ദയവായി എന്നെ അറിയിക്കുക. ഈ കാലഘട്ടത്തിന്റെ ശുശ്രൂഷയ്ക്കായി നമുക്ക് കരം കോർക്കാം…

Saju Cleetus
A humble Servant of Divina Misericordia