Vimala Hrudaya Prathista

വിമലഹൃദയപ്രതിഷ്ഠ ഒരുക്കം

ഡിവിനാ മിസരി കോർഡിയാ ഗ്രൂപ്പുകളിൽ ശുദ്ധീകരണ തിരുനാളിനോടനുബന്ധിച്ച് (ഫെബ്രുവരി 2) പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് നമ്മെ ഏവരെയും സമർപ്പിക്കുന്നതിനായി 33 ദിവസത്തെ വിമലഹൃദയപ്രതിഷ്ഠ ഒരുക്കം (പരിശുദ്ധ മറിയത്തിലൂടെ ഈശോയ്ക്കുള്ള സമ്പൂർണ്ണ സമർപ്പണം) ഡിസംബർ 31 ന് ആരംഭിക്കുന്നു. പ്രതിഷ്ഠ നടത്താൻ ആഗ്രഹിക്കുന്നവർ കുമ്പസാരം നടത്തി 🌹വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേർന്ന് അന്നേ ദിവസത്തിനായി ഒരുങ്ങണമെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ.🙏🏼🙏🏼🙏🏼

സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠ (33days)

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം
ആമുഖം

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി ഈശോയ്ക്ക് നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്നതിനായി വിശുദ്ധ ലൂയിസ്‌ ഡി മോൺഫോർട്ട് നൽകുന്ന ക്രമമനുസരിച്ചുള്ള 33 ദിവസങ്ങളുടെ ഒരുക്കപ്രാർത്ഥനകളിലൂടെ നാം കടന്നു പോകുവാൻ ഒരുങ്ങുകയാണ്.

വിശുദ്ധ ലിയോ പതിമൂന്നാമൻ മാർപാപ്പ വിശുദ്ധ ലൂയിസ്‌ ഡി മോൺഫോർട്ടിന്റെ, പരിശുദ്ധ കന്യകയോടുള്ള പ്രതിഷ്ഠ നടത്തുന്നവർക്ക്, പൂർണദണ്ഡവിമോചനം കല്പിച്ചനുവദിച്ചു. പരിശുദ്ധ പിതാവ് തന്റെ മരണസമയത്ത് ഈ പ്രതിഷ്ഠ പുതുക്കുകയും, താൻ 1888-ൽ വാഴ്ത്തപ്പെട്ടവൻ എന്നു പ്രഖ്യാപിച്ച വിശുദ്ധ ലൂയിസിന്റെ സ്വർഗ്ഗീയ സഹായം അപേക്ഷിക്കുകയും ചെയ്തു.


പൊതുവായ നിർദ്ദേശങ്ങൾ

  1. പ്രിയമുള്ളവരെ ഏറെ ഗൗരവത്തോടും തീക്ഷ്ണതയോടും പ്രാർത്ഥനയോടും കൂടെ Divina Misericordia International Ministry യോടു ചേർന്ന് പരിശുദ്ധഅമ്മയിൽ മുഴുവനായും ആശ്രയം വച്ച് വിമലഹൃദയപ്രതിഷ്ഠയ്ക്കായി എല്ലാവരും ഒരുങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.
  2. അതിനാൽ ഒരു ദിവസം ഏറ്റവും കുറഞ്ഞത് 30 – 45 മിനിറ്റ് സമയം കണ്ടെത്തി അയച്ചുതരുന്ന പ്രാർത്ഥനകളും വായനകളും ഒരുമിച്ചോ 2 – 3 ആയി വിഭജിച്ചോ ( രാവിലെ മുതൽ രാത്രി വരെയുള്ള സമയത്തിനുള്ളിൽ പ്രതിഷ്ഠാ ഒരുക്കം പൂർത്തിയാക്കുക .
  3. സമയ കുറവുളളവരും വായിക്കുവാൻ ബുദ്ധിമുട്ടുള്ളവരും തങ്ങളുടെ സമയവും സൗകര്യവുമനുസരിച്ച് സാധിക്കുന്ന പോലെ പ്രധാന ഭാഗങ്ങൾ മാത്രമെങ്കിലും പ്രാർത്ഥിക്കുകയും വായിക്കുകയും ചെയ്താൽ മതിയാകും.
  4. ഏതെങ്കിലും വിധത്തിൽ വലിയ ഞെരുക്കങ്ങളിലൂടെയും പലവിധ പ്രശ്നങ്ങളിലൂടെയും കടന്നു പോകുന്നവർക്ക് രക്തക്കണ്ണുനീർ ജപമാലയും സമയം കുറവുള്ളവർക്കും പ്രാർത്ഥിക്കാൻ മടിയുള്ളവർക്കും ഈ ദിവസങ്ങളിൽ തടസ്സങ്ങൾ മാറുവാൻ കരുണയുടെ ജപമാലയും ചൊല്ലുന്നത് നല്ലതാണ്.
  5. അതിന് പുറമേ ഓരോരുത്തരും ശീലിച്ചിട്ടുള്ളതനുസരിച്ച് അനുദിന ബലിയർപ്പണം , ജപമാല, തിരുവചന പാരായണം തുടങ്ങിയവ നിർവ്വഹിക്കുക ശീലമില്ലാത്തവർ ഏറ്റവും കുറഞ്ഞത് ഈ 33 ദിവസമെങ്കിലും ശീലിക്കുക.
  6. ഒരുക്കത്തിനായി നാം പിന്തുടരുന്നത് വിശുദ്ധ ലൂയിസ് ഡി മോണ്ട് ഫോർട്ടിന്റെ ക്രമമാണ് മരിയൻ സമ്പൂർണ്ണ സമർപ്പണം (പൂർണ്ണദണ്ഡ വിമോചനമുള്ളത് )

പരിശുദ്ധകന്യകാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠയെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട 14 കാര്യങ്ങൾ:


1.എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?

ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ. വിമലഹൃദയപ്രതിഷ്ഠ എന്നാൽ, യഥാർത്ഥത്തിൽ മാതാവ് എന്താണോ ആ സത്യാവസ്ഥയിലേക്ക് നമ്മളെ ചേർത്തുവയ്ക്കുന്ന പ്രക്രിയയാണ്.

2.പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

പരിശുദ്ധ അമ്മയുടെ ആന്തരിക ജീവിതത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഭക്തനാമമാണ് വിമലഹൃദയം.
അവളുടെ ആന്തരിക ജീവിതം എന്നത് അവളുടെ സന്തോഷങ്ങളും ദുഃഖങ്ങളും അവളുടെ വെളിപ്പെട്ടതും വെളിപ്പെടാത്തതുമായ പുണ്യങ്ങളും സ്നേഹപ്രകടനങ്ങളും എല്ലാം ഉൾപ്പെട്ടതാണ്.
സ്നേഹം തന്നെയായ ഈശോ സ്വയം ശൂന്യനാക്കി, എളിമയിൽ നിറഞ്ഞ്, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ പ്രവേശിച്ചപ്പോൾ മറിയത്തിന്റെ ഹൃദയം വിമലഹൃദയം ആയി മാറി.

3.എന്തുകൊണ്ട് നാം വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണം?

വിമലഹൃദയത്തിന് സമർപ്പിക്കപ്പെടുന്ന ആത്മാക്കളെ പരിശുദ്ധ അമ്മ തന്റെയുള്ളിൽ വാഴുന്ന പരിശുദ്ധാത്മാവിന് ഏൽപ്പിച്ചുകൊടുക്കുന്നു. പരിശുദ്ധാത്മാവിന് സമർപ്പിക്കപ്പെട്ട വ്യക്തികളെയും, സമൂഹങ്ങളെയും ശുദ്ധീകരിച്ച് രൂപാന്തരപ്പെടുത്തുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. അതുകൊണ്ട് വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന ഒരാത്മാവും നശിച്ചു പോകുകയില്ല.

4. എങ്ങനെയാണ് വിമലഹൃദയ പ്രതിഷ്ഠ നടത്തേണ്ടത്?

ഭൗതിക കാര്യങ്ങൾ ചോദിച്ചുവാങ്ങാനുള്ള ഒരു പ്രാർത്ഥനയല്ലിത്. മറിച്ച്, സ്വർഗ്ഗീയ യാത്രയിൽ വിശുദ്ധീകരിക്കപ്പെടാൻ നാം സ്വീകരിക്കേണ്ട പ്രാർത്ഥനയുടെയും പ്രവർത്തികളുടേതുമായ ഒരു ജീവിതശൈലിയാണ്. ആത്മാവ് നശിച്ചുപോകാതെ, സ്വർഗ്ഗത്തിലേക്ക് നടത്തുന്ന യാത്രയിൽ സ്വയം വിശുദ്ധീകരിക്കാൻ നമുക്കു കഴിവില്ല. നമ്മെത്തന്നെ മാതാവിന് സമർപ്പിക്കുമ്പോൾ നാം വിമലഹൃദയത്തിലൂടെ വിശുദ്ധിയിലേക്ക് ജനിക്കും.അതിനാൽ പുണ്യങ്ങൾ ചെയ്തുകൊണ്ടുവേണം പ്രതിഷ്ഠ നടത്തുവാൻ.

5.ആർക്കുവേണ്ടിയൊക്കെ വിമലഹൃദയ പ്രതിഷ്ഠ നടത്താം?

നമുക്ക് കഴിയുന്നത്ര വ്യക്തികളെ മാതാവിന്റെ വിമലഹൃദയത്തിലൂടെ ഈശോയ്ക്ക് വേണ്ടി നേടിയെടുക്കാം. “ഒരുവൻപോലും നശിച്ചുപോകാതെ എല്ലാവരും രക്ഷ പ്രാപിക്കണമെന്നാണല്ലോ” ദൈവം ആഗ്രഹിക്കുന്നത്.

6.എന്തുകൊണ്ട് 33 ദിവസങ്ങൾ പ്രാർത്ഥിക്കണം?

ഈശോ നമുക്ക് വേണ്ടി മനുഷ്യാവതാരം ചെയ്ത് ജീവിച്ച 33 വർഷങ്ങൾ ഓർമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥന നടത്തുന്നത്. മാതാവിന്റെ തിരുനാളുകളിലാണ് പ്രതിഷ്ഠ നടത്തുന്നത്. അതിനാൽ, തിരുനാളുകൾക്ക് 33 ദിവസങ്ങൾക്കുമുമ്പ് പ്രാർത്ഥന തുടങ്ങാം.

7. വിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മാത്രം ചൊല്ലിയാൽ പ്രതിഷ്ഠ പൂർത്തിയാകുമോ?

ഇല്ല. ഗലാത്തിയ ലേഖനം 5:22-ൽ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് എന്ന് നാം കാണുന്നു. ഇവ ഓരോന്നും ജീവിച്ചോയെന്ന് അനുദിനം നാം പരിശോധിക്കണം. അനുഷ്ഠിച്ചവ ഓരോന്നും ഈശോയോട് ഏറ്റുപറഞ്ഞ് വിമലഹൃദയത്തിന് സമർപ്പിക്കണം.

8. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്ന ഈശോയുടെ വാഗ്ദാനം പരിശുദ്ധ മറിയത്തിൽ അന്വർത്ഥമാണ്.
ഗ്രഹിക്കാൻ സാധിക്കാത്ത വചനങ്ങൾ പോലും ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയത്തിന്റെ (ലൂക്കാ 2:51) നിർമ്മല ഹൃദയത്തിൽ വാൾ കടക്കുന്നതിനെ സംബന്ധിച്ച് വിശുദ്ധ ലൂക്കാ സുവിശേഷകൻ പ്രതിപാദിക്കുന്നുണ്ട് (ലൂക്കാ 2:35).

9. നാം എല്ലാവരും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ടോ?

ആഗ്രഹിക്കുന്നുണ്ട്. കുരിശിൻ ചുവട്ടിൽ വച്ച് യോഹന്നാൻ ഈശോയുടെ നിർദ്ദേശപ്രകാരം അമ്മയെ സ്വന്തമാക്കി. “അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തമായി സ്വീകരിച്ചു” (യോഹന്നാൻ 19 :27). ഈ സ്വന്തമായി സ്വീകരിക്കൽ തന്നെയാണ് യഥാർത്ഥ വിമലഹൃദയ പ്രതിഷ്ഠ.

10. എല്ലാവരും വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്ന് സ്വർഗ്ഗം ആഗ്രഹിക്കുന്നുണ്ടോ?

പരിശുദ്ധ മാതാവ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെ ഫാത്തിമായിൽ ലൂസി, ഫ്രാൻസിസ്, ജസീന്ത എന്നീ മൂന്ന് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടു നൽകിയ സന്ദേശങ്ങളിലൂടെയാണ് വിമലഹൃദയഭക്തി സാർവ്വത്രികമായി ശ്രദ്ധിക്കപ്പെടാൻ ഇടയായത്.

1916 ൽ സമാധാനത്തിന്റെ മാലാഖ ഫാത്തിമയിലെ കുട്ടികളോട് പറഞ്ഞു; “ഈശോയുടെ തിരുഹൃദയവും മാതാവിന്റെ വിമലഹൃദയവും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും.
ഈശോയുടെ തിരുഹൃദയത്തിന്റെയും അമ്മയുടെ വിമലഹൃദയത്തിന്റെയും അനന്ത യോഗ്യതകളാൽ പാപികൾ മാനസാന്തരത്തിലേക്ക് നയിക്കപ്പെടും.”

1917 ജൂൺ 13ന് പരിശുദ്ധ അമ്മ കുട്ടികളോട് പറഞ്ഞു: “നിങ്ങൾക്ക് വളരെ സഹിക്കേണ്ടി വരും. എങ്കിലും സഹിക്കാനുള്ള ശക്തി ദൈവം തരും.” പരിശുദ്ധ അമ്മ ലൂസിയോട് ചോദിച്ചു: “നീ വളരെ സഹിക്കുന്നുണ്ടല്ലേ? തളരരുത്. ഞാൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ നിർമ്മലഹൃദയം നിനക്ക് അഭയവും നിന്നെ ദൈവത്തിലേക്കു നയിക്കുന്ന വഴിയുമായിരിക്കും.”
ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോൾ അമ്മ കൈകൾ വിടർത്തി. അമ്മയുടെ ഉള്ളംകൈയിൽ നിന്ന് പുറപ്പെട്ട പ്രകാശരശ്മികൾ തങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളച്ചുകയറിയെന്ന് കുട്ടികൾ പറഞ്ഞു. അന്നുമുതൽ മാതാവിന്റെ വിമലഹൃദയത്തോടുള്ള തീവ്രസ്നേഹത്താൽ തങ്ങളുടെ ഹൃദയം നിറഞ്ഞതായി അവർ പറഞ്ഞു.
സഹനത്തിന്റെ അവസരങ്ങളിൽ ചൊല്ലാനുള്ള ഒരു പ്രാർത്ഥനയും അമ്മ അവരെ പഠിപ്പിച്ചു: “എന്റെ ഈശോയേ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയും മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്യപ്പെടുന്ന അതിക്രമങ്ങൾക്ക് പരിഹാരമായും പാപികളുടെ മാനസാന്തരത്തിനായും ഞാനിത് സ്വീകരിക്കുന്നു.”

1917 ജൂലൈ 13ന് ഫാത്തിമായിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്ത് പ്രചരിപ്പിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നതായി കുട്ടികളോട് പറഞ്ഞു. ഇനിയും ഒരു മഹായുദ്ധം ഉണ്ടാകാതിരിക്കാൻ റഷ്യയെ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്നും മാസാദ്യ ശനിയാഴ്ചകളിൽ പാപപരിഹാരാർത്ഥം പരിശുദ്ധ കുർബാന സ്വീകരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

1936 ൽ ഈശോ തന്നെ സിസ്റ്റർ ലൂസിയോട് ഇങ്ങനെ പറഞ്ഞു; “തിരുഹൃദയ ഭക്തി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടേണ്ടത് വിമലഹൃദയഭക്തി തന്നെ.”

11. വിമലഹൃദയത്തോടുള്ള ഭക്തി തിരുസ്സഭ അംഗീകരിച്ചിട്ടുണ്ടോ?

പരിശുദ്ധ അമ്മയുടെ ഹൃദയത്തിന്റെ ആർദ്രത അപ്പസ്തോലന്മാരും ആദിമസഭയും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. മധ്യകാലഘട്ടത്തിൽ വിമലഹൃദയഭക്തി പ്രചാരം നേടിയിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജോൺ യൂദസ് വിമലഹൃദയ ഭക്തിയുടെ പ്രചാരകനായിരുന്നു. 1799 ൽ ആറാം പീയൂസ് പാപ്പായും വിമലഹൃദയഭക്തിക്കു പ്രോത്സാഹനം നൽകി.
1855 ജൂലൈ 21ന് ആരാധനക്രമത്തിനായുള്ള തിരുസംഘം വിമലഹൃദയത്തിരുനാൾ ക്രമം അംഗീകരിച്ചു.
1942 മെയ് 31ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ റഷ്യ ഉൾപ്പടെയുള്ള ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു.
1944ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ എല്ലാവർഷവും ഓഗസ്റ്റ് 22 വിമലഹൃദയത്തിരുനാൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
1952 ജൂലൈ രണ്ടിന് അദ്ദേഹം പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സോവിയറ്റ് യൂണിയനെ സമർപ്പിച്ചു.
1967ൽ പോൾ ആറാമൻ മാർപാപ്പ ഈശോയുടെ തിരുഹൃദയത്തിരുനാൾ കഴിഞ്ഞുള്ള ശനിയാഴ്ച വിമലഹൃദയത്തിരുനാളായി നിശ്ചയിച്ചു.
1982 മെയ് 13ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പോർച്ചുഗലിലെ ഫാത്തിമായിൽ വച്ച് ലോകത്തെ മുഴുവനായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു.
1984 മാർച്ച് 25ന് മംഗളവാർത്താത്തിരുനാൾ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാരോട് ചേർന്ന് പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോകത്തെ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചു.
2000 ഒക്ടോബർ 8ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതിയ സഹസ്രാബ്ദത്തെയും വിമലഹൃദയത്തിൽ സമർപ്പിച്ചു.
2010 മെയ് 12ന് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഫാത്തിമായിൽ വച്ച് ലോകം മുഴുവനെയും പരിശുദ്ധ വിമലഹൃദയത്തിനു സമർപ്പിച്ചു.
2013 ഒക്ടോബർ 13ന് ഫാത്തിമാദിനത്തിൽ, ഫ്രാൻസിസ് മാർപാപ്പ മാനവകുലത്തെ മറിയത്തിന്റെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.

12. ആരാണ് വിമലഹൃദയ പ്രതിഷ്ഠയ്ക്ക് ഒരുക്കമായുള്ള 33 ദിവസത്തെ ഒരുക്കപ്രാർത്ഥന ക്രമീകരിച്ചത്?

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടാണ് ക്രമപ്രകാരം മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠക്കായുള്ള 33 ദിവസത്തെ ഒരുക്കപ്രാർത്ഥന ക്രമീകരിച്ചത്.

13. വിമലഹൃദയ പ്രതിഷ്ഠയ്ക്ക് തിരുസഭ പൂർണദണ്ഡവിമോചനം കൽപ്പിച്ചനുവദിച്ചിട്ടുണ്ടോ?

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് ആഗ്രഹിച്ചതിൻ പ്രകാരം പൂർണ്ണദണ്ഡവിമോചനം ലിയോ പതിമൂന്നാമൻ മാർപാപ്പ കൽപ്പിച്ച് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ദിവസവും മരിയൻ സമർപ്പണം പുതുക്കിയിരുന്നു.

14. വിമലഹൃദയപ്രതിഷ്ഠയുടെ ഫലങ്ങൾ എന്തൊക്കെയാണ്?

പരിശുദ്ധാത്മാവിന്റെ നിർമ്മലമണവാട്ടിയാണ് പരിശുദ്ധ കന്യാമറിയം.
പരിശുദ്ധാത്മാവ് ഏറ്റവും പൂർണ്ണതയിൽ ഒരു വ്യക്തിയുടെ മനുഷ്യത്വത്തിലേക്ക് ഇറങ്ങിവന്നത് പരിശുദ്ധ അമ്മയിലാണ്.
പരിശുദ്ധ അമ്മയിൽ നിറഞ്ഞുനിന്നിരുന്നത് ദൈവവും ദൈവഹിതങ്ങളും മാത്രമായിരുന്നു.
ദൈവകൃപകൾ വിതരണം ചെയ്യുന്നത് പരിശുദ്ധ അമ്മയാണ്.
നമ്മൾ നമ്മുടെ ഹൃദയങ്ങളെ അമ്മയുടെ വിമലഹൃദയത്തിലേയ്ക്ക് പ്രതിഷ്ഠിച്ചാൽ സ്വാഭാവികമായി നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെട്ട് ഈശോ നിറയുന്ന അനുഭവം നമുക്ക് സ്വന്തമാക്കാൻ കഴിയും.
ദൈവികരഹസ്യങ്ങൾ സംഗ്രഹിച്ചുവച്ചിരുന്ന പേടകമാണ് അമ്മയുടെ വിമലഹൃദയം.
നമ്മൾ വിമലഹൃദയ പ്രതിഷ്ഠ നടത്തിയാൽ നമുക്കും അമ്മയിലൂടെ ദൈവികരഹസ്യങ്ങൾ വെളിപ്പെടുത്തിത്തരുന്ന ദൈവികജ്ഞാനം ലഭിക്കും.
വ്യാകുലങ്ങൾ ഏറ്റെടുത്ത അമ്മയുടെ ഹൃദയം നമ്മുടെ വ്യാകുലങ്ങളും ഏറ്റെടുക്കും, നമ്മളെ സ്വതന്ത്രരാക്കും.

ആരാണ് വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്

വി. ലൂയിസ് മരിയ ഗ്രിഞിയോൺ ഡി ല ബശേലഹായ്, തൻ്റെ വീട്ടുപേര് ഉപേക്ഷിച്ച് ജന്മനാടിന്റെ പേരു സ്വന്തമാക്കി. അദ്ദേഹം 1673 ജനുവരി 31- നു ഫ്രാൻസിലെ ബ്രിട്ടനിയിലെ കൊച്ചു പട്ടണമായ മോൺഫോർട്ട്-ല-കാനെയിൽ ആണ് പിറന്നത്. 200 മൈൽ കാൽനടയായി യാത്രചെയ്ത് പാരീസിലുള്ള വിശുദ്ധ സുൾപീസിൽ വൈദികപഠനം പൂർത്തിയാക്കി. 1700-ൽ ഇരുപത്തിയേഴാം വയസ്സിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

കാനഡയിലെ ഒരു മിഷനറിയാകുവാനായിരുന്നു അദ്ദേഹത്തിന്റെ ദാഹം. എന്നാൽ ഫ്രാൻസിൽത്തന്നെ പ്രവർത്തിക്കുവാൻ നിർദ്ദേശിക്കപ്പെട്ടു.

ജനങ്ങളെ പ്രബോധിപ്പിച്ചും പ്രസംഗിച്ചും ദരിദ്രരെ സഹായിച്ചും കുമ്പസാരിപ്പിച്ചും ധ്യാനപ്രസംഗങ്ങൾ നടത്തിയും സ്കൂളുകൾ ആരംഭിച്ചും പള്ളികൾ പണിതും രാജ്യത്തിന്റെ പടിഞ്ഞാറുഭാഗം മുഴുവനും അദ്ദേഹം ചുറ്റിസഞ്ചരിച്ചു. അദ്ദേഹത്തിന്റെ അദ്ധ്വാനങ്ങൾ അത്ഭുതകരമായ ഫലമുളവാക്കി. അദ്ദേഹം കൊന്തകൊണ്ടു സ്പർശിക്കുന്ന ഒരു പാപിയും എതിർത്തു നിന്നിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ മതാദ്ധ്യക്ഷന്മാരിൽനിന്ന് വലിയ എതിർപ്പ് അഭിമുഖീകരിച്ചതുകൊണ്ട് – പ്രത്യേകിച്ച് പോയിറ്റിയേഴ്‌സിലെ മെത്രാൻ തന്റെ അതിരൂപതയിൽ പ്രസംഗിക്കാൻ പാടില്ലെന്നു വിലക്കിയപ്പോൾ – അദ്ദേഹം റോമിലേക്ക് പോകുവാൻ നിശ്ചയിച്ചു. താൻ ദൈവത്തിന്റെ ഹിതമാണ് നിർവ്വഹിക്കുന്നതെങ്കിൽ പഴയതുപോലെ തുടരുന്നതിനുള്ള പരിശുദ്ധ പിതാവിന്റെ അനുവാദത്തിനായി അദ്ദേഹം റോമിലേക്കു നടന്നു – ആയിരം മൈൽ. പതിനൊന്നാം ക്ലമന്റ് പാപ്പയുടെ മുമ്പിൽ തന്റെ പ്രശ്നം അവതരിപ്പിച്ചു. യാത്ര ചെയ്തുകൊണ്ടുള്ള തന്റെ മിഷനറി പ്രവർത്തനം തുടരുവാൻ പിതാവ് അനുമതി നൽകി. മാത്രമല്ല അദ്ദേഹത്തിന് ‘മിഷനറി അപ്പസ്തോലിക്ക’എന്ന പേരു നൽകുകയും ചെയ്തു. രൂപതയുടെ അധികാരികൾക്കു വിധേയമായിട്ടേ പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശിക്കുകയുമുണ്ടായി.

ജാൻസനിസം എന്ന പാഷണ്ഡത പ്രചരിപ്പിക്കുന്നവരുടെ എതിർപ്പിനെ നേരിടുകയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അന്ന്, ആ പാഷണ്ഡത ഫ്രാൻസിൽ വളരെ സജീവമായിരുന്നു താനും.

ആദ്യപാപത്താൽ ബുദ്ധി ഇരുണ്ടതും മനസ്സ് ദുർബ്ബലവും ആയിത്തീർന്നു. എങ്കിലും മനുഷ്യസ്വഭാവം സത്താപരമായി നല്ലതാണെന്ന സഭാപഠനത്തിനു വിരുദ്ധമായി കാർക്കശ്യത്തിന്റെയും ധാർമ്മിക പിരിമുറുക്കത്തിന്റെയും അന്തരീക്ഷം പരത്തിക്കൊണ്ട് മനുഷ്യപ്രകൃതി സത്താപരമായി ദുഷിച്ചതാണെന്ന് അവർ പഠിപ്പിച്ചു. ദൈവത്തിന്റെ കരുണയെ ജാൻസനിസക്കാർ നിരാകരിച്ചു. വളരെയധികം ഒരുങ്ങിയേ കുമ്പസാരിക്കാവൂ വിശുദ്ധ കുർബ്ബാന സ്വീകരിക്കാവൂ – അതും വല്ലപ്പോഴുമൊക്കെ, എന്ന് അവർ ശഠിച്ചു. വിശുദ്ധ കുർബ്ബാനസ്വീകരണത്തെ ഒരു പ്രതിവിധി ആയിട്ടല്ല, പ്രതിഫലമായിട്ടാണ് അവർ ചിത്രീകരിച്ചത്. ദൈവത്തെ ഭയത്തോടും വിറയലോടും കൂടി മാത്രമേ സംബോധന ചെയ്യാവൂ എന്നും പഠിപ്പിച്ചു. കാൽവനിസത്തോടു ചേർന്നുനിൽക്കുന്നതായിരുന്നു ഇവരുടെ ചിന്താഗതികൾ. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിനു മുമ്പ് സഭ രണ്ടുപ്രാവശ്യം അതിനെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു എങ്കിലും, ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം അവരുടെ സിദ്ധാന്തങ്ങൾ പ്രചരിച്ചുകൊണ്ടേയിരുന്നു. ഇവർക്കെതിരായി, വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് മറിയത്തിലുള്ള വിശ്വാസവും അവളുടെ തിരുക്കുമാരനോടുള്ള ഐക്യവും പ്രസംഗവിഷയമാക്കി.

വി. ലൂയിസ് ഡി മോൺഫോർട്ട് രണ്ടു സഭകൾ സ്ഥാപിച്ചു.

  1. 1703-ൽ ‘ഡോട്ടേഴ്സ് ഓഫ് വിസ്ഡം’ (The Daughters of Wisdom) എന്ന സന്യാസിനീസഭ. പോയിറ്റിയേഴ്സിലെ ഒരു ആശുപത്രിയിൽ ചാപ്ലേയ്ൻ ആയിരുന്നപ്പോൾ ദരിദ്രരും കഷ്ടതയനുഭവിക്കുന്നവരുമായ പെൺകുട്ടികളിൽനിന്നു തെരഞ്ഞെടുത്ത ഏതാനും പേരായിരുന്നു അതിന്റെ ആദ്യ അംഗങ്ങൾ.
  2. “മിഷനറീസ് ഓഫ് ദ കമ്പനി ഓഫ് മേരി’ (The Missionaries of The Company of Mary) എന്ന സന്ന്യാസസഭ (മോൺഫോർട്ട് വൈദികരും സഹോദരരും). കൂടാതെ 1715-ൽ രൂപംകൊണ്ട ‘ദ ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ’ (Brothers of St. Gabriel) എന്ന സഭയും, വി. ലൂയിസിനെ തങ്ങളുടെ ആദ്ധ്യാത്മിക പിതാവായി അവകാശപ്പെടുന്നു. അവർ വിദ്യാഭ്യാസ രംഗത്താണ് പ്രവർത്തിക്കുക.

അദ്ദേഹം ഒട്ടേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ സുപ്രധാനമായവ True Devotion to Mary, Secret of the Rosary, Secret of Mary ഇവയാണ്. ഫ്രാൻസ് മുഴുവനും ചുറ്റിസഞ്ചരിച്ചു നൽകിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഇവ.

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം, പിശാചിന്റെ ഏറ്റവും വലിയ ശത്രുവായ മറിയത്തെ – സ്നേഹിക്കാൻ പഠിപ്പിച്ചു.

True Devotion of Mary യിൽ അദ്ദേഹം പറയുന്നു, “മാലാഖമാരെക്കാളും മനുഷ്യരെക്കാളും അധികമായി മറിയത്തെ പിശാചു ഭയപ്പെടുന്നു. ഒരർത്ഥത്തിൽ ദൈവത്തെക്കാൾ അധികമായിപ്പോലും എന്ന്.”

ലൂയിസ് ഡി മോൺഫോർട്ടിനെ വാഴ്ത്തപ്പെട്ടവൻ എന്നു പ്രഖ്യാപിക്കുന്നതിനു മുമ്പ് നടത്തിയ അന്വേഷണങ്ങളിൽ, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പിശാചുമായുള്ള സംഘട്ടനസമയത്തു മുഷ്ടിചുരുട്ടിയുള്ള ഇടികളുടെയും ചാട്ടവാറടികളുടെയും ശബ്ദം പലപ്പോഴും കേട്ടിട്ടുള്ളതായി പലരും സാക്ഷ്യപ്പെടുത്തി.

വിശുദ്ധൻ തന്റെ കർമ്മശേഷി മുഴുവനും കലവറ കൂടാതെ, പ്രേഷിതവൃത്തിക്കു വ്യയം ചെയ്തു.

നാല്പത്തിമൂന്നാം വയസ്സിൽ വിശുദ്ധ ലൊഹെൻസു-സേവെയിൽ വച്ച് തന്റെ മരണക്കിടക്കയിൽ ക്രൂശിതരൂപവും മാതാവിന്റെ തിരുസ്വരൂപവും ചുംബിച്ചുകൊണ്ട് പിശാചിനോട് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു, “നീ എന്നെ ആക്രമിക്കുന്നത് വൃഥാവിലാകുന്നു. ഞാൻ യേശുവിന്റെയും മറിയത്തിന്റെയും മധ്യേയാണ്! എന്റെ ദൗത്യം പൂർത്തിയാക്കി. എല്ലാം പൂർത്തിയായി. ഇനി ഞാൻ ഒരിക്കലും പാപം ചെയ്യില്ല.”അങ്ങനെ 1716 ഏപ്രിൽ 28-ന് അദ്ദേഹം സമാധാനപൂർവ്വം ദിവംഗതനായി.

സ്വർഗ്ഗത്തിൽ താൻ ജനിച്ച ദിവസമായ ഏപ്രിൽ 28 ആണ് അദ്ദേഹത്തിന്റെ തിരുനാൾ ദിനം.

വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ എല്ലാ കൃതികളും പരിശുദ്ധ സിംഹാസനം പരിശോധിച്ചു.

1947-ൽ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.
വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ വിശുദ്ധന്റെ പുസ്തകമായ “യഥാർത്ഥ മരിയ ഭക്തി “എന്ന പുസ്തകം വായിച്ചതിനു ശേഷമുള്ള അഭിപ്രായം

പരിശുദ്ധ ദൈവമാതാവിലൂടെ ഈശോയ്ക്കുള്ള സമ്പൂർണ്ണ സമർപ്പണത്തെക്കുറിച്ച് വിശുദ്ധ ലൂയിസ് മരിയ ഗ്രിഞിയോൺ ഡി മോൺഫോർട്ട് എഴുതിയ ‘യഥാർത്ഥ മരിയഭക്തി’ എന്ന പുസ്തകം വായിച്ചതിനുശേഷം, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇങ്ങനെ പറയുന്നുണ്ട്.
“ഈ പുസ്തകം വായിച്ചത് എൻ്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഈ ഭക്താഭ്യാസം അന്നുമുതൽ എന്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. എൻ്റെ ആന്തരികജീവിതത്തിൻ്റെയും ആത്മീയ ദൈവശാസ്ത്രവീക്ഷണത്തിൻ്റെയും പ്രധാന ഭാഗമായി ഇതു മാറി.”

പരിശുദ്ധ ദൈവമാതാവിന് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതിലൂടെ ആത്മീയ ജീവിതത്തിൽ ഉദാത്തമായ വളർച്ചയുണ്ടാകുമെന്നാണ് വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത്. ഈശോയുമായി ഐക്യപ്പെടാനുള്ള ഏറ്റവും സരളവും ദൈർഘ്യം കുറഞ്ഞതുമായ വഴിയായിട്ടാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്. കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിനായി ഒരുങ്ങുകയും ഒരുക്കുകയും ചെയ്യുന്ന സകലർക്കും ഈ സമർപ്പണം അനിവാര്യമാണ്. കാരണം, ഈശോയുടെ ആദ്യത്തെ ആഗമനം മറിയത്തിലൂടെയായിരുന്നതുപോലെ രണ്ടാമത്തെ ആഗമനത്തിലും വലിയൊരു ദൗത്യം അവൾക്കുണ്ട്.

ഈ ഭക്താഭ്യാസം പിന്തുടരുന്ന വ്യക്തികൾക്ക് ലഭ്യമാകുന്ന ആത്മീയ നന്മകളെക്കുറിച്ച് വിശുദ്ധൻ തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്: ഈ സമർപ്പണം നടത്തുന്ന വ്യക്തി ദൈവത്തിൽ പൂർണ്ണനായ ഒരു മനുഷ്യനായിമാറും. അധികമായ പ്രയത്നം കൂടാതെ യേശുവിന്റെ സ്വഭാവം ഒരു വ്യക്തിയിൽ രൂപപ്പെടും. മാമ്മോദീസായിലെ വ്രതവാഗ്ദാനങ്ങൾ നവീകരിക്കാനാകും. വിശുദ്ധിയിൽ വളരുകയും വിശ്വാസം, പ്രത്യാശ, സ്നേഹം, എന്നിവ വർദ്ധിക്കുകയും ചെയ്യും.
നമ്മുടെ ദൈവവിളി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. സമർപ്പണത്തിനു ശേഷം ജീവിതത്തിൽ കൃപകൾ അതിയായി വർദ്ധിക്കുന്നത് കാണും.
ചെയ്തുപോയ പാപങ്ങളെയോർത്ത് ഒരിക്കലും നിരാശപ്പെടുകയില്ല.
കൂടാതെ, നിങ്ങളെ സ്നേഹിക്കുന്നവർക്കുവേണ്ടി ഇന്നുവരെ ചെയ്യാത്ത ശ്രേഷ്ഠമായ കാര്യങ്ങൾ നിങ്ങൾ ചെയ്യും.

പരിശുദ്ധ അമ്മയുടെ തിരുനാളുകളും പ്രതിഷ്ഠാ ഒരുക്കത്തിനായുള്ള തീയതികളും

പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും ഒരു തിരുനാളിനോടനുബന്ധിച്ചാണ് ഈ സമർപ്പണം നടത്തപ്പെടേണ്ടത്. തിരുനാളിൻ്റെ ദിവസം സമർപ്പണം നടത്താൻ സാധിക്കുന്ന തരത്തിൽ 33 ദിവസം പിന്നോട്ട് കണക്കുകൂട്ടി ഒരുക്കവും പ്രാർത്ഥനകളും വിചിന്തനങ്ങളും ആരംഭിക്കുക.

1.ദൈവമാതൃത്വ തിരുനാൾ -ജനുവരി 1
ഒരുക്ക പ്രാർത്ഥനാരംഭം -നവംബർ 29

2.ശുദ്ധീകരണ തിരുന്നാൾ -ഫെബ്രുവരി 2.
ഒരുക്ക പ്രാർത്ഥനാരംഭം –
ഡിസംബർ 31

3.ലൂർദ് മാതാവിന്റെ തിരുനാൾ -ഫെബ്രുവരി 11
ഒരുക്ക പ്രാർത്ഥനാരംഭം -ജനുവരി 9

4.മംഗള വാർത്ത തിരുന്നാൾ -മാർച്ച് 25
ഒരുക്ക പ്രാർത്ഥനാരംഭം -ഫെബ്രുവരി 20

5.സ്വർലോക രാജ്ഞിയുടെ തിരുനാൾ -മെയ് 1
ഒരുക്ക പ്രാർത്ഥനാരംഭം -മാർച്ച് 29

6.ഫാത്തിമ മാതാവിന്റെ തിരുനാൾ -മെയ് 13
ഒരുക്ക പ്രാർത്ഥനാരംഭം -ഏപ്രിൽ 10

7.സന്ദർശന തിരുനാൾ -മെയ് 31
ഒരുക്ക പ്രാർത്ഥനാരംഭം -ഏപ്രിൽ 28

8.നിത്യസഹായ മാതാവിന്റെ തിരുനാൾ -ജൂൺ 27
ഒരുക്ക പ്രാർത്ഥനാരംഭം -മെയ് 25

9.റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുന്നാൾ -ജൂലൈ 13
ഒരുക്ക പ്രാർത്ഥനാരംഭം -ജൂൺ 10

10.കർമ്മല മാതാവിന്റെ തിരുനാൾ- ജൂലൈ 16
ഒരുക്ക പ്രാർത്ഥനാരംഭം -ജൂൺ 13

11.സ്വർഗ്ഗാരോഹണ തിരുനാൾ -ആഗസ്റ്റ് 15
ഒരുക്ക പ്രാർത്ഥനാരംഭം -ജൂലൈ 13

12.മാതാവിന്റെ ജനന തിരുനാൾ -സെപ്റ്റംബർ 8
ഒരുക്ക പ്രാർത്ഥനാരംഭം ആഗസ്റ്റ് 6

13.വ്യാകുല മാതാവിന്റെ തിരുനാൾ
സെപ്റ്റംബർ 15
ഒരുക്ക പ്രാർത്ഥനാരംഭം -ആഗസ്റ്റ് 13

14.കാരുണ്യമാതാവിന്റെ തിരുനാൾ -സെപ്റ്റെംബർ -24
ഒരുക്ക പ്രാർത്ഥനാരംഭം –
ആഗസ്റ്റ് – 22

15.ജപമാല റാണിയുടെ തിരുനാൾ -ഒക്‌ടോബർ -7
ഒരുക്ക പ്രാർത്ഥനാരംഭം -സെപ്റ്റംബർ -4

16.അമലോത്ഭവ തിരുന്നാൾ -ഡിസംബർ 8
ഒരുക്ക പ്രാർത്ഥനാരംഭം -നവംബർ 5

എന്നീ പ്രധാന തിരുനാളുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

33 ദിവസങ്ങൾ നീണ്ട ഒരുക്കമാണ് സമർപ്പണത്തിലേക്ക് നയിക്കുന്നത്.

ഈ ഭക്താനുഷ്ഠാനത്തിനു 2 ഘട്ടങ്ങളാണുള്ളത്

ഒന്നാം ഘട്ടം 12ദിവസങ്ങൾ ഉള്ള പ്രാരംഭ ഘട്ടം

ലോകത്തെ ഉപേക്ഷിക്കുക -ഈ ഘട്ടത്തിൽ നാം നമ്മെത്തന്നെ ലോകാരൂപിയിൽ നിന്ന് സ്വതന്ത്രമാക്കാൻ ശ്രമിക്കുന്നു

ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ സ്വയം ശൂന്യവത്കരണത്തിൻ്റെയും ലോകാരൂപിയെ നിരാകരിക്കുന്നതിൻ്റെയും നാളുകൾ. ഈ പന്ത്രണ്ട് ദിവസങ്ങളിൽ ഒരേ പ്രാർത്ഥനകളാണ്.

1-വിചിന്തനം
2-തിരുവചന വായന
3-അനുദിന പ്രാർത്ഥനകൾ

രണ്ടാംഘട്ടം-3ആഴ്ചകൾ

ഏഴുദിവസങ്ങൾ വീതമുള്ള ഒന്നും രണ്ടും മൂന്നും ആഴ്ചകൾ. ഓരോ ആഴ്ചയ്ക്കും പ്രത്യേക പ്രാർത്ഥനകളും വ്യത്യസ്തമായ വിചിന്തനങ്ങളും.

ഒന്നാമത്തെ ആഴ്ച കേന്ദ്രീകരിക്കുന്നത് സ്വയം അറിയുന്നതിലും പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം ഉണ്ടാകുന്നതിലുമാണ്.
എളിമ എന്ന പുണ്യമാണ് പ്രധാന വിചിന്തനം. ഏഴുദിവസത്തെ വിചിന്തനത്തോടുമൊപ്പം പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, ദൈവമാതാവിന്റെ ലുത്തിനിയ എന്നീ പ്രാർത്ഥനകൾ ചൊല്ലുക.

രണ്ടാമത്തെ ആഴ്ച പരിശുദ്ധ ദൈവമാതാവിനെ ആഴത്തിൽ അറിയുന്നതിനായി പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കുന്ന നാളുകളാണ്. ഏഴുദിവസത്തെ വിചിന്തനങ്ങളോടൊപ്പം പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, വിശുദ്ധ ലൂയിസ്‌ ഡി മോൺഫോർട്ടിൻ്റെ പരിശുദ്ധ കന്യകയോടുള്ള പ്രാർത്ഥന, ജപമാലയിലെ അഞ്ചുരഹസ്യങ്ങൾ, ദൈവമാതാവിന്റെ ലുത്തിനിയ എന്നിവയാണ് പ്രാർത്ഥിക്കേണ്ടത്.

മൂന്നാമത്തെ ആഴ്ച ക്രിസ്തുവിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഏഴുദിവസങ്ങൾ. പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ, ഈശോയുടെ തിരുഹൃദയത്തിന്റെ ലുത്തിനിയ, ഈശോയോടുള്ള വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റെ പ്രാർത്ഥന,
മറിയത്തിൽ ജീവിക്കുന്ന ഈശോയേ എന്നീ പ്രാർത്ഥനകൾ ചൊല്ലുന്നു.

33 ദിവസങ്ങൾ കഴിഞ്ഞ് അടുത്ത ദിവസത്തെ മാതാവിന്റെ തിരുനാളിനാണ് സമർപ്പണം നടത്തുക.

ഈ ദിവസത്തിനായി ഒരു ആശയടക്കമോ, പുണ്യപ്രവൃത്തിയോ ചെയ്യണം. സമർപ്പണത്തിൻ്റെ ആഴ്ചയിൽ കുമ്പസാരിച്ചൊരുങ്ങി ദിവ്യകാരുണ്യം സ്വീകരിക്കണം.
സമർപ്പണപ്രാർത്ഥന ദൈവാലയത്തിൽ ദിവ്യകാരുണ്യത്തിനു മുൻപിൽവച്ചു നടത്താൻ സാധിക്കുമെങ്കിൽ അതാണ് ഉചിതം.

സമർപ്പണത്തിന് ശേഷം ജീവിതത്തിൽ അനുവർത്തിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും വിശുദ്ധൻ പരാമർശിക്കുന്നുണ്ട്. ഈ ലോകത്തിന്റെ അരൂപിയെ പാടേ നിരാകരിച്ച് ജീവിക്കുക. മനുഷ്യാവതാര രഹസ്യത്തെ ധ്യാനിക്കുകയും തിരുനാൾ ദിവസങ്ങൾ ആചരിക്കുകയും ചെയ്യുക.
ഇടയ്ക്കിടെ ജപമാല ചൊല്ലുകയും മറിയത്തിൻ്റെ സ്തോത്രഗീതം പ്രാർത്ഥിക്കുകയും ചെയ്യുക. “ഈശോയേ, പരിശുദ്ധ അമ്മയിലൂടെ ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു’ എന്ന പ്രാർത്ഥന സുകൃതജപമായി ഉരുവിടുക.
ഓരോ വർഷവും ഒരുക്കത്തോടെ 33 ദിവസത്തെ സമർപ്പണം പുതുക്കുക. “ഈശോയേ, അങ്ങയുടെ സ്നേഹമയിയായ അമ്മ വഴി ഞാൻ പൂർണ്ണമായും, എനിക്കുള്ളതും അങ്ങയുടേതാണ്” എന്ന പ്രാർത്ഥനയിലൂടെ ഓരോ മാസവും സമർപ്പണം ഉറപ്പിക്കേണ്ടതുമാണ്.