Vimala Hrudaya Prathista

വിമല ഹൃദയ പ്രതിഷ്ഠ – ✝️ ഒന്നാം ദിവസം

പൊതുവിചിന്തനം


(ഒന്നാം ഘട്ടം -ആദ്യത്തെ 12 ദിവസം മാറ്റമില്ല )

ലോകത്തിന്റെ അരൂപിയെ നിരാകരിക്കുക

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.
മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.

എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാന വായന


വി .മതായി 5:1-19

ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.

അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.

കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.

ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.

സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും.

നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.

നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും?

പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.

നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.

വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌.

അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌.

ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെസമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും.

എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.”

🙏അനുദിന പ്രാർത്ഥനകള്‍

(ഒന്നാം ഘട്ടം ആദ്യ പന്ത്രണ്ട് ദിവസത്തെ ഒരുക്കസമയത്ത് ചൊല്ലേണ്ട അനുദിന പ്രാർത്ഥനകൾ ഒന്നു തന്നെയാണ് മാറ്റമില്ല )

  1. പാവനാത്മാവേ, വരിക ! Veni Creator !!

പാവനാത്മാവേ, വരികവേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമ്മിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം.

ആശ്വാസദായകാ പാവനാത്മാ
ദൈവികദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്തവരങ്ങളുമേകുവോനേ
നിത്യപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൽ പ്രസംഗവരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻദിവ്യശക്തിയാൽ മാനവർതൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം.

ശത്രുവെ ദൂരെയകറ്റിയങ്ങേ
ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്കു മാർഗ്ഗനിർദ്ദേശം നൽകി
തിൻമകളാകെയകറ്റേണമേ.

താതനെയും ദിവ്യപുത്രനെയും
പാവനാരൂപിയാമങ്ങയേയും
നിന്നാലേ ഞങ്ങളറിഞ്ഞുനേരിൽ
വിശ്വസിച്ചിടാമനവരതം.

ദൈവപിതാവിനും മൃത്യുവിൽ നി-
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ
സ്തോത്രം സ്തുതിയും സദാപി
ആമ്മേൻ.

അല്ലെങ്കിൽ

സ്രഷ്ടാവേ, വരിക!
സ്രഷ്ടാവായ പരിശുദ്ധാത്മാവേ, വരിക.
ഞങ്ങളുടെ ആത്മാക്കളിൽ വാസമുറപ്പിക്കുക;
കൃപയും സ്വർഗ്ഗീയ സഹായവുമായി വരിക.
അങ്ങ് സൃഷ്ടിച്ച ഹൃദയങ്ങളെ നിറയ്ക്കുക.
ശ്രേഷ്ഠനായ സഹായകാ!
അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
അത്യുന്നതന്റെ ഏറ്റവും ഉന്നതമായ ദാനമേ!
ജീവന്റെ ഉറവയേ, സ്നേഹാഗ്‌നിയേ!
മധുരിക്കും സ്വർഗീയ അഭിഷേകമേ,
അങ്ങ് അറിയപ്പെടുന്നത് ഏഴുദാനങ്ങളാലാണല്ലോ.
ദൈവകരങ്ങളിലെ വിരലുകൾ ഞങ്ങൾക്ക് സ്വന്തം;
പിതാവിന്റെ വാഗ്ദാനം അവിടുന്നാണ്!
ശക്തിയുടെ സ്രോതസായ അഗ്നിനാവേ,
ഞങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുക.
ഹൃദയത്തെ സ്നേഹത്താൽ ജ്വലിപ്പിക്കുക,
ആഴമുള്ള ക്ഷമയും
ഉന്നതമായ പുണ്യങ്ങളും ജഡത്തിന്റെ ബലഹീനതയെ അതിജീവിക്കുവാനായി;
ഞങ്ങൾ ഭയക്കുന്ന ശത്രുവിൽ നിന്നും അകലേയ്ക്ക്,
അങ്ങ് നൽകുന്ന യഥാർത്ഥ സമാധാനത്തിലേക്ക്;
അങ്ങയുടെ സഹായത്താൽ ജീവന്റെ പാതയിൽനിന്ന് ഞങ്ങൾ ഒരിക്കലും വ്യതിചലിക്കാതിരിക്കട്ടെ.
അങ്ങയുടെ കൃപയുടെ സമൃദ്ധിയാൽ
പിതാവിനെയും പുത്രനെയും ഞങ്ങൾ അറിയട്ടെ.
നിത്യമായും അങ്ങയെ മഹത്വപ്പെടുത്തട്ടെ.
ഓ! സനാതനമായ ആത്മചൈതന്യമേ സ്തുതി,
എല്ലാക്കാലവും സകല മഹത്വവും പിതാവിനും മരിച്ചവരിൽനിന്ന് ഉയിർത്ത പുത്രനും പരിശുദ്ധാത്മാവിനും ഉണ്ടായിരിക്കട്ടെ!
ആമ്മേൻ

  1. സമുദ്രതാരമേ സ്വസ്തി!

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.

അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.

അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

  1. മറിയത്തിന്റെ സ്തോത്രഗീതം

മറിയം പറഞ്ഞു:
എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
(വി. ലൂക്കാ 1: 46-55)

ആദ്ധ്യാത്മികാഭ്യാസങ്ങൾ

-ആത്മശോധന,
-പ്രാർത്ഥന,
-സ്വയം പരിത്യാഗാഭ്യാസം,
-ആത്മസംയമനം,
-ഹൃദയവിശുദ്ധി(സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും ഭൂമിയിൽ അവിടുത്തെ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ)