ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക
(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)
“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.
ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.
രണ്ടാം ദിവസം
തിരുവചന വായന ഭാഗം :
“അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.”
(മത്തായി 5 : 48)
“മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല് നിങ്ങള്‍ക്കു പ്രതിഫലമില്ല.
മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും.
പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.
നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പു തന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ.
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്നിന്നു ഞങ്ങളെ രക്ഷിക്കണമേ.
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.
മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.”
(മത്തായി 6 : 1-15)
പ്രാർത്ഥന :
പാവനാത്മാവേ വരൂ !!
പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം
ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും
സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും
ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം
ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ
താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം
ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.
മറിയത്തിന്റെ സ്തോത്രഗീതം
“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന് എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.”
സമുദ്ര താരമേ സ്വസ്തി !!
പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ
അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ
ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ
അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ
ആദ്ധ്യാത്മികാഭ്യാസങ്ങൾ:
ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ. 🔥