Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം-നാലാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ .

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാന വായന –

ക്രിസ്ത്വാനുകരണം.
മൂന്നാം പുസ്തകം അധ്യായം ഏഴ്.

എളിമയുടെ സംരക്ഷണത്തിൽ ദൈവാനുഗ്രഹത്തെ കാത്തുകൊള്ളുക.

ഈശോ

  1. മകനെ ഭക്തിവരം ഗൂഢമായി വയ്ക്കുന്നതാണ് നിനക്ക് പ്രയോജനകരവും സുരക്ഷിതവും.അതോർത്ത് അഹങ്കരിക്കുകയോ പെരുമ്പറയടിച്ചു നടക്കുകയോ ഏറെ വിചാരിക്കുകയോ ചെയ്യാതെ നിന്നെ വെറുത്ത് അതിനു നീ അയോഗ്യനാണെന്നു കരുതി ഭയപ്പെടുക.

ഈ വരത്തിൽ നീ അധികം ആശ്രയിക്കേണ്ടതില്ല. അതിവേഗം നിനക്ക് അത് നഷ്‌ടപ്പെട്ട് വിപരീതാനുഭവങ്ങൾ ഉണ്ടായെന്നു വരാം.

ദൈവാനുഗ്രഹമില്ലാത്തപ്പോൾ നീ എത്ര ഹീനനും ദരിദ്രനുമാണെന്ന് അതുള്ളപ്പോൾ ചിന്തിക്കുക

ആദ്ധ്യാത്മിക ജീവിതത്തിന്റെ അഭിവൃദ്ധി ആശ്വാസമെന്ന അനുഗ്രഹമുണ്ടാകുന്നതിലല്ല പ്രത്യുത, പ്രാർത്ഥനകളും പതിവുള്ള മറ്റ് ഭക്താഭ്യാസങ്ങളും മുടക്കാതെ ദൈവം തന്റെ ആശ്വാസം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന സ്ഥിതി വിശേഷത്തെ എളിമയോടും ആത്മ പരിത്യാഗത്തോടും ക്ഷമയോടും കൂടി സഹകരിക്കുന്നതിലത്രേ.

നിന്റെ കഴിവുകൾക്കും അറിവിനും അനുയോജ്യമാം വണ്ണം സന്മനസോടെ പ്രവർത്തിക്കുക.

നീ അനുഭവിക്കുന്ന മനക്ലേശവും ശുഷ്കതയും നിമിത്തം നിന്റെ കാര്യങ്ങളൊന്നും വിട്ടു കളയരുത്.

  1. തങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങൾ നിറവേറാതിരുന്നാൽ തൽക്ഷണം അക്ഷമരും അലസരുമായിത്തീരുന്നവർ അനേകരുണ്ട്.

മാനവരുടെ മാർഗം അവരുടെ അധീനത്തിൽ ഒന്നുമല്ല. ദൈവത്തിന്റെ കാര്യമാണ്. അനുഗ്രഹങ്ങൾ നൽകി ആശ്വസിപ്പിക്കുക. ദൈവം തന്റെ ഇഷ്‌ടാനുസരണം ഇഷ്ടമുള്ളവന് ഇഷ്ടമുള്ളിടത്തോളം അനുഗ്രഹങ്ങൾ നൽകുന്നു.

അവിവേകികളായ ചിലർ ഭക്തിവരം നിമിത്തം സ്വയം നശിക്കുവാൻ ഇടയായിട്ടുണ്ട്. തങ്ങളുടെ ബലഹീനത എത്ര മാത്രമുണ്ടെന്നു ഗൗനിക്കാതെ, ബുദ്ധിശക്തിയുടെ നിർദേശങ്ങൾ തള്ളി ഹൃദയത്തിന്റെ വികാരങ്ങൾ പിന്തുടർന്നതിനാൽ ശക്തിക്കതീതമായി പ്രവർത്തിക്കുവാൻ അവർ ആഗ്രഹിച്ചു.

ദൈവത്തിനിഷ്‌ടമായതിനേക്കാൾ വലിയ കാര്യങ്ങൾ ചെയ്യാൻ തുനിഞ്ഞതിനാൽ അവർക്കു ദൈവാനുഗ്രഹം അതിവേഗം നഷ്‌ടമായി.

സ്വർഗത്തിൽ കൂട് കൂട്ടിയിരുന്നവർ ദരിദ്രരും ദുർബലരുമായി തീർന്നിരിക്കുകയാണ്. അവർ സ്വന്തം ചിറകുകളെ ആശ്രയിക്കാതെ എന്റെ ചിറകുകളിൽ ആലംബം തേടുന്നതിനു വേണ്ടി അവരെ ഞാൻ വിനീതരും ദരിദ്രരുമായി തീർത്തിരിക്കുന്നു .

കർത്താവിന്റെ മാർഗം വേണ്ടപോലെ പരിചയപ്പെടാത്ത നവശിഷ്യർ വിവേകമതികളുടെ ഉപദേശം കേട്ടു നടക്കാഞ്ഞാൽ, എളുപ്പത്തിൽ വഞ്ചിതരായി പരാജയമടഞ്ഞെന്നു വരാം.

  1. പരിചയ സമ്പന്നരെ വിശ്വസിക്കാതെ തന്നിഷ്‌ടം പ്രവർത്തിക്കുകയും സ്വന്തം അഭിപ്രായം വിടാതെ മുറുകെ പിടിക്കുകയും ചെയ്യുന്നവരുടെ പുറപ്പാട് ആപൽക്കരമായിരിക്കും.

ബുദ്ധിമാൻമരെന്നു സ്വയം സങ്കല്പിക്കുന്നവർ അപരരുടെ ഭരണത്തിന് എളിമയോട് കൂടി കീഴ്പെടുക അപൂർവമാണ്.അറിവ് കുന്നുകൂടി അഹങ്കരിക്കുന്നതിനേക്കാളു ത്തമം എളിമയോടു കൂടെ കുറച്ച് അറിവും ബുദ്ധിയും ഉണ്ടായിരിക്കുന്നതാണ്.

അധികമുണ്ടായി അഹങ്കരിക്കുന്നതിനേക്കാൾ ഭേദം കുറച്ചു മാത്രം ഉണ്ടായിരിക്കുകയത്രേ.

ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങൾ നഷ്‌ടപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നവൻ മുൻകാലത്തെ കഷ്‌ടപ്പാടുകളും പരിശുദ്ധമായ ദൈവഭയവും വിസ്മരിച്ച് ആഹ്ലാദങ്ങളിൽ പൂർണമായി മുങ്ങിത്തുടിക്കുകയാണെങ്കിൽ അവിവേകമാണ് പ്രവർത്തിക്കുന്നത്.

അത് പോലെ തന്നെ കഷ്‌ടാരിഷ്ടതകൾ നേരിടുന്ന കാലത്ത് കടുത്ത നിരാശയോടെ വ്യാപരിക്കുകയും എന്നിൽ വിശ്വാസമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നവൻ പുണ്യപൂരിതനെന്നു പറയുക വയ്യ.

  1. സമാധാന കാലത്തു കൂടുതൽ സുരക്ഷിതത്വം തേടുന്നവൻ സമരകാലത്ത് സംഭ്രാന്തനും ഭീതിതനുമായിത്തീരും.

എപ്പോഴും വിനീതനും സ്വന്തം ദൃഷ്ടിയിൽ അല്പനുമായി വിചാരത്തെ വേണ്ട പോലെ ക്രമപ്പെടുത്തി ഭരിക്കാൻ നിനക്ക് കഴിയുമെങ്കിൽ അത്രവേഗം അപകടത്തിലും അബദ്ധത്തിലും അകപ്പെടുകയില്ല.

ഭക്തി തീക്ഷ്‌ണത നിന്നിൽ സ്ഥാനം പിടിച്ചിരിക്കുമ്പോൾ അത് നിന്നിൽ നിന്നെടുക്കുന്ന പക്ഷം നിന്റെ സ്ഥിതി എന്തായിരിക്കണമെന്നു ചിന്തിക്കണമെന്നത് ശ്രദ്ധേയമായ ഉപദേശമാണ്.
ഇങ്ങനെ സംഭവിക്കുമ്പോൾ നിന്റെ പഠനത്തിനും എന്റെ മഹത്വത്തിനുമായി ഞാൻ സ്വല്പകാലത്തേയ്ക്ക് പിൻവലിക്കുന്ന ആ പ്രകാശം തിരികെ തരുന്നതാണെന്ന്‌ ഓർത്തു കൊള്ളുക.

  1. നിന്റെ ആശ പോലെ സമസ്തവും നടക്കുന്നതിനേക്കാൾ പ്രയോജനകരമായിരിക്കുക പരീക്ഷകൾ ഉണ്ടാകുന്നതാണ്.

ഒരുത്തന്റെ യോഗ്യത നിർണയിക്കുന്നത് അവനുണ്ടാകുന്ന ദിവ്യദർശനങ്ങളുടെ ബാഹുല്യത്താലോ ആശ്വാസങ്ങളാലോ വിശുദ്ധ ഗ്രന്ഥത്തിലുള്ള പാണ്ഡിത്യത്താലോ, സ്ഥാനമഹിമയാലോ അല്ല, യഥാർത്ഥമായ എളിമയിൽ അധിഷ്ഠിതനായി, ദൈവസ്നേഹത്താൽ സമ്പൂരിതനായി, ദൈവത്തിന്റെ ബഹുമാനം നിർമ്മലമായും സമ്പൂർണ്ണമായും തേടുകയും തന്നെത്തന്നെ ശൂന്യമായി പരിഗണിക്കുകയും വെറുക്കുകയും ബഹുമാനിക്കുന്നതിനേക്കാൾ കൂടുതൽ നിന്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിൽ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നതാണ് യോഗ്യതാനിദാനം.

വായന വിചിന്തനം

ആദിമ മനുഷ്യന്റെ നിഷ്കളങ്കത തുടർന്നു പോന്നിരുന്നെങ്കിൽ മനുഷ്യന്റെ സ്നേഹം സർവദാ പൂർണമായിരുന്നേനേ. അവന്റെ ശക്തികളെല്ലാം ദൈവകല്പനകളെ വിഷമം കൂടാതെ അനുസരിക്കുമായിരുന്നു.തന്നോട് തന്നെ സമരം ചെയ്യാതെ അധഃപതിച്ച മനുഷ്യന് ദൈവത്തെ ശുശ്രൂഷിക്കുവാൻ കഴിയുകയില്ല.

നമ്മെ വെറുക്കാതെ അവിടുത്തെ സ്നേഹിക്കുവാനും സാധ്യമല്ല.

നമുക്കെതിരായി ചെയ്യുന്ന ചുരുങ്ങിയ ചില കാര്യങ്ങളെ അവിടുത്തെ ശുശ്രൂഷയ്ക്കായി നമുക്ക് ചെയ്യാൻ കഴിയൂ.

നമ്മുടെ അഭിലാഷങ്ങളെ പ്രീണിപ്പിക്കുവാൻ ശ്രമിക്കാതെ സർവശക്തനായ ദൈവത്തിന്റെ ക്രമീകരണങ്ങൾ നമുക്ക് സ്വീകരിക്കാം.

അവിടുത്തെ സ്തുതിക്കായി ത്യാഗങ്ങൾ സഹിക്കുവാനും സ്വയം സ്നേഹബലികൾ ആകുവാനും നമുക്ക് ശ്രമിക്കാം.

പ്രാർത്ഥിക്കാം

കർത്താവേ, സ്വാർത്ഥ പ്രതിപത്തിയുടെ നീക്കങ്ങളിൽ നിന്നും എന്റെ ഹൃദയത്തെ പവിത്രീകരിക്കണമേ. എന്റെ
ഭക്താഭ്യാസങ്ങളിൽ എല്ലാം എന്റെ സംതൃപ്തി നോക്കാതെ അങ്ങയെ തൃപ്തിപ്പെടുത്താൻ ഞാൻ പ്രയത്നിച്ചു കൊള്ളാം.
എല്ലാക്കാര്യങ്ങളിലും അങ്ങയുടെ തിരുവിഷ്‌ടം ഞാൻ വിശ്വസ്തതയോടെ നിറവേറ്റിക്കൊള്ളാം. എന്റെ സ്വാഭാവിക വാസനകളെ ഞാൻ താലോലിക്കുകയുമില്ല. ആമേൻ

അനുസ്മരണാവിഷയം
ദൈവാനുഗ്രഹമില്ലാത്തപ്പോൾ നീ എത്ര ഹീനനും ദരിദ്രനുമാണെന്ന് ദൈവാനുഗ്രഹമുള്ളപ്പോൾ ചിന്തിക്കുക.

അഭ്യാസം

ഏതെങ്കിലും വിധത്തിൽ സ്വയം താഴ്ത്താതെ ഒരു ദിവസം കടന്നു പോകുവാൻ അനുവദിക്കരുത്.

അനുദിന പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

മറിയത്തിന്റെ സ്തോത്രഗീതം

മറിയം പറഞ്ഞു എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.

സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.