Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം ✝️ അഞ്ചാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാന വായന
ക്രിസ്താനുകരണം മൂന്നാം പുസ്തകം അധ്യായം 40

മനുഷ്യനു സ്വന്തമായി യാതൊരു നന്മയുമില്ല യാതൊന്നിലും അവനു അഭിമനിക്കനുമില്ല

ശിഷ്യൻ :

  1. കർത്താവേ, അങ്ങ് മനുഷ്യനെ ഓർക്കാൻ അവനെന്താണ്?
    മനുഷ്യ സന്നിധിയിൽ അങ്ങയുടെ ശ്രദ്ധ പതിയുവാൻ അവനാര്? അങ്ങേ ദിവ്യ വരം മനുഷ്യന് നൽകാൻ അവനെന്ത്‌ യോഗ്യതയാണുള്ളത്??

കർത്താവേ, അങ്ങ് എന്നെ ഉപേക്ഷിക്കുന്നെങ്കിൽ ഞാനെന്തിന് ആവലാതിപ്പെടുന്നു? ഞാൻ ചോദിക്കുന്നത് അങ്ങ് തരുന്നില്ലെങ്കിൽ എന്താവകാശവാദമാണ് ന്യായമായി എനിക്ക് ചെയ്യാവുന്നത്?

എനിക്ക് ചിന്തിക്കാവുന്നതും പറയാവുന്നതും ഇപ്രകാരമാണ് :” കർത്താവേ, ഞാൻ ശൂന്യതയാണ്, എനിക്ക് ഒന്നും ചെയ്യാൻ കഴിവില്ല. എന്നിൽ നന്മയായി യാതൊന്നുമില്ല.

ഞാൻ സർവ്വത്തിലും ന്യൂനതയുള്ളവനാണ്. സദാ ശൂന്യതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്

അങ്ങ് എന്നെ തുണച്ച് ആദ്ധ്യാത്മികോപദേശം നൽകുന്നില്ലെങ്കിൽ ഞാൻ മന്ദനും പാപിയുമായിത്തീരും.

2.കർത്താവേ! “അങ്ങ് എന്നും ഒരുപോലെ തന്നെ”. അങ്ങു നിത്യനും സദാ നല്ലവനും നീതിമാനും പരിശുദ്ധനുമാകുന്നു. അങ്ങു സർവവും നന്നായും നീതിയോടും പരിശുദ്ധിയോടും കൂടെ നിർവഹിക്കുന്നു. സർവ്വവും വിജ്ഞാനപൂർവം പരിഹരിക്കുന്നു.

മുന്നോട്ടു പോകുന്നതിനേക്കാളധികമായി പിന്നോട്ടു പോകാനാണ് എനിക്ക് പ്രേരണ; ഒരേ സ്ഥിതിയിൽ ഞാൻ നില്ക്കുന്നില്ല. ഏഴു കാലഭേദങ്ങൾ എന്നിലുണ്ടാകുന്നുണ്ടല്ലോ.

എങ്കിലും അങ്ങു കനിഞ്ഞു സഹായഹസ്തം നീട്ടുകയാണെങ്കിൽ എന്റെ നില ഉടനടി ആശ്വാസകരമായിത്തീരും.

എനിക്ക് എന്തെങ്കിലും വിജയമുണ്ടെങ്കിൽ അതിന്റെയൊക്കെ ഉറവിടം അങ്ങാണ്; അങ്ങേയ്ക്ക് സ്തുതി. ഞാനോ എന്നാൽ മായയാണ്; അങ്ങയുടെ മുൻപിൽ ശൂന്യതമാത്രം. ദുർബലനും അസ്ഥിരനുമായ മനുഷ്യൻ!

എനിക്ക് അഭിമാനിക്കാനെന്താണുള്ളത്? ഞാൻ എന്തിനു പ്രശംസ അന്വേഷിക്കുന്നു? എന്റെ ശൂന്യതയെക്കുറിച്ചാണ് അഭിമാനിക്കുന്നതെങ്കിൽ അത് എത്രയും നിരർത്ഥകമാണ്.

ദുരഭിമാനം തീർച്ചയായും ഒരു ദുർഘടവസന്തയാണ്. മഹാമായ തന്നെ. അതു യഥാർത്ഥ മഹത്വത്തിൽ നിന്ന് നമ്മെ അകറ്റുന്നു; സ്വർഗ്ഗീയവരങ്ങൾ നമ്മിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്യുന്നു.

തന്നിൽത്തന്നെ സംതൃപ്തനായ മനുഷ്യൻ അങ്ങയെ വെറുപ്പിക്കുന്നു. മനുഷ്യരുടെ പ്രശംസകൾ ഒരുത്തൻ ആഗ്രഹിക്കാൻ തുടങ്ങുമ്പോൾ യഥാർത്ഥപുണ്യങ്ങൾ അവനിൽ നിന്ന് എടുത്തു നീക്കുന്നു.

തന്നിൽത്തന്നെ മഹത്വം തേടുന്നതല്ല, അങ്ങയിൽ മഹത്വം തേടുന്നതാണ് യഥാർത്ഥ മഹത്വവും പരിശുദ്ധമായ ആനന്ദവും. സ്വന്തം സുകൃതങ്ങളിൽ ആനന്ദം കൊള്ളുന്നതിലല്ല; അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നതിലും അങ്ങയിലല്ലാതെ യാതൊരു സൃഷ്ടിയിലും സന്തോഷം തേടാതിരിക്കുന്നതിലുമാണ് പരിപാവനമായ ആനന്ദം.

എന്റെ നാമമല്ല, അങ്ങയുടെ തിരുനാമം സ്തുതിക്കപ്പെടണം. എന്റെ പ്രവൃത്തികളല്ല, അങ്ങയുടെ പ്രവൃത്തികൾ പ്രകീർത്തിക്കപ്പെടണം. അങ്ങയുടെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ. മനുഷ്യരുടെ പ്രശംസകൾ എനിക്ക് ഒട്ടും വേണ്ട. അങ്ങ് എന്റെ മഹത്വവും ഹൃദയത്തിന്റെ ആനന്ദവുമാകുന്നു.

അങ്ങയിൽ ഞാൻ ദിവസം മുഴുവൻ മഹത്വം തേടും; ആഹ്ലാദിച്ചാനന്ദിക്കും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബലഹീനതകളിൽ ഞാൻ അഭിമാനം കൊള്ളും.

മനുഷ്യരിൽനിന്ന് ചിലർ മഹത്വം തേടുന്നു; ഞാൻ ദൈവത്തിൽ നിന്നുമാത്രം മഹത്വം അന്വേഷിക്കുന്നു.

മാനുഷികമഹത്വമഖിലവും ലൗകികബഹുമാനങ്ങളും പ്രാപഞ്ചികപ്രശസ്തിയും അങ്ങ് നൽകുന്ന നിത്യമഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോൾ മായയും മൗഢ്യവുമാണ്.

സത്യവും കാരുണ്യവുമായ എന്റെ ദൈവമേ! പരിശുദ്ധ ത്രിത്വമേ! അങ്ങേയ്ക്കുമാത്രം സ്തുതിയും ബഹുമാനവും ശക്തിയും എന്നേക്കും ഉണ്ടായിരിക്കട്ടെ.

ധ്യാന വായന വിചിന്തനം :-

എന്റെ സ്വാഭാവിക മലിനതകൾ ഞാൻ അറിയുന്നു. അതിസ്വാഭാവികമായ നന്മകൾ അവ എന്നെ അനർഹനാക്കുന്നു. സർവവും ഇല്ലായ്മയിൽ നിന്ന്‌ സൃഷ്‌ടിച്ച ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ ആശ്രയിക്കുന്നു. എന്റെ ശൂന്യത ഞാൻ മനസ്സിലാക്കിയാൽ പോരാ; എന്റെ ബലഹീനതകളെയും ഞാൻ നന്നായി ഗ്രഹിക്കണം. എന്നാൽ യാതൊരു ശരണവും വയ്ക്കാതെ വിനയപൂർവം ദൈവത്തിൽ ശരണം വയ്ക്കണം. അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ലല്ലോ.

പ്രാർത്ഥിക്കാം :-

എന്റെ യഥാർത്ഥ സ്ഥിതി അറിഞ്ഞ് എന്നെ സഹായിക്കാൻ സന്മനസ്സുള്ള ദൈവമേ ! എന്റെ കഷ്ടതകളിൽ നിന്ന്‌ എന്റെമേൽ കൃപയുണ്ടാകണമേ. സ്വാർത്ഥതയിൽ നിന്ന്‌ എന്നെ അകറ്റിനിർത്തുക; എല്ലാ സൃഷ്ടവസ്തുക്കളിലും നിന്ന്‌ എന്നെ ഉയർത്തിപ്പിടിക്കുക. എന്നെത്തന്നെ ഉപേക്ഷിച്ച് അങ്ങയെ അന്വേഷിക്കുവാൻ എനിക്ക് കൃപചെയ്യണമേ.
ആമേൻ.

അനുസ്മരണവിഷയം:-

എന്റെ ബലഹീനതകളിൽ മാത്രം ഞാൻ അഭിമാനം കൊള്ളും.

അഭ്യാസം

ലൗകിക ബഹുമാനങ്ങളിൽ
നിന്നും പ്രാപഞ്ചിക പ്രശംസകളിൽനിന്നും അകന്നുപോകുക; അവയൊക്കെ മായയാണ്.

അനുധിന പ്രാർത്ഥനകൾ

  1. പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2. മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:-

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.