Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം ✝️ ആറാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാന വായന

ക്രിസ്ത്വാനുകരണം ഒന്നാം പുസ്തകം അധ്യായം 18:

വിശുദ്ധ പിതാക്കന്മാരുടെ ദൃഷ്‌ടാന്തങ്ങൾ :

1.സാക്ഷാത്തായ പരിപൂർണതയും ദൈവഭക്തിയും പ്രശോഭിച്ചിരുന്ന വിശുദ്ധപിതാക്കന്മാരുടെ മഹത്തായ ദൃഷ്‌ടാന്തങ്ങൾ വീക്ഷിക്കുക. നാം എത്ര തുച്ഛമാണ് ചെയ്യുന്നത്!ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് വേണം പറയാൻ.

നമ്മുടെയും അവരുടെയും ജീവിതം താരതമ്യപ്പെടുത്തി നോക്കിയാൽ നമ്മുടേത് എന്താണ്?

വിശപ്പിലും ദാഹത്തിലും തണുപ്പിലും നഗ്നതയിലും അദ്ധ്വാനത്തിലും ക്ഷീണത്തിലും ഉറക്കമൊഴിവിലും ഉപവാസത്തിലും പ്രാർത്ഥനകളിലും ധ്യാനങ്ങളിലും പീഡനങ്ങളിലും അപമാനങ്ങളിലും പുണ്യവാന്മാരും ക്രിസ്തുവിന്റെ സ്നേഹിതന്മാരും കർത്താവിനെ ശുശ്രൂഷിച്ചു.

  1. അപ്പസ്തോലരും, രക്തസാക്ഷികളും, വന്ദ്യരും കന്യകകളും, ക്രിസ്തുവിന്റെ തൃച്ചേവടി പിന്തുടരുവാൻ ആഗ്രഹിച്ച ശേഷം എല്ലാവരും എത്രയേറെ അരിഷ്ടതകളും കഷ്‌ടതകളും സഹിച്ചു!
    നിത്യജീവൻ കൈവശമാക്കുവാൻ അവർ ഈ ലോകത്തിൽ തങ്ങളെതന്നെ വെറുത്തു കൊണ്ടിരുന്നു.

വിശുദ്ധ പിതാക്കന്മാർ മരുഭൂമിയിൽ എത്ര നിഷ്കളങ്കവും പരിത്യാഗാത്മകവുമായ ജീവിതമാണ് നയിച്ചിരുന്നത്! എത്ര ദീർഘവും കഠിനവുമായ പരീക്ഷകൾ അവർക്കുണ്ടായിരുന്നു!

എത്രയോ പ്രാവശ്യം ശത്രു അവരെ ദ്രോഹിച്ചു!
എത്രയോ പ്രാവശ്യം തീക്ഷ്ണതയോടെ അവർ ദൈവത്തിനു പ്രാർത്ഥനകൾ സമർപ്പിച്ചു!
അവർ അനുഷ്‌ഠിച്ചിരുന്ന ത്യാഗങ്ങൾ എത്ര ഭയങ്കരം!
അദ്ധ്യാത്മിക പുരോഗതിയ്ക്ക് വേണ്ടി അവർ എന്തുമാത്രം തീക്ഷ് ണതയും ഉത്സാഹവും പ്രകടിപ്പിച്ചിരുന്നു!
ദുർഗുണങ്ങളെ കീഴടക്കാൻ എത്ര വീറോടെയാണ് അവർ പോരാടിയിരുന്നത്?
ദൈവത്തോടുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ അവരുടെ നിയോഗം എത്ര നിഷ്കളങ്കവും പാവനവുമായിരുന്നു!

പകൽ മുഴുവനും അവർ അദ്ധ്വാനിച്ചു പോന്നു. രാത്രികാലം ദീർഘമായ പ്രാർത്ഥനകളിൽ മുഴുകി. ജോലി സമയത്തു പോലും അവർ ധ്യാന നിരതരായിരുന്നു.

  1. സമയം മുഴുവനും അവർ ഫലസംദായകമാം വിധം വിനിയോഗിച്ചു.
    ദൈവത്തോട് കൂടി കഴിച്ചിരുന്ന മണിക്കൂറുകൾ അതിവേഗം കടന്നു പോകുന്നത് പോലെ അവർക്കു തോന്നി.
    ധ്യാനത്തിന്റെ മാധുര്യം നിമിത്തം ഭക്ഷണം കഴിക്കുന്ന കാര്യം പോലും മറന്നു പോയിരുന്നു.

ധനവും സ്ഥാനമാനങ്ങളുമെന്നല്ല, സ്നേഹിതരെയും ബന്ധുക്കളെയും അവർ പരിത്യജിച്ചു. ലോകത്തിലുള്ള യാതൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല.
ജീവിതത്തിനു അത്യാവശ്യമായവ പോലും ദുർല്ലഭമായിട്ടേ ഉപയോഗിച്ചിരുന്നുള്ളൂ. ശരീരത്തിന് ആവശ്യകമായ പരിചരണങ്ങൾ ചെയ്യുക കൂടി അവർക്കു വിരസമായിരുന്നു.

ഭൗമിക സമ്പത്തിനെ സംബന്ധിച്ചിടത്തോളം അവർ ദരിദ്രരായിരുന്നുവെങ്കിലും കൃപാവരത്തിലും പുണ്യത്തിലും അവർ സമ്പന്നരായിരുന്നു.

ബാഹ്യ ദൃഷ്‌ട്യ അവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു. എന്നാൽ ആന്തരികമായി അവർ കൃപാവരവും ദിവ്യാശ്വാസവും കൊണ്ട് പോഷിതരായിരുന്നു.

  1. ലോകത്തിൽ അവർ വിദേശികളെ പോലെ ആയിരുന്നുവെങ്കിലും ദൈവത്തിനു അടുത്തവരും ഉറ്റ മിത്രങ്ങളും ആയിരുന്നു.

തങ്ങളുടെ ദൃഷ്‌ടിയിൽ അവർ ശൂന്യമാ യിരുന്നു. ലോകത്തിനു പരിഹാസപാത്രങ്ങളും.
എന്നാൽ ,ദൈവദൃഷ്ടിയിൽ അവർ അമൂല്യരും സംപ്രീതരുമായിരുന്നു.

യഥാർത്ഥമായ എളിമയിൽ അവർ അവർ ജീവിച്ചു. നിഷ്കപടമായ അനുസരണയിൽ അവർ കഴിഞ്ഞു കൂടി.
സ്നേഹത്തോടും ക്ഷമയോടും കൂടി അവർ മുന്നോട്ടു നീങ്ങി.
അത് കൊണ്ട് ആത്മീയമായി അവർ പുരോഗമിച്ചു.
ദൈവത്തിന്റെ മുൻപാകെ കൃപാവര സമൃദ്ധരായി.

അവർ എല്ലാ സന്യാസികൾക്കും മാതൃകയായി നിലകൊള്ളുന്നു.
മന്ദ ഭക്തരെ അനുകരിച്ച് നാം ഉദാസീനരാകാതെ ഈ വിശുദ്ധരെ അനുഗമിച്ച് പുണ്യാഭിവൃദ്ധി പ്രാപിക്കാൻ നാം ഉത്സാഹമുള്ളവരായിരിക്കണം.

  1. തങ്ങളുടെ പരിശുദ്ധസ്ഥാപനത്തിന്റെ ആരംഭകാലത്ത് എല്ലാ സന്യാസികൾക്കും എന്തുമാത്രം തീക്ഷ്‌ണത ഉണ്ടായിരുന്നു!

പ്രാർത്ഥനയിൽഅവർക്കുണ്ടായിരുന്ന തീക്ഷ്‌ണത എത്ര വലുതായിരുന്നു! പുണ്യാഭിവൃദ്ധിയിൽ എന്തൊരു മത്സരമായിരുന്നു!ക്രമാനുഷ്‌ഠാനം എത്ര മനോഹരം! മേലധികാരികളുടെ ശാസനത്തിൻ കീഴിൽ എല്ലാ കാര്യങ്ങളിലും എന്തൊരു അനുസരണയും വണക്കവുമാണ് വിരാജിച്ചിരുന്നത്.

ഇത്ര രൂക്ഷമായി പോരാടി ലോകത്തെ തങ്ങളുടെ പാദങ്ങളിൽ കീഴ് ചവിട്ടിതേച്ചവർ പരിപൂർണരും പരിശുദ്ധരുമായിത്തീർന്നുവെന്ന് അവർ നൽകിയിരുന്ന മാതൃക സാക്ഷ്യം വഹിക്കുന്നു.

കല്പനകൾ ലംഘിക്കാതിരിക്കുകയും താനേറ്റ കാര്യങ്ങളെല്ലാം നന്നായി ക്ഷമാപൂർവ്വം നിർവഹിക്കുകയും ചെയ്യുന്നവൻ മഹാത്മാവായി എണ്ണപ്പെടുന്നു.

ഇന്നത്തെ നമ്മുടെ മന്ദതയും ഉദാസീനതയും. എത്ര വലുത്!
പൂർവ ശുഷ്‌കാന്തി എത്ര വേഗം മാറി മറിഞ്ഞ് പോയി!
മടിയാലും മന്ദതയാലും ജീവിതം തന്നെ ഇപ്പോൾ അസ്സഹനീയമായി.

ഭക്തന്മാരുടെ അനേകം ദൃഷ്‌ടാന്തങ്ങൾ പലപ്പോഴും ദർശിച്ചിട്ടുള്ള നിന്നിൽ പുണ്യവർദ്ധന നിലയ്ക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു

ധ്യാന വായന വിചിന്തനം:-

പരിശുദ്ധ ജീവിതത്തിനു പരിശുദ്ധന്മാരുടെ മാതൃക പോലെ ഉത്തേജനം നൽകുന്ന മറ്റൊന്നില്ല.
പുണ്യജീവിതം സാധ്യമാണെന്ന് മാതൃക തെളിയിക്കുന്നു.
വിശുദ്ധി പ്രായോഗികവും സുഗമവും ആണെന്ന് വിശുദ്ധന്മാരുടെ മാതൃക ഉദാഹരിക്കുന്നു.
വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കുമ്പോൾ നാം നമ്മോട് തന്നെ പറഞ്ഞു പോകുന്നു. നമ്മെപ്പോലുള്ള മനുഷ്യർ സ്വർഗ്ഗരാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ളതും സഹിച്ചിട്ടുള്ളതും എന്തെല്ലാമാണെന്ന് കണ്ടാലും!
അത് തന്നെയാണ് നമ്മുടെ പ്രത്യാശാവിഷയം.എന്നാൽ നാം എന്ത്‌ ചെയ്തിട്ടുണ്ട്.

പ്രാർത്ഥിക്കാം

കർത്താവായ ദൈവമേ, അങ്ങയുടെ ദാസനെ വിധിക്കരുതേ. വിശുദ്ധന്മാരുടെ ജീവിതത്തോട് എന്റെ ജീവിതം തട്ടിച്ചു നോക്കിയാലെനിക്ക് യാതൊരു നീതീകരണവുമില്ല .എന്റെ ചുമതലകൾ സൗമ്യമായി നിർവഹിക്കുവാൻ എന്റെ രക്ഷകാ, അങ്ങ് നേടിയിട്ടുള്ള അനുഗ്രഹങ്ങൾ എനിക്ക് നൽകണമേ. ആമേൻ

അനുസ്മരണാവിഷയം
ഭക്തന്മാരുടെ അനേകം ദൃഷ്ടാന്തങ്ങൾ പലപ്പോഴും ദർശിച്ചിട്ടുള്ള നിന്നിൽ പുണ്യാഭിവൃദ്ധി നിലയ്ക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

അഭ്യാസം : വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ച് അവരെ അനുകരിക്കുക.

അനുദിന പ്രാർത്ഥനകൾ

1.പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2.മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.