Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ എട്ടാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാനവായന

ക്രിസ്ത്വാനുകരണം :- ഒന്നാം പുസ്തകം അദ്ധ്യായം 13

പ്രലോഭനങ്ങളോടുള്ള പോരാട്ടം

1.ഈ ലോകത്തിൽ നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം അരിഷ്ടതകളും പ്രലോഭനങ്ങളും കൂടാതിരിക്കുക സാധ്യമല്ല.ജോബിന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
“ഭൂമിയിൽ മനുഷ്യജീവിതം ഒരു പോരാട്ടമാണ് “.

അതിനാൽ ഓരോരുത്തരും തനിക്കുണ്ടാകുന്ന പ്രലോഭനങ്ങളെ ഓർത്ത് ബോധവാന്മാരാകേണ്ടതും പ്രാർത്ഥനയിൽ ഉണർവുള്ളവർ ആയിരിക്കേണ്ടതുമാകുന്നു. അല്ലെങ്കിൽ ഒരിക്കലും ഉറക്കത്തിൽ ലയിക്കാതെ ആരെയാണ് വിഴുങ്ങേണ്ടതെന്ന് അന്വേഷിച്ചു ചുറ്റി നടക്കുന്ന പിശാചിന് നിങ്ങളെ വഞ്ചിക്കുവാൻ സന്ദർഭം ലഭിക്കും.

ലോകത്തിൽ പ്രലോഭനം ഒരിക്കലും ഉണ്ടാകാതിരിക്കാത്തക്കവണ്ണം അത്രയ്ക്കും പരിപൂർണരും പുണ്യശാലികളുമായി ആരുമില്ല.
പ്രലോഭനങ്ങൾ തീർത്തും ഇല്ലാതിരിക്കുക അസാധ്യം.

  1. പ്രലോഭനങ്ങൾ ക്ളേശകരവുംകഠിന തരവുമാണെങ്കിലും പലപ്പോഴും അത്യന്തം പ്രയോജനകരമാണ്. എന്ത് കൊണ്ടെന്നാൽ അവ മനുഷ്യന് എളിമയും വിശുദ്ധിയും ബോധജ്ഞാനവും
    കൈവരുത്തുന്നു

എല്ലാ പുണ്യവാന്മാരും അനേകം അരിഷ്‌ടതകളിലും പ്രലോഭനങ്ങളിലും കൂടി കടന്നു പോയിട്ടാണ് പുണ്യാഭിവൃദ്ധി പ്രാപിച്ചത്.

പ്രലോഭനങ്ങളെ ചെറുത്തു നിൽക്കുവാൻ കഴിയാതിരുന്നവർ നിത്യശിക്ഷയ്ക്ക് വിധേയരായി നശിച്ചു.പ്രലോഭനങ്ങളോ അനർത്ഥങ്ങളോ ഇല്ലാത്ത വിധം അത്ര വിശുദ്ധമായ ഒരു സന്യാസസഭയോ ഒരു ഏകാന്തസ്ഥലമോ ഇല്ല.

  1. മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രലോഭനങ്ങളിൽ നിന്നും വിമുക്തനായിരിക്കുകയില്ല. പാപകാരണം നമ്മിൽ തന്നെയുണ്ട്. നാം ജഡമോഹത്തിൽ ജനിച്ചവരാണല്ലോ.

ഒരു പ്രലോഭനമോ അനർത്ഥമോ പിൻവാങ്ങുമ്പോൾ വേറൊന്നു വരുന്നു.സദാ എന്തെങ്കിലും സഹിക്കാൻ നമുക്കുണ്ടായിരിക്കും.
കാരണം മനുഷ്യന് ആദിമ സൗഭാഗ്യം നഷ്‌ടപ്പെട്ടു പോയി.പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞോടിപ്പോകാൻ അനേകർ പരിശ്രമിച്ചിട്ടുണ്ട്. അവർ കൂടുതൽ കഠിനമായവയിൽ ചെന്നു വീഴുന്നു.

ഓടിയൊളിച്ച് അവയെ ജയിക്കാമെന്നു കരുതണ്ട. ക്ഷമയും യഥാർത്ഥമായ എളിമയും കൊണ്ട് എല്ലാ ശത്രുക്കളെയുംകാൾ നാം ശക്തരായി തീരും.

  1. തിന്മകളെ വേരോടെ പറിച്ചു കളയാതെ ബാഹ്യമായി മാത്രം അവയിൽ നിന്നും അകന്നു നിൽക്കുന്നവനു പുണ്യാഭിവൃദ്ധി ഉണ്ടാവുകയില്ല.

മാത്രമല്ല, പ്രലോഭനങ്ങൾ അതിവേഗം മടങ്ങിയെത്തുന്നു. അവന്റെ സ്ഥിതി ഒന്നു കൂടി വഷളാകുന്നു.

കാർക്കശ്യതയും ബലപ്രയോഗവും കൊണ്ടെന്നതിനേക്കാൾ ക്ഷമയും ദീർഘ ശാന്തതയും വഴി ദൈവസഹായത്തോടെ സാവധാനത്തിൽ നിനക്ക് വിജയം വരിക്കാം.

പ്രലോഭനങ്ങളുണ്ടാകുമ്പോൾ ഉപദേശം തേടുക. പ്രലോഭന വിധേയരോട് കഠിനമായി വ്യാപാരിക്കരുത്.നീ ആശ്വസിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നത് പോലെ അവരെ ആശ്വസിപ്പിക്കുക

  1. എല്ലാ പ്രലോഭനങ്ങളുടെയും ആരംഭം മനസ്സിന്റെ അസ്ഥിരതയിൽ നിന്നും ദൈവശരണത്തിന്റെ അഭാവത്തിൽ നിന്നുമാണ്.ചുക്കാനില്ലാത്ത കപ്പൽ തിരമാലകളുടെ മദ്ധ്യേ അലഞ്ഞു തിരിയുന്നത് പോലെ ഉദാസീനനും പ്രതിജ്ഞാദാർഢ്യമില്ലാത്തവനുമായ മനുഷ്യൻ നാനാവിധപ്രലോഭനങ്ങൾക്ക് വിധേയനാകുന്നു.

അഗ്നി ഇരുമ്പിന്റെ സ്വഭാവം തെളിയിക്കുന്നു. പ്രലോഭനം നീതിമാന്റെയും. നമ്മുടെ കഴിവ് എത്രമാത്രമെന്നു നാം അറിയുന്നില്ല. എന്നാൽ പ്രലോഭനം നാം എങ്ങനെ ഉള്ളവനെന്നു വെളിപ്പെടുത്തുന്നു.

പ്രലോഭനത്തിന്റെ ആരംഭത്തിൽ നാം പ്രത്യേകം സൂക്ഷിക്കണം. ശത്രു മനസിന്റെ വാതിൽ കടന്നു അകത്തു പ്രവേശിക്കാൻ സമ്മതിക്കരുത്.അവൻ പുറത്തു നിന്നു മുട്ടുന്ന സമയത്ത് തന്നെ എതിർത്താൽ എളുപ്പത്തിൽ അവനെ തോല്പിക്കാം.ആകയാൽ ആരോ പറഞ്ഞിട്ടുണ്ട് : ആരംഭത്തിൽ തന്നെ തടുക്കുക. താമസം കൊണ്ട് രോഗം മൂർച്ഛിച്ചാൽ ഔഷധങ്ങൾ നിഷ്ഫലമാകും.

ആദ്യം മനസ്സിൽ വെറുമൊരു വിചാരമുണ്ടാകുന്നു.അത് ഉടൻ ശക്തിമത്തായ ഭാവനയായി മാറുന്നു.അനന്തരം ആനന്ദവും ദുശ്ചലനങ്ങളും ഒടുവിൽ സമ്മതവും വന്നു ചേരുന്നു. ആരംഭത്തിൽ തന്നെ നാം എതിർക്കാതിരിക്കുകയാണെങ്കിൽ ദുഷ്‌ട ശത്രു അൽപാല്പമായി നമ്മിൽ കയറിപ്പറ്റുന്നു. അവസാനമായി പൂർണമായി നമ്മിൽ പ്രവേശിക്കുന്നു.ഒരുവൻ ശത്രുവിനെ എതിർക്കാൻ എത്രയ്ക്ക് മടി കാണിക്കുന്നുവോ അത്രയ്ക്ക്അവൻ ബലഹീനനുമാകുന്നു. ശത്രു അവന്റെ മേൽ പ്രബലപ്പെടുകയും ചെയ്യുന്നു.

  1. ചിലർക്ക് തങ്ങളുടെ പുണ്യജീവിതത്തിന്റെ ആരംഭത്തിൽ കഠിനമായ പ്രലോഭനങ്ങൾ ഉണ്ടാവുന്നു.മറ്റ് ചിലർക്ക് അവസാനത്തിലും. ചിലർക്ക് ജീവിതം മുഴുവനും അരിഷ്ടതകൾ തന്നെ.

ദൈവപരിപാലനയുടെ നീതിയും വിജ്ഞാനവുമനുസരിച്ച് ചിലർക്ക് ലഘുവായ പ്രലോഭനങ്ങളെ ഉണ്ടാകുന്നുള്ളൂ.ദൈവം മനുഷ്യരുടെ സ്ഥിതിയും യോഗ്യതകളും കണക്കിലെടുത്ത് തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയ്ക്ക് വേണ്ടി സമസ്തവും മുൻകൂട്ടി ക്രമപ്പെടുത്തുന്നു.

7.ആകയാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ നാം നിരാശപ്പെടരുത്. എല്ലാ അനർത്ഥങ്ങളിലും ദൈവസഹായമുണ്ടാകുവാൻ നാം എരിവോടെ പ്രാർത്ഥിക്കണം. വിശുദ്ധ പൗലോസ് പറയുന്നു: പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുവാൻവേണ്ട ശക്തി ദൈവം തരും.എല്ലാ അനർത്ഥങ്ങളിലും പ്രലോഭനങ്ങളിലും ദൈവത്തിന്റെ തൃക്കരങ്ങളുടെ കീഴിൽ നമ്മുടെ ആത്മാക്കളെ എളിമപ്പെടുത്തണം .”ആത്മനാ എളിമയുള്ളവരെ ദൈവം രക്ഷിച്ചുയർത്തും.”

  1. ഒരുത്തൻ എത്രയ്ക്ക് പുണ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അനർത്ഥങ്ങളും പ്രലോഭനങ്ങളും സ്പഷ്ടമായി കാണിച്ചു തരും.അവയിലാണ് അവന് കൂടുതൽ യോഗ്യത കൈവന്നത്,അവന്റെ യോഗ്യത പ്രത്യക്ഷമായത്‌ .

അനർത്ഥമില്ലാത്തപ്പോൾ ഒരുത്തന് എരിവും തീക്ഷ്‌ണതയുംഉണ്ടാവുക വലിയ കാര്യമല്ല.
അനർത്ഥങ്ങളുടെ ഇടയ്ക്ക് സമസ്തവും ക്ഷമയോടെ സഹിക്കുന്നതു പുണ്യാഭിവൃദ്ധിയുടെ പ്രത്യാശയ്ക്ക് വക നൽകുന്നു.

ചിലർ വലിയ പ്രലോഭനങ്ങളെ വിജയിക്കുന്നുണ്ടെങ്കിലും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിസാര പ്രലോഭനങ്ങളിൽ കൂടെക്കൂടെ നിപതിക്കുന്നു.ഇങ്ങനെ നിസാര കാര്യങ്ങളിൽ അധഃപതിക്കുന്ന നമ്മൾ എളിമപ്പെട്ട് വലിയ കാര്യങ്ങളിൽ നമ്മളിൽ തന്നെ ആശ്രയിക്കാതിരിക്കുകയാണ് വേണ്ടത്.

ധ്യാന വായനാ വിചിന്തനം:-

പ്രലോഭനങ്ങൾ നമ്മുടെ ബലഹീനത കാണിച്ചു തരുന്നു.നമ്മുടെ മാലിന്യത്തിന്റെ അഗാധത പ്രസ്പഷ്ടമാകുന്നു. ആകയാൽ നാം എത്ര മാത്രം എളിമ ഉണ്ടായിരിക്കേണ്ടവരാണ്. ദൈവസഹായം കൂടാതെ എത്രയും ലഘുവായ ഒരു സുകൃതം അനുഷ്‌ഠിക്കുവാനോ, ഒരു ചെറിയ പാപം വർജ്ജിക്കുവാനോ നാം അശക്തരാണെന്ന് അവ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

പ്രാർത്ഥിക്കാം.

ഓ! ഈശോ, പ്രലോഭനങ്ങളുടെ മദ്ധ്യേ അങ്ങിൽ ആശ്രയിക്കാതിരിക്കാനും തിന്മയിലേയ്ക്കുള്ള സ്വാഭാവിക വാസനയനുസരിച്ച് അങ്ങയെ ദ്രോഹിക്കുവാനും മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ. ആകയാൽ എന്നിൽ തന്നെ ശരണം വയ്ക്കാതെ അങ്ങയെ ആശ്രയിച്ചുകൊണ്ട് ഞാൻ വിലപിക്കുന്നു.കർത്താവേ, എന്നെ രക്ഷിക്കുക, അല്ലെങ്കിൽ ഞാൻ നശിക്കും. വിശുദ്ധ പത്രോസിനെ പോലെ ഞാൻ അങ്ങയുടെ അടുക്കലേയ്ക്ക് എന്റെ കരങ്ങൾ നീട്ടുന്നു. ഞാൻ നശിക്കുവാൻ അങ്ങ് അനുവദിക്കുകയില്ലെന്ന് പ്രത്യാശിക്കുന്നു. ആമേൻ.

അനുസ്മരണാവിഷയം :

പ്രലോഭനങ്ങൾ ഒരിക്കലും ഉണ്ടാകാതിരിക്കാത്തക്കവണ്ണം അത്രയ്ക്കും
പരിപൂർണരും പുണ്യശാലികളുമായി ആരുമില്ല. പ്രലോഭനങ്ങൾ നിശ്ശേഷം ഇല്ലാതിരിക്കുക അസാദ്ധ്യമാണ്.

അഭ്യാസം :

പ്രലോഭനങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.

അനുദിന പ്രാർത്ഥനകൾ :

1.പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2.മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.