Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം– ✝️ ഒമ്പതാം ദിവസം

ആദ്യഘട്ടം ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാനവായന :- ക്രിസ്താനുകരണം :- മൂന്നാം പുസ്തകം – അദ്ധ്യായം 24

അന്യരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക

ഈശോ:

1.മകനേ, നീ കൗതുകതല്പരനായിരിക്കരുത്. പ്രയോജനരഹിതമായ ചിന്തകൾക്ക് ഇടം കൊടുക്കുകയുമരുത്.

ഇതെന്താണ്, അതെന്താണ്, എന്നൊക്കെ അന്വേഷിച്ചിട്ട് നിനക്കെന്തു പ്രയോജനം? നീ എന്നെ അനുഗമിക്കുക.

അവൻ അത്തരക്കാരനാണ്. അവൻ ഇത്തരക്കാരനാണ്; അവൻ അങ്ങനെ ചെയ്തു. ഇവൻ ഇങ്ങനെ ചെയ്തു; അഥവാ, സംസാരിച്ചുവെന്നതുകൊണ്ട് നിനക്കെന്ത്?

മറ്റുള്ളവരുടെ കുറ്റത്തിനു നീ സമാധാനം പറയേണ്ടി വരികയില്ല. നീ നിന്റെ കണക്കുമാത്രം കേൾപ്പിച്ചാൽ മതി. ആകയാൽ എന്തിന് അന്യരുടെ കാര്യത്തിനു ഇടപെടുന്നു.

കണ്ടാലും! ഞാൻ എല്ലാവരേയും അറിയുന്നു. സൂര്യന്റെ കീഴിൽ നടക്കുന്നതെല്ലാം ഞാൻ കാണുന്നു. ഓരോരുത്തനും എങ്ങനെ ഇരിക്കുന്നു. എന്തു വിചാരിക്കുന്നു, എന്ത് ആഗ്രഹിക്കുന്നു, എന്തുദ്ദേശിക്കുന്നുവെന്നൊക്കെ ഞാൻ അറിയുന്നുണ്ട്.

ആകയാൽ, സമസ്തവും നീ എന്നെ ഏല്പിക്കേണ്ടതാണ്; നീ സമാധാനത്തിൽ കഴിയുക, അന്യന്റെ കാര്യത്തിൽ ഇടപെടുന്നവൻ അവരുടെ ഇഷ്ടംപോലെ ചെയ്യട്ടെ.

  1. വലിയ പേരിനുവേണ്ടി നിനക്ക് ഉൽക്കണ്ഠ വേണ്ടാ. അനേകരുടെ അഗാധസ്നേഹത്തേയോ മനുഷ്യരുടെ സഖ്യത്തിൽ നിന്നുണ്ടാവുന്ന പ്രത്യേക സന്തോഷങ്ങളേയോ നീ തേടേണ്ടാ.

ഇവയെല്ലാം മനസ്സിൽ പതർച്ചയും കൂരിരുട്ടും ഉളവാക്കുന്നു.

എന്റെ ആഗമനത്തെ ഉത്സാഹത്തോടെ പ്രതീക്ഷിക്കുകയും ഹൃദയത്തിന്റെ കവാടങ്ങൾ എനിക്കായി തുറന്നിടുകയും ചെയ്താൽ സന്തോഷപൂർവ്വം ഞാൻ നിന്നോടു സംസാരിക്കും; നിഗൂഢമായവ നിനക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.

പ്രാർത്ഥനകളിൽ ഉണർവ്വും ഉത്സാഹവുമുണ്ടായിരിക്കട്ടെ. സർവ്വത്തിലും നീ നിന്നെത്തന്നെ എളിമപ്പെടുത്തുക.

വായനാ വിചിന്തനം

യഥാർത്ഥ സമാധാനം ആസ്വദിക്കണമെന്നുണ്ടെങ്കിൽ, ഒന്നാമതായി, അന്യരുടെ വിശേഷങ്ങൾ തേടാൻ പോകരുത്. രണ്ടാമതായി, ദൈവത്തിന്റെ നീതിക്ക് അനുസൃതമായോ മനുഷ്യരുടെ അനീതിയാലോ വന്നുചേരുന്ന അനർത്ഥങ്ങളെ ക്ഷമയോടെ സഹിക്കണം. മൂന്നാമതായി, ആശ്വാസാനന്ദങ്ങൾ വേണ്ടെന്നുവച്ച് മനസ്സിന്റെയും ഹൃദയത്തിന്റെയും ഇന്ദ്രിയങ്ങളുടേയും ആഹ്ലാദമൊക്കെ ദൈവത്തെപ്രതി ബലി ചെയ്യണം. ദൈവത്തിലല്ലാതെ മറ്റൊന്നിലും സംതൃപ്തിനേടാൻ കഴിയാത്തതിൽ അവിടുത്തോടു നന്ദി പറയണം.

പ്രാർത്ഥിക്കാം

ദൈവമേ, ഞാൻ ഇപ്പോൾ പ്രസാദവരാവസ്ഥയിലാണോ? മരണംവരെ ഞാൻ അങ്ങനെ തുടരുമോ? എന്റെ പാപങ്ങൾ അങ്ങു ക്ഷമിച്ചുവോ? അന്ത്യത്തോളമുള്ള നിലനിൽപ്പ് അങ്ങ് എനിക്കു പ്രദാനം ചെയ്യുമോ എന്നറിയാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഈ ആഗ്രഹവും അങ്ങയെപ്രതി ഞാൻ ബലി ചെയ്യുകയാണ്. ഈ മഹാനുഗ്രഹം ഉദാരമായി അങ്ങിൽനിന്നു പ്രതീക്ഷിക്കുന്നു.
ആമ്മേൻ.

അനുസ്മരണാവിഷയം:-
പ്രാർത്ഥനകളിൽ ഉണർവ്വും ഉത്സാഹവുമുണ്ടായിരിക്കട്ടെ. നീ സർവ്വത്തിലും എളിമപ്പെടുക.

അഭ്യാസം:

അന്യരുടെ ജീവിതത്തെപ്പറ്റി കൗതുകപ്രദമായ അന്വേഷണങ്ങൾ നടത്താതെ, നിന്റെ ജീവിതം പരിശോധിക്കുക.

അനുദിന പ്രാർത്ഥനകൾ :

1.പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2.മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.