Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ പതിനൊന്നാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാനവായന

ക്രിസ്താനുകരണം മൂന്നാം പുസ്തകം അദ്ധ്യായം 2

സത്യം നമ്മുടെ ഹൃദയത്തിൽ നിശബ്ദമായി സംസാരിക്കുന്നു

  1. കർത്താവേ സംസാരിക്കുക; ‘ഇതാ അങ്ങയുടെ ദാസൻ കേൾക്കുന്നു’ (1 സാമുവൽ 3: 9). ‘ഞാൻ അങ്ങയുടെ ദാസനാണ്; അങ്ങയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കാൻ എനിക്കു ബുദ്ധിശക്തി നൽകണമേ’ (സങ്കീ. 119: 125).

അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളിലേയ്ക്ക് എന്റെ ഹൃദയത്തെ ചായിക്കണമേ. മഞ്ഞുപോലെ അങ്ങേ വചനങ്ങൾ വർഷിക്കപ്പെടട്ടെ.

ഇസ്രായേൽ ജനങ്ങൾ മൂശയോടു പറഞ്ഞു. ‘നീ ഞങ്ങളോടു സംസാരിക്കുക. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കാൻ വേണ്ടി കർത്താവു ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.’

അപ്രകാരമല്ല കർത്താവേ, ഞാൻ അപ്രകാരം പ്രാർത്ഥിക്കുന്നില്ല; പ്രത്യുത സാമുവൽ ദീർഘദർശി പ്രാർത്ഥിച്ചതുപോലെ വിനയപൂർവ്വം ഔത്സുക്യത്തോടെ അപേക്ഷിക്കുന്നു; ‘കർത്താവേ, അങ്ങു സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നുണ്ട്.’

മോശയോ മറ്റേതെങ്കിലും പ്രവാചകനോ എന്നോടു സംസാരിക്കേണ്ടതില്ല. പ്രത്യുത, ദൈവമായ കർത്താവേ, എല്ലാ പ്രവാചകരുടേയും ബുദ്ധിക്കു പ്രകാശം നൽകുന്നവനും മനസ്സിനു പ്രേരണയരുളുന്നവനുമായ അങ്ങുതന്നെ സംസാരിക്കുക. അങ്ങേയ്ക്കു മാത്രമേ എന്നെ പൂർണ്ണമായി പഠിപ്പിക്കാൻ കഴിയൂ; എന്നാൽ, അങ്ങയെക്കൂടാതെ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കയില്ല.

  1. അവർക്കു വാക്കുകൾ ഉച്ചരിക്കാൻ കഴിയും; എന്നാൽ, പരിശുദ്ധാത്മാവിനെ തരാൻ സാധിക്കയില്ല.

അവർ സുന്ദരമായി സംസാരിക്കും; എന്നാൽ അങ്ങ് മൗനമവലംബിക്കുകയാണെങ്കിൽ, അവർക്കു ഹൃദയത്തെ എരിയിക്കുവാൻ കഴിയുകയില്ല.

അവർ അക്ഷരങ്ങൾ നിരത്തിവയ്ക്കും; എന്നാൽ, അങ്ങാണ് അവയെ സാർത്ഥകമാക്കുക.

അവർ രഹസ്യങ്ങൾ പ്രഖ്യാപിക്കുന്നു; എന്നാൽ, അങ്ങാണ് അവയുടെ ശരിയായ പൊരുൾ വെളിവാക്കുന്നത്.

അവർ കല്പനകൾ പ്രസിദ്ധപ്പെടുത്തുന്നു; എന്നാൽ, അവ അനുസരിക്കാൻ അങ്ങു സഹായിക്കുന്നു.

അവർ വഴി കാണിക്കുന്നു; എന്നാൽ, അതിൽക്കൂടെ നടക്കാൻ അങ്ങു ശക്തി നൽകുന്നു.

അവർ ബാഹ്യമായി പ്രവർത്തിക്കുന്നു; എന്നാൽ, അങ്ങു ഹൃദയങ്ങളെ പഠിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

അവർ പ്രസംഗിക്കുന്നു; എന്നാൽ, കേൾവിക്കാർക്ക് അങ്ങാണ് ഗ്രഹണശക്തി നൽകുന്നത്.

  1. ആകയാൽ മോശ എന്നോടു സംസാരിക്കേണ്ട. എൻ്റെ ദൈവമായ കർത്താവേ, നിത്യസത്യമേ, അങ്ങു സംസാരിക്കുക. ഞാൻ ഫലമണിയാതെ മരിച്ചെങ്കിലോ? ഉള്ളു ചൂടുപിടിക്കാതെ ബാഹ്യമായ ഉപദേശം ലഭിച്ചാൽ പോരാ. വിശിഷ്യ, വചനംകേട്ടിട്ട് അതു ചെയ്യാതെയും അറിഞ്ഞിട്ട് അതിനെ സ്നേഹിക്കാതെയും വിശ്വസിച്ചിട്ട് അത് അനുസരിക്കാതെയും ഇരുന്നതുനിമിത്തം ഞാൻ ശിക്ഷാവിധിക്കു വിധേയനാകാതിരിക്കട്ടെ.

ആകയാൽ കർത്താവേ സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നുണ്ട്. നിത്യജീവന്റെ വചനം അങ്ങേ പക്കലുണ്ടല്ലോ.

എന്റെ കർത്താവേ, എന്തെങ്കിലുമൊരാശ്വാസം എനിക്കുണ്ടാകുന്നതിനും എന്റെ ജീവിതം നവീകൃതമാകുന്നതിനും അങ്ങേയ്ക്കു സ്തുതിയും മഹത്വവും നിത്യബഹുമാനവും ഉണ്ടാകുന്നതിനുമായി അങ്ങ് എന്നോടു സംസാരിക്കുക.

വായനാ വിചിന്തനം

ദൈവം തന്റെ കൃപാവരം ചിന്തി നമ്മുടെ ഹൃദയത്തോടു സംസാരിച്ചാലല്ലാതെ, ഏതു പ്രവാചകനോ വാഗ്മിയോ നമ്മോടു പ്രഭാഷണം നടത്തിയാലും നമുക്കൊന്നും മനസ്സിലാകയില്ല. കർത്താവിന്റെ പ്രബോധനങ്ങൾ ഗ്രഹിച്ചിട്ടും അവ അനുവർത്തിക്കാത്തതിൽ ദൈവസന്നിധിയിൽ കുറ്റക്കാരാകാതിരിക്കാൻ ഞങ്ങളുടെ ഹൃദയത്തിന്റെ ആഗാധങ്ങളിൽ, കർത്താവേ, അങ്ങു സംസാരിക്കുക.

പ്രാർത്ഥിക്കാം

കർത്താവേ, അങ്ങു സംസാരിക്കുക, ഞാൻ അങ്ങയെ ശ്രവിച്ച് അനുസരിക്കത്തക്കവിധം അങ്ങ് എന്റെ ആത്മാവിനോടു സംസാരിക്കുക.
ആമ്മേൻ

അനുസ്മരണാവിഷയം:

കർത്താവേ, സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നു. നിത്യജീവൻ്റെ സന്ദേശം അങ്ങേ പക്കലുണ്ടല്ലോ.

അഭ്യാസം:

തർക്കങ്ങൾ വർജ്ജിക്കുക. ദൈവത്തിന്റെ സത്യവചനം വിശദമായി കേൾക്കാൻ മനുഷ്യരുടെ വാദകോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക.

അനുദിന പ്രാർത്ഥനകൾ :

1.പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2.മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:-

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ. 🔥