Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ പന്ത്രണ്ടാം ദിവസം

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക

(ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങൾ)

“ആദ്യഘട്ടം ലോകാരൂപിയെ ബഹിഷ്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിയ്ക്കു ഘടക വിരുദ്ധമാണല്ലോ “.

ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക.പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്.അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിയ്ക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അത് സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവിക നിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു.എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേയ്ക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസിനെ തെറ്റിലേയ്ക്കും അന്ധതയിലേയ്ക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേയ്ക്ക് വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ.വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വഴി പാപത്തിലേയ്ക്ക് വഴുതി വീഴുവാൻ തക്ക വിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറം മോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ധ്യാന വായന :- ക്രിസ്താനുകരണം. ഒന്നാം പുസ്തകം അധ്യായം 25

ജീവിതസംസ്‌കരണം

  1. ദൈവശുശ്രൂഷയിൽ നീ ഉണർവും ഉത്സാഹവുമുള്ളവനുമായിരിക്കുക. പലപ്പോഴും നീ ഇങ്ങനെ വിചാരിക്കണം; എന്തിന് ഇവിടെ വന്നു? എന്തിനു ലോകത്തെ ഉപേക്ഷിച്ചു? ദൈവത്തിനായി ജീവിച്ച് ആദ്ധ്യാത്മിക മനുഷ്യനായിത്തീരാനല്ലേ?

ആകയാൽ അഭിവൃദ്ധിക്കുവേണ്ടി നീ ഉത്സാഹിക്കുക. നിന്റെ അദ്ധ്വാനങ്ങൾക്കുള്ള പ്രതിഫലം നിനക്ക് ലഭിക്കും. പിന്നീട് ദുഃഖമോ ഭയമോ നിനക്കുണ്ടാകുകയില്ല.

ഇന്നു നീ ലഘുവായി അദ്ധ്വാനിക്കുന്നു; പകരം വളരെയേറെ ആശ്വാസം; എന്നുവേണ്ടാ, നിത്യാനന്ദം നിനക്കു ലഭിക്കും.

അദ്ധ്വാനത്തിൽ നീ വിശ്വസ്തനും ഉത്സാഹിയുമാണെങ്കിൽ, പ്രതിഫലം തരുന്നതിൽ ദൈവം ഉദാരനും വിശ്വസ്തനുമായിരിക്കുമെന്നുള്ളതിൽ സന്ദേഹം വേണ്ടാ.

വിജയകിരീടം പ്രാപിക്കാമെന്നു നീ ദൃഢമായി ശരണപ്പെട്ടുകൊള്ളുക; എന്നാലും അലസനും അഹങ്കാരിയുമാകാതിരിക്കാൻ സമ്മാനലബ്ധി ഭദ്രമാണെന്നു നീ കരുതേണ്ടാ.

2.സുപ്രതീക്ഷാഭയങ്ങളുടെ മദ്ധ്യേ സങ്കടത്താൽ കലങ്ങി ഞെരുങ്ങിക്കൊണ്ടിരുന്ന ഒരുത്തൻ ദൈവാലയത്തിൽ ചെന്നു ബലിപീഠത്തിൽ സാഷ്ടാംഗംവീണ് ഇങ്ങനെ പ്രാർത്ഥിച്ചു.

‘ഹാ, ഭക്തിയിൽ ഞാൻ നിലനിൽക്കുമോ എന്ന് അറിഞ്ഞിരുന്നുവെങ്കിൽ!’ ഉടനടി തന്റെ ഹൃദയത്തിൽ ദൈവത്തിന്റെ മറുപടി കേൾക്കുമാറായി: ‘ഇതു നീ അറിഞ്ഞാൽ എന്തു ചെയ്യും? എന്തുചെയ്യാൻ നീ നിശ്ചയിക്കുന്നുവോ അത് ഇപ്പോൾ ചെയ്തുകൊള്ളുക. എന്നാൽ നിന്റെ കാര്യം ഭദ്രമായിരിക്കും.’

തൽക്ഷണം അവന് ആശ്വാസവും ധൈര്യവും തോന്നി. ദൈവഹിതത്തിനു തന്നെത്തന്നെ അവൻ ഏൽപ്പിക്കുകയും അതോടെ അവന്റെ ആകുലതകളൊക്കെ നീങ്ങുകയും ചെയ്തു.

പിന്നീട് തനിക്കെന്തു സംഭവിക്കുമെന്ന് അറിയാൻ അവന് ഒരാഗ്രഹവും തോന്നിയില്ല. സൽപ്രവൃത്തികൾ ആരംഭിച്ച് പൂർത്തിയാക്കാൻ ദൈവത്തിന്റെ തിരുവിഷ്ടം ശരിയായി കണ്ടെത്തുകയായിരുന്നു അവന്റെ അഭിനിവേശം.

  1. “ഭൂമിയിൽ സുരക്ഷിതനായിക്കഴിയാൻവേണ്ടി കർത്താവിൽ ആശ്രയിച്ചു നന്മചെയ്യുക”. എന്നാണു പ്രവാചകൻ പ്രസ്താവിച്ചിട്ടുള്ളത്.

പുണ്യാഭിവൃദ്ധിക്കായും ജീവിതനവീകരണത്തിനായും തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിൽ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്ന ഒന്നുണ്ട്; പ്രയാസങ്ങൾ അഭിമുഖീകരിക്കാനുള്ള ധൈര്യക്കുറവ്; അല്ലെങ്കിൽ, വളരെ ബുദ്ധിമുട്ടി ചെയ്തുതീർക്കേണ്ട ജോലികൾ ചെയ്യുവാനുള്ള പ്രയാസം.

എല്ലാവരിലും വച്ചു പുണ്യത്തിൽ എത്രയുമധികം അഭിവൃദ്ധിപ്പെടുന്നവർ ബുദ്ധിമുട്ടുകളെന്നു തോന്നുന്നവയെ ധൈര്യസമേതം നേരിടാൻ ഉദ്യമിക്കുന്നവരാണെന്നു നിർണ്ണയം.

തന്നെത്തന്നെ ജയിക്കുമ്പോഴും, ആന്തരികമായ ആശാനിഗ്രഹങ്ങൾ അനുഷ്ഠിക്കുമ്പോഴുമാണ് മനുഷ്യൻ പുണ്യാഭിവൃദ്ധിപ്പെടുന്നതും കൂടുതൽ പ്രസാദവരം പ്രാപിക്കുന്നതും.

4.എന്നാൽ, തന്നെത്താൻ ജയിക്കാനും ആത്മനിഗ്രഹം ചെയ്യാനും എല്ലാവർക്കും പ്രയാസം ഒരുപോലെയല്ല.

പൊതുവെ സദ്-വൃദ്ധനെങ്കിലും പുണ്യാഭിവൃദ്ധിയിൽ ഉത്സാഹമില്ലാത്തവനേക്കാൾ കൂടുതലായി പുണ്യാഭിവൃദ്ധി പ്രാപിക്കുന്നത്, അനേകം ദുരാശകൾക്ക് അധീനനെങ്കിലും ഉത്സാഹവും തീക്ഷ്ണതയുമുള്ള ഒരുവനത്രേ.

പുണ്യാഭിവൃദ്ധിക്ക് ഉപകരിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്; നൈസർഗ്ഗികമായ ദുർവ്വാസനകളെ ആസകലം ഉപേക്ഷിക്കുന്നതും അവനവന് അത്യാവശ്യമായ നന്മയ്ക്കായി ഉത്സാഹപൂർവ്വം അദ്ധ്വാനിയ്ക്കുന്നതും.

അന്യർക്ക് വെറുപ്പുവരുത്തുന്ന തെറ്റുകൾ നിന്നിലുണ്ടെങ്കിൽ, അവ മനസ്സിലാക്കി ജയിക്കാൻ ശ്രമിച്ചുകൊള്ളുക.

  1. എവിടെ ആയിരുന്നാലും പുണ്യാഭിവൃദ്ധിക്കായി ശ്രമിക്കുക: സന്മാതൃക കാണുകയോ അവയെപ്പറ്റി കേൾക്കുകയോ ചെയ്താൽ അവയെ അനുകരിക്കാൻ പരിശ്രമിക്കുക.

നിന്ദ്യമായി വല്ലതും കണ്ടാൽ അത് അനുകരിക്കാതിരിക്കാൻ സൂക്ഷിക്കുക. വല്ലപ്പോഴും അതു ചെയ്തുപോയാൽ ഉടനെ അതിനു പരിഹാരം ചെയ്യാൻ ശ്രമിക്കുക.

നിൻ്റെ ദൃഷ്ടികൾ അന്യരെ സൂക്ഷിക്കുന്നതുപോലെ അന്യർ നിന്നെയും സൂക്ഷിക്കുന്നുണ്ട്.

തീക്ഷ്ണതയും ഭക്തിയും സുകൃതാഭ്യാസാസക്തിയും ക്രമശീലവുമുള്ള സഹോദരന്മാരെ കാണുന്നത് എത്ര മധുരവും ആനന്ദകരവുമാണ്!

തങ്ങളുടെ ജീവിതാന്തസ്സിന് ഉചിതമായ കാര്യങ്ങൾ അഭ്യസിക്കാതെ ക്രമരഹിതമായി വ്യാപരിക്കുന്നവരെ കാണുന്നത് എത്ര വിരസവും ദുഃഖകരവുമാണ്!

ജീവിതാന്തസ്സിൻ്റെ ഉദ്ദേശ്യങ്ങൾ വിസ്മരിച്ച് തങ്ങൾക്ക് ഇടപെടാൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ പ്രവേശിക്കുന്നത് എത്ര ദ്രോഹകരം!

  1. നീ ചെയ്തിട്ടുള്ള പ്രതിജ്ഞയനുസരിച്ച് ക്രൂശിതരൂപം നിന്റെ മുമ്പിൽ വയ്ക്കുക.

ക്രിസ്തുവിൻ്റെ ജീവിതം നീ ഇന്ന് ഉറ്റു സൂക്ഷിച്ചാൽ ലജ്ജ തോന്നും; ദൈവമാർഗ്ഗത്തിൽ ചരിച്ചു തുടങ്ങിയിട്ടു വളരെ നാളായെങ്കിലും നീ ഇതുവരെ അവിടുത്തെ അനുകരിക്കാൻ പരിശ്രമിച്ചിട്ടില്ല.

കർത്താവിന്റെ പരിപാവനജീവിതത്തെയും പീഡാനുഭവത്തെയും ശ്രദ്ധയോടും ഭക്തിയോടും കൂടെ ധ്യാനിക്കുന്ന സന്യാസി തനിക്കു പ്രയോജനകരവും ആവശ്യകവുമായ സമസ്തവും സമൃദ്ധിയായി അവിടെ കണ്ടെത്തും. ക്രിസ്തുവിന് പുറമേ അവനു യാതൊന്നും അന്വേഷിക്കേണ്ടതായി വരികയില്ല.

ക്രൂശിതനായ ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ഇറങ്ങി വന്നിരുന്നുവെങ്കിൽ, എത്രയും വേഗം വേണ്ടതൊക്കെയും നാം പഠിക്കുമായിരുന്നു.

  1. തീക്ഷ്ണതയുള്ള സന്യാസി തന്നോട് ആജ്ഞാപിക്കുന്നതെല്ലാം യഥാവിധി നിർവ്വഹിക്കുന്നു.

ഉദാസീനനും മന്ദഭക്തനുമായ സന്യാസിക്ക് മേൽക്കുമേൽ അനർത്ഥങ്ങളുണ്ടായിക്കൊണ്ടിരിക്കും. എല്ലാ വശത്തുനിന്നും അയാൾ കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നു. ഹൃദയത്തിൽ ആശ്വാസമില്ല; പുറമേ അന്വേഷിക്കാൻ അനുമതിയുമില്ല.

ക്രമാനുസാരം ജീവിക്കാത്ത സന്യാസി നാശമാർഗ്ഗത്തെയാണു തരണം ചെയ്യുന്നത്.

നിഷ്ഠകൾ വിട്ട് കൂടുതൽ സ്വതന്ത്രമായി നടക്കുവാൻ ഇച്ഛിക്കുന്നവന് സദാ ക്ലേശങ്ങളേ ഉണ്ടാകുകയുള്ളൂ. ഒന്നല്ലെങ്കിൽ മറ്റൊന്ന് അവനെ അസ്വസ്ഥനാക്കും.

8.ആവൃതിയിൽ ഒതുങ്ങിനിൽക്കുന്ന ഇതര സന്യാസികൾ അനേകരുണ്ടല്ലോ. അവരെങ്ങനെ കഴിയുന്നു?

അവർ അപൂർവ്വമായിട്ടേ പുറത്തിറങ്ങുന്നുള്ളൂ: ഏകാന്തതയിൽ ജീവിക്കുന്നു. ഭക്ഷണം ദരിദ്രമാണ്. അവരുടെ വസ്ത്രം പരുപരുത്തതാണ്. അവർ വളരെയേറെ അദ്ധ്വാനിക്കുന്നു; കുറച്ചുമാത്രം സംസാരിക്കുന്നു. രാവിലെ അവർ എഴുന്നേൽക്കുകയും ദീർഘമായി ഉറക്കമിളപ്പ് അനുഷ്ഠിക്കുകയും വളരെയേറെ പ്രാർത്ഥിക്കുകയും വായിക്കുകയും ചെയ്യുന്നു. ക്രമാനുഷ്ഠാനത്തിൽ അവർ സർവ്വദാ ശ്രദ്ധാലുക്കളാണ്.

തീവ്രമായി തപസ്സനുഷ്ഠിക്കുന്ന സന്യാസിനീസന്യാസികളെ വീക്ഷിക്കുക. കർത്താവിന്റെ സ്തുതികൾ പാടാൻ രാത്രിതോറും അവർ ഉണരുന്നു.

ഇത്രയേറെ സന്യാസികൾ സന്തോഷപൂർവ്വം ദൈവത്തെ പാടി സ്തുതിച്ചുകൊണ്ടിരിക്കുമ്പോൾ നീ ഉദാസീനനായിരിക്കുന്നത് ലജ്ജാവഹമല്ലയോ?

  1. നമ്മുടെ കർത്താവായ ദൈവത്തെ പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും കൂടെ സ്നേഹിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ നമുക്ക് ഇല്ലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

ഒരിക്കലും തിന്നാനും കുടിക്കാനും ഉറങ്ങാനും ആവശ്യമില്ലാതെ നിരന്തരം ദൈവത്തെ സ്തുതിക്കാനും ആദ്ധ്യാത്മികകാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരിക്കാനും കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ജഡശുശ്രൂഷാവാഞ്ഛയിൽ കഴിയുന്ന ഇന്നത്തെ സ്ഥിതിയേക്കാൾ നീ എത്ര ഭാഗ്യവാനായിരിക്കും!

ആത്മാവിനുവേണ്ട അരൂപിക്കടുത്ത ഭോജനങ്ങളല്ലാതെ മറ്റൊരാവശ്യവും നമുക്ക് ഇല്ലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ, അവ അപൂർവ്വമായിട്ടേ നാം ആസ്വദിക്കുന്നുള്ളൂ.

  1. യാതൊരു സൃഷ്ടിയിൽ നിന്നും ആശ്വാസം നേടേണ്ടാത്ത സ്ഥിതിയിലെത്തുമ്പോഴാണ് ഒരുവൻ ആദ്യമായി ദൈവത്തെ പൂർണ്ണമായും ആസ്വദിക്കാൻ തുടങ്ങുന്നത്. അപ്പോൾ എന്തു സംഭവിച്ചാലും അവനു സംതൃപ്തിതന്നെ.

അവൻ സമൃദ്ധിയിൽ സന്തോഷിക്കുന്നില്ല; ദുർല്ലഭത്തിൽ ദുഃഖിക്കുന്നുമില്ല. എല്ലാത്തിലും എല്ലാമായ ദൈവത്തിനു പൂർണ്ണമായി തന്നെത്തന്നെ പ്രത്യാശാപൂർവ്വം ഭരമേൽപ്പിക്കുന്നു. അവിടുത്തെ മുമ്പിൽ ഒന്നും മരിക്കുന്നില്ല; നശിക്കുന്നുമില്ല; എല്ലാം ജീവിക്കുന്നു. അവിടുത്തെ ഇംഗിതമനുസരിച്ച് യാതൊരു താമസവും കൂടാതെ എല്ലാ പ്രകാരവും അവിടുത്തെ ശുശ്രൂഷിക്കുന്നു.

  1. സദാ അന്ത്യത്തെ സ്മരിക്കുക; നഷ്ടപ്പെട്ട സമയം തിരിയെ കിട്ടാത്തതിനാൽ ആകുലതയും ഉത്സാഹവും കൂടാതെ നിനക്കു പുണ്യങ്ങൾ സമ്പാദിക്കുവാൻ കഴിയുകയില്ല.

നീ മന്ദഭക്തനായി ജീവിക്കുവാൻ തുടങ്ങുകയാണെങ്കിൽ അസമാധാനമായിരിക്കും ഫലം.

നീ ശുഷ്‌കാന്തിയുള്ളവനാകുകയാണെങ്കിൽ, നിനക്കു വലിയ സമാധാനം കൈവരും. ദൈവാനുഗ്രഹത്താലും പുണ്യത്തോടുള്ള പ്രതിപത്തിയാലും അദ്ധ്വാനം ലഘുവായിത്തോന്നും.

ശുഷ്കാന്തിയും ഉത്സാഹവുമുള്ളവൻ എല്ലാത്തിനും സന്നദ്ധനായിരിക്കും.

വിയർത്തു ശാരീരിക തൊഴിലുകൾ ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് പാപങ്ങളേയും ദുരാശകളേയും ചെറുത്തു നിൽക്കാൻ.

ചെറിയ തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാത്തവൻ ക്രമേണ വലിയ പാപങ്ങളിൽ വീഴും.

പകൽ നന്നായി ചെലവഴിക്കുന്ന പക്ഷം, സായംകാലത്തു സന്തോഷമുളവായി വരും.

ജാഗ്രതയോടെ നിന്നെത്തന്നെ സൂക്ഷിക്കുക; ഉത്സാഹിക്കുക; നിന്നെത്തന്നെ ശാസിക്കുക. മറ്റുള്ളവർ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ. നിന്റെ കാര്യം നീ സൂക്ഷിക്കുക.

എത്രയ്‌ക്ക് നീ നിന്നോടുതന്നെ ബലം ചെയ്യുന്നുവോ, അത്രയ്ക്കുമാത്രമേ നീ പുണ്യത്തിൽ അഭിവൃദ്ധിപ്പെടുകയുള്ളൂ.

ധ്യാനാവയനവിചിന്തനം

പുണ്യത്തിൽ അഭിവൃദ്ധിയുണ്ടാകണമെങ്കിൽ, നാം നമ്മെ ജയിക്കണം; എല്ലാക്കാര്യത്തിലും നാം നമ്മെ ഒതുക്കിനിറുത്തണം; നമ്മുടെ ഹൃദയത്തിന്റെ അഭിലാഷങ്ങളെ നാം സംഹരിക്കണം. നമ്മോടു ബലം പ്രയോഗിക്കാതെ ദൈവശുശ്രൂഷയിൽ നാം യോഗ്യത നേടുകയില്ല. പാപത്തിലേയ്ക്ക്‌ ആനയിക്കുകയും ശുഷ്‌കാന്തി മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന ക്രമമറ്റ ചാച്ചിലുകളെ നാം തകർക്കണം. അങ്ങനെ, നമുക്കു രക്ഷ പ്രാപിക്കുവാൻ കഴിയും.

പ്രാർത്ഥിക്കാം

ഓ! ഈശോ, ഞങ്ങളെ അങ്ങേയ്ക്ക് കീഴ്‌പ്പെടുത്തി നിറുത്താൻ ഞങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന വൈഷമ്യങ്ങളെല്ലാം അങ്ങേയ്ക്ക് അറിയാമല്ലോ. ഈ പ്രതിബന്ധങ്ങൾ ഞങ്ങളെ ലക്ഷ്യത്തിൽ നിന്ന് അകറ്റാൻ ഇടവരുത്താതിരിക്കട്ടെ.
ആമേൻ.

അനുസ്മരണാ വിഷയം:

ചെറിയ തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാത്തവൻ ക്രമേണ വലിയ പാപങ്ങളിൽ വീഴും.

അഭ്യാസം:

നിന്റെ പ്രധാന ദുർഗ്ഗുണത്തെ ജയിക്കാൻ നിന്റെ കഴിവുകളെല്ലാം നീ വിനിയോഗിക്കുക.

അനുദിന പ്രാർത്ഥനകൾ :

1.പാവനാത്മാവേ വരൂ

പാവനാത്മാവേ വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം

ആശ്വാസദായകാ പാവനാത്മാ
ദൈവിക ദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും

സപ്ത വരങ്ങളുമേകുവോനെ
നിത്യാപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗ വരപ്രദനും

ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻ ദിവ്യശക്തിയാൽ മാനവർ തൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം

ശത്രുവേ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദേശം നൽകി തിന്മകളാകെയകറ്റണമേ

താതനെയും ദിവ്യപുത്രനേയും
പാവനാരൂപിയാമങ്ങയെയും
നിന്നാലെ ഞങ്ങളറിഞ്ഞു നേരിൽ
വിശ്വസിച്ചീടാമനവരതം

ദൈവപിതാവിനും മൃത്യുവിൽ നി –
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നു പോലെ
സ്തോത്രം സ്തുതിയും സദാപി.

2.മറിയത്തിന്റെ സ്തോത്രഗീതം

“മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.

ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”

3.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

ആത്മശോധന,പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മ സംയമനം, ഹൃദയവിശുദ്ധി, സ്വർഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തെ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തെ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.