Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ പതിനാലാം ദിവസം

രണ്ടാം ഘട്ടം ആത്മ ജ്ഞാനം

(ഒന്നാമത്തെ ആഴ്ച )

” ഒന്നാമത്തെ ആഴ്ചയിലെ എല്ലാ പ്രാർത്ഥനകളും ഭക്താനുഷ്ഠാനങ്ങളും ആത്മ ജ്ഞാനത്തിനും തങ്ങളുടെ പാപങ്ങളെ കുറിച്ചുള്ള പശ്ചാത്താപത്തിനുമായി ഉപയോഗിക്കണം. “

നമ്മുടെ അരൂപിയും യേശുവിന്റെ അരൂപിയും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി ഈ ആഴ്ചയിൽ അധികമായി പരിഗണിക്കേണ്ടതില്ല. നമ്മുടെ പാപങ്ങൾ, നമ്മെ എത്തിച്ച ദയനീയവും വിനീതവുമായ അവസ്ഥയെ കുറിച്ചാണ് നാം ധ്യാനിക്കേണ്ടത്. ക്രിസ്തീയ പരിപൂർണത എന്നത് നമ്മുടെ കർത്താവുമായുള്ള പരിപൂർണ ഐക്യമാണല്ലോ. അതിലേയ്ക്ക് നയിക്കുന്ന എളുപ്പവും സുനിശ്ചിതവും പരിപൂർണവുമായ മാർഗ്ഗമാണ് ഈ മരിയ ഭക്തി.നമ്മുടെ നിസ്സഹായതയും ദുരിതവും നന്നേ ബോദ്ധ്യപ്പെട്ടു കൊണ്ട് ഈ വഴിയിലേയ്ക്ക് ഗൗരവപൂർവ്വം പ്രവേശിക്കാം.
എന്നാൽ നമ്മെപ്പറ്റി തന്നെയുള്ള അറിവില്ലാതെ ഇത് എങ്ങനെ ലഭ്യമാകും?

പതിനാലാം ദിവസം : വായനഭാഗം ക്രിസ്താനുകരണം : മൂന്നാം പുസ്തകം അധ്യായം 13

ഈശോയെ പിൻചെല്ലുന്ന ഒരു വീനീത ദാസന്റെ അനുസരണ

ഈശോ :

  1. മകനേ, അനുസരണത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ഇച്ഛിക്കുന്നവൻ പ്രസാദവരത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെല്ലുന്നത്.

പ്രത്യേക ദാനങ്ങൾ തേടിപ്പോകുന്നവർക്ക് പൊതുവായ ദാനങ്ങൾ ലഭിക്കില്ല.

സന്തോഷത്തോടും സന്മനസ്സോടും കൂടി ഒരുവൻ തലവനെ അനുസരിക്കാതിരിക്കുന്നത് സ്വജഡം ഇതുവരെയും അവനു പൂർണമായി കീഴ്പ്പെടാതെ പലപ്പോഴും എതിർക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നു എന്നുള്ളതിന്റെ അടയാളമാണ്.

ആകയാൽ നിന്റെ സ്വന്തം ജഡത്തെ കീഴടക്കുവാൻ നീ ആഗ്രഹിക്കുന്നു എങ്കിൽ നിന്റെ തലവനെ അനുസരിക്കാൻ പഠിക്കുക.

ആന്തരിക മനുഷ്യന് ക്ഷതം പറ്റിയിട്ടില്ലെങ്കിൽ ബാഹ്യശത്രുവിനെ അതിവേഗം ജയിക്കാം.

ആത്മാവിന്റെ അധിനിവേശങ്ങളോട് വേണ്ട പോലെ ഇണങ്ങിത്തീരാത്തത് കൊണ്ട് നീ തന്നെ നിന്റെ ഏറ്റവും വലിയ ശത്രുവായിരിക്കുന്നു.

ജഡത്തിന്മേലും രക്തത്തിന്മേലും വിജയം വരിക്കാൻ നീ ആഗ്രഹിക്കുന്നു എങ്കിൽ നിന്നെത്തന്നെ വെറുത്തേ മതിയാവൂ.

ക്രമരഹിതമായി, അങ്ങേയറ്റം നിന്നെ സ്നേഹിക്കുന്നത് നിമിത്തം അന്യരുടെ മനസിന്‌ പൂർണമായി വഴങ്ങിക്കൊടുക്കാൻ നീ ഭയപ്പെടുന്നു.

  1. സകലവും ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച സർവശക്തനും അത്യുന്നതനുമായ ഞാൻ നിന്നെപ്രതി എന്നെത്തന്നെ മനുഷ്യന് കീഴ്പ്പെടുത്തി. എങ്കിൽ വെറും ധൂളിയും ശൂന്യവുമായ നീ ദൈവത്തെ പ്രതി മനുഷ്യന് നിന്നെത്തന്നെ കീഴ്പ്പെടുത്തുന്നത് വലിയ കാര്യമാണോ?

നിന്റെ എളിമയാൽ നിന്റെ അഹങ്കാരത്തെ ജയിക്കുവാൻ വേണ്ടി ഞാൻ സകല മനുഷ്യരിലും വച്ച്ഏറ്റവും എളിയവനും ഹീനനുമായി തീർന്നു.

ഹേ, ധൂളി, അനുസരിക്കാൻ പഠിക്കുക. ചാമ്പലും ചെളിയുമായവനെ, നിന്നെത്തന്നെ താഴ്ത്തി എല്ലാവരുടെയും പാദങ്ങളാൽ ചവിട്ടിത്തേയ്ക്കപ്പെടുവാൻ അനുവദിക്കുക.

മനസ്സിനെ കീഴടക്കി, സർവകാര്യങ്ങളിലും നീ കീഴ്‌വഴക്കമുള്ളവനായിരിക്കുക.

  1. നിന്നോട് തന്നെ കോപിക്കുക. അഹങ്കാരം നിന്നിൽ പൊന്തിവരാൻ അനുവദിക്കരുത്. തെരുവീഥികളിലെ പൊടിയെന്ന പോലെ നിന്റെ മേൽ എല്ലാവരും കയറി ചവിട്ടി നടക്കട്ടെ.

അത്രയ്ക്കുമാത്രം എളിമയും വിധേയത്വവും നിനക്കുണ്ടായിരിക്കണം.

വ്യർത്ഥാഭിമാനിയായ മനുഷ്യാ, നിനക്ക് എന്താണ് ആവലാതിപ്പെടാനുള്ളത്?

നീചപാപി, പലപ്രാവശ്യം ദൈവത്തെ ദ്രോഹിക്കുകയും നരകത്തിനു യോഗ്യനായി തീരുകയും ചെയ്ത നിനക്ക് നിന്നെ നിന്ദിക്കുന്നവരോട് എന്ത് മറുപടി പറയാൻ കഴിയും?

നിന്റെ ആത്മാവ് എന്റെ ദൃഷ്ടിയിൽ അമൂല്യമായിരുന്നത് കൊണ്ട് ഞാൻ നിന്നെ രക്ഷിച്ചു. നീ എന്റെ സ്നേഹം ഗ്രഹിക്കാനും ഉപകാരങ്ങൾക്ക് നന്ദിയുമുള്ളവനായിരിക്കാനും, നേരായ കീഴ്‌വഴക്കവും എളിമയും ഉള്ളവനാകാനും, ക്ഷമയോടെ അപമാനങ്ങൾ സഹിക്കാനും വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്.

വായന വിചിന്തനം

ഈശോ ജീവിതം മുഴുവനും എന്നുവേണ്ട, കുരിശുമരണത്തോളം പൂർണമനസ്സാ കീഴ്‌വഴക്കത്തോടെയാണ് വർത്തിച്ചിരുന്നത്. എന്നാൽ എനിക്ക് അനുസരിക്കാൻ വൈമനസ്യമാണ്. സ്വാതന്ത്ര്യം പൂർണമായും ദൈവത്തിന്റെതാണ്. മനുഷ്യൻ അപരനെ അനുസരിച്ച് വിശുദ്ധി പ്രാപിക്കണമെന്നുള്ളതാണ് ദൈവതിരുമനസ്സ്.
ആകയാൽ അനുസരണത്തിലും കീഴ്‌വഴക്കത്തിലും ദിവ്യരക്ഷകനെ അനുസരിച്ചു ഞാൻ ജീവിക്കും. എന്റെ ഇഷ്ടപ്രകാരം യാതൊന്നും ഞാൻ ചെയ്കയില്ല.

പ്രാർത്ഥിക്കാം.

എന്റെ ദിവ്യരക്ഷകാ,എന്റെ തലവന്മാരിൽ അങ്ങയെ കണ്ട് അവരെ അനുസരിക്കുവാൻ എന്നെ പ്രേരിപ്പിക്കണമേ. അങ്ങ് നിർദേശിക്കുന്നവ പൂർണമനസ്സോടെ അനുസരിക്കാനുംഅങ്ങ് പഠിപ്പിക്കുന്നവ പൂർണമായി വിശ്വസിക്കുവാനും അങ്ങനെ, അങ്ങയുടെ കൃപാവരം യഥാസമയം പ്രാപിക്കാനും അന്ത്യത്തിൽ നിത്യമഹത്വം സിദ്ധിക്കാനും എനിക്ക്കൃപ ചെയ്യണമെ.

ആമേൻ

അനുസ്മരണവിഷയം :

നീ നിന്റെ ആത്മാവിനോട് വേണ്ടപോലെ യോജിച്ചു പോകാത്തതുകൊണ്ട്, നിന്നേക്കാൾ ഉപദ്രവകാരിയും ഭയങ്കരനുമായ വേറൊരു ശത്രു നിനക്കില്ല.

അഭ്യാസം :

തലവന്മാർക്ക് സന്തോഷപൂർവം കീഴ്‌വഴങ്ങുക : ദൈവത്തെപ്രതി അവരെ അനുസരിക്കുക.

അനുദിന പ്രാർത്ഥനകൾ

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.

ആമേൻ

2.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, 

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

പ്രാർത്ഥനകൾ, പരിശോധനകൾ, വിചിന്തനങ്ങൾ, സ്വയം പരിത്യാഗപ്രവൃത്തികൾ, പാപത്തെപ്പറ്റിയുള്ള മനസ്താപം, എന്നോടുതന്നെയുള്ള അവജ്ഞ – ഇവയെല്ലാം മറിയത്തിൻ്റെ പാദങ്ങളിലിരുന്നു നിർവ്വഹിക്കുക. അവളിൽനിന്നാണ് ആത്മജ്ഞാനത്തിനുള്ള പ്രകാശം നാം പ്രതീക്ഷിക്കുക. അവളുടെ സമീപത്താകുമ്പോൾ നമ്മുടെ ദുരിതാവസ്ഥയുടെ ആഴങ്ങൾ ശരിയായി തിട്ടപ്പെടുത്തുവാനും അതിൽ നിരാശപ്പെടാതിരിക്കുവാനും സാധിക്കും.