UncategorizedVimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം.– ✝️ പതിനാറാം ദിവസം

രണ്ടാം ഘട്ടം – ആത്മ ജ്ഞാനം

(ഒന്നാമത്തെ ആഴ്ച)

” ഒന്നാമത്തെ ആഴ്ചയിലെ എല്ലാ പ്രാർത്ഥനകളും ഭക്താനുഷ്ഠാനങ്ങളും ആത്മ ജ്ഞാനത്തിനും തങ്ങളുടെ പാപങ്ങളെ കുറിച്ചുള്ള പശ്ചാത്താപത്തിനുമായി ഉപയോഗിക്കണം. “

നമ്മുടെ അരൂപിയും യേശുവിന്റെ അരൂപിയും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി ഈ ആഴ്ചയിൽ അധികമായി പരിഗണിക്കേണ്ടതില്ല. നമ്മുടെ പാപങ്ങൾ, നമ്മെ എത്തിച്ച ദയനീയവും വിനീതവുമായ അവസ്ഥയെ കുറിച്ചാണ് നാം ധ്യാനിക്കേണ്ടത്. ക്രിസ്തീയ പരിപൂർണത എന്നത് നമ്മുടെ കർത്താവുമായുള്ള പരിപൂർണ ഐക്യമാണല്ലോ. അതിലേയ്ക്ക് നയിക്കുന്ന എളുപ്പവും സുനിശ്ചിതവും പരിപൂർണവുമായ മാർഗ്ഗമാണ് ഈ മരിയ ഭക്തി.നമ്മുടെ നിസ്സഹായതയും ദുരിതവും നന്നേ ബോദ്ധ്യപ്പെട്ടു കൊണ്ട് ഈ വഴിയിലേയ്ക്ക് ഗൗരവപൂർവ്വം പ്രവേശിക്കാം.
എന്നാൽ നമ്മെപ്പറ്റി തന്നെയുള്ള അറിവില്ലാതെ ഇത് എങ്ങനെ ലഭ്യമാകും?

ധ്യാനവായന

ക്രിസ്താനുകരണം: രണ്ടാം പുസ്തകം
അദ്ധ്യായം -5

ആത്മപരിശോധന

  1. നാം നമ്മിൽത്തന്നെ കണക്കിലേറെ ആശ്രയിക്കരുത്. പലപ്പോഴും നമുക്കു ദൈവപ്രസാദവും വിവേകവുമില്ല.

നമ്മിലുള്ള വെളിച്ചം തുച്ഛമാണ്. അതു നമ്മുടെ ഉദാസീനതയാൽ വേഗം നഷ്ടപ്പെടുന്നു.

ആന്തരികമായി നമ്മുടെ അന്ധത എത്രമാത്രമെന്നു സാധാരണയായി നാം നിനയ്ക്കാറില്ല.

നാം പലപ്പോഴും തെറ്റു ചെയ്യുന്നു. അതുപോരാഞ്ഞിട്ട് ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടുമിരിക്കുന്നു.

ദുരാശകൾ പലപ്പോഴും നമ്മെ വ്യതിചലിപ്പിക്കുന്നുണ്ട്. നാം അതിനെ തീക്ഷ്ണതയായി വീക്ഷിക്കുന്നു.

അന്യരിലുള്ള നിസ്സാര കുറ്റങ്ങൾ നാം കാണുന്നു. എന്നാൽ നമ്മിലുള്ള വലിയ കുറ്റങ്ങൾ ഗൗനിക്കുന്നില്ല.

അന്യരിൽ നിന്നു നാം അനുഭവിക്കുന്ന അനർത്ഥങ്ങൾ എന്തെല്ലാമെന്ന് അതിവേഗം മനസ്സിലാക്കി, അവയെപ്പറ്റി ചിന്തിക്കുന്നു.

എന്നാൽ, നാം മൂലം അന്യർ സഹിക്കുന്ന അനർത്ഥങ്ങൾ നാം ചിന്തിക്കുന്നതേയില്ല.

സ്വന്തം കാര്യങ്ങളെപ്പറ്റി നന്നായും പൂർണ്ണമായും ചിന്തിക്കുന്നവൻ അന്യരെ അതികഠിനമായി വിധിക്കയില്ല.

  1. ആന്തരിക മനുഷ്യൻ സർവ്വകാര്യങ്ങൾക്കും ഉപരിയായി തന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. തന്നെത്തന്നെ സൂക്ഷ്മമായി പരിശോധിക്കുന്നവൻ അന്യരെപ്പറ്റി മൗനം ദീക്ഷിക്കുകയേയുള്ളൂ.

അന്യരെ സംബന്ധിക്കുന്നവയൊക്കെ മൗനത്തിൽ തള്ളിവിട്ട് നിന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിക്കാത്ത പക്ഷം, നീ ഒരിക്കലും ഭക്തനോ ആദ്ധ്യാത്മിക മനുഷ്യനോ ആയിത്തീരുകയില്ല.

നിന്റെ ശ്രദ്ധ മുഴുവനും നിന്നിലും ദൈവത്തിലും കേന്ദ്രീകൃതമാണെങ്കിൽ, നിനക്കു പുറമേയുള്ളവ നിന്നെ ഒട്ടും ഇളക്കാനിടയില്ല. എന്നാൽ, നിന്നെ ഉപേക്ഷിച്ചുകൊണ്ടു മറ്റെല്ലാ കാര്യങ്ങളും ജാഗ്രതയോടെ ചിന്തിച്ചിരുന്നാൽ നിനക്കെന്തു പ്രയോജനം?

പൂർണ്ണമായ സമാധാനവും യഥാർത്ഥമായ ഐക്യവുമുണ്ടാകണമെങ്കിൽ സമസ്തവും ഉപേക്ഷിച്ച് നിന്റെ നേത്രങ്ങളെ നിന്റെ നേർക്കുതന്നെ തിരിക്കുക.

  1. സകല ഭൗതികതാൽപര്യങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയാണെങ്കിൽ നിനക്കു പുണ്യാഭിവൃദ്ധിയുണ്ടാകും.

വല്ല ലൗകിക വസ്തുക്കളിലേയ്ക്കും നിന്റെ ശ്രദ്ധ തിരിഞ്ഞു പോയാൽ നിനക്കു വലിയ വീഴ്ചയുണ്ടാകും.

ദൈവമോ ദിവ്യമോ അല്ലാതെ മറ്റെന്തെങ്കിലും വലുതോ ശ്രേഷ്ഠമോ മധുരമോ പ്രിയങ്കരമോ ആയി നിനക്കുണ്ടാകരുത്.

സൃഷ്ടവസ്തുക്കളിൽ നിന്നു ലഭിക്കുന്ന സുഖങ്ങളെല്ലാം വ്യർത്ഥമാണെന്നു കരുതിക്കൊള്ളുക. ദൈവത്തെ സ്നേഹിക്കുന്ന ആത്മാവ് ദൈവത്തിനു താഴെയുള്ള സർവ്വത്തെയും വെറുക്കുന്നു.

നിത്യനും അപരിമേയനും സർവ്വവ്യാപിയുമായ ദൈവം മാത്രമാണ് ആത്മാവിന്റെ ആശ്വാസവും ഹൃദയത്തിന്റെ പരമാർത്ഥമായ ആനന്ദവും.

ധ്യാനവിചിന്തനം

ദൈവത്തെ നമ്മിലും നമ്മെ ദൈവത്തിലും കാണുന്നതും ഏകാഗ്രതവഴി ഈശോയുടെ ദൃഷ്ടിയിൽ ജീവിക്കുന്നതും എളിമവഴി അവിടുത്തെ കാൽക്കൽ ഇരിക്കുന്നതും ദൈവഹിതത്തിനു കീഴ്പ്പെട്ട് അവിടുത്തെ കരങ്ങളിൽ വർത്തിക്കുന്നതുമാണ് ക്രിസ്തീയ ജീവിതം. ഈശോയോടുള്ള നമ്മുടെ ഭക്തിയനുസരിച്ചായിരിക്കും ക്രിസ്തീയ ജീവിതത്തിന്റെ പുരോഗതി.

പ്രാർത്ഥിക്കാം:-

കർത്താവേ, നിസ്സാരകാര്യങ്ങളിൽ സമയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന എന്റെ മാനസികാലസതയെ അങ്ങു തിരുത്തുക. വ്യർത്ഥചിന്തകൾ അങ്ങയുടെ സാന്നിദ്ധ്യത്തിലുള്ള മാധുര്യം അപഹരിച്ചുകളയുന്നു; എന്റെ പ്രാർത്ഥനകളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. അങ്ങയുടെ സാന്നിദ്ധ്യത്തെപ്പറ്റി ബോധവാനായും എന്റെ പ്രാർത്ഥനാവിഷയം കൺമുമ്പിൽവച്ചും അങ്ങയെ പ്രീതിപ്പെടുത്തുവാനുള്ള ലക്ഷ്യത്തോടുകൂടെ പ്രാർത്ഥനയ്ക്ക് ഒരുങ്ങുവാൻ കർത്താവേ! എന്നോടു കനിയണമേ! ആമ്മേൻ

അനുസ്മരണാവിഷയം:

അന്യരിലുള്ള നിസ്സാര കുറ്റങ്ങൾ നാം കാണുന്നു; എന്നാൽ, തമ്മിലുള്ള വലിയ കുറ്റങ്ങൾ നാം ഗൗനിക്കുന്നില്ല.

അഭ്യാസം:

ദൈവത്തിലും നിന്നിലും നീ ശ്രദ്ധ പതിക്കുക; എന്നാൽ, നിനക്ക് ഒരുൽക്കണ്ഠയും ഉണ്ടാകയില്ല .

യഥാർത്ഥ മരിയഭക്തി
228-229

228.തങ്ങളെപ്പറ്റിത്തന്നെ യഥാർത്ഥമായ അറിവും തങ്ങളുടെ പാപങ്ങളെക്കുറിച്ചു പരിപൂർണ്ണമായ മനഃസ്താപവും ലഭിക്കുവാൻ വേണ്ടി അവർ ആദ്യത്തെ ആഴ്ചയിലെ പ്രാർത്ഥനകളും ഭക്തകൃത്യങ്ങളും ഈ ലക്ഷ്യത്തിനായി നിർവ്വഹിക്കണം. എളിമയുടെ അരൂപിയോടുകൂടി വേണം അവ ചെയ്യുവാൻ. അവർക്ക് ഇഷ്ടമെങ്കിൽ, നമ്മുടെ ദുഷിച്ച സ്വഭാവത്തെപ്പറ്റി ഞാൻ മുമ്പു പറഞ്ഞവ ധ്യാനിക്കാം.
ഇഴഞ്ഞു നീങ്ങുന്നിടമെല്ലാം വൃത്തികേടാക്കുന്ന ഒച്ചെന്നോ, പേക്കാന്തവളയെന്നോ, പന്നിയെന്നോ, പാമ്പെന്നോ അതുപോലെയുള്ള അശുദ്ധമായ ജന്തുക്കളെന്നോ സ്വയം സങ്കൽപ്പിച്ച് ഈ ആറുദിവസവും തങ്ങളെത്തന്നെ പരിശോധിക്കാവുന്നതാണ്. അഥവാ വിശുദ്ധ ബർണ്ണാർദ് നിർദ്ദേശിക്കുന്ന മൂന്നു കാര്യങ്ങൾ:
(1) നമ്മുടെ ലജ്ജാകരമായ ഉത്ഭവം
(2) ഇപ്പോഴത്തെ നമ്മുടെ നിന്ദ്യമായ അവസ്ഥ
(3) അവസാനം പുഴുക്കളുടെ ഭക്ഷണമായി നാം തീരുന്നത്.
ഇവയും ധ്യാനവിഷയമാക്കട്ടെ.
കൂടാതെ, വെളിച്ചം നൽകുവാൻ ദിവ്യനാഥനോടും പരിശുദ്ധാത്മാവിനോടും പ്രാർത്ഥിക്കണം. “എന്റെ കർത്താവേ, എനിക്ക് കാഴ്ച നൽകണമേ!” എന്നോ “ഞാൻ എന്നെത്തന്നെ അറിയുവാൻ അനുഗ്രഹമേകണേ!” (St. Augustine) എന്നോ “പരിശുദ്ധാത്മാവേ, അങ്ങ് എഴുന്നള്ളി വരുക!” എന്നോ ദിവസത്തിൽ പലപ്രാവശ്യം ഉരുവിടുക. ഈ പുസ്തകത്തിന്റെ പ്രഥമഭാഗത്ത് വ്യക്തമാക്കിയിരിക്കുന്നതുപോലെ, എല്ലാ ദിവസവും അവർ പരിശുദ്ധാത്മാവിന്റെ ലുത്തിനിയായും തുടർന്നുള്ള പ്രാർത്ഥനയും ചൊല്ലണം. എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനമായ ഈ മഹാദാനം നൽകുവാൻ പരിശുദ്ധ കന്യകയോട് അവർ കേണപേക്ഷിക്കുകയും ഈ ഉദ്ദേശ്യത്തിനായി എല്ലാ ദിവസവും “സമുദ്രതാരമേ, നിനക്കു സ്വസ്തി” എന്നു തുടങ്ങുന്ന പ്രാർത്ഥനയും പരിശുദ്ധ കന്യകയുടെ ലുത്തിനിയായും ചൊല്ലുകയും വേണം.

229.രണ്ടാമത്തെ ആഴ്ചയിൽ ഓരോ ദിവസത്തെയും എല്ലാ പ്രാര്ത്ഥനകളും പ്രവർത്തനങ്ങളും വഴി പരിശുദ്ധ കന്യകയെപ്പറ്റി ജ്ഞാനം സമ്പാദിക്കുവാനാണ് ശ്രമിക്കേണ്ടത് .ഈ ജ്ഞാനം നൽകുവാൻ പരിശുധാത്മാവിനോടു പ്രാർത്ഥിക്കുകയും കന്യകാമറിയത്തെ കുറിച്ച് നാം പ്രതിപാദിച്ചവ വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം .
പരിശുധാത്മാവിന്റെ ലുത്തീനിയായും ,സമുദ്രതാരമേ നിനക്ക് സ്വസ്തിയും ആദ്യത്തെ ആഴ്ചയിലെ പോലെ തുടരുക ,ഒരു കൊന്ത കുറഞ്ഞത് 5 രഹസ്യങ്ങളെങ്കിലും ചൊല്ലുകയാണ് കൂടുതലായി ചെയ്‌യേണ്ടത് .

അനുദിന പ്രാർത്ഥനകൾ

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.

ആമേൻ

2.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, 

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

പ്രാർത്ഥനകൾ, പരിശോധനകൾ, വിചിന്തനങ്ങൾ, സ്വയം പരിത്യാഗപ്രവൃത്തികൾ, പാപത്തെപ്പറ്റിയുള്ള മനസ്താപം, എന്നോടുതന്നെയുള്ള അവജ്ഞ – ഇവയെല്ലാം മറിയത്തിൻ്റെ പാദങ്ങളിലിരുന്നു നിർവ്വഹിക്കുക. അവളിൽനിന്നാണ് ആത്മജ്ഞാനത്തിനുള്ള പ്രകാശം നാം പ്രതീക്ഷിക്കുക. അവളുടെ സമീപത്താകുമ്പോൾ നമ്മുടെ ദുരിതാവസ്ഥയുടെ ആഴങ്ങൾ ശരിയായി തിട്ടപ്പെടുത്തുവാനും അതിൽ നിരാശപ്പെടാതിരിക്കുവാനും സാധിക്കും.