Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ ഇരുപത്തിരണ്ടാം ദിവസം

രണ്ടാം ആഴ്ച
പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവ്

“അവർ രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി ഉപയോഗിക്കണം ( നമ്പർ 229 കാണുക )

നാം മറിയത്തിലൂടെ യേശുവിനോട് ഐക്യപ്പെടണം. ഇതാണ് ഈ ഭക്തിയുടെ സ്വഭാവം. അത് കൊണ്ട് നാം രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി വിനിയോഗിക്കുവാൻ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നമ്മോട് ആവശ്യപ്പെടുന്നു.

മറിയം നമ്മുടെ രാജ്ഞിയും മധ്യസ്ഥയുമാണ്. നമ്മുടെ അമ്മയും നാഥയും. അവളുടെ രാജ്ഞിത്വത്തിന്റെയും മാദ്ധ്യസ്ഥത്തിന്റെയും മാതൃത്വത്തിന്റെയും ഫലങ്ങളെന്തെല്ലാമാണെന്നും അതോടൊപ്പം അവളുടെ ഔന്നത്യത്തിന്റെയും പ്രത്യേകാവകാശങ്ങളുടെയും സ്വഭാവം എന്തെല്ലാമെന്നും നാം അറിയണം. കാരണം ഇവയാണല്ലോ ഈ ഭക്തിയ്ക്കു അടിസ്ഥാനമായിട്ടുള്ളതും, പിന്നീടുള്ള ഫലങ്ങൾക്ക് നിദാനമായിട്ടുള്ളതും. നമ്മുടെ അമ്മ ഒന്നാന്തരം ഒരു മൂശയാണ്. അവളുടെ നിയോഗങ്ങളും മാനസിക ഭാവങ്ങളും നമ്മുടേതാകേണ്ടത് ഈ മൂശയിൽ വച്ചാണ്. മറിയത്തിന്റെ ആന്തരിക ജീവിതം പഠിക്കാതെ ഇത് നമുക്ക് സ്വന്തമാക്കുക അസാധ്യമത്രേ. എന്നുവച്ചാൽ അവളുടെ പുണ്യങ്ങൾ, അവളുടെ വികാര വിചാരങ്ങൾ, അവളുടെ വ്യാപാരങ്ങൾ, ക്രിസ്തു രഹസ്യത്തിലെ അവളുടെ ഭാഗഭാഗിത്വം, അവിടുത്തോടുള്ള ഐക്യം ഇവയെല്ലാം നമ്മുടെ പഠന വിഷയമാക്കണം.

ധ്യാന വായന:-

യഥാർത്ഥ മരിയ ഭക്തി

 1. മരിയ ഭക്തരുടെ പ്രത്യേകതകൾ

105.പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്ക് പഠിക്കാം. അതിന്റെ പ്രത്യേകതകൾ :
(1) ആന്തരികം (2) മൃദുലം (3) പരിശുദ്ധം (4) സുസ്ഥിരം (5) നിസ്വാർത്ഥം.

 1. ആന്തരികം
 2. യഥാർത്ഥ മരിയ ഭക്തി ആന്തരികമാണ്. ഹൃദയവും മനസ്സുമാണ്, അതിന്റെ ഉറവിടങ്ങൾ. മറിയത്തെ പറ്റിയുള്ള മതിപ്പിലും അവളുടെ മഹത്ത്വത്തെപ്പറ്റിയുള്ള വലിയ ആദരവിലും അവളോടുള്ള സ്നേഹത്തിലും നിന്നാണ് അത് പൊട്ടിപ്പുറപ്പെടുന്നത്.
 3. മൃദുലം
 4. ഒരു കുഞ്ഞിന് തന്റെ പ്രിയമാതാവിലുള്ളത് പോലെ സുദൃഢമാണ്, യഥാർത്ഥ ഭക്തർക്ക് മറിയത്തിലുള്ള പ്രത്യാശയും ആശ്രയവും. വലിയ വിശ്വാസത്തോടും നിഷ്കളങ്കമായ ശരണത്തോടും കൂടി, ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളിലും നിഷ്പ്രയാസം മറിയത്തെ സമീപിക്കുവാൻ അതു നമുക്ക് പ്രചോദനം നൽകും. തന്നിമിത്തം, എവിടെ വച്ചും എപ്പോഴും എന്തിനും നാം മാതാവിന്റെ സഹായം അഭ്യർത്ഥിക്കുന്നു. സംശയങ്ങളിൽ പ്രബോധനവും മാർഗ്ഗഭ്രംശങ്ങളിൽ നേർവഴിയും പരീക്ഷകളിൽ താങ്ങും ബലഹീനതകളിൽ ശക്തിയും അധഃപതനങ്ങളിൽ സമുദ്ധാരണവും അധൈര്യത്തിൽ ധീരതയും മനഃചാഞ്ചല്യങ്ങളിൽ ദൃഢചിത്തതയും അവൾ തരും ; അതിനാൽ ജീവിതത്തിലെ കുരിശുകൾ, വിഷമതകൾ, നിരാശതകൾ എന്നിവയിൽ ആശ്വാസം തേടി നാം മാതൃസമക്ഷം അണയുന്നു. ആദ്ധ്യാത്മികമോ ശാരീരികമോ ആയ എല്ലാ കഷ്ടതകളിലും മറിയമാണ് നമ്മുടെ ആശ്രയം. ഇപ്രകാരം ചെയ്യുന്നതു അവളെ അലട്ടുമെന്നോ, ക്രിസ്തുവിനെ അപ്രീതിപ്പെടുത്തുമെന്നോ യാതൊരു ഭയവും അവരിൽ ഉളവാക്കുന്നില്ല.

3.വിശുദ്ധം

 1. യഥാർത്ഥ മരിയഭക്തി വിശുദ്ധമാണ്. ഈ ഭക്തി നമ്മെ പാപത്തിൽ നിന്ന് ദൂരെയകറ്റും. മാത്രമല്ല, പരിശുദ്ധ കന്യകയുടെ പുണ്യങ്ങളെ അനുകരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. അവളുടെ അഗാധമായ എളിമയും സജീവവിശ്വാസവും അന്ധമായ അനുസരണവും നിരന്തരമായ പ്രാർത്ഥനയും എല്ലാറ്റിലുമുള്ള ആശാനിഗ്രഹവും ദൈവിക പരിശുദ്ധിയും ഊഷ്മളമായ സ്നേഹവും വീരോചിതമായ ക്ഷമയും മാലാഖയെപ്പോലുള്ള മാധുര്യവും ദിവ്യജ്ഞാനവും നമ്മിലേക്ക്‌ അവൾ പകരുന്നു. പരിശുദ്ധ കന്യകയിൽ പ്രശോഭിച്ചിരുന്ന പത്തു പ്രധാന പുണ്യങ്ങളാണിവ.
 2. സുസ്ഥിരം
 3. യഥാർത്ഥ ഭക്തിയുടെ മറ്റൊരു ലക്ഷണം സ്ഥിരതയാണ്. നന്മയിൽ അത് നമ്മെ ഉറപ്പിക്കും. ഭക്തകൃത്യങ്ങൾ അത്ര പെട്ടെന്ന് ഉപേക്ഷിച്ചു കളയാൻ അനുവദിക്കുന്നില്ല. ലോകത്തെയും ലൗകായതികത്വത്തെയും ജഡികപ്രവണതകളെയും പ്രകോപനങ്ങളെയും പൈശാചിക പരീക്ഷകളെയും നേരിടുവാൻ വേണ്ട ധൈര്യം അത് നമുക്കു പ്രദാനം ചെയ്യും. ആകയാൽ, ഒരു യഥാർത്ഥ മരിയഭക്തൻ ചഞ്ചലമനസ്‌ക്കനോ സംശയാലുവോ ഭീരുവോ അസ്ഥിരനോ അസ്വസ്ഥനോ അല്ല. പക്ഷേ അവൻ ഒരിക്കലും പാപത്തിൽ, അവന്റെ ഭക്ത വികാരങ്ങൾ എന്നെന്നും ഒന്ന് പോലെ നിലനിൽക്കുമെന്നോ വരുന്നില്ല. പാപത്തിൽ നിപതിക്കുന്നെങ്കിൽ, തന്റെ നല്ല മാതാവിന്റെ പക്കലേക്കു ഇരുകരങ്ങളും നീട്ടി സഹായാഭ്യർത്ഥനയുമായി അവനണയും. ഭക്തകൃത്യങ്ങളിൽ ഒരഭിരുചിയും തോന്നാതിരുന്നാലും അവൻ കുലുങ്ങുകയില്ല. കാരണം വിശ്വസ്തനും ഉത്തമനുമായ മരിയഭക്തൻ ഇന്ദ്രിയാനുഭൂതി വഴിയല്ല, പ്രത്യുത, മറിയത്തിലും ക്രിസ്തുവിലുമുള്ള വിശ്വാസം വഴിയാണ് ജീവിക്കുന്നത് (ഹെബ്രാ.10:38)
 4. നിസ്വാർത്ഥം
 5. ഇതാണ് ഈ ഭക്തിയുടെ ഒരു പ്രധാന ചിഹ്നം. നമ്മുടെ താത്പര്യങ്ങളെ അന്വേഷിക്കാതെ, ദൈവത്തെ മാത്രം അന്വേഷിക്കാനും ദൈവത്തെ അവിടുത്തേ പരിശുദ്ധ അമ്മയിൽ തേടുവാനും അത് നമ്മെ പ്രേരിപ്പിക്കുന്നു. താത്ക്കാലികമോ നിത്യമോ ശാരീരികമോ ആയ, സ്വാർത്ഥലാഭത്തെ ലാക്കാക്കിയല്ല, അവളത് അർഹിക്കുന്നതുകൊണ്ടും അവൾ വഴി ദൈവം ശുശ്രൂഷിക്കപ്പെടേണ്ടത് കൊണ്ടുമാണ്, യഥാർത്ഥ മരിയ ഭക്തർ ഈ മഹാരാജ്ഞിയെ ശുശ്രൂഷിക്കുക. അനുഗ്രഹങ്ങൾ ലഭിക്കുന്നത് കൊണ്ടോ ഇനിയും ദാനങ്ങൾ പ്രതീക്ഷിക്കാവുന്നത് കൊണ്ടോ അല്ല അവർ മറിയത്തെ സ്നേഹിക്കുന്നത്. അവൾ സ്നേഹയോഗ്യയാണ് ;അതുമാത്രമാണ്, അവർ അവളെ സ്നേഹിക്കാൻ കാരണം. ആദ്ധ്യാത്മിക ക്ലേശങ്ങളിലും ആദ്ധ്യാത്മികാനന്ദങ്ങളിലും ഒന്നുപോലെ അവർ അവളെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിന്റെ ഹേതുവുമിതാണ്. കാനായിലെ കല്യാണവിരുന്നിലും, കാൽവരിയിലെ കുരിശ്ശിൻ ചുവട്ടിലും അവർ ഒന്നുപോലെ അവളെ സ്നേഹിക്കും.

ഓ! നിസ്വാർത്ഥമായി മാതൃശുശ്രൂഷ ചെയ്യുന്ന ഭക്തർ ദൈവത്തിന്റെയും അവിടുത്തേ പരിശുദ്ധമാതാവിന്റെയും ദൃഷ്ടിയിൽ എത്ര പ്രിയങ്കരരും വിലയുള്ളവരുമല്ല! എന്നാൽ, ആധുനിക കാലത്ത് അപ്രകാരമുള്ളവർ എത്ര വിരളം! അങ്ങനെയുള്ളവരുടെ സംഖ്യ വർദ്ധിക്കുവാൻ വേണ്ടിയാണു രഹസ്യമായും പരസ്യമായും ഞാൻ പഠിപ്പിച്ചിട്ടുള്ളവ ഇവിടെ രേഖപ്പെടുത്തുക. എന്റെ സുദീർഘമായ മിഷൻ പ്രവർത്തനങ്ങളിൽ അവ ഒത്തിരിയേറെ ഫലം പുറപ്പെടുവിച്ചു.

അനുദിന പ്രാർത്ഥനകൾ :- (7 ദിവസവും ഈ 5പ്രാർത്ഥനകൾ തന്നെയാണ് മാറ്റമില്ല )

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.

ആമേൻ

2.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന

മറിയമേ, നിത്യ പിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയമായ അമ്മേ സ്വസ്തി! പരിശുദ്ധത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയെ സ്വസ്തി! എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞീ, എന്റെ സന്തോഷമേ, എന്റെ മഹത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ അങ്ങേക്ക് സ്വസ്തി! അങ്ങ് മുഴുവനും എന്റേതായതു കാരുണ്യത്താലാണല്ലോ. ഞാൻ പൂർണമായും അങ്ങയുടേതായതോ
നീതിമൂലമത്രേ. പക്ഷേ ഇപ്പോഴും ഞാൻ പൂർണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ, എന്നെ തന്നെ പൂർണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽ നിന്ന് എടുത്തു മാറ്റണമേ. എന്റേതായ എല്ലാറ്റിന്റെയും പരമാധികാരിയായ നാഥ അങ്ങ് മാത്രമാകണമേ. ദൈവത്തിനു അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞു ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നൽകുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമെ.

അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ.
അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാം കുറവുകളും പരിഹരിച്ചു ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ. അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേക്ക് സാധ്യമെങ്കിൽ യേശുവിനെയും അവിടുത്തെ തിരുഹിതത്തെയും അറിയുവാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതെയിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹം കൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ. ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ ആത്മീയാനന്ദങ്ങൾ പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ. പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നു കൊണ്ട് മാലാഖാമാരുടെയും മനുഷ്യരുടെയും പിശാചിന്റെയും മേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക, അതും അങ്ങയുടെ അവകാശമാണ്. അങ്ങയുടെ ഇഷ്ടം പോലെ ദൈവത്തിന്റെ എല്ലാം ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശം തന്നെ.

ഇവയത്രേ ദൈവം അങ്ങേക്ക് തന്ന “നല്ല ഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽ നിന്ന് ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദം കൊണ്ട് നിറയുന്നു. ഐഹിക ജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ആത്മീയ സന്തോഷം കൂടാതെയുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവം സഹനങ്ങൾ ഏറ്റെടുക്കുക. വിശ്രമമെന്യേ തന്നോട് തന്നെ മരിക്കുക. അങ്ങേക്ക് വേണ്ടി മരണം വരെ ഒരു വിനീത അടിമയെ പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക- ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളു. ഒരേ ഒരു അനുഗ്രഹമേ എനിക്ക് വേണ്ടൂ. അവിടുന്ന് ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമ്മേൻ- അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്നു ഇപ്പോൾ സ്വർഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്ന് എന്റെ ആത്മാവിൽ ചെയ്യുന്നവയ്‌ക്കെല്ലാം ആമ്മേൻ -അങ്ങനെയാകട്ടെ എന്നും പറയുവാനും അങ്ങനെ ജീവിതകാലത്തിലും, നിത്യത്വത്തിലും അങ്ങ് മാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ ആമ്മേൻ.

4.പരിശുദ്ധ ദൈവമാതാവിൻറെ ജപമാല:

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവേശ്വരാ കർത്താവേ,നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിൻറെ സ്തുതിക്കായി ജപമാലയർപ്പിക്കുവിൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ.

അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.
ആമേൻ

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.

കൊന്തയുടെ ഓരോ രഹസ്യവും കഴിഞ്ഞു ചൊല്ലുന്ന ഫാത്തിമാ സുകൃത ജപം

ഓ! ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ

( തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു )

1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭം ധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

4.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

പ്രകാശ രഹസ്യങ്ങൾ
(എല്ലാ വ്യാഴാഴ്‌ചകളിലും ചൊല്ലുന്നു )

1.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന്‌ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും “ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍” എന്ന്‌ സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ദു:ഖകരമായ ദിവ്യ രഹസ്യങ്ങൾ
( ചൊവ്വ,വെള്ളി ദിവസങ്ങളിൽ )

1.നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ, ഞായർ ദിവസങ്ങളിൽ )

1.”നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

4.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ജപമാല സമർപ്പണം:

മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മായെ , ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .

5.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, 

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

അദ്ധ്യാത്മിക അഭ്യാസങ്ങൾ :

ഉപവി പ്രവൃത്തികൾ, അമ്മയോടുള്ള സ്നേഹപ്രകരണങ്ങൾ, അവളുടെ പുണ്യങ്ങൾ അനുകരിക്കുക, പ്രത്യേകിച്ചും അവളുടെ അഗാധമായ എളിമ, സജീവ വിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസിക പ്രാർത്ഥന, എല്ലാകാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവിക ജ്ഞാനം,ദൈവിക പരിശുദ്ധി, വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് പറയും പോലെ ഇവ പത്തുമാണ് പരിശുദ്ധ അമ്മയുടെ പ്രധാന പുണ്യങ്ങൾ.