Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ ഇരുപത്തിനാലാം ദിവസം

രണ്ടാം ആഴ്ച :

പരിശുദ്ധ കന്യകയെകുറിച്ചുള്ള അറിവ്

“അവർ രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി ഉപയോഗിക്കണം ( നമ്പർ 229 കാണുക )

നാം മറിയത്തിലൂടെ യേശുവിനോട് ഐക്യപ്പെടണം. ഇതാണ് ഈ ഭക്തിയുടെ സ്വഭാവം. അത് കൊണ്ട് നാം രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി വിനിയോഗിക്കുവാൻ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നമ്മോട് ആവശ്യപ്പെടുന്നു.

മറിയം നമ്മുടെ രാജ്ഞിയും മധ്യസ്ഥയുമാണ്. നമ്മുടെ അമ്മയും നാഥയും. അവളുടെ രാജ്ഞിത്വത്തിന്റെയും മാദ്ധ്യസ്ഥത്തിന്റെയും മാതൃത്വത്തിന്റെയും ഫലങ്ങളെന്തെല്ലാമാണെന്നും അതോടൊപ്പം അവളുടെ ഔന്നത്യത്തിന്റെയും പ്രത്യേകാവകാശങ്ങളുടെയും സ്വഭാവം എന്തെല്ലാമെന്നും നാം അറിയണം. കാരണം ഇവയാണല്ലോ ഈ ഭക്തിയ്ക്കു അടിസ്ഥാനമായിട്ടുള്ളതും, പിന്നീടുള്ള ഫലങ്ങൾക്ക് നിദാനമായിട്ടുള്ളതും. നമ്മുടെ അമ്മ ഒന്നാന്തരം ഒരു മൂശയാണ്. അവളുടെ നിയോഗങ്ങളും മാനസിക ഭാവങ്ങളും നമ്മുടേതാകേണ്ടത് ഈ മൂശയിൽ വച്ചാണ്. മറിയത്തിന്റെ ആന്തരിക ജീവിതം പഠിക്കാതെ ഇത് നമുക്ക് സ്വന്തമാക്കുക അസാധ്യമത്രേ. എന്നുവച്ചാൽ അവളുടെ പുണ്യങ്ങൾ, അവളുടെ വികാര വിചാരങ്ങൾ, അവളുടെ വ്യാപാരങ്ങൾ, ക്രിസ്തു രഹസ്യത്തിലെ അവളുടെ ഭാഗഭാഗിത്വം, അവിടുത്തോടുള്ള ഐക്യം ഇവയെല്ലാം നമ്മുടെ പഠന വിഷയമാക്കണം.

ധ്യാന വായന

യഥാർത്ഥ മരിയഭക്തി

ഈ ഭക്തി യേശുനാഥനുമായുള്ള ഐക്യത്തിനു വഴി തെളിക്കുന്നു.

152.ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വവും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്.

 1. ഈ ഭക്തി സുഗമമായ ഒരു മാർഗ്ഗമാകുന്നു.

ഇതു സുഗമമായ ഒരു മാർഗ്ഗമാണ്. നമ്മുടെ പക്കലേക്കു വരുവാൻ ഈശോമിശിഹാ നടന്നു നീങ്ങിയ പാതയാണിത്. ഇതിലൂടെ അവിടുത്തെ സമീപിക്കുവാൻ ഒരു തടസ്സവുമില്ല. വേറെ മാർഗ്ഗത്തിലൂടെയും നമുക്കു ദൈവവുമായി ഐക്യപ്പെടാം. പക്ഷേ മറ്റു വഴികൾ സ്വീകരിച്ചാൽ വളരെയധികം കുരിശുകളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും മരണാപകടങ്ങളും തരണം ചെയ്തേ മതിയാകൂ. അവയെ തരണം ചെയ്യുക വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. നാം അന്ധകാരം നിറഞ്ഞ രാത്രികൾ പിന്നിടേണ്ടി വരാം. നമുക്കു യുദ്ധം ചെയ്യേണ്ടതുണ്ടാവാം. അസാധാരണമായ ദുരിതങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്യുന്നതങ്ങളും കിഴുക്കാംതൂക്കുമായ പർവ്വതനിരകളെ കടന്നു പോകേണ്ടതുണ്ടാവാം, കൂർത്തു മൂർത്ത മുള്ളുകൾ നമ്മുടെ പ്രയാണ മാർഗ്ഗത്തിൽ നിരന്നു വന്നേക്കാം, ഭയാനകമായ മണലാരണ്യങ്ങൾ നടന്നു നീങ്ങേണ്ടതുണ്ടാവാം. എന്നാൽ, മറിയമാകുന്ന വഴിയിലൂടെ ആണെങ്കിൽ നമുക്ക് സുഖമായും സ്വസ്ഥമായും സഞ്ചരിക്കാം.

നാമും ഉഗ്രസമരം ചെയ്യുകയും വലിയ പ്രയാസങ്ങളെ നേരിടുകയും വേണം. പക്ഷേ, സ്നേഹം നിറഞ്ഞ ഈ അമ്മ തന്റെ വിശ്വസ്തസേവകരുടെ തൊട്ടരുകിൽനിന്ന് അന്ധകാരത്തെ അകറ്റുന്നു; സംശയങ്ങളിൽ അവരെ പ്രകാശിപ്പിക്കുന്നു; ആശങ്കകളിൽ ആശ്വാസമരുളുന്നു; സമരങ്ങളിലും ക്ലേശത്തിലും ശക്തി നൽകുന്നു. ക്രിസ്തുനാഥനെ അന്വേഷിക്കുന്നവർക്ക് ഈ നവീനമാർഗ്ഗം മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ മനോഹരവും സുഗമവുമാണ്. ഇതരവഴികളോടു തുലനം ചെയ്യുമ്പോൾ മധുവും റോസാപ്പൂക്കളും നിറഞ്ഞതാണീ വഴി. മറിയത്തിന്റെ ദിവ്യമണവാളനായ പരിശുദ്ധാത്മാവ് പ്രത്യേകം വെളിപ്പെടുത്തിക്കൊടുത്തതിനാൽ, ഈശോയെ സമീപിക്കുവാൻ ഈ ഉത്തമമാർഗ്ഗം സ്വീകരിച്ച അപൂർവ്വം ചില പുണ്യവാന്മാരുണ്ട്. അവരുടെ സംഖ്യ നന്നേ തുച്ഛമത്രേ. അവരിൽ ചിലരാണ് വിശുദ്ധ എഫ്രേം, വിശുദ്ധ ജോൺ ഡമാഷീൻ, വിശുദ്ധ ബർണ്ണാർദ്, വിശുദ്ധ ബർണ്ണാഡിൻ, വിശുദ്ധ ബൊനവഞ്ചർ, വിശുദ്ധ ഫ്രാൻസിസ് സാലസ് തുടങ്ങിയവർ. സംഖ്യയിൽ വളരെക്കൂടുതൽ വരുന്ന മറ്റു പുണ്യവാന്മാർ മറിയത്തോടു ഭക്തരായിരുന്നെങ്കിലും, ഒന്നുകിൽ ഈ വഴിയിൽ പ്രവേശിച്ചില്ല, അല്ലെങ്കിൽ അല്പം മാത്രമേ കടന്നുള്ളൂ; അതുകൊണ്ടാണ് അവർക്കു കൂടുതൽ ദുർഘടവും അപകടകരവുമായ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടി വന്നതും.

 1. ഇവിടെ ചില വിശ്വസ്ത ദാസരിൽനിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസർക്ക്, മറിയത്തോട് വലിയ ഭക്തിയില്ലാത്തവരെക്കാൾ കൂടുതൽ സഹിക്കേണ്ടി വരുന്നതെന്തു കൊണ്ടാണെന്ന്. അന്യർ ഇവരോടെതിർക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു, അധിക്ഷേപിക്കുന്നു-പോരാ, അവർക്ക് ഇവരുടെ സാന്നിധ്യം സഹിച്ചു കൂടാ. അല്ലെങ്കിൽ, ഇവർ സ്വർഗ്ഗീയ വെൺമഞ്ഞിന്റെ ഒരു തുള്ളിപോലും ആസ്വദിക്കുവാൻ സാധിക്കാത്ത ആന്തരിക അന്ധകാരത്തിലും ആധ്യാത്മിക മരുഭൂമികളിലും തപ്പിത്തടയുന്നു. പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ഈശോയുടെ പക്കലേക്കുള്ള എളുപ്പവഴിയെങ്കിൽ, ഇവർ ഏറ്റവുമധികം അവഹേളിതരാകുന്നത് എന്തുകൊണ്ട്?
 2. ഇതാണു മറുപടി: പരിശുദ്ധ കന്യകയുടെ ഏറ്റവും വിശ്വസ്തദാസന്മാർ, അവൾക്ക് അത്യധികം പ്രിയപ്പെട്ടവരാണ് എന്നതു പരമസത്യം. അക്കാരണത്താൽ അവളിൽനിന്ന് ഏറ്റവുമധികം സ്വർഗ്ഗീയ സഹായങ്ങളും ആനുകൂല്യങ്ങളും അവർ സ്വീകരിക്കുന്നുണ്ട്; അവ കുരിശുകളാണെന്നു മാത്രം. കൂടുതൽ കുരിശുകൾ പ്രയാസം കൂടാതെ വഹിക്കുന്നതും അവയിൽനിന്നു കൂടുതൽ യോഗ്യതയും മഹത്വവും സമ്പാദിക്കുന്നതും അവർ തന്നെയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. സാധാരണക്കാരന്റെ അഭിവൃദ്ധിയെ ഒരായിരത്തിലേറെ പ്രാവശ്യം തടയുകയും, ചിലപ്പോൾ അവനെ വീഴ്ത്തുകയും ചെയ്യുന്നവ ഒരിക്കൽപ്പോലും മരിയഭക്തനെ തടസ്സപ്പെടുത്തുകയില്ല. പ്രത്യുത കൂടുതൽ ശക്തിയോടെ മുന്നേറാനാണ് അവ സഹായിക്കുക. കാരണം പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകമുള്ളവളും അവിടുത്തെ കൃപാവരങ്ങളാൽ പരിപൂരിതയുമായ മറിയം, തന്റെ ആശ്രിതർക്കു പരിശുദ്ധമായ സ്നേഹവും മാധുര്യവും കലർത്തി, കൈപ്പേറിയ കുരിശുകൾ ആണെങ്കിലും പാകപ്പെടുത്തിയാണു സമ്മാനിക്കുക. തന്മൂലം അവയെ സസന്തോഷം സ്വീകരിക്കുവാൻ അവർ സന്നദ്ധരാകുന്നു. യേശുക്രിസ്തുവിന്റെ വലിയ ഭക്തനായി അവിടുത്തോടു വിശ്വസ്തനുമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുവന്, അവശ്യം പിന്നിടേണ്ടി വരുന്ന പീഡനവും അനുദിനം വഹിക്കേണ്ടിവരുന്ന കുരിശുകളും നിരവധിയാണല്ലോ. അമ്മയോടുള്ള ആർദ്രമായ സ്നേഹം കൂടാതെ ഒന്നുകിൽ വലിയ കുരിശുകൾ ഒരിക്കലും വഹിക്കുകയില്ല അഥവാ സന്തോഷത്തോടും സ്ഥിരതയോടുംകൂടി അവ വഹിക്കില്ല. അവളുടെ സ്നേഹമാണ് കുരിശുകളെ മാധുര്യപൂർണ്ണമാക്കുക. പഞ്ചസാര ചേർത്ത്, അരുചികരമായ പഴുക്കാത്ത ഫലങ്ങൾ ഭക്ഷ്യയോഗ്യമാക്കുന്ന പോലെയാണിത്.
 3. ഇത് ഒരു ഹ്രസ്വമായ വഴിയാകുന്നു.
 4. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടു കൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയേക്കാൾ വളരെക്കുറച്ചു സമയംകൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. “മറിയത്തെ അനുസരിക്കുകയും അവൾക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യൻ തന്റെ ശത്രുക്കളെയെല്ലാം തോൽപിച്ചു ജയഗീതം പാടും”. ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്നിക്കും എന്നതു സത്യമാണ്. എന്നാൽ അവളുടെ പിന്തുണയും സഹായവും നേതൃത്വവും മൂലം, അവൻ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല, വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവൻ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും ചുരുങ്ങിയ സമയം കൊണ്ട് “ഒരു മല്ലനെപ്പോലെ പ്രസന്നതയോടെ”കടന്നുവന്നത്.
 5. ഈശോമിശിഹാ വളരെക്കുറച്ചു കാലം മാത്രമേ ലോകത്തിൽ ചെലവഴിച്ചുള്ളൂ. അതിൽ അധികഭാഗവും തന്നെ മാതാവിനെ അനുസരിച്ചും വിധേയമായുമാണ് അവിടുന്ന് കഴിഞ്ഞു കൂടിയത്. അതെന്തു കൊണ്ടായിരിക്കാം? കുറച്ചുകാലംകൊണ്ടു പൂർണ്ണത പ്രാപിച്ച (ജ്ഞാനം 4:13) അവിടുന്ന് ദീർഘകാലം ജീവിച്ചു – തൊള്ളായിരം വർഷങ്ങളിലേറെ ജീവിച്ച ആദത്തേക്കാളും കൂടുതൽ കാലം. കാരണം ആദത്തിന്റെ വീഴ്ചയ്ക്കു പരിഹാരം ചെയ്യാനാണല്ലോ അവിടുന്ന് വന്നത്. യേശുക്രിസ്തു തന്റെ അമ്മയ്ക്കു പരിപൂർണ്ണമായി വിധേയമായും, അവളോടു ഗാഢൈക്യം പുലർത്തിയും അതിലൂടെ പിതാവിനെ അനുസരിച്ചും വളരെക്കാലം ജീവിച്ചു എന്നുപറയാം.
  എന്തുകൊണ്ടെന്നാൽ:

(1) പരിശുദ്ധാത്മാവു പറയുന്നു ഒരുവൻ തന്റെ അമ്മയെ ബഹുമാനിക്കുമ്പോൾ നിധി കൂട്ടിവയ്ക്കുകയാണ് എന്ന്. ഒരുവൻ തന്നെത്തന്നെ മറിയത്തിന് പൂർണ്ണമായി വിധേയമാക്കുകയും അവളെ പൂർണ്ണമായി അനുസരിക്കുകയും ചെയ്തുകൊണ്ട് അവളെ മഹത്വപ്പെടുത്തിയാൽ അതിവേഗം അയാൾക്കു വലിയ സമ്പന്നനാകാം. തൊടുന്നതെല്ലാം പൊന്നാക്കുന്ന മറിയംമൂലം, അവൻ ഓരോ ദിവസവും വലിയ നിധികളാണ് സംഭരിക്കുക. “അമ്മയെ ബഹുമാനിക്കുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു”

(2) എന്റെ വാർദ്ധക്യകാലം ഉദരത്തിന്റെ കാരുണ്യത്തിലാണ്. നിഗൂഢാർത്ഥം ധ്വനിപ്പിക്കുന്നതും ദൈവനിവേശിതവുമായ ഈ വാക്യപ്രകാരം, മറിയത്തിൻ്റെ ഉദരത്തെയാണ് ഇതു സൂചിപ്പിക്കുക. മറിയത്തിന്റെ ഉദരമാണ് ഒരു പരിപൂർണ്ണനായ മനുഷ്യനെ ഉത്പാദിപ്പിച്ചതും സംവഹിച്ചതും ആ ഉദരത്തിനു മാത്രമേ ഈ പ്രപഞ്ചത്തിനു മുഴുവനും ഉൾക്കൊള്ളാനും ഗ്രഹിക്കാനും പറ്റാത്തവനെ ഉൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അതെ, അമ്മയുടെ ഉദരത്തിൽ, ചെറുപ്പക്കാർ പ്രകാശത്തിലും അനുഭവജ്ഞാനത്തിലും വിശുദ്ധിയിലും വിവേകത്തിലും അതിവേഗം പ്രായപൂർത്തിയിലെത്തും. എന്നുവച്ചാൽ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് യേശുവിന്റെ പ്രായപൂർണ്ണതയിലേക്കു വളരും.

 1. ഇത് പരിപൂർണ്ണമായ ഒരു മാർഗ്ഗമാണ്.
 2. ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാൻ, തന്റെ വിശിഷ്ടവും മഹത്വപൂർണ്ണവുമായ യാത്രയ്ക്ക് മറ്റൊരുവഴി സ്വീകരിച്ചില്ല. അഗ്രാഹ്യനും അപ്രാപ്യനും സ്വയംഭൂവുമായ അത്യുന്നതൻ ഒന്നുമല്ലാത്ത നിസ്സാര കീടങ്ങളായ നമ്മുടെ പക്കൽ വരുവാൻ തിരുമനസ്സായി! ഇതെങ്ങനെ സംഭവിച്ചു? എളിമയുടെ മണിമകുടമായ മറിയം വഴി അത്യുന്നതൻ അതിശ്രേഷ്ഠമാം വിധം – തന്റെ ദൈവത്വത്തിനും വിശുദ്ധിക്കും യാതൊരു കോട്ടവും വരുത്താതെ – നമ്മുടെ പക്കലേക്കു വന്നു. അതുകൊണ്ട്, മറിയം വഴി തന്നെയാണ് എളിയവരായ നാമും ഉത്തമമാം വിധം, നിർഭയരായി അത്യുന്നതനെ സമീപിക്കേണ്ടതും. അഗ്രാഹ്യനായ ദൈവം തന്നെ അറിയുവാനും പരിപൂർണ്ണമായി തന്നെ ഉൾക്കൊള്ളുവാനും മറിയത്തെ അനുവദിച്ചു. അത് അവിടുത്തെ അനന്തതയ്ക്ക് ഒരു കുറവും വരുത്തിയില്ല താനും. അതുപോലെ നാം സ്വയം ഒന്നും സൂക്ഷിക്കാതെ നമ്മെ പരിപൂർണ്ണമായി ഉൾക്കൊള്ളുവാനും നയിക്കുവാനും മറിയത്തെ അനുവദിക്കണം. അപ്രാപ്യനായ ദൈവം തന്റെ ഔന്നത്യം ഒട്ടുംതന്നെ നഷ്ടപ്പെടുത്താതെ മറിയം വഴി നമ്മെ സമീപിച്ചു; ഗാഢവും പൂർണ്ണവും വ്യക്തിപരവുമായി അവിടുന്നു സ്വയം മനുഷ്യത്വത്തോട് ഒട്ടിച്ചേർന്നു. ആകയാൽ, തിരസ്കൃതരാകുമെന്നു ഭയപ്പെടാതെ മറിയം വഴി ദൈവത്തെ സമീപിച്ച്, ഗാഢവും പൂർണ്ണവുമായി നമ്മെ അവിടുത്തോട് യോജിപ്പിക്കണം. “ആകുന്നവനായ അവിടുന്ന്,” അതെ, നിത്യനായ അവിടുന്ന് ഒന്നുമല്ലാത്ത അവസ്ഥയിലേക്കു കടന്നുവന്ന്, അതിനെ ആകുന്നവനെക്കൊണ്ട് നിറച്ചു. അവിടുന്നു സ്വയം പരിപൂർണ്ണമായി, കുമാരിയായ മറിയത്തിനു നൽകിക്കൊണ്ടും വിധേയനായിക്കൊണ്ടുമാണ് ഇതു നിർവ്വഹിച്ചത്. അങ്ങനെ, നിത്യനായ അവിടുന്നു സമയത്തിനു വിധേയമാകുവാൻ മടിച്ചില്ല. അതുപോലെ ഒന്നുമല്ലാത്ത നമുക്ക് ഭയലേശമെന്യേ, യാതൊന്നും നമുക്കായി സൂക്ഷിക്കാതെ, നമ്മെത്തന്നെ ഉത്തമയും പൂർണ്ണയുമായ മറിയത്തിനു നൽകിക്കൊണ്ടു മറിയംവഴി കൃപാവരത്തിലും മഹത്വത്തിലും ദൈവത്തെപ്പോലെ ആകാം.

158.ക്രിസ്തുനാഥന്റെ പക്കലേക്കു പോകുവാൻ നിങ്ങൾ ഒരു പുതിയ മാർഗ്ഗം തുറന്നു എന്നിരിക്കട്ടെ. വിശുദ്ധരുടെ എല്ലാ യോഗ്യതകൾ നിരത്തിയതും, അവരുടെ വീരോചിതമായ സുകൃതങ്ങളാൽ അലംകൃതവും, മാലാഖമാരുടെ പ്രഭകൊണ്ടു ശോഭനവും സൗന്ദര്യംകൊണ്ടു രമ്യവുമായ ഒരു പാത. അതിലേ സഞ്ചരിക്കുന്നവരെ നയിക്കുവാനും രക്ഷിക്കുവാനും താങ്ങുവാനും അകമ്പടി സേവിക്കുവാനും എല്ലാ മാലാഖമാരും പുണ്യവാന്മാരും ആ വഴിയിലുണ്ടെന്നും കരുതുക. ഞാൻ ആയിരം പ്രാവശ്യം ആണയിട്ടു തറപ്പിച്ചു പറയുന്നു, അത്ര ഉത്തമമായ ആ മാർഗ്ഗം ഉപേക്ഷിച്ച് മറിയത്തിന്റെ വിമലമാർഗ്ഗമേ ഞാൻ തെരഞ്ഞെടുക്കൂ. “അവൻ എന്റെ പാത നിരപ്പാക്കി”. മാലിന്യമോ കറയോ ഇല്ലാത്തതാണ് ആ വഴി. ജന്മപാപമോ കർമ്മപാപമോ അതിനെ മലിനമാക്കിയിട്ടില്ല. അന്ധകാരമോ നിഴലോ അവിടെയില്ല. സ്നേഹരൂപനായ ഈശോ മഹത്വത്തോടെ ഭൂമിയെ ഭരിക്കുവാൻ വീണ്ടും വരുമ്പോൾ മറിയത്തിന്റെ മാർഗ്ഗമേ തെരഞ്ഞെടുക്കൂ. അവളെയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ആദ്യത്തെ വരവിന് അവിടുന്നു തെരഞ്ഞെടുത്തത്. ആദ്യത്തെയും അവസാനത്തെയും വരവുകൾ തമ്മിൽ ഒന്നേയുള്ളൂ വ്യത്യാസം. ആദ്യത്തേതു രഹസ്യവും നിഗൂഢവുമായിരുന്നുവെങ്കിൽ അവസാനത്തേതു മഹത്വപൂർണ്ണവും ഉജ്വലപ്രഭാപൂരിതവും. രണ്ടും ഉത്തമമാണ്; എന്തുകൊണ്ടെന്നാൽ, രണ്ടും മറിയം വഴിയാണ്. കണ്ടാലും! തീർത്തും അജ്ഞാതമായ ഒരു രഹസ്യമാണിത്. “ഇവിടെ എല്ലാ നാവും നിശബ്ദമായിരിക്കട്ടെ.”

 1. ഇത് സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.
 2. നമുക്ക് ഈശോയെ സമീപിക്കുവാനും അവിടുത്തോട് ചേർന്നു പുണ്യപൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ്, മറിയത്തോടുള്ള ഈ ഭക്തി.
 3. ഇതു സുരക്ഷിതമാണ്. എന്തുകൊണ്ടെന്നാൽ ഞാൻ പഠിപ്പിക്കുന്ന ഈ ഭക്തി പുതിയതല്ല. ഇത് വളരെ പുരാതനമാണ്. കുറച്ചുമുമ്പു, പുണ്യമായി ജീവിച്ചു മൃതിയടഞ്ഞ ഫാ. ബൂഡോൻ ഈ ഭക്തിയുടെ ആരംഭം എപ്പോഴെന്ന് തീർത്തും പറയുക സാധ്യമല്ലാത്ത വിധം അതിപുരാതനമാണ് എന്ന് ഈ ഭക്തിയക്കുറിച്ച് താൻ എഴുതിയ പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നു. തീർച്ചയായും എഴുനൂറിൽപരം കൊല്ലങ്ങൾക്കു മുമ്പ് മുതലേ ഈ ഭക്തിയുടെ അടയാളങ്ങൾ തിരുസ്സഭയിൽ കാണാം.

ക്ലൂണി സന്യാസസമൂഹത്തിലെ ആബട്ടായിരുന്ന വി. ഓഡിലോൺ ആയിരത്തിനാല്പതിനോടടുത്താണ് ജീവിച്ചിരുന്നത്. അദ്ദേഹം ഫ്രാൻസിൽ ഈ ഭക്തി പരസ്യമായി അഭ്യസിച്ചിരുന്നവരിൽ ഒന്നാമനാണെന്ന്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണുന്നു.

വാഴ്ത്തപ്പെട്ട മരീനോ 1016 -ൽ തന്റെ ആദ്ധ്യാത്മിക പിതാവിന്റെ മുമ്പിൽ വച്ചു മറിയത്തിന്റെ അടിമത്തം സ്വീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരനായ കർദ്ദിനാൾ പീറ്റർ ഡാമിയൻ പ്രസ്താവിക്കുന്നു അദ്ദേഹം കഴുത്തിൽ കയറു കെട്ടി, തന്നെത്തന്നെ ചമ്മട്ടി കൊണ്ട് അടിച്ചു; ദിവ്യനാഥയോടുള്ള ഭക്തിയുടെയും വിധേയത്വത്തിന്റെയും അടയാളമായി കുറെ പണം അൾത്താരയിൽ സമർപ്പിച്ചു. ഇങ്ങനെ, ഏറ്റവും സന്മാതൃകാപരമായ വിധത്തിൽ അദ്ദേഹം ഈ ഭക്തകൃത്യം നിർവ്വഹിച്ചു. ഏറ്റവും വിശ്വസ്തതാപൂർവ്വം ഈ ഭക്തിയിൽ നിലനില്ക്കുകയും ചെയ്തു. തത്ഫലമായി, മരണസമയത്ത് ആ സ്നേഹനാഥ അദ്ദേഹത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചു. എന്നിക്കു ചെയ്ത സേവനത്തിനു പ്രതി സമ്മാനമായി സ്വർഗ്ഗഭാഗ്യവും അവൾ വാഗ്ദാനം ചെയ്തു.
ലുവേയിനിലെ പ്രഭുവിന്റെ അടുത്ത ബന്ധുവായ വൗഷ്യർ ഡി ബിർബാക്ക്
എന്ന പ്രസിദ്ധ സൈന്യാധിപൻ 1300-നോടുത്ത് പരിശുദ്ധ കന്യകയ്ക്ക് തന്നെത്തന്നെ പ്രതിഷ്ഠിച്ചതായി സെസാറിയൂസ് ബൊള്ളാൻ സൂസ് പറയുന്നു.
പതിനേഴാം നൂറ്റാണ്ട് വരെ പലരും ഈ ഭക്തി രഹസ്യമായി അഭ്യസിച്ചിരുന്നു : അന്നു മുതൽ അതു ക്രമേണ പ്രസിദ്ധമായിത്തുടങ്ങി.

 1. അടിമകളുടെ മോചനം ലക്ഷ്യമാക്കിയുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സഭയുടെ അംഗമായിരുന്നു ഫാ. സൈമൺ ഡി. റോയിയാസ് . അദ്ദഹമാണ് സ്പെയിനിലും ജർമ്മനിയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. ഫിലിപ്പു മൂന്നാമന്റെ രാജസഭയിൽ ധ്യാനപ്രസംഗകനായിരുന്ന അദ്ദേഹം രാജാവിന്റെ ശുപാർശ വഴി, പതിനഞ്ചാം ഗ്രിഗറിയോസ് മാർപ്പാപ്പയിൽ നിന്ന് ഈ ഭക്തി അഭ്യസിക്കുന്നവർക്കായി ധാരാളം ദണ്ഡവിമോചനങ്ങൾ സമ്പാദിച്ചിട്ടുണ്ട്.
  ഈ ഭക്തി സ്പെയിനിലും ജർമ്മനിയിലും ഉപരിപ്രചരിപ്പിക്കുവാൻ, അഗസ്തീനിയൻ സഭയിലെ അംഗമായിരുന്ന ഫാ.ഡി ലോസ്റിയോസ് അദ്ദഹത്തിന്റെ മിത്രമായ ഫാ. ഡി. റോയിയാസോടൊത്ത് വളരെയധികം പരിശ്രമിച്ചിട്ടുണ്ട് . പ്രസംഗവും ഗ്രന്ഥരചനയുമായിരുന്നു അവർ സ്വീകരിച്ച മാർഗ്ഗങ്ങൾ: “Hierarchia Mariann “എന്ന പേരിൽ വളരെ വലിയ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു പാണ്ഡിത്യവും ഭക്തിയും ഒത്തിണങ്ങിയ ആ ഗ്രന്ഥകാരൻ ഈ ഭക്തിയുട പുരാതനത്വത്തെയും മേന്മയെയും അഗാധതയെയും പറ്റി പ്രതിപാദിക്കുന്നുണ്ട്.
 2. തിയറ്ററൈൻ സന്യാനികളാണ് , പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്.
  പോളണ്ടിൽ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോ സഭാംഗമായ ഫാ സ്റ്റനിസ്ലാവുസ് ഫലാഷിയൂസ് പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലേയും രാജാക്കന്മാരും രാജ്ഞിമാരും പ്രഭുക്കന്മാരും കർദ്ദിനാളന്മാരും ഈ ഭക്തിയെ ആശ്ലേഷിച്ചുവെന്ന് അവരുടെ പേരുകൾ സഹിതം ഫാ. ഡി. ലോസ് റിയോസിന്റെ മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
  വിശുദ്ധിയിലും പാണ്ഡിത്യത്തിലും വിശ്രുതനാണ്, കൊർണേലിയൂസ് ആ ലപ്പിദെ. ഈ ഭക്തിയെ പരിശോധിക്കുവാൻ പല മെത്രാന്മാരും ദൈവശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ നിയമിച്ചു. പുണ്യചരിതനായ അദ്ദേഹം സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം, ഈ ഭക്തിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്. സുപ്രസിദ്ധരായ മറ്റു പലരും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കുകയുണ്ടായി.
  നമ്മുടെ ദിവ്യനാഥയുടെ ശുശ്രൂഷയിൽ ഏറ്റവും ദത്തശ്രദ്ധരാണ് ഈശോസഭാംഗങ്ങൾ . ഈ ഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറുപുസ്തകം കൊളോണിലെ മരിയ സംഖ്യാoഗങ്ങളുടെ പേരിൽ അവർ അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന ഫെർഡിനാൻഡ് തിരുമേനിക്ക് സമ്മാനിച്ചു. അദ്ദേഹം അത് അംഗീകരിക്കുകയും അതിനു പ്രസിദ്ധീകരണാനുവാദം നൽകുകയുമുണ്ടായി. തന്റെ രൂപത മുഴുവനിലും ഈ ഭക്തി പ്രചരിപ്പിക്കുവാൻ എല്ലാ വൈദികരെയും സന്യാസികളെയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
 3. സുപ്രസിദ്ധനായ കർദ്ദിനാൾ ഡി.ബെഹൂല്ലെ തിരുമേനി ഫ്രാൻസിലെങ്ങും ഈ ഭക്തി പ്രചരിപ്പിക്കുവാൻ ഏറ്റവും തീക്ഷ്ണതയോടെ ശ്രമിച്ചവരിൽ ഒരാളാണ്. അദ്ദേഹത്തെ ഇന്നും ആ ജനത സംപൂജ്യതയോടെ സ്മരിക്കുന്നു. അദ്ദേഹത്തിനെതിരായി അപവാദങ്ങളും വീഡനങ്ങളും പൊട്ടി പുറപ്പെട്ടു. വിമർശകർ അദ്ദേഹത്തിൽ നവീകരണവും അന്ധവിശ്വാസവും ആരോപിച്ചു. അദ്ദേഹത്തിനെതിരായി ഒരു കുറ്റപത്രം പ്രസിദ്ധീകരിക്കുകയായിരുന്നു , അവരുടെ അടുത്ത നടപടി. ഫ്രാൻസിൽ ഈ ഭക്തിയുടെ പ്രചാരത്തെത്തടയുവാൻ അവർ ഒരായിരം കൗശലങ്ങൾ പ്രയോഗിച്ചു. അതിനവരെ പിശാച് ഉപകരണമാക്കിയെന്നു പറയുകയാണ് കൂടുതൽ ശരി. പക്ഷേ, വിശുദ്ധനും വിഖ്യാതനുമായ കർദ്ദിനാൾ അപവാദങ്ങളെയെല്ലാം ക്ഷമയോടെ നേരിട്ടു. ദൂഷണപത്രികയിലെ ആക്ഷേപങ്ങളെ ഖണ്ഡിച്ചു കൊണ്ട് അദ്ദേഹം ഒരു ലഘുഗ്രന്ഥം പ്രസിദ്ധപ്പെടുത്തി .. ഈ ഭക്തി, ഈശോ മിശിഹായുടെ മാതൃകയെയും മാമ്മോദീസായിലെടുക്കുന്ന വ്രതങ്ങളെയും അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നു പ്രസ്തുത ഗ്രന്ഥത്തിൽ വ്യക്തമാക്കിക്കൊണ്ട്, ആരോപണങ്ങളെ തകർക്കുന്നുണ്ട്. പരിശുദ്ധ കന്യകയ്ക്കും, അവളുടെ കരങ്ങൾ വഴി ഈശോയ്ക്കുള്ള സമർപ്പണം, മാമ്മോദീസായിൽ നാമെടുക്കുന്ന വ്രതങ്ങളുടെയും, വാഗ്ദാനങ്ങളുടെയും ഉത്തമമായ ഒരു നവീകരണമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഈ ഒടുവിൽ പറഞ്ഞ സുപ്രധാന മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ശത്രുക്കളെ നിശ്ശബ്ദരാക്കിയത്. ഈ ഭക്തിയെക്കുറിച്ചു ധാരാളം വിവരങ്ങൾ അദ്ദേഹമെഴുതിയ പുസ്തകങ്ങളിൽ കാണാം.
 4. ഈ ഭക്തിയെ അംഗീകരിച്ച പല മാർപ്പാപ്പമാരെയും ഇതു പരിശോധിച്ച ദൈവശാസ്(തജ്ഞന്മാരെയും പറ്റി ഫാ. ബൂഡോന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു നേരിട്ടേണ്ടിവന്നു. എന്നാലിത് അവയെ എല്ലാം അതിജീവിച്ചു. ആയിരങ്ങൾ ഇതിനെ ആശ്ലേഷിച്ചു. ഒറ്റ മാർപ്പാപ്പപോലും ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ ഭക്തിയെ കുറ്റപ്പെടുത്തുന്നവർ ക്രിസ്തുമതത്തിന്റെ അടിത്തറ മാന്തുക തന്നെയാണ് ചെയ്യുന്നത്.
  ആകയാൽ, ഈ മാർഗ്ഗം നവീനമല്ലെന്നു വ്യക്തം. എന്നാൽ, ഇത് അത്ര സർവ്വസാധാരണമല്ല കാരണം, എല്ലാവർക്കും ആസ്വദിക്കുന്നതിനും അഭ്യസിക്കുന്നതിനും കഴിയാത്തവിധം അത്ര ഉയർന്ന തരത്തിലുള്ളതാക്കുന്നു ഇത്.
 5. 2. നമ്മെ പരമപിതാവിന്റെ പക്കലേക്കു നയിക്കുക ഈശോമിശിഹായ്ക്കു സ്വാഭാവികമായിരിക്കുന്നതു പോലെ, ഈശോയുടെ പക്കലേക്കു നയിക്കുക മാതാവിനു സ്വാഭാവികമാണ്. ഇതാണ്, ഈ ഭക്തി ഈശോയുടെ പക്കലേക്കു പോകുവാനുള്ള സുരക്ഷിതമായ മാർഗ്ഗമാണെന്നു പറഞ്ഞതിനു മറ്റൊരു കാരണം. ദൈവൈക്യം പ്രാപിക്കുവാൻ മറിയം തടസ്സമാണെന്ന് ആദ്ധ്യാത്മിക മനുഷ്യർ തെറ്റിദ്ധരിക്കാതിരിക്കട്ടെ. ദൈവത്തിൽ നിന്ന് എല്ലാവർക്കും വേണ്ടി പൊതുവായും പ്രത്യേകമായും അനുഗ്രഹങ്ങൾ സമ്പാദിച്ചവളാണു മറിയം എങ്കിൽ, ദൈവൈക്യമാകുന്ന മഹത്തായ അനുഗ്രഹം സമ്പാദിക്കുന്നതിന് ഒരാത്മാവിനെ തടയുവാൻ അവൾക്ക് എങ്ങനെ കഴിയും? കൃപാവരങ്ങൾ കവിഞ്ഞൊഴുകുകയാണവളിൽ . ദൈവം, തന്നിൽ മാംസം ധരിക്കത്തക്കവണ്ണം, അവൾ അവിടുത്തോട് ഐക്യം പ്രാപിക്കുകയും അനുരൂപയാവുകയും ചെയ്തു. അപ്പോൾപ്പിന്നെ അവൾക്കെങ്ങനെയാണ് , പരിപൂർണ്ണമായ ദൈവൈക്യത്തിനുള്ള ഒരാത്മാവിന്റെ ശ്രമങ്ങളിൽ മാർഗ്ഗ തടസ്സമാകുവാൻ കഴിയുക?
  വിശുദ്ധ വസ്തുക്കളോടു പോലുമുള്ള സംസർഗ്ഗം ചിലപ്പോൾ ദൈവൈക്യത്തെ മന്ദീഭവിപ്പിച്ചെന്നു വരാം. പക്ഷേ മാതാവിനെ സംബന്ധിച്ച് അങ്ങനെയല്ല എന്നു ഞാൻ മുമ്പേ പറഞ്ഞുവച്ചതാണ്. ഈ യാഥാർത്ഥ്യം എത്രപ്രാവശ്യം വേണമെങ്കിലും ആവർത്തിക്കുന്നതിൽ എനിക്ക് മടുപ്പ് അനുഭവപ്പെടുന്നില്ല. മറിയം എന്നും ദൈവപുത്രന്റെ മാതാവും പരിശുദ്ധാത്മാവിന്റെ ഫലദായികയായ മണവാട്ടിയുമാണ്. എന്നാൽ, അധികം പേരും ക്രിസ്തുവിനോടു പൂർണ്ണമായി ഐക്യം പ്രാപിക്കാത്തതിന് ഒരു കാരണം ഇതാണ്. പരിപക്വവും പരിപൂർണ്ണവുമായ ഫലം ആഗ്രഹിക്കുന്നവൻ, അതുല്പാദിപ്പിക്കുന്ന വൃക്ഷമുണ്ടായിരിക്കണം. ആകയാൽ, ഈശോമിശിഹാ ആകുന്ന ജീവന്റെ ഫലം ആഗ്രഹിക്കുന്നവൻ, ജീവന്റെ വൃക്ഷമാക്കുന്ന മറിയത്തെ ആവശ്യമുണ്ട്. മറിയം, പരിശുദ്ധാത്മാവിന്റെ വിശ്വസ്തയും വേർപിരിയാത്ത മണവാട്ടിയുമാണ്.മുമ്പു പറഞ്ഞതുപോലെ അവൾ വഴിയാണ് അവിടുന്നു ആത്മാവിനെ ഫലപുഷ്ടമാക്കുന്നതും, അതിനെ ഉത്തമഫലങ്ങൾ കൊണ്ടു നിറയ്ക്കുന്നതും. അതിനാൽ, പരിശുദ്ധാത്മാവ് തന്നിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവനും മറിയത്തെ ആവശ്യമുണ്ട്.

അനുദിന പ്രാർത്ഥനകൾ :-(7ദിവസവും ഈ 5പ്രാർത്ഥനകൾ തന്നെയാണ് മാറ്റമില്ല )

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.

ആമേൻ

2.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന

മറിയമേ, നിത്യ പിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയമായ അമ്മേ സ്വസ്തി! പരിശുദ്ധത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയെ സ്വസ്തി! എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞീ, എന്റെ സന്തോഷമേ, എന്റെ മഹത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ അങ്ങേക്ക് സ്വസ്തി! അങ്ങ് മുഴുവനും എന്റേതായതു കാരുണ്യത്താലാണല്ലോ. ഞാൻ പൂർണമായും അങ്ങയുടേതായതോ
നീതിമൂലമത്രേ. പക്ഷേ ഇപ്പോഴും ഞാൻ പൂർണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ, എന്നെ തന്നെ പൂർണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽ നിന്ന് എടുത്തു മാറ്റണമേ. എന്റേതായ എല്ലാറ്റിന്റെയും പരമാധികാരിയായ നാഥ അങ്ങ് മാത്രമാകണമേ. ദൈവത്തിനു അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞു ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നൽകുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമെ.

അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ.
അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാം കുറവുകളും പരിഹരിച്ചു ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ. അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേക്ക് സാധ്യമെങ്കിൽ യേശുവിനെയും അവിടുത്തെ തിരുഹിതത്തെയും അറിയുവാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതെയിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹം കൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ. ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ ആത്മീയാനന്ദങ്ങൾ പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ. പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നു കൊണ്ട് മാലാഖാമാരുടെയും മനുഷ്യരുടെയും പിശാചിന്റെയും മേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക, അതും അങ്ങയുടെ അവകാശമാണ്. അങ്ങയുടെ ഇഷ്ടം പോലെ ദൈവത്തിന്റെ എല്ലാം ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശം തന്നെ.

ഇവയത്രേ ദൈവം അങ്ങേക്ക് തന്ന “നല്ല ഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽ നിന്ന് ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദം കൊണ്ട് നിറയുന്നു. ഐഹിക ജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ആത്മീയ സന്തോഷം കൂടാതെയുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവം സഹനങ്ങൾ ഏറ്റെടുക്കുക. വിശ്രമമെന്യേ തന്നോട് തന്നെ മരിക്കുക. അങ്ങേക്ക് വേണ്ടി മരണം വരെ ഒരു വിനീത അടിമയെ പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക- ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളു. ഒരേ ഒരു അനുഗ്രഹമേ എനിക്ക് വേണ്ടൂ. അവിടുന്ന് ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമ്മേൻ- അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്നു ഇപ്പോൾ സ്വർഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്ന് എന്റെ ആത്മാവിൽ ചെയ്യുന്നവയ്‌ക്കെല്ലാം ആമ്മേൻ -അങ്ങനെയാകട്ടെ എന്നും പറയുവാനും അങ്ങനെ ജീവിതകാലത്തിലും, നിത്യത്വത്തിലും അങ്ങ് മാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ ആമ്മേൻ.

4.പരിശുദ്ധ ദൈവമാതാവിൻറെ ജപമാല:

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവേശ്വരാ കർത്താവേ,നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിൻറെ സ്തുതിക്കായി ജപമാലയർപ്പിക്കുവിൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ.

അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.
ആമേൻ

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.

കൊന്തയുടെ ഓരോ രഹസ്യവും കഴിഞ്ഞു ചൊല്ലുന്ന ഫാത്തിമാ സുകൃത ജപം

ഓ! ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ ( തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു )

1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭം ധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

4.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

പ്രകാശ രഹസ്യങ്ങൾ
(എല്ലാ വ്യാഴാഴ്‌ചകളിലും ചൊല്ലുന്നു )

1.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന്‌ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും “ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍” എന്ന്‌ സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ദു:ഖകരമായ ദിവ്യ രഹസ്യങ്ങൾ
( ചൊവ്വ,വെള്ളി ദിവസങ്ങളിൽ )

1.നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ, ഞായർ ദിവസങ്ങളിൽ )

1.”നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
ഓ എന്റെ ഈശോയെ”

4.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ജപമാല സമർപ്പണം:

മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മായെ , ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .

5.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

അദ്ധ്യാത്മിക അഭ്യാസങ്ങൾ :

ഉപവി പ്രവൃത്തികൾ, അമ്മയോടുള്ള സ്നേഹപ്രകരണങ്ങൾ, അവളുടെ പുണ്യങ്ങൾ അനുകരിക്കുക, പ്രത്യേകിച്ചും അവളുടെ അഗാധമായ എളിമ, സജീവ വിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസിക പ്രാർത്ഥന, എല്ലാകാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവിക ജ്ഞാനം,ദൈവിക പരിശുദ്ധി, വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് പറയും പോലെ ഇവ പത്തുമാണ് പരിശുദ്ധ അമ്മയുടെ പ്രധാന പുണ്യങ്ങൾ.