Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ ഇരുപത്തിയാറാം ദിവസം

രണ്ടാം ആഴ്ച :-

പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവ്

“അവർ രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി ഉപയോഗിക്കണം ( നമ്പർ 229 കാണുക )

നാം മറിയത്തിലൂടെ യേശുവിനോട് ഐക്യപ്പെടണം. ഇതാണ് ഈ ഭക്തിയുടെ സ്വഭാവം. അത് കൊണ്ട് നാം രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി വിനിയോഗിക്കുവാൻ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നമ്മോട് ആവശ്യപ്പെടുന്നു.

മറിയം നമ്മുടെ രാജ്ഞിയും മധ്യസ്ഥയുമാണ്. നമ്മുടെ അമ്മയും നാഥയും. അവളുടെ രാജ്ഞിത്വത്തിന്റെയും മാദ്ധ്യസ്ഥത്തിന്റെയും മാതൃത്വത്തിന്റെയും ഫലങ്ങളെന്തെല്ലാമാണെന്നും അതോടൊപ്പം അവളുടെ ഔന്നത്യത്തിന്റെയും പ്രത്യേകാവകാശങ്ങളുടെയും സ്വഭാവം എന്തെല്ലാമെന്നും നാം അറിയണം. കാരണം ഇവയാണല്ലോ ഈ ഭക്തിയ്ക്കു അടിസ്ഥാനമായിട്ടുള്ളതും, പിന്നീടുള്ള ഫലങ്ങൾക്ക് നിദാനമായിട്ടുള്ളതും. നമ്മുടെ അമ്മ ഒന്നാന്തരം ഒരു മൂശയാണ്. അവളുടെ നിയോഗങ്ങളും മാനസിക ഭാവങ്ങളും നമ്മുടേതാകേണ്ടത് ഈ മൂശയിൽ വച്ചാണ്. മറിയത്തിന്റെ ആന്തരിക ജീവിതം പഠിക്കാതെ ഇത് നമുക്ക് സ്വന്തമാക്കുക അസാധ്യമത്രേ. എന്നുവച്ചാൽ അവളുടെ പുണ്യങ്ങൾ, അവളുടെ വികാര വിചാരങ്ങൾ, അവളുടെ വ്യാപാരങ്ങൾ, ക്രിസ്തു രഹസ്യത്തിലെ അവളുടെ ഭാഗഭാഗിത്വം, അവിടുത്തോടുള്ള ഐക്യം ഇവയെല്ലാം നമ്മുടെ പഠന വിഷയമാക്കണം.

ധ്യാന വായന

യഥാർത്ഥ മരിയ ഭക്തി

12.അപ്പസ്തോലനോടുകൂടി നമുക്കും ഉദീരണം ചെയ്യാം. “കണ്ണുകൾ കാണുകയോ, ചെവികൾ കേൾക്കുകയോ, മനുഷ്യ മനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല” (1 കൊറി 2:9) മറിയത്തി ന്റെ കറ തീർന്ന സൗന്ദര്യവും മഹത്ത്വവും ഔന്നത്യവും. ” പ്രകൃതിയുടെയും കൃപാവരത്തിന്റെയും മഹത്ത്വത്തിന്റെയും അത്ഭുതങ്ങളുടെ അത്ഭുതം ! ” തന്നെയാണ് ഇത്. ” നിങ്ങൾക്ക് പരിശുദ്ധ അമ്മയെ മനസ്സിലാക്കണമെന്നുണ്ടെങ്കിൽ പുത്രനെ മനസ്സിലാക്കുക. എന്തുകൊണ്ടെന്നാൽ അവൾ ദൈവത്തിന് അനുഗുണയായ അമ്മയാണ്. ഇവിടെ എല്ലാ നാവുകളും നിശ്ശബ്ദമാകട്ടെ ” എന്ന് ഒരു വിശുദ്ധൻ പ്രഖ്യാപിക്കുന്നു.

 1. പരിശുദ്ധ മറിയം ഈ കാലഘട്ടം വരെ അജ്ഞാതയായിരുന്നു എന്നു കാണിക്കാൻ വേണ്ടി ഇപ്പോൾത്തന്നെ ഞാൻ എഴുതിയവയെപ്പറ്റി എന്റെ ഹൃദയം എന്നോട് മന്ത്രിച്ചപ്പോൾ, ഒരു പ്രത്യേക സന്തോഷാനുഭൂതി ഞാൻ പിന്നീടുകയായിരുന്നു. യേശു അറിയപ്പെടേണ്ട വിധത്തിൽ അറിയപ്പെടാത്തതിനുള്ള ഒരു പ്രധാന കാരണം ഇതാണ് . യേശുവിനെ ആദ്യമായി ഭൂമിയിലേക്കു കൊണ്ടുവരുകയും മഹത്വത്തോടെയുള്ള അവിടുത്തേ രണ്ടാമത്തെ ആഗമനത്തിനു ലോകത്തെ ഒരുക്കുകയും ചെയ്യേണ്ടവളാണ് പരിശുദ്ധ കന്യാമറിയം. അവളെപ്പറ്റിയുള്ള അറിവിന്റെയും അവളുടെ രാജ്യത്തിന്റെയും , അവശ്യ ഫലമായിട്ടേ യേശുവിനെക്കുറിച്ചുള്ള അറിവും അവിടുത്തേ രാജ്യവും ഉണ്ടാകൂ. ഇവ ലോകത്തിൽ സംഭവിക്കുന്നതിന് ഈ അറിവ് അത്യാവശ്യമാണ് എന്ന് എനിക്ക് തീർച്ചയാണ്

അദ്ധ്യായം ഒന്ന്

പരിശുദ്ധ കന്യകയുടെ ആവശ്യകതയും അവളോടുള്ള ഭക്തിയും

 1. ഞാൻ സഭയോടു ചേർന്നു പ്രഖ്യാപിക്കുന്നു: മറിയം , സർവ്വ ശക്തന്റെ കരങ്ങളിൽ നിന്നു പുറപ്പെട്ട ഒരു സൃഷ്ടിയായിരിക്കെ, അവിടുത്തേ അതിരിലാത്ത മഹത്വത്തിന്റെ മുമ്പിൽ അവൾ ഒരു പരമാണുവിനേക്കാൾ നിസ്സാരയാണ് അഥവാ ഒന്നും തന്നെയല്ല. എന്തുകൊണ്ടെന്നാൽ അവിടുന്നു മാത്രമാണ് ” ഞാൻ ആകുന്നവൻ”
  (പുറ 3:14).
  ആകയാൽ അത്യുന്നതനും എപ്പോഴും സ്വതന്ത്രനും തനിക്കുതാൻ പോന്നവനുമായ അവിടുത്തേക്കു തന്റെ തിരുഹിതം നിർവ്വഹിക്കുവാനും മഹത്ത്വം പ്രകടിപ്പിക്കുവാനും പരിശുദ്ധ കന്യക കൂടിയേ തീരൂ എന്നില്ല. എല്ലാം ചെയ്യുന്നതിന് അവിടുത്തേക്കു മനസ്സായാൽ മാത്രം മതി.
 2. എങ്കിലും ഞാൻ പറയുന്നു: കാര്യങ്ങൾ ഇപ്പോൾ ആയിരിക്കുന്നതിൽ നിന്ന് – എന്നുവച്ചാൽ , അവിടുത്തേ ഏറ്റവും മഹത്തായ പ്രവൃത്തി ആരംഭിക്കുന്നതിനും പൂർത്തികരിക്കുന്നതിനും മറിയത്തിന്റെ സഹായം വേണമെന്ന് അവിടുന്ന് അവളെ സൃഷ്ടിച്ചപ്പോൾ തിരുച്ചിത്തമായതിനാൽ – നമുക്കു തീർച്ചയാക്കാം നിത്യകാലത്തേക്ക് അവിടുന്ന് തൻ്റെ പദ്ധതിക്ക് മാറ്റം വരുത്തുകയില്ലെന്ന്. കാരണം അവിടുന്ന് ദൈവം ആകയാൽ അവിടുത്തെ ചിന്തകൾക്കും വികാരങ്ങൾക്കും പദ്ധതികൾക്കും മാറ്റം സംഭവിക്കുകയില്ല തന്നെ.
  വചനം മാംസം ധരിക്കുവാൻ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നു
 3. മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തൻ്റെ ഏകജാതനെ ലോകത്തിന് നൽകിയത്. ഈ നിധി സ്വീകരിക്കാൻ വേണ്ടി നാലായിരം നീണ്ട വർഷങ്ങൾ പൂർവ പിതാക്കന്മാർ നെടുവീർപ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയ നിയമത്തിലെ വിശുദ്ധാത്മാക്കളും നിരവധി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. പക്ഷേ , മറിയം മാത്രമേ അവളുടെ നിശബ്ദമായ പ്രാർത്ഥനകളുടെയും അത്യുത് ക്രുഷ്ടങ്ങളായ സുകൃതങ്ങളുടെയും ശക്തിയാൽ അതിന് അർഹയായുള്ളൂ. ദൈവതിരുമുമ്പിൽ കൃപാപൂർണ്ണയായുള്ളൂ. (ലൂക്കാ 1:30) പിതാവായ ദൈവത്തിൻറെ തൃക്കരങ്ങളിൽ നിന്ന് നേരിട്ട് ദൈവപുത്രനെ സ്വീകരിക്കാൻ ലോകം അനർഹമായിരുന്നുവെന്ന് വി ആഗുസ്തീനോസ് പറയുന്നു. അവിടുന്ന് സ്വപുത്രനെ മറിയത്തിനു നൽകി; അവളിലൂടെ ലോകം അവനെ സ്വീകരിക്കാൻ വേണ്ടി .
  നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രൻ മനുഷ്യനായി, മറിയത്തിലൂടെയും മറിയം വഴിയുമാണ് അത് സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളിൽ രൂപപ്പെടുത്തി; എന്നാൽ തന്റെ സൈന്യവ്യൂഹങ്ങളിൽ പ്രധാനിയായ ഒരുവൻ വഴി സമ്മതം വാങ്ങിയതിനു ശേഷം മാത്രം.
 4. പിതാവായ ദൈവം, ഒരു സൃഷ്ടിക്ക് സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാൽ തൻ്റെ തിരുപ്പുത്രനെയും അവിടുത്തേ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്തുവാൻവേണ്ട ശക്തി ശക്തി നൽകുവാൻ വേണ്ടിയായിരുന്നു അത്.
 5. ദൈവപുത്രൻ , അവളുടെ കന്യകോദരത്തിൽ, പുതിയ ആദം ഭൗമിക പറുദീസായിൽ പ്രവേശിച്ചാൽ എന്നപോലെ ഇറങ്ങിവന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളിൽ അവിടുന്ന് രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങൾ പ്രവർത്തിച്ചു.
  മനുഷ്യനായിത്തീർന്ന ദൈവം മറിയത്തിന്റെ ഉദരത്തിൽ സ്വയം ബന്ധിയാകുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്ന് വിനീതയായ കന്യകയാൽ സംവഹിക്കാൻ അനുവദിച്ചുകൊണ്ട് , തൻ്റെ സർവ്വശക്തി പ്രകടമാക്കി. ഭൂമിയിലുള്ള സർവ്വസൃഷ്ടജാലങ്ങളിൽനിന്നും തൻ്റെ പ്രതാപം മറച്ചുവച്ച് , അതു മറിയത്തിനു മാത്രം മാത്രം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് അവിടുന്ന് തന്റെയും പിതാവിന്റെയും മഹത്ത്വം സാധിച്ചു. തൻ്റെ ഉത്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമർപ്പണത്തിലും 30 വർഷത്തെ രഹസ്യ ജീവിതത്തിലും തൻെറ മാധുര്യപൂർണമായ കന്യാംബികയെ ആശ്രയിച്ചു ജീവിച്ചുകൊണ്ട് അവിടുന്ന് തൻറെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്ത്വീകരിച്ചു. അബ്രാഹം ദൈവഹിതത്തിന് സമ്മതം മൂളിക്കൊണ്ട് പുത്രനായ ഇസഹാക്കിനെ ബലി ചെയ്തതുപോലെ യേശുവിന്റെ മരണവേളയിൽ മറിയം സന്നിഹിതയായി ,അവിടുത്തോടുകൂടി ഒരേ യാഗത്തിൽ പങ്കുചേർന്നു .നിത്യപിതാവിന് അവളും പുത്രനോടുകൂടെ ഒരേ ബലിയർപ്പിച്ചു.ഇപ്രകാരം പരിഹാരമനുഷ്ഠിച്ച അവളാണ് അവിടുത്തെ വളർത്തുകയും പരിപോഷിപ്പിക്കുകയും അവിടുത്തേക്ക് ആലംബമരുളുകയും ഒടുവിൽ നമുക്കായി ബലിയർപ്പിക്കുകയും ചെയ്തത്.
  ഓ! പ്രശംസനീയവും അഗ്രാഹ്യവും ആയ ദൈവത്തിന്റെ ആശ്രയഭാവം, യേശുവിന്റെ രഹസ്യജീവിതത്തിലെ മിക്കവാറും എല്ലാം തന്നെ നമ്മിൽ നിന്നും മറച്ചു വച്ച പരിശുദ്ധാത്മാവ് മുകളിൽ പറഞ്ഞ ആശ്രയഭാവത്തെ സുവിശേഷങ്ങളിൽ പരാമർശിക്കാതിരുന്നില്ല. അവിടുന്നു ചുരുങ്ങിയപക്ഷം വെളിപാടുകൾവഴിയെങ്കിലും അതിൻെറ ഔന്നത്യത്തിന്റെയും അനന്തമായ മഹത്വത്തിന്റെയും കുറച്ചു ഭാഗം എങ്കിലും നമ്മെ മനസ്സിലാക്കാം എന്നു കരുതിക്കാണുമെന്നു തോന്നുന്നു. മഹത്തായ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് ഈ ലോകത്തെ മുഴുവനും മാനസാന്തരപ്പെടുത്തിയാൽ എന്നതിനേക്കാൾ , ഉപരിയായ മഹത്ത്വം യേശുക്രിസ്തു മറിയത്തിനു വിധേയനായി മുപ്പത് വർഷം ജീവിച്ചുകൊണ്ട് പിതാവായ ദൈവത്തിനു നൽകി. അവിടുത്തെ പ്രസാദിപ്പിക്കുവാൻ വേണ്ടി നമ്മുടെ ഏകമാതൃകയായ യേശുവിനെപ്പോലെ മറിയത്തിനു നാം സ്വയം വിധേയരാകുമ്പോൾ , ഓ, എത്രയധികമായി നാം ദൈവത്തെ മഹത്ത്വപ്പെടുത്തുകയില്ല !.
 6. നമ്മുടെ കർത്താവിന്റെ തുടർന്നുള്ള ജീവിതം സുക്ഷ്മമായി നിരീക്ഷിച്ചാൽ മറിയം വഴി വേണം തന്റെ അത്ഭുതങ്ങൾ ആരംഭിക്കാൻ എന്നുള്ളതായിരുന്നു അവിടുത്തേ തിരുമനസ്സെന്നു മനസ്സിലാകും. അവിടുന്നു യോഹന്നാനെ തന്റെ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽ വച്ചു വിശുദ്ധീകരിച്ചു. പക്ഷേ അതു സംഭവിച്ചത് മറിയത്തിന്റെ മധുരമൊഴികൾ വഴിയാണ്. അവൾ സംസാരിച്ചു തീരും മുമ്പേ യോഹന്നാൻ ശുദ്ധീരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തേ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം.
  കാനായിലെ കല്യാണത്തിൽ അവിടുന്നു വെള്ളം വീഞ്ഞാക്കി. അതിനു കാരണം മറിയത്തിന്റെ വിനീതമായ പ്രാർത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യത്ഭുതമിതത്രേ . അവിടുന്നു മറിയം വഴി അത്ഭുതങ്ങൾ ആരംഭിച്ചു. മറിയംവഴി അതു തുടർന്നു : കാലത്തിന്റെ അവസാനം വരെ മറിയം വഴി അതു തുടരുക തന്നെ ചെയ്യും.
 7. പരിശുദ്ധാത്മാവായ ദൈവത്തിന് ദൈവിക പിതൃത്വം അവകാശപ്പെടാൻ ആവില്ലെങ്കിലും -എന്നുവെച്ചാൽ മറ്റൊരു ദൈവവ്യക്തിയെ പുറപ്പെടുവിച്ചെങ്കിലും അവിടുന്ന് മണവാട്ടിയായ മറിയത്തിൽ ഫലമണിഞ്ഞു .അവളോട് കൂടിയും ,അവളിലും ,അവളു ടേതുമായി പരിശുധാത്മാവ് തന്റെ മാസ്റ്റർപീസ് (നായകശിൽപ്പം ) മെനഞ്ഞു. അതാണ് മനുഷ്യനായി തീർന്ന ദൈവം .അവിടുന്ന് ലോകാവസാനം വരെ അനുദിനം തെരെഞ്ഞെടുക്കപെട്ടവരെയും ശിരസ്സായ ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളെയും ഉൽപ്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു . ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് തനിക്കു ഏറ്റവും പ്രിയപ്പെട്ടവളും തന്നിൽ നിന്നു ഒരിക്കലും വേർപിരിയാത്ത വധുവുമായി മറിയത്തെ ഒരാത്മാവിൽ എത്ര കൂടുതലായി കാണുന്നുവോ അത്രക്കധികമായ ശക്തിയോടും നിരന്തരവുമായി ആ ആത്മാവിൽ പ്രവർത്തിച്ചു യേശുക്രിസ്‌തുവിനെ ആത്മാവിലും ആത്മാവിനെ യേശുക്രിസ്തുവിലും രൂപപ്പെടുത്തുന്നത് .

21.പരിശുദ്ധാത്മാവിനു സ്വന്തമായി ഫലദായകത്വം ഇല്ലാതിരിക്കെ പരിശുദ്ധകന്യക അവിടുത്തേക്ക്‌ അതു നൽകിയെന്ന് ഇവിടെ ധ്വനിക്കുന്നില്ല . അവിടുന്ന് ദൈവമാകയാൽ പിതാവിനും പുത്രനും ഒപ്പമുള്ള ഒരു ഫലദായകത്വം അല്ലെങ്കിൽ ഉൽപ്പാദകശക്തി അവിടുത്തേക്കുമുണ്ട്. അവിടുന്ന് മറ്റൊരു ദൈവികവ്യക്തിയെ പുറപ്പെടുത്താത്തതുകൊണ്ട് തന്റെ കഴിവിനെ ഉപയിഗിച്ചില്ലെന്നു മാത്രം. തനിക്ക്, അവളെ കൂടിയേ തീരു എന്നില്ലാതിരുന്നിട്ടും അവിടുന്ന് തന്റെ ഫലദായകത്വത്തെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ അവളെ ഉപയോഗിച്ചു എന്നേ കരുതേണ്ടൂ . അങ്ങനെ അവളിലും അവൾ വഴിയും അവിടുന്ന് യേശുക്രിസ്തുവിനും അവിടുത്തെ അവയവങ്ങൾക്കും രൂപം നൽകി. ക്രിസ്ത്യാനികളിൽ ഏറ്റവും ആത്മീയരും ജ്ഞാനികളായവർക്കു പോലും അജ്ഞാതമായ കൃപാവരത്തിന്റെ രഹസ്യം!

ആത്മാക്കളുടെ വിശുദ്ധീകരണത്തിന് മറിയത്തെ ദൈവത്തിന്‌ ആവശ്യമാണ്‌

 1. മനുഷ്യാവതാരത്തിലും യേശുവിന്റെ ആദ്യാഗമനത്തിലും പരിശുദ്ധ ത്രിത്വം ഏതു മാർഗം സ്വീകരിച്ചുവോ അതേ രീതിയിൽത്തന്നെ ഓരോ ദിവസവും കാഴ്ചക്കതീതമായ വിധത്തിൽ തിരുസഭയിൽ ഇപ്പോഴും പ്രവർത്തനനിരതരാണ് അവർ. കാലത്തിന്റെ അവസാനത്തിൽ യേശുക്രിസ്തു വീണ്ടും ആഗതനാകുന്നതുവരെ അവർ അതു തുടരുക തന്നെ ചെയ്യും.
 2. പിതാവായ ദൈവം വെള്ളത്തെ മുഴുവനും ഒരുമിച്ചുകൂട്ടി അതിന് കടൽ ( ‘Mare’ ഇൻ Latin )എന്നു പേരിട്ടു. അതുപോലെ അവിടുന്ന് തന്റെ കൃപാവരം മുഴുവനും സമാഹാരിച്ചു
  അതിന് മറിയം ( ‘Maria’ in Latin) എന്നു പേര് വിളിച്ചു. ഉന്നതനായ ദൈവത്തിനു തന്റെ എല്ലാ സൗന്ദര്യവും സമൃദ്ധിയും, വിലയുറ്റവയും അപൂർവമായവയുമായ നിധികളൊക്കെയും -അല്ല തന്റെ പുത്രനെപ്പോലും – സൂക്ഷിക്കുന്ന സമ്പന്നമായ ഒരു ഭണ്ഡാഗാരമുണ്ട്. ആ അതിവിശാലമായ ഭണ്ഡാഗാരം മറിയമല്ലാതെ മറ്റാരുമല്ല. തന്റെ ഐശ്വര്യസമൃദ്ധിയിൽ നിന്നും സകലരെയും സമ്പന്നരാക്കുന്ന ദൈവികഭണ്ഡാഗാരം എന്നു വിശുദ്ധർ അവളെ സംബോധന ചെയ്യുന്നതിന് കാരണം ഇതത്രേ.
 3. പുത്രനായ ദൈവം തന്റെ ജീവിതം കൊണ്ടും മരണംകൊണ്ടും സമ്പാദിച്ച എല്ലാ സ്തുത്യർഹമായ പുണ്യങ്ങളും അനന്തമായ യോഗ്യതകളും തന്റെ മാതാവിനെ ഏല്പിച്ചു. പിതാവിൽ നിന്നും തനിക്ക് അവകാശമായി ലഭിച്ച സകലത്തിന്റെയും സംരക്ഷകയായി മറിയത്തെ നിയോഗിച്ചു. മറിയം വഴിയാണ് അവിടുന്നു മൗതികശരീരത്തിലെ മറ്റവായവങ്ങൾക്ക് തന്റെ യോഗ്യതകൾ ഉപയുക്തമാക്കുന്നതും തന്റെ പുണ്യങ്ങൾ പകരുന്നതും. അവൾ അവിടുത്തെ കൃപയുടെ സംഭരണിയാണ്. നിഗൂഢനീർച്ചാലാണ്. അതുമനുഷ്യർക്കു അനുയോജ്യമാം വിധം നിർമിതമാകയാൽ അതിലൂടെ തന്റെ കാരുണ്യം സൗമ്യമായും സമൃദ്ധമായും ഒഴുക്കുക എളുപ്പമത്രേ.
 4. പരിശുദ്ധാത്മാവായ ദൈവം അനിർവചനീയമായ തന്റെ ദാനങ്ങൾ മണവാട്ടിയായ മറിയത്തിലേക്ക് പകർന്നു. അവിടുത്തേക്ക് സ്വന്തമായതെല്ലാം വിതരണം ചെയ്യാൻ അവളെ തിരഞ്ഞെടുത്തിരിക്കുന്നു. അവൾക്കു ഇഷ്ടമുള്ളപ്പോൾ, ഇഷ്ടമായാവിധത്തിൽ, ഇഷ്ടമുള്ളവർക്ക്, ഇഷ്ടമുള്ളിടത്തോളം വിതരണം ചെയ്യാതാക്കവിധത്തിൽ തന്റെ ദാനങ്ങളും, കൃപകളും അവിടുന്ന് അവൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കന്യകമറിയത്തിന്റെ പരിശുദ്ധമായ കരങ്ങളിലൂടെ അല്ലാതെ സ്വർഗീയദാനങ്ങൾ മനുഷ്യർക്ക്‌ പരിശുദ്ധൽമാവ് നൽകുന്നില്ല. അതായിരുന്നു ദൈവഹിതം. ഒരിക്കൽ വിനയം മൂലം ജീവിതകാലം മുഴുവൻ ദരിദ്രയും വിനീതയും ഇല്ലായ്മയുടെ അഗാധങ്ങളിൽ മറഞ്ഞിരുന്നവളുമായ മറിയം ഇപ്പോൾ അത്യുന്നതനാൽ സമ്പന്നയും പ്രശംസനീയയും ബഹുമാനിതയുമായി. അതുതന്നെയാണ് സഭയുടെയും സഭാപിതാക്കന്മാരുടെയും അഭിപ്രായവും.
 5. ഇന്നത്തെ യുക്തിവാദികളോടാണ് ഞാൻ സംസാരിക്കുന്നതെങ്കിൽ, വളരെ സരളമായി ഇപ്പോൾത്തന്നെ പറഞ്ഞുവച്ചവയെ, വേദപുസ്തകത്തിൽനിന്നും സഭാപിതാക്കന്മാരുടെ പഠനങ്ങളിൽനിന്നും ദീർഘവും വ്യക്തവുമായ അനവധി ന്യായങ്ങൾകൊണ്ട് തെളിയിക്കുമായിരുന്നു. ഫാദർ പോയിറേ യുടെ “മറിയത്തിന്റെ ത്രിവിധകിരീടം ” എന്ന ഗ്രന്ഥത്തിൽ എല്ലാ തെളിവുകളും വിശദമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഞാൻ സംസാരിക്കുന്നതു പാവങ്ങളും സാധാരണക്കാരും വിനീതരുമായവരോടാണ്. പണ്ഡിതഗണത്തോട് വച്ചു നോക്കുമ്പോൾ അവർക്ക് കൂടുതൽ വിശ്വാസമുള്ളതിനാൽ അവർ നിഷ്പ്രയാസം വിശ്വസിക്കുന്നു. യോഗ്യതകൾ നേടുന്നു. അതുകൊണ്ട് സത്യങ്ങൾ സരളമായി അവതരിപ്പിക്കുക മാത്രമേ ഞാൻ ചെയ്യൂ. അവർക്കു ഒട്ടും മനസ്സിലാക്കാണാനാവാത്ത ഉദ്ധരണികളൊന്നും നിരത്താൻ ഉദ്ദേശ്ശിക്കുന്നില്ല.
 6. കൃപാവരം പ്രകൃതിയെയും, മഹത്വം കൃപാവരത്തെയും പരിപൂർണമാക്കുന്നു. അതുപോലെ തന്നെ ക്രിസ്തുനാഥൻ ഭൂമിയിലെന്നപോലെ സ്വർഗത്തിലും മറിയത്തിന്റെ സുതൻ തന്നെയെന്ന് തീർച്ച. ഒരു നല്ല മകൻ ഉത്തമയായ മാതാവിനെ എന്നപോലെ, അവിടുന്ന് ഇപ്പോഴും അവളോടുള്ള വിധേയത്വവും അനുസരണവും നിലനിർത്തിപ്പോരുന്നു. എന്നാൽ ഈ അനുസരണം ക്രിസ്തുവിനെ ഒരിക്കലും അപൂർണനോ തരം താഴ്ന്നവനോ ആക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവം തന്നെയായ പുത്രനോട് തുലനം ചെയ്യുമ്പോൾ മറിയം അനന്തമായ വിധത്തിൽ താഴ്ന്നവളാണ്. ഒരു സാധാരണ മാതാവ് തന്റെ മകനോട് എന്നതുപോലെ കൽപ്പിക്കുകയല്ല അവൾ ചെയ്യുന്നത്. കൃപാവരത്താലും മഹത്വത്താലും വിശുദ്ധർ ദൈവത്തിലേക്കു രൂപാന്തരം പ്രാപിച്ചു. അവൾ ദൈവത്തിന്റെ അനന്തവും അചഞ്ചലവുമായ ഹിതത്തിനെതിരായി ഒന്നും ആഗ്രഹിക്കുകയോ അഭ്യർത്ഥിക്കുകയോ പ്രവർത്തിക്കുകയോ ചെയ്കയില്ല. ” സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം ദൈവം തന്നെയും മറിയത്തിനു കീഴ്പ്പെട്ടിരിക്കുന്നു. ” വിശുദ്ധ ബെർണ്ണാഡ്, വി. ബെർണ്ണടിൻ, വി. ബൊനവഞ്ചർ ആദിയായ വിശുദ്ധരുടെ ഗ്രന്ഥങ്ങളിൽ ഇങ്ങനെയാണു കാണുക.. ദൈവം മറിയത്തിനു നൽകുവാൻ തിരുച്ചിത്തമായ അധികാരം ഏറ്റവും ഉന്നതമായതിനാൽ മറിയത്തിനുള്ള ശക്തി ദൈവത്തിന്റെ ശക്തിക്ക് സമാനമെന്ന് തോന്നും. അവിടുന്ന് തന്റെ പ്രിയമാതാവിന്റെ യാചനകൾ ഒരിക്കലും തിരസ്‌ക്കരിക്കില്ല. പ്രത്യുത ഒരു കല്പന എന്ന പോലെ സ്വീകരിക്കും കാരണം അതെപ്പോഴും വിനീതമാണ്. ദൈവഹിതത്തിന് അനുരൂപമാണ്.

ദൈവത്തെ ധിക്കരിക്കുകയും അവിടുത്തെ കല്പന ലംഘിക്കുകയും ചെയ്ത ഇസ്രായേൽ ജനത്തിനുമേൽ പതിച്ച ദൈവകോപം പിൻവലിക്കുവാൻ മോശ പ്രാർത്ഥിച്ചു. തന്റെ എളിയ ദാസന്റെ പ്രാർത്ഥന അത്യുന്നതനും അനന്തകാരുണ്യവാനുമായ ദൈവത്തിനു നിരാകരിക്കാനാവാത്തവിധം ശക്തമെങ്കിൽ വിനീതയും ദൈവത്തിന് ഏറ്റവും അനുയോജ്യയുമായ മറിയത്തിന്റെ പ്രാർത്ഥന സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും സകല പ്രാർത്ഥനകളെയും മധ്യസ്ഥതകളെയും അതിശയിക്കുന്ന അവളുടെ യാചന -എങ്ങനെ നിരാകരിക്കാനാവും?

 1. മറിയം സ്വർഗത്തിൽ മാലാഖമാർക്കും വിശുദ്ധർക്കും ആജ്ഞകൾ നൽകുന്നു. അഹങ്കാരംകൊണ്ട് അധഃപതിച്ച വാനവദൂതന്മാരുടെ സിംഹാസനങ്ങൾ വിശുദ്ധന്മാരെക്കൊണ്ട് നിറക്കുവാനുള്ള അധികാരവും ചുമതലയും തന്റെ അഗാധമായ എളിമക്കു പ്രതിഫലമെന്നോണം ദൈവം അവൾക്കു നൽകി. വിനീതരെ ഉയർത്തുന്ന അത്യുന്നതന്റെ ദിവ്യഹിതം സ്വർഗ്ഗവും ഭൂമിയും നരകവും നല്ല മനസ്സോടെയോ അല്ലാതെയോ വിനീതയായ മറിയത്തിന്റെ ആജ്ഞകളുടെ മുൻപിൽ മുട്ടുകൾ മടക്കണമെന്നാണ്. കാരണം അവിടുന്നവളെ ഭൂസ്വർഗങ്ങളുടെ രാജ്ഞിയും തന്റെ സൈന്യങ്ങളുടെ നായികയും അനർഘനിക്ഷേപങ്ങളുടെ കാവൽക്കാരിയും കൃപാവരങ്ങളുടെ വിതരണക്കാരിയും ദൈവികാത്ഭുതങ്ങളുടെ പ്രവർത്തകയും മനുഷ്യരാശിയുടെ പുനരുദ്ധാരകയും അവരുടെ മധ്യസ്ഥയും ദൈവത്തിന്റെ ശത്രുക്കളെ സംഹരിക്കുന്നവളും തന്റെ മഹത്വത്തിലും വിജയത്തിലും വിശ്വസ്തസഹകാരിണിയുമാക്കി .
 2. പിതാവായ ദൈവം മറിയം വഴി ലോകാവസാനംവരെ തനിക്കായി മക്കളെ രൂപപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. “ഇസ്രായേലിൽ അധിവസിക്കുക എന്ന് അവിടുന്നു പറഞ്ഞതു മാറിയത്തോടാണ്. എന്നുവച്ചാൽ, ഇസ്രായേൽ (യാക്കോബ് ) വഴി സൂചിതരായ എന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളിൽ നീ വസിക്കുക. ഏസാവ് വഴി സൂചപ്പിക്കപ്പെടുന്നവരും ദുഷ്ടാരൂപിയുടെ സന്താ നങ്ങളുമായ തിരസ്കൃതരിൽ ആകാതിരിക്കട്ട നിന്റെ വാസം.
 3. ശാരീരിക ജനനത്തിനു മാതാപിതാക്കളുണ്ടായിരിക്കുക എന്നത് പ്രകൃതിയുടെ അലംഘനീയ നിയമമത്രേ. അതുപോലെ അതിസ്വാ ഭാവികമായ ജനനത്തിനും മാതാവും പിതാവും വേണം: ദൈവം പിതാവും മറിയം മാതാവും. തെരഞ്ഞെടുക്കപ്പെട്ട സകല ദൈവമക്കളുടെയും പിതാവ് ദൈവം, മാതാവ് മറിയവും അവൾ മാതാവല്ലാത്തവനു ദൈവം പിതാവല്ല. സത്യവിശ്വാസവെളിച്ചമില്ലാതെ ശീഷ്‌മയിലും, പാഷണ്ഡതയിലും അലഞ്ഞുനടക്കുന്ന ചിലർ മറിയത്തെ നിരസിക്കുകയും വെറുക്കുകയും ചെയ്യുന്നു. അവർക്കു മാതാവായ മറിയമില്ലാത്തതുകൊണ്ട് ദൈവം തങ്ങളുടെ പിതാവ് എന്ന് വീമ്പ്‌പറയുന്നതിൽ അടിസ്ഥാനമില്ലതന്നെ. കാരണം, ഒരു കുഞ്ഞ് തനിക്കു ജീവൻ നൽകിയ മാതാവിനോട് എന്നപോലെ, അവരും, മാറിയത്തോട് അമ്മയോട് എന്നവിധത്തിലുള്ള സ്നേഹബഹുമാനാദികൾ കാണിക്കുമായിരുന്നു.
  അബദ്ധമാർഗത്തിൽ ചരിക്കുന്നവരെ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് തിരിച്ചറിയുവാനുള്ള ഏറ്റവും സുനിശ്ചിതവും തെറ്റുപറ്റാത്തതുമായ അടയാളം അവരുടെ മറിയത്തോ ടുള്ള വെറുപ്പും നിസ്സം ഗതയുമാണ്. അവർ വാക്കാലും പ്രവൃത്തിയാലും രഹസ്യമായും പരസ്യമായും ചിലപ്പോൾ തെറ്റായ ആശയം പ്രചരിപ്പിച്ചും മറിയത്തോ ടുള്ള ഭക്ത്യാ ദ രവുകൾ നശിപ്പിക്കാൻ യത് നിക്കുന്നു. കഷ്ടം! ആധുനിക “ഏസാവു ” കളായ അവരിൽ വസിക്കാൻ ദൈവം മറിയത്തോട് ആവശ്യപ്പെടുന്നില്ല.
 4. ദൈവസുതൻ തന്റെ അനുഗ്രഹീത മാതാവ് വഴി മൗതിക ശരീരത്തിന്റെ മറ്റവയവങ്ങളിൽ വീണ്ടും അവതരിക്കുവാൻ ആഗ്രഹിക്കുന്നു. അവിടുന്ന് അവളോട് പറയുന്നു. “ഇസ്രായേൽ നിന്റെ അവകാശമായിരിക്കട്ടെ. ” അതേ അവിടുന്ന് പറയുന്നു, ഭൂമിയിലുള്ള എല്ലാ ജനതകളെയും എല്ലാ ജനപദങ്ങളെയും നല്ലവരും ദുഷ്‌ടരും തിരഞ്ഞെടുക്കപ്പെട്ടവരും തിരസ്കൃതരുമായ സകലരെയും പിതാവായ ദൈവം എനിക്ക് അവകാശമായി തന്നിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ സ്വർണ്ണദണ്ഡു കൊണ്ടും തിരസ്കൃതരെ ഇരുമ്പ് ദണ്ഡു കൊണ്ടും ഞാൻ ഭരിക്കും.

ആദ്യത്തെ കൂട്ടർക്കു ഞാൻ പിതാവും മധ്യസ്ഥനും ആയിരിക്കും. മറ്റേ ഗണത്തിനു ഞാൻ നീതി പൂർവ്വം വിധിക്കുന്നവനും.അതേ സമയം എല്ലാവരുടെയും വിധിയാളനായിരിക്കും ഞാൻ. എന്നാൽ എന്റെ പ്രിയപ്പെട്ട മാതാവേ,ഇസ്രായേൽ വഴി സൂചിതരായ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് നിന്റെ അവകാശം.

അമ്മയെപ്പോലെ അവരെ ശ്രദ്ധാപൂർവ്വം വളർത്തി വലുതാക്കുകയും അവരുടെ രാജ്ഞി എന്ന നിലയിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ഭരിക്കുകയും ചെയ്യുക.

 1. ഇവനും അവനും അവളിൽ നിന്നു ജാതരായി “എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു.

ചില സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ച്, മറിയത്തെ കുറിച്ചുള്ള ഒരു പ്രവചനമാണിത്.

മറിയത്തിൽ നിന്ന് ജനിച്ച ആദ്യമനുഷ്യൻ ദൈവവും മനുഷ്യനുമായ ക്രിസ്തുവാണ്. രണ്ടാമത്തേത് ദൈവത്തിന്റെയും മറിയത്തിന്റെയും ദത്തു പുത്രരായ മനുഷ്യരും മനുഷ്യ വർഗ്ഗത്തിന്റെ ശിരസ്സായ ക്രിസ്തു അവളിൽ നിന്നും ജനിച്ചത് കൊണ്ട് മറ്റവയവങ്ങളായ തിരഞ്ഞെടുക്കപ്പെട്ട സകലരും അവൾ വഴി തന്നെയാണ് ജനിക്കേണ്ടത്.

ഒരു ശിശുവിന്റെ ശിരസ്സു മാത്രമോ അവയവങ്ങൾ മാത്രമോ ആയി ഒരു മാതാവും പ്രസവിക്കുന്നില്ല. അപ്രകാരം സംഭവിക്കുന്നെങ്കിൽ അത് പ്രകൃതിയ്ക്ക്‌ ഒരു അപവാദമായിരിക്കും. അതൊരു ബീഭത്സ ജന്തുവായി കരുതപ്പെടും. അത് പോലെ കൃപയുടെ തലത്തിലും ശിരസ്സും അവയവങ്ങളും ഒരേ മാതാവിൽ നിന്നാണ് ജാതമാകേണ്ടത്. ആകയാൽ ശിരസ്സിന്റെ അമ്മയായ മറിയം വഴിയല്ലാതെ ജനിക്കുന്ന ഒരുവനും തിരഞ്ഞെടുക്കപ്പെട്ടവനോ ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ അവയവമോ ആയിരിക്കുകയില്ല. പ്രത്യുത കൃപയുടെ തലത്തിൽ അവൻ ഒരു വികൃത ജീവി ആയിരിക്കും.

 1. കൂടാതെ ഇപ്പോൾ ക്രിസ്തു, പരിശുദ്ധ കന്യകയുടെ പാവനോദരത്തിന്റെ ഫലം കൂടിയാണ്. ഭൂസ്വർഗ്ഗവാസികൾ സകലരും അനുദിനം ആയിരമായിരം പ്രാവശ്യം ” നിന്റെ ഉദരത്തിന്റെഫലമായ ഈശോ അനുഗ്രഹീതനാകുന്നു ” എന്നാലപിക്കുന്നു.

അതിനാൽ തീർച്ചയായും മറിയത്തിന്റെ പ്രയത്നവും ഫലവുമായിട്ടാണ് യേശു ക്രിസ്തുവിനെ ഓരോരുത്തർക്കും ലഭിക്കുന്നത്.സമഗ്ര ലോകത്തിനും ഇതേ മാർഗത്തിലൂടെയത്രേ അവിടുത്തെ ലഭിച്ചതും. അത് കൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിൽ യേശു ക്രിസ്തു രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കു ധൈര്യമായി പറയാം. ” എന്നിൽ വസിക്കുന്ന ക്രിസ്തു നിന്റെ പ്രവർത്തന ഫലമാണ്. നിന്നെക്കൂടാതെ ഞങ്ങൾക്ക് ക്രിസ്തുവിനെ ഒരിക്കലും ലഭിക്കുമായിരുന്നില്ല.പരിശുദ്ധ മറിയമേ അങ്ങേയ്ക്ക് നന്ദി.വിശുദ്ധ പൗലോസ് ശ്ലീഹാ ഗലാ ത്തിയർക്കെ ഴുതിയ ലേഖനത്തിൽ തന്നെപ്പറ്റി പറഞ്ഞവ മറിയത്തിനു നമ്മെപ്പറ്റി കൂടുതൽ ന്യായപൂർവം പറയാം :
” എന്റെ സുതനായ ക്രിസ്തു, ദൈവസുതരിൽ പൂർണമായി രൂപം കൊള്ളുന്നത് വരെ അവരെ കുറിച്ച് ഞാൻ പ്രസവവേദന അനുഭവിക്കുന്നു”.( ഗലാ.4:19)എന്ന്.വിശുദ്ധ ആഗസ്തീനോസ് ഒരു പടി കൂടി മുന്നിൽ കടന്നു പറയുകയാണ്. തിരഞ്ഞെടുക്കപ്പെട്ടവർ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന് ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിന്റെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു.അവർ സംരക്ഷണവും സഹായവും പോഷണവും ഈ നല്ല മാതാവിൽ നിന്നും സ്വീകരിച്ച് അവിടെ വളരുന്നു.നീതിമാൻമാരുടെ ജന്മദിനം എന്ന് സഭ വിശേഷിപ്പിക്കുന്ന മരണം വരെ അവൾ അവരെ സംരക്ഷിച്ചു മഹത്വത്തിലേയ്ക്കാനയിക്കും.
കൃപാവരത്തിന്റെ അഗ്രാഹ്യമായ രഹസ്യം!

തിരസ്കൃതർക്ക് അത് തികച്ചും അജ്ഞാതം. തിരഞ്ഞെടുക്കപ്പെട്ടവർ പോലും അത് എത്ര കുറച്ച് മാത്രമാണ് ഗ്രഹിക്കുക!

 1. പരിശുദ്ധാത്മാവ് തനിക്കായി തെരഞ്ഞെടുത്തവരെ അവളിലും അവൾ വഴിയും രൂപീകരിക്കാൻ ആഗ്രഹിച്ചു കൊണ്ട് അവളോട് പറയുന്നു. “സ്നേഹഭാജനമേ, എന്റെ മണവാട്ടി, എന്റെ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്റെ പുണ്യങ്ങളുടെ വേരുകൾ നീ ഉറപ്പിക്കുക”
  അവർ അതുവഴി പുണ്യങ്ങളിലും കൃപാവരത്തിലും ഉപര്യുപരി അഭിവൃദ്ധി പ്രാപിക്കട്ടെ.ഏറ്റവും ഉത്കൃഷ്ഠമായ സുകൃതങ്ങൾ അഭ്യസിച്ചു നീ ലോകത്തിൽ ജീവിച്ചപ്പോൾ ഞാൻ നിന്നിൽ അതിയായി സംപ്രീതനായി.സ്വർഗത്തിൽ ഇന്ന്
  ആനന്ദമനുഭവിക്കുന്ന നീ സ്വർഗത്തിലായിക്കൊണ്ട് ഭൂമിയിലും പുണ്യങ്ങളുടെസൗരഭ്യം പരത്തി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

അത് കൊണ്ട് എന്റെ തിരഞ്ഞെടുക്കപ്പെട്ടവരിൽ നീ നിന്നെ തന്നെ ആവിഷ്കരിക്കുക.നിന്റെ സുശക്തമായ വിശ്വാസവും അഗാധമായ എളിമയും നിരന്തരമായ ഇന്ദ്രിയനിഗ്രഹവും വിശ്ഷ്‌ടമായ പ്രാർത്ഥനയും തീക്ഷ്ണമായ സ്നേഹവും ദൃഢമായ ശരണവും മറ്റു സകല
പുണ്യങ്ങളും ഞാൻ അവരിൽ കണ്ടു നിർവൃതി അടയട്ടെ. മറിയമേ, നീ എന്നും എന്റെ മണവാട്ടിയാണ്. നീ നിർമലയാണ്. വിശ്വസ്തയാണ്. നീ എന്നും ഫലം ചൂടി നിൽക്കുന്നവളാണ്. നിന്റെ വിശ്വാസം വിശ്വാസികളെയും നിന്റെ നൈർമ്മല്യം കന്യകകളെയും നിന്റെ സമൃദ്ധി തെരഞ്ഞെടുക്കപ്പെട്ടവരും എന്റെ ആലയങ്ങളുമായവരെ ഒരുക്കട്ടെ.

 1. മറിയം ഒരാത്മാവിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ അവൾക്കു മാത്രം സാധിക്കുന്ന കൃപാവരത്തിന്റെ വിസ്മയകരമായ അത്ഭുതങ്ങൾ അവിടെ സംഭവിച്ചു തുടങ്ങും. കാരണം മറിയം മാത്രമേ സർവസമൃദ്ധിയും നിറഞ്ഞവളായുള്ളൂ. നൈർമല്യത്തിലും സമൃദ്ധിയിലും അവൾക്കു തുല്യരായി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.

പരിശുദ്ധാത്മാവിനോട് സഹകരിച്ചു കൊണ്ട് മറിയം ഇത് വരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകുകയില്ലാത്തതുമായ മഹത്തായ ഒന്നിനെ ഉത്പാദിപ്പിച്ചു. -ദൈവമനുഷ്യനെ. മാത്രമല്ല യുഗാന്ത്യത്തിലും ഉത്കൃഷ്‌ടരായ വിശുദ്ധരെ അവൾ തന്നെയാണ് ജനിപ്പിക്കേണ്ടത്.ലോകാവസാനത്തിൽ ഉണ്ടാകാനിരിക്കുന്ന എല്ലാ മഹാവിശുദ്ധരുടെയും ശിക്ഷണവും രൂപവൽക്കരണവും സർവശക്തൻ അവൾക്കായി മാറ്റി വച്ചിരിക്കുകയാണ്.എന്തുകൊണ്ടെന്നാൽ അതുല്യവും അത്ഭുതകരവുമായ സൃഷ്ടിയായ മറിയത്തിന് മാത്രമേ പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തിൽ അതുല്യവും അസാധാരണവുമായവ പുറപ്പെടുത്താൻ കഴിയൂ.

 1. പരിശുദ്ധാത്മാവ് തന്റെ വധുവായ മറിയത്തെ ഒരാത്മാവിൽ ദർശിക്കുമ്പോൾ അവിടുന്ന് അവിടെ പറന്നെത്തുകയായി.തന്റെ മണവാട്ടിക്ക് ഔന്നത്യമേറിയ സ്ഥാനം ലഭിക്കത്തക്ക വിധം അവിടുന്ന് ആ ആത്മാവിനോട് പൂർണമായി ഐക്യപ്പെടുകയും അതിനു സമൃദ്ധമായി തന്റെ ദാനവരഫലങ്ങൾ നൽകുകയും ചെയ്യുന്നു.പരിശുദ്ധാത്മാവ് ആത്മാക്കളിൽ വിസ്മയകരമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അതിന്റെ ഒരു പ്രധാനകാരണം തന്റെ വിശ്വസ്തയും അവിഭക്തയുമായ മണവാട്ടിയോടുള്ള ഗാഢമായ ഐക്യം അവരിൽ ദർശിക്കാത്തതാണ്.അതേ, മറിയം തന്റെ അവിഭക്ത മണവാട്ടിയാണ്.എന്തെന്നാൽ പിതാവിന്റെയും പുത്രന്റെയും സ്നേഹം തന്നെയായ പരിശുദ്ധാത്മാവ് തെരഞ്ഞെടുക്കപ്പെട്ടവരുടെ ശിരസ്സായ ക്രിസ്തുവിന് രൂപം നൽകുവാനും ക്രിസ്തുവിനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ രൂപപ്പെടുത്തുവാനും മറിയത്തെ വധുവായി സ്വീകരിച്ച ക്ഷണം മുതൽ ഒരിക്കലും നിരാകരിച്ചിട്ടില്ല. കാരണം അവൾ എന്നെന്നും വിശ്വസ്തയും ഫലം നൽകുന്നവളുമാണ്.

അനുദിന പ്രാർത്ഥനകൾ 🙁7ദിവസവും ഈ 5പ്രാർത്ഥനകൾ തന്നെയാണ് മാറ്റമില്ല )

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.

ആമേൻ

2.സമുദ്ര താരമേ സ്വസ്തി

പ്രഭയോലും സമുദ്ര താരമേ സ്വസ്തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗ വിശ്രാന്തി തൻ കവാടമേ നീ

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടന്നു നീ സ്വീകരിച്ചു
മർത്യന് ശാന്തിയ്ക്കുറപ്പേകിയല്ലോ
ഹവ്വ തൻ നാമം മാറ്റിക്കുറിച്ച ധന്യേ

അടിമ ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവരോഗവുമകറ്റണേ അമ്മേ
സമ്പൂർണ മോദം യാചിപ്പൂ ഞങ്ങൾ

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്ക് നീ തായയെന്നുകാട്ടിയാലും

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നെയ്ക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ

അത്യുന്ന സുരലോകത്തെങ്ങും സദാ
സർവശക്തനാം തൃത്വൈകദേവാ
പിതാവേ,പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നേയ്ക്കുമാമ്മേനാമ്മേൻ

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന

മറിയമേ, നിത്യ പിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയമായ അമ്മേ സ്വസ്തി! പരിശുദ്ധത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയെ സ്വസ്തി! എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞീ, എന്റെ സന്തോഷമേ, എന്റെ മഹത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ അങ്ങേക്ക് സ്വസ്തി! അങ്ങ് മുഴുവനും എന്റേതായതു കാരുണ്യത്താലാണല്ലോ. ഞാൻ പൂർണമായും അങ്ങയുടേതായതോ
നീതിമൂലമത്രേ. പക്ഷേ ഇപ്പോഴും ഞാൻ പൂർണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ, എന്നെ തന്നെ പൂർണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽ നിന്ന് എടുത്തു മാറ്റണമേ. എന്റേതായ എല്ലാറ്റിന്റെയും പരമാധികാരിയായ നാഥ അങ്ങ് മാത്രമാകണമേ. ദൈവത്തിനു അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞു ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നൽകുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമെ.

അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ.
അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാം കുറവുകളും പരിഹരിച്ചു ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ. അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേക്ക് സാധ്യമെങ്കിൽ യേശുവിനെയും അവിടുത്തെ തിരുഹിതത്തെയും അറിയുവാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതെയിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹം കൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ. ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ ആത്മീയാനന്ദങ്ങൾ പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ. പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നു കൊണ്ട് മാലാഖാമാരുടെയും മനുഷ്യരുടെയും പിശാചിന്റെയും മേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക, അതും അങ്ങയുടെ അവകാശമാണ്. അങ്ങയുടെ ഇഷ്ടം പോലെ ദൈവത്തിന്റെ എല്ലാം ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശം തന്നെ.

ഇവയത്രേ ദൈവം അങ്ങേക്ക് തന്ന “നല്ല ഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽ നിന്ന് ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദം കൊണ്ട് നിറയുന്നു. ഐഹിക ജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ആത്മീയ സന്തോഷം കൂടാതെയുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവം സഹനങ്ങൾ ഏറ്റെടുക്കുക. വിശ്രമമെന്യേ തന്നോട് തന്നെ മരിക്കുക. അങ്ങേക്ക് വേണ്ടി മരണം വരെ ഒരു വിനീത അടിമയെ പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക- ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളു. ഒരേ ഒരു അനുഗ്രഹമേ എനിക്ക് വേണ്ടൂ. അവിടുന്ന് ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമ്മേൻ- അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്നു ഇപ്പോൾ സ്വർഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്ന് എന്റെ ആത്മാവിൽ ചെയ്യുന്നവയ്‌ക്കെല്ലാം ആമ്മേൻ -അങ്ങനെയാകട്ടെ എന്നും പറയുവാനും അങ്ങനെ ജീവിതകാലത്തിലും, നിത്യത്വത്തിലും അങ്ങ് മാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ ആമ്മേൻ.

4.പരിശുദ്ധ ദൈവമാതാവിൻറെ ജപമാല:

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവേശ്വരാ കർത്താവേ,നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിൻറെ സ്തുതിക്കായി ജപമാലയർപ്പിക്കുവിൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ.

അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.
ആമേൻ

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.

കൊന്തയുടെ ഓരോ രഹസ്യവും കഴിഞ്ഞു ചൊല്ലുന്ന ഫാത്തിമാ സുകൃത ജപം

ഓ! ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ ( തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു )

1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭം ധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

4.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

പ്രകാശ രഹസ്യങ്ങൾ
(എല്ലാ വ്യാഴാഴ്‌ചകളിലും ചൊല്ലുന്നു )

1.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന്‌ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും “ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍” എന്ന്‌ സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ദു:ഖകരമായ ദിവ്യ രഹസ്യങ്ങൾ
( ചൊവ്വ,വെള്ളി ദിവസങ്ങളിൽ )

1.നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

3.”കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ, ഞായർ ദിവസങ്ങളിൽ )

1.”നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

2.”നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

 1. “നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

4.”നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

5.”പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക”.

1 സ്വർഗ,10 നന്മ,1 തിത്വ,
“ഓ എന്റെ ഈശോയെ”

ജപമാല സമർപ്പണം:

മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മായെ , ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .

5.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

ആദ്ധ്യാത്മിക അഭ്യാസങ്ങൾ :

ഉപവി പ്രവൃത്തികൾ, അമ്മയോടുള്ള സ്നേഹപ്രകരണങ്ങൾ, അവളുടെ പുണ്യങ്ങൾ അനുകരിക്കുക, പ്രത്യേകിച്ചും അവളുടെ അഗാധമായ എളിമ, സജീവ വിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസിക പ്രാർത്ഥന, എല്ലാകാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവിക ജ്ഞാനം,ദൈവിക പരിശുദ്ധി, വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് പറയും പോലെ ഇവ പത്തുമാണ് പരിശുദ്ധ അമ്മയുടെ പ്രധാന പുണ്യങ്ങൾ.