Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം– ✝️ ഇരുപത്തിയേഴാം ദിവസം

മൂന്നാം ആഴ്ച

അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം
(നമ്പർ 230 കാണുക).

-യേശുക്രിസ്തുവിനെപ്പറ്റിയുള്ള അറിവ്

യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്?

-ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വവും,

പിന്നെ, നമ്മുടെമേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു.

ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്തേ ബാഹ്യപ്രവൃത്തികൾ, അവിടുത്തെ പുണ്യങ്ങൾ, അവിടുത്തെ തിരുഹൃദയത്തിന്റെ വ്യാപാരങ്ങൾ, മംഗലവാർത്ത, മനുഷ്യാവതാരം, ബാല്യകാലം, രഹസ്യജീവിതം, കാനായിലെ കല്യാണം, കാൽവരി

ഈവക രഹസ്യങ്ങളിൽ അവിടുത്തേക്കു മറിയത്തോടുള്ള ബന്ധം-ഇവയെല്ലാമാണ് പഠിക്കേണ്ടത്.

ധ്യാനവായന :-
യഥാർത്ഥ മരിയ ഭക്തി

മരിയ ഭക്തിയെസംബന്ധിച്ച മൗലിക സത്യങ്ങൾ

60-പ.കന്യകയോടുള്ള ഭക്തിയുടെ ആവശ്യകതെയെക്കുറിച്ചു ഞാൻ പ്രസ്താവിച്ചു കഴിഞ്ഞല്ലോ .ഇനി ഈ ഭക്തി എന്തിലാണ്അടങ്ങിയിരിക്കുന്നതെന്നു ഞാൻ വ്യക്തമാക്കാം .ദൈവത്തിന്റെ സവിശേഷമായ സഹായത്തോടെ ഞാൻ അവതരിപ്പിക്കാൻ പോകുന്ന വിശിഷ്ടവും ഫലപ്രദവുമായ ഈ ഭക്തിയെ പറ്റി പരാമര്ശിക്കുന്നതിനു മുൻപായി അതിനു അടിസ്ഥാനമായി നിൽക്കുന്ന ചില മൗലിക സത്യങ്ങൾ
ഞാൻ അവതരിപ്പിക്കട്ടെ

ഒന്ന് :-മരിയ ഭക്തിയുടെ പരമാന്ത്യം ക്രിസ്തുവാകുന്നു

61.സത്യദൈവവും സത്യമനുഷ്യനുമായനമ്മുടെ രക്ഷകനായ ക്രിസ്തുവാണ് സകല ഭക്ത കൃത്യങ്ങളുടെയും പരമാന്ത്യം .ഈ അന്ത്യത്തിൽ നിന്നും നമ്മെ അകറ്റുന്ന സകല തും അബദ്ധ ജടിലവും അസത്യ പൂര്ണവുമാണ് .ക്രിസ്തുവാണ് എല്ലാത്തിന്റെയും “ആ ൽഫയും ഒമേഗയും “അഥവാ ആദിയും അന്തവും “!പൗലോസ് അപ്പസ്തോലൻ പറയുന്നു :ക്രിസ്തുവിൽ എല്ലാവരെയും പരിപൂര്ണരാക്കുവാനാണല്ലോ നമ്മുടെ പ്രയത്നം .കാരണം ദൈവത്തിന്റെ പൂർണത അവിടുത്തേക്ക്‌ മാത്രമാണുള്ളത് .കൃപാവരത്തിന്റെയും വിശുദ്ധിയുടെയും സുകൃതങ്ങളുടെയും പൂർണതയും വിളനിലവുമാണ് അവിടുന്ന് .ആദ്ധ്യാത്മിക നാം സമ്പന്നരാകുന്നത് ക്രിസ്തുവിൽ മാത്രമാണ് .അവിടന്നൊരുവനാണ് നമ്മെ പഠിപ്പിക്കേണ്ട ദിവ്യഗുരു .നാം ആശ്രയിക്കേണ്ട ഒരേയൊരു നാഥൻ .നമ്മുടെ ശിരസ്സാണ് അവിടുന്ന് .നാം അനുകരിക്കെണ്ട ഏക മാതൃകയും .നമ്മെ സുഖപ്പെടുത്തേണ്ട ഏക ഭിഷഗ്വരനും ,തീറ്റിപ്പോറ്റേണ്ട ഏകയിടയനും,നമ്മെ നയിക്കേണ്ട ഏക “വഴി “യും നാം വിശ്വസിക്കേണ്ട ഏക
സത്യവും നമ്മെ ഉത്തേജിപ്പേകേണ്ട ഏക ജീവനും ക്രിസ്തുവാണ് .നമ്മെ തൃപ്തരാക്കാൻ എല്ലാറ്റിലും എല്ലാമായ അവിടുത്തേക്ക്‌ മാത്രമേ കഴിയൂ .ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രഷക്കു വേണ്ടി
മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല .യേശു ക്രിസ്തുവിനെയല്ലാതെ നമ്മുടെ രക്ഷക്കും പുണ്യ പൂർണതയ്ക്കും മഹത്വത്തിനും അടിസ്ഥാനകല്ലായി മറ്റാരെയും ദൈവം നമുക്ക് തന്നിട്ടില്ല .ആ ഉറപ്പേറിയ കല്ലിൽ കെട്ടി പ്പ ടുക്കാത്ത സകല സൗധങ്ങളും ,അത്ര വിദൂരമല്ലാത്ത ഭാവിയിൽ നിലംപതിക്കുക തന്നെ ചെയ്യും .കാരണം ഇളകുന്ന പൂഴിയിലാണ് അവയുടെ അടിത്തറ കെട്ടപ്പെട്ടിരിക്കുന്നത് .അവിടുത്തോടു ചേർന്ന് നിൽക്കാത്ത സകല വിശ്വാസികളും തായ് തണ്ടിൽ നിന്ന് വേർപെട്ട ശിഖരം പോലെ വാടി തളർന്നു പോകും ,ഉണങ്ങി നിലംപതിക്കും .അഗ്നിയാൽ ദഹിപ്പിക്കുവാൻ മാത്രമേ അതുപകരിക്കുകയുള്ളൂ .അവിടുത്തെ സഹായമില്ലെങ്കിൽ ,തെറ്റുകളും ,അസത്യവും ,അലച്ചിലും ,ദൂഷണവും ,വഷളത്തവും വ്യര്ഥതയും ,പരാജയവും ,മരണവും ,നിത്യ നാശവുമേ ശേഷിക്കൂ .ക്രിസ്തു നമ്മിലും നാം ക്രിസ്തുവിലുമെങ്കിൽ നിത്യ നാശത്തെ നാം ഒരിക്കലും ഭയപ്പെടേണ്ടാ .മനുഷ്യർക്കോ പിശാചിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മെ ഉപദ്രവിക്കുവാൻ സാധിക്കുകയില്ല .എന്തുകൊണ്ടെന്നാൽ ,യേശുക്രിസ്‌തുവുലൂടെയുള്ള സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്തുവാൻ അവർ അപര്യാപ്തരാണ് .ക്രിസ്തു വഴിയും ക്രിസ്തുവിനോട് കൂടിയും ക്രിസ്തുവിലും എന്തും ചെയ്യുവാൻ നമ്മുക്ക് കഴിയും .പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ പിതാവിന് സകല പുകഴ്ചയും മഹത്വവും സമർപ്പിക്കുവാനും ,പുണ്യപൂര്ണത പ്രാപിക്കുവാനും സഹോദരർക്കു നിത്യ ജീവന്റെ പരിമളമായി മാറുവാനും നാം ശക്തരാകും (2കോറി 2/15-16).
62.ആകയാൽ ,യഥാർത്ഥ മരിയ ഭക്തി നാം ആഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള ഭക്തിയും വണക്കവും പൂര്ണതരമാക്കുകയാണ് ചെയ്യുക .അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാർഗ്ഗം നാം തുറന്നിടുകയാണ് .മരിയ ഭക്തി നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നെങ്കിൽ ,അതിനെ പിശാചിന്റെ തട്ടിപ്പായി കരുതി തിരസ്ക്കരിക്കുകയാണ് വേണ്ടത് .എന്നാൽ ഈ ഭക്തിയെ സംബന്ധിച്ചിടത്തോളോം ഇതുവരെ വിവരിച്ചവയിൽനിന്നും തുടർന്ന് വിശദമാക്കുവാനിരിക്കുന്നവയിൽനിന്നും മനസിലാക്കാം ,ക്രിസ്തുവിനെ പൂർണമായി അറിയുന്നതിനും ആർദ്രമായി സ്നേഹിക്കുന്നതിനും വിശ്വസ്തതയോടെ സേവിക്കുന്നതിനും നമ്മെ സഹായിക്കുകയാണ് മരിയ ഭക്തി ചെയ്യുന്നതെന്ന് .

അനുദിന പ്രാർത്ഥനകൾ

(മൂന്നാമത്തെ ആഴ്ചയിലെ ഒരുക്കസമയത്ത് എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനകൾ)

 1. പരിശുദ്ധാത്മാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

സർവ്വശക്തനായ പിതാവേ,

 • ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

 • ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

 • ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

 • ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

 • ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

 • ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,
എല്ലാ നന്മകളുടെയും കാരണമേ,
സ്വർഗ്ഗീയ നീരുറവയേ,
ദഹിപ്പിക്കുന്ന അഗ്നിയേ,
ആർദ്രമായ സ്നേഹമേ,
ആത്മീയാഭിഷേകമേ,
സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,
ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,
സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,
അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,
സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,
വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,
ആശ്വാസദായകനായ പരിശുദ്ധാത്മാവേ,
വിശുദ്ധീകരിക്കുന്ന ആത്മാവേ,
തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,
അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,
പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,
ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവേ,
പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,
അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,
അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

: പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.
ആമ്മേൻ

 1. സമുദ്രതാരമേ സ്വസ്തി!

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗൃഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.

അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.

അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ.

 1. ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

മിശിഹായേ, അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,

നിത്യപിതാവിന്റെ പ്രഭയായ ഈശോയേ,

മഹത്വത്തിന്റെ രാജാവായ ഈശോയേ,

നീതിസൂര്യനായിരിക്കുന്ന ഈശോയേ,

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയേ,

സ്നേഹത്തിന് ഏറ്റവും യോഗ്യനായ ഈശോയേ,

അത്ഭുതത്തിന് വിഷയമായ ഈശോയേ,

സർവ്വശക്തനായ ഈശോയേ,

വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയേ,

ശ്രേഷ്ഠമായ ഉപദേശത്തിന്റെ ദൂതനായ ഈശോയേ,

ഏറ്റവും ശക്തനായ ഈശോയേ,

ഏറ്റവും ക്ഷമയുള്ളവനായ ഈശോയേ,

ഏറ്റവും അനുസരണമുള്ള ഈശോയേ,

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,

ബ്രഹ്മചര്യത്തെ സ്നേഹിക്കുന്ന ഈശോയേ,

ഞങ്ങളുടെ സ്നേഹനിധിയായ ഈശോയേ,

സമാധാനത്തിന്റെ ദൈവമായ ഈശോയേ,

ആയുസ്സിനു കാരണമായ ഈശോയേ,

സകലപുണ്യങ്ങൾക്കും മാതൃകയായ ഈശോയേ,

ആത്മാക്കളെ അധികമായി സ്നേഹിക്കുന്ന ഈശോയേ,

ഞങ്ങളുടെ സങ്കേതമായ ഈശോയേ,

ദരിദ്രരുടെ പിതാവായ ഈശോയേ,

വിശ്വാസികളുടെ നിക്ഷേപമായ ഈശോയേ,

നല്ല ഇടയനായ ഈശോയേ,

സത്യപ്രകാശമായ ഈശോയേ,

നിത്യജ്ഞാനമായ ഈശോയേ,

നിത്യനന്മകളുടെ നികേതനമായ ഈശോയേ,

ഞങ്ങളുടെ ജീവനും വഴിയും സത്യവുമായ ഈശോയേ,

മാലാഖമാരുടെ സന്തോഷമായ ഈശോയേ,

പൂർവ്വപിതാക്കന്മാരുടെ രാജാവായ ഈശോയേ,

ദീർഘദർശികൾക്കു ജ്ഞാനം പകരുന്ന ഈശോയേ,

ശ്ലീഹന്മാരുടെ ഗുരുവായ ഈശോയേ,

സുവിശേഷകർക്കു ആചാര്യനായ ഈശോയേ,

വേദസാക്ഷികൾക്കു ശക്തിപകർന്ന ഈശോയേ,

വന്ദകന്മാരുടെ പ്രകാശമായ ഈശോയേ,

ബ്രഹ്മചാരികളുടെ പരിശുദ്ധിയായ ഈശോയേ,

സകല പുണ്യവാന്മാരുടെയും കിരീടമായ ഈശോയേ,

ദയാപരനായ കർത്താവേ!
ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ.

ദയാപരനായ കർത്താവേ!
ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ.

സകല പാപങ്ങളിൽനിന്ന്,

(കർത്താവേ ഞങ്ങളെ രക്ഷിക്കണമേ)

അങ്ങേ കോപത്തിൽനിന്ന്,

പിശാചിന്റെ സകല തന്ത്രങ്ങളിൽനിന്ന്,

മോഹാഗ്നിയിൽനിന്ന്,

എന്നന്നേക്കുമുള്ള മരണത്തിൽനിന്ന്,

ഞങ്ങൾക്ക് അങ്ങുതരുന്ന നല്ല പ്രേരണകളോടുള്ള ഞങ്ങളുടെ ഉദാസീനതയിൽനിന്ന്,

അങ്ങേ മനുഷ്യാവതാരത്തിന്റെ പരമരഹസ്യത്തെക്കുറിച്ച്,

അങ്ങേ പിറവിയെക്കുറിച്ച്,

അങ്ങേ ബാല്യപ്രായത്തെക്കുറിച്ച്,

അങ്ങേ ഛേദനാചാരത്തെക്കുറിച്ച്,

അങ്ങേ കഠിനാദ്ധ്വാനത്തെക്കുറിച്ച്,

അങ്ങേ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും കുറിച്ച്,

അങ്ങേ ദുഃഖങ്ങളെയും രക്തവിയർപ്പിനെയും കുറിച്ച്,

അങ്ങേ കുരിശിനെയും അങ്ങ് അനുഭവിച്ച പരിത്യക്തതയെയും കുറിച്ച്,

അങ്ങേ തിരുമരണത്തെയും സംസ്ക്കാരത്തെയും കുറിച്ച്,

മഹിമ പ്രതാപത്തോടെയുള്ള അങ്ങേ ഉയിർപ്പിനെക്കുറിച്ച്,

അത്ഭുതകരമായ അങ്ങേ സ്വർഗ്ഗാരോഹണത്തെക്കുറിച്ച്,

വി. കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച്,

അങ്ങേ ആനന്ദത്തെക്കുറിച്ച്,

അങ്ങ് മഹിമപ്രതാപത്തോടുകൂടി എഴുന്നള്ളി വരുവാനിരിക്കുന്ന വിധി ദിവസത്തിൽ,

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ.

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

യേശുവേ കാരുണ്യപൂർവ്വം ഞങ്ങളെ ശ്രമിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കർത്താവായ യേശുവേ, ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും, അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്കു തുറന്നുകിട്ടും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
കർത്താവേ, ഞങ്ങൾക്ക് അങ്ങയുടെ ദിവ്യസ്നേഹം നൽകണമേ. ഞങ്ങളുടെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നതിനും ഞങ്ങളുടെ എല്ലാ പ്രവൃത്തികളും വ്യാപാരങ്ങളുംകൊണ്ട് അങ്ങയെ അവിരാമം മഹത്ത്വപ്പെടുത്തുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ തിരുനാമത്തോടു നിരന്തരമായ ഭയഭക്തി ഞങ്ങൾക്കു നൽകണമേ. അവിടുത്തെ സ്നേഹം അങ്ങു ശാശ്വതമായി സ്ഥാപിച്ചിട്ടുള്ള ഹൃദയങ്ങളെ ഭരിക്കുവാൻ ഒരിക്കലും വിമുഖത കാണിക്കാത്ത നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന യേശുവേ, ആമ്മേൻ.

 1. ഈശോയുടെ തിരുഹൃദയ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ.
കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ, അനുഗ്രഹിക്കണമേ.
മിശിഹായേ, അനുഗ്രഹിക്കണമേ.

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷകനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്റെ തിരുക്കുമാരനായ ഈശോയുടെ തിരുഹൃദയമേ,

കന്യകാമറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാരൂപിയാൽ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തിൽ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തപ്രതാപവാനായ ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകലഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉൾക്കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ദൈവത്വത്തിൻ പൂർണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,

നിത്യപർവ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ,

ക്ഷമയും അധികദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,

അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ പാപങ്ങൾക്കു പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

നിന്ദകളാൽ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം തകർന്ന ഈശോയുടെ തിരുഹൃദയമേ,

മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ ജീവനും ഉയിർപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ സമാധാനവും അനുരഞ്ജനവുമായ ഈശോയുടെ തിരുഹൃദയമേ,

പാപങ്ങൾക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങയിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങിൽ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,
ഞങ്ങളുടെ ഹൃദയം അങ്ങയുടെ തിരുഹൃദയത്തിന് അനുയോജ്യമാക്കണമേ.
നമുക്കു പ്രാർത്ഥിക്കാം

സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, അങ്ങേ ദിവ്യപുത്രന്റെ തിരുഹൃദയത്തെയും പാപികൾക്കായി അവിടുന്നു ചിന്തിയ തിരുരക്തത്തെയും തൃക്കൺപാർത്ത് അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെമേൽ കൃപയായിരിക്കണമേ. അങ്ങേക്ക് അവിടുന്നു സമർപ്പിച്ച സ്തുതികളോടും പരിഹാരപ്രവൃത്തികളോടും ചേർത്ത് ഞങ്ങളുടെ ഈ അപേക്ഷകൾ അങ്ങുന്നു സ്വീകരിക്കണമേ. ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താൽ സമ്പന്നരാക്കുകയും ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാവഴി അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
ആമ്മേൻ.

 1. വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ്‌ എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്താഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്കു നൽകി. മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്കു വലിയ ആശ്രയം. കഷ്ടം! ഓ! എന്റെ ദൈവമേ, ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തെ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ, പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽനിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ, അങ്ങയോടു സംസാരിക്കട്ടെ, അങ്ങയോടു പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ, അങ്ങയെ പ്രസാദിപ്പിക്കട്ടെ. മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോടുകാണിച്ച വലിയ കരുണകളെ ലോകം മുഴുവനുംപോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ! ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദി പ്രകാശിപ്പിക്കുവാൻ എനിക്കു സാധിക്കുമോ? മറിയം എന്നിലുണ്ട്.
ഓ! അക്ഷയമായ നിധിയേ,
ഓ! എത്ര വലിയ ആശ്വാസം!

ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്രവലിയ നന്ദിഹീനത! ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽപ്പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ, ഞാൻ പരിപൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻ ശ്ലീഹായോടുകൂടി കുരിശിൻ ചുവട്ടിൽനിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യംതന്നെ എന്നെ അവൾക്കു നൽകുകയും ചെയ്യുന്നു. പ്രിയ ഈശോയേ, അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും നിർവ്വഹിച്ചില്ലെങ്കിൽ ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയേ, എന്റെ ആത്മാവിലോ ശരീരത്തിലോ, ഈ മഹത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽനിന്നു ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, നാഥാ, അങ്ങേയ്ക്ക് അനുഗുണമല്ലതന്നെ.

ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്കു നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങുനടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അതു വളർന്നു പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ.
ഓ! പരിശുദ്ധാത്മാവേ, അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്കു വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്കു നൽകിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതുവഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്കു സാധിക്കട്ടെ.
ആമ്മേൻ.

 1. മറിയത്തിൽ ജീവിക്കുന്ന യേശുവേ

ഓ !മേരിയിൽ വാഴുവോരേശുവേ,
വന്നു വസിക്കണേ നിൻ ദാസരിൽ,
അങ്ങേ വിശുദ്ധിതൻ അരൂപിയിലും,
അങ്ങേ ശക്തിതന്നുടെ നിറവിലും,
അങ്ങേ പുണ്യത്തിൻ സത്യമോടെയും,
അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും,
അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും,
തിന്മതൻ ശക്തിയെല്ലാം തുരത്തണേ
അങ്ങേ അരൂപിയാൽ,
പിതാവിൻ മഹത്വത്തിനായ്.
ആമ്മേൻ.

ആദ്ധ്യാത്മികാഭ്യാസങ്ങൾ

ദൈവസ്നേഹപ്രകരണങ്ങൾ, യേശുവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുക, മനഃസ്താപവും പ്രതിജ്ഞയും.