Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ മുപ്പത്തിമൂന്നാം ദിവസം

മൂന്നാം ആഴ്ച

അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം
(നമ്പർ 230 കാണുക).

-യേശുക്രിസ്തുവിനെപ്പറ്റിയുള്ള അറിവ്

യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്?

-ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വവും,

പിന്നെ, നമ്മുടെമേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു.

ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്തേ ബാഹ്യപ്രവൃത്തികൾ, അവിടുത്തെ പുണ്യങ്ങൾ, അവിടുത്തെ തിരുഹൃദയത്തിന്റെ വ്യാപാരങ്ങൾ, മംഗലവാർത്ത, മനുഷ്യാവതാരം, ബാല്യകാലം, രഹസ്യജീവിതം, കാനായിലെ കല്യാണം, കാൽവരി

ഈവക രഹസ്യങ്ങളിൽ അവിടുത്തേക്കു മറിയത്തോടുള്ള ബന്ധം-ഇവയെല്ലാമാണ് പഠിക്കേണ്ടത്.

ഒന്നാം ധ്യാന വായന :-

യഥാർത്ഥ മരിയഭക്തി
261-265

മറിയത്തിൽ

261.എല്ലാ പ്രവൃത്തികളും നാം മറിയത്തിൽ ചെയ്യണം. ഈ അഭ്യാസം യഥാതഥം മനസ്സിലാക്കുവാൻ, പുതിയ ആദത്തിന്റെ യഥാർത്ഥമായ ഭൗമിക പറുദീസയാണു മറിയമെന്നു ഒന്നാമതായി ഗ്രഹിച്ചിരിക്കണം. ഏദേൻതോട്ടം അവളുടെ ഒരു പ്രതിരൂപം മാത്രമാണ്. ഈ ഭൗമിക പറുദീസായിൽ സമൃദ്ധിയും സുന്ദരവസ്തുക്കളും ദുർല്ലഭവിഭവങ്ങളും അവർണ്ണനീയാനന്ദങ്ങളും ധാരാളമുണ്ട്. പുതിയ ആദമായ ഈശോയാണ് അവ അവിടെ നിക്ഷേപിച്ചത്. ഒമ്പതുമാസം അവിടുന്ന് ഈ പറുദീസായിൽ സാനന്ദം വസിച്ചു. അവിടെ അത്ഭുതങ്ങൾ പ്രവർത്തിച്ചു; ദൈവത്തിന്റെ ഐശ്വര്യസമൃദ്ധിക്ക്‌ അനുഗുണമായി തന്റെ സമ്പന്നതകൾ വാരിവിതറി. ആ അമലോദ്ഭവയും കന്യകയുമായ മണ്ണിൽ നിന്നാണ് അവിടെ വാസം ഉറപ്പിച്ചിരുന്ന പരിശുദ്ധാത്മാവ് കറയോ കളങ്കമോ കൂടാതെ പുതിയ ആദത്തിനു രൂപംകൊടുത്തതും അവിടുത്തെ പരിപുഷ്ടമാക്കിയതും. ജീവദായകഫലമായ ഈശോയെ വഹിച്ച ജീവന്റെ വൃക്ഷം വളരുന്നത് ഈ ഭൗമിക പറുദീസായിലാണ്. ലോകത്തിനു വെളിച്ചം നൽകിയ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും അവിടെത്തന്നെയാണ്. ആ ദൈവികഭൂമിയിൽ ദൈവം നട്ടുവളർത്തിയതും ദൈവാഭിഷേകത്താൽ നനയ്ക്കപ്പെട്ടതുമായ വൃക്ഷങ്ങളുണ്ട്. ദൈവത്തിന്റെ അഭിരുചിക്ക് അനുഗുണമായി അവ ഫലം പുറപ്പെടുവിക്കുന്നു. പുണ്യങ്ങളാകുന്ന മനോഹരങ്ങളും വിവിധങ്ങളുമായ കുസുമങ്ങൾ നിറഞ്ഞ പുൽത്തകിടികൾ അവിടെയുണ്ട്. മാലാഖമാർക്കുപോലും ആനന്ദം പകരുന്ന സുഗന്ധച്ചാർത്താണ് അവയിൽനിന്ന് എപ്പോഴും പുറപ്പെടുക. പ്രത്യാശയാൽ ഹരിതനിറമാർന്ന മൈതാനങ്ങളും അജയ്യവും ബലവത്തുമായ കോട്ടകളും ധൈര്യം പകരുന്ന വശ്യതയാർന്ന രമ്യഹർമ്മ്യങ്ങളും അവിടെയുണ്ട്. ഈ പ്രതിരൂപങ്ങൾകൊണ്ടു സൂചിപ്പിക്കുന്നത് എന്തെല്ലാം സത്യങ്ങളെന്നു വ്യക്തമാക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. തീർത്തും പരിശുദ്ധമായ അന്തരീക്ഷമാണ് ഈ രമ്യഹർമ്മ്യത്തിലുള്ളത്. ദൈവികതയുടെ ഒളിമങ്ങാതെ പ്രകാശിച്ചു നിൽക്കുന്നു സൂര്യൻ. അവിടെ നിഴൽ ഇല്ലേ ഇല്ല. പരിശുദ്ധമായ മനുഷ്യാവതാരത്തിന്റെ പ്രകാശം നിറഞ്ഞ ദിവസം, അവിടെ രാത്രിയില്ല. സ്നേഹത്തിന്റെ നിരന്തരമായി ജ്വലിക്കുന്ന തീച്ചൂള, അതിലേക്ക് എറിയപ്പെടുന്ന ഏത് ഇരുമ്പും സ്വർണ്ണമായി രൂപാന്തരം പ്രാപിക്കും. അത്രയ്ക്ക് ഉഗ്രമാണതിന്റെ ചൂട്. ഭൂമിയിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന വിനയത്തിന്റെ അരുവി അവിടെയുണ്ട്. അത് നാലു ശാഖകളായി ഒഴുകി, പരിസരപ്രദേശങ്ങളെ ആഹ്ലാദിപ്പിക്കുന്നു. നാലു സാന്മാർഗ്ഗിക പുണ്യങ്ങളാണ് ആ കൈവഴികൾ.

262.പൂർവ്വപിതാക്കന്മാരുടെ അധരങ്ങൾവഴി പരിശുദ്ധാത്മാവു മറിയത്തെ വിവിധനാമങ്ങളിൽ വിളിക്കുന്നു. ‘കിഴക്കേ പടിപ്പുര’ (എസെ. 44: 2-3) – അതിലൂടെയാണ് ഈശോമിശിഹായാകുന്ന പുരോഹിതശ്രേഷ്ഠൻ ഈ ലോകത്തേക്കു വരുന്നതും ഈ ലോകത്തുനിന്ന് പോകുന്നതും. ഈ പടിവാതിലിലൂടെയാണ് അവിടുന്ന് ആദ്യം പ്രവേശിച്ചത്; രണ്ടാമത്തെ പ്രവേശനത്തിനും ഇതുതന്നെ അവിടുന്ന് ഉപയോഗിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ വാസസ്ഥലം, ദൈവത്തിന്റെ സിംഹാസനം, ദൈവത്തിന്റെ നഗരം, ദൈവത്തിന്റെ ബലിപീഠം, ദൈവത്തിന്റെ ആലയം, ദൈവത്തിന്റെ ലോകം – ഇങ്ങനെ പല പേരുകളുമുണ്ട് മറിയത്തിന്. അത്യുന്നതൻ മറിയത്തിൽ പ്രവർത്തിച്ച വിവിധങ്ങളായ അത്ഭുതങ്ങളെയും അനുഗ്രഹങ്ങളെയും പരിഗണിക്കുമ്പോൾ ഈ സ്ഥാനപ്പേരുകളും വിശേഷണങ്ങളും വളരെ അനുയോജ്യമെന്നു വ്യക്തമാകും. ഓ! എത്ര വലിയ സമൃദ്ധി! എത്ര ഉന്നതമായ മഹത്ത്വം! എത്ര വലിയ ആഹ്ലാദം! അത്യുന്നതൻ തന്റെ അത്യുന്നത മഹത്വത്തിന്റെ സിംഹാസനം ഉറപ്പിച്ചിരിക്കുന്ന മറിയത്തിൽ പ്രവേശിക്കുവാനും വാസമുറപ്പിക്കാനുമാകുക എത്ര ആനന്ദപ്രദം!

 1. എന്നാൽ ഇത്ര പരിശുദ്ധവും ഉത്കൃഷ്ടവുമായ ഈ സ്ഥലത്തു പ്രവേശിക്കുവാൻ ആവശ്യമായ പ്രകാശവും കഴിവും അനുവാദവും പാപികളായ നമുക്കു ലഭിക്കുക എത്ര ദുഷ്ക്കരം! ആദ്യത്തെ ഭൗമിക പറുദീസായെ കാക്കുവാൻ ഒരു ക്രോവേ മാലാഖയേ ഉണ്ടായിരുന്നുള്ളൂ (ഉത്പ. 3:24). പക്ഷേ, ഈ പറുദീസായെ കാത്തുരക്ഷിക്കുന്നതു പരിശുദ്ധാത്മാവു തന്നെയാണ്. അവിടുന്നാണ് അതിന്റെ പരമാധികാരി. മറിയത്തെക്കുറിച്ചു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു: “അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്റെ സോദരി; എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്ര വച്ച നീരുറവ” (ഉത്ത. 4:12). മറിയം അടച്ചുപൂട്ടിയതാണ്, മുദ്രിതയുമാണ്. ആദത്തിന്റെയും ഹവ്വായുടെയും ദുർഭഗരായ മക്കൾ ഭൗമികപറുദീസായിൽനിന്നു ബഹിഷ്ക്കരിക്കപ്പെട്ടു. പരിശുദ്ധാത്മാവിന്റെ പ്രത്യേകാനുഗ്രഹത്താൽ മാത്രമേ അവർക്ക് ഈ പറുദീസായിൽ പ്രവേശനം ലഭിക്കുകയുള്ളൂ. ആ അനുഗ്രഹത്തിന് അവർ അർഹരാകണം.
 2. നമ്മുടെ വിശ്വസ്തതകൊണ്ട് ആ അസാധാരണാനുഗ്രഹം സമ്പാദിക്കണം. എന്നിട്ട്, മറിയത്തിന്റെ അന്തരാത്മാവിൽ സ്നേഹത്തോടുകൂടി വസിക്കാം. സമാധാനത്തോടെ വിശ്രമിക്കാം. നമ്മുടെ ഭാരങ്ങൾ വിശ്വാസപൂർവ്വം ഏൽപ്പിക്കാം. അവിടെ ധൈര്യമായി നമുക്ക് ഒളിക്കാം. ഒന്നും മാറ്റിവയ്ക്കാതെ അവൾക്കു വിട്ടുകൊടുക്കാം. അങ്ങനെ ആ കന്യകാവക്ഷസ്സിൽ

(1) കൃപാവരമാകുന്ന പാലും മാതൃസഹജമായ കാരുണ്യവും വഴി ആത്മാവ് പോഷിപ്പിക്കുകപ്പെടും.

(2) അത് എല്ലാവിധ പ്രശ്നങ്ങളിൽനിന്നും ഭയങ്ങളിൽനിന്നും സംശയങ്ങളിൽനിന്നും രക്ഷിക്കപ്പെടും

(3) അതു എല്ലാ ശത്രുക്കളിൽനിന്നും സംരക്ഷിക്കപ്പെടും. ലോകം, പിശാച്, പാപം ഇവയ്ക്ക് അവിടെ പ്രവേശനം ഇല്ല. അതുകൊണ്ടാണ് മറിയം പറയുന്നത്, ആരെല്ലാം അവളിൽ ജോലി ചെയ്യുന്നുവോ അവൻ പാപം ചെയ്യുകയില്ല എന്ന്. എന്നുവച്ചാൽ മറിയത്തിൽ വസിക്കുന്നവർ കാര്യപ്പെട്ട തെറ്റുകളിൽ വീഴുകയില്ല എന്നുതന്നെ. അവസാനമായി
(4) നാം ഈശോമിശിഹായിലും ഈശോമിശിഹാ നമ്മിലും രൂപംകൊള്ളും. എന്തുകൊണ്ടെന്നാൽ പൂർവ്വപിതാക്കന്മാർ പറയുന്നതുപോലെ, അവളുടെ വക്ഷസ്സ് ദൈവിക കൂദാശകളുടെ ആലയമാണ്. അവിടെയാണ് ഈശോയും തെരഞ്ഞെടുക്കപ്പെട്ടവരുടെ രൂപംപ്രാപിച്ചത്. “ഈ മനുഷ്യനും ആ മനുഷ്യനും അവിടെ ജനിച്ചു”.

 1. മറിയത്തിനുവേണ്ടി

265.നാം എല്ലാ പ്രവൃത്തികളും മറിയത്തിനുവേണ്ടിവേണം ചെയ്യുവാൻ; നമ്മെത്തന്നെ പരിപൂർണ്ണമായി അവളുടെ സേവനത്തിനു സമർപ്പിച്ചിരിക്കുന്നതിനാൽ, ഒരു ദാസനെയും അടിമയെയുംപോലെ, എല്ലാ പ്രവൃത്തികളും അവൾക്കുവേണ്ടി ചെയ്യുക ഏറ്റവും നീതിയുക്തമാണ്. എല്ലാ പ്രവൃത്തികളുടെയും പരമാന്ത്യമായി നാം മറിയത്തെ സ്വീകരിക്കുന്നു എന്നല്ല ഇതിന്റെ അർത്ഥം; പരമാന്ത്യം ഈശോമിശിഹായാണ്. പക്ഷെ നാം അവളെ നമ്മുടെ അടുത്ത അന്ത്യമായിട്ടും ഈശോയിലേക്കു എത്തിച്ചേരുവാനുള്ള ഉപാധിയായും അവിടുത്തെ സമീപിക്കുവാനുള്ള എളുപ്പവഴിയായും മാത്രമേ സ്വീകരിക്കുന്നുള്ളൂ. അങ്ങനെ, നല്ല ദാസരും അടിമകളുമെന്ന നിലയിൽ, അലസരാകാതെ, മഹത്ത്വപൂർണ്ണയായ ഈ രാജ്ഞിയുടെ സംരക്ഷണയിൽ ആശ്രയിച്ചുകൊണ്ടു വലിയ കാര്യങ്ങൾ ചെയ്യണം. അവളുടെ വിശേഷാധികാരങ്ങൾ ചോദ്യംചെയ്യപ്പെടുമ്പോൾ, നാം അവയെ വാദിച്ചു സ്ഥാപിക്കണം. അവളുടെ മഹത്ത്വം ആക്രമിക്കപ്പെടുമ്പോൾ നാം സടകുടഞ്ഞെഴുന്നേറ്റ് അമ്മയുടെ മഹത്ത്വം സംരക്ഷിക്കണം. കഴിയുമെങ്കിൽ, അവളുടെ ശുശ്രൂഷയിലേക്കും യഥാർത്ഥവും അഗാധവുമായ ഈ ഭക്തിയിലേക്കും എല്ലാവരെയും ആകർഷിക്കണം. മാതാവിനോടുള്ള ഭക്തിയെ നിന്ദിച്ചുകൊണ്ട് തന്റെ തിരുപുത്രനെ ക്രുദ്ധനാക്കുന്നവർക്കെതിരായി നാം പ്രസംഗിക്കുക മാത്രമല്ല ആക്രോശിക്കുകതന്നെ ചെയ്യണം. അതേസമയം നാം ഈ യഥാർത്ഥ ഭക്തിയെ സ്ഥിരീകരിക്കുകയും വേണം. കൂടാതെ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് നമുക്ക് ഒരു പാരിതോഷികവും അവകാശപ്പെടേണ്ട. ഇത്രയ്ക്കു മാധുര്യപൂർണ്ണമായ ഒരു രാജ്ഞിയുടെ സ്വന്തമാകുകയും അവളിലൂടെ തന്റെ ദിവ്യസുതനോടു കാലത്തിലും നിത്യത്വത്തിലും അഭേദ്യമാംവിധം ബന്ധിക്കപ്പെടുകയും ചെയ്യുക എന്നതുമാത്രമായിരിക്കണം നമ്മുടെ ആഗ്രഹം.

മറിയത്തിൽ യേശുവിനു മഹത്ത്വം!
യേശുവിൽ മറിയത്തിനു മഹത്ത്വം!
ദൈവത്തിനുമാത്രം മഹത്ത്വം!

രണ്ടാം ധ്യാന വായന

ക്രിസ്താനുകരണം
പുസ്തകം 4 അദ്ധ്യായം11

വിശ്വസ്തയായ ആത്മാവിന് ഏറ്റവും ആവശ്യമുള്ളത് ക്രിസ്‌തുവിന്റെ ശരീരവും തിരുവചനവുമാണ്.

ശിഷ്യന്റെ സ്വരം :-ക്രിസ്തു ഈ കൂദാശയിൽ സന്നിഹിതനാണ് .ഏറ്റവും മാധുര്യവാനായ കർത്താവായ യേശുവേ ,നിന്റ വിരുന്നിൽ നിന്നോടുകൂടെ ഭക്ഷണം കഴിക്കുന്ന ഭക്തനായ ആത്മാവിന്റെ മാധുര്യം എത്ര വലുതാണ് .അവിടെ ഏറ്റവും പ്രിങ്കരനായ നീയല്ലാതെ മറ്റൊരു ഭക്ഷണവും നല്കപ്പെടുന്നില്ല .നീ ഹൃദയത്തിന്റെ സകല ആഗ്രഹങ്ങൾക്കുമുപരി ആഗ്രഹിക്കപെടുന്നവനാണ് .നിന്റ സന്നിധിയിൽ എന്റ ആഴമേറിയ സ്നേഹത്തിൽനിന്നു കണ്ണുനീർ ചിന്തുന്നത് മാധുര്യമാണ് ,ഭക്തയായ മഗ്ദലെനായോടുകൂടെ കണ്ണുനീർ കൊണ്ട് നിന്റ പാദങ്ങൾ കഴുകുന്നതും .അവിടെ പരിശുദ്ധമായ കണ്ണുനീരിന്റെ ധാരാളമായ പ്രവാഹമുണ്ട് .ഈ ഭക്തി എവിടെയാണ് ?പരിശുദ്ധമായ കണ്ണുനീരിന്റെ പ്രവാഹം എവിടെയാണ് ?നിന്റെയും നിന്റെ പരിശുദ്ധരായ മാലാഖാമാരുടെയും സന്നിധിയിൽ എന്റെ ഹൃദയം മുഴുവൻ ജ്വലിക്കണം .ആനന്ദാശ്രുക്കൾ പൊഴിക്കണം .ഈ കൂദാശയിൽ നീ സത്യമായും എന്നിൽ സന്നിഹിതനാണ് .വേറൊരു രൂപത്തിൽ മറഞ്ഞാണെങ്കിലും .

2.പരമമായ ആരാധന നൽകണം

നിനക്ക് സ്വന്തമായ ദിവ്യ പ്രകാശത്തിൽ നിന്നെ ദർശിക്കാൻ എന്റെ കണ്ണുകൾക്ക് കഴിവില്ല .ലോകം മുഴുവനും നിന്റെ മഹത്വത്തിന്റെ ശോഭയുടെ. പ്രഭയിൽ പിടിച് നിൽക്കാനാവില്ല .എന്റ ഈ ബലഹീനത കണക്കിലെടുത്തുകൊണ്ട് ഈ കൂദാശയിൽ നീ ഒളിക്കുന്നു .സ്വർഗത്തിൽ മാലാഖമാർ നിന്നെ ആരാധിക്കുന്നു .നീ സത്യമായും ഇവിടെയാണ് ,എനിക്ക് നിന്നെ ആരാധിക്കണം .ഞാൻ വിശ്വാസത്തിലും അവർ മുഖാമുഖം മറയില്ലാതെയും .സത്യവിശ്വാസത്തിന്റെ പ്രകാശം കൊണ്ട് ഞാൻ ത്യുപ്തിപ്പെടണം .അതിൽ വ്യാപരിക്കണം ,നിത്യ പ്രകാശത്തിന്റെ ദിവസം വരുന്നവരെയും ,സാദൃശ്യങ്ങളുടെ നിഴലുകൾ മായുന്നതുവരെയും .പൂര്ണമായതു വരുമ്പോൾ (1കോറി13/10)കൂദാശയുടെ ആവശ്യം ഇല്ലാതാവും .സ്വർഗസൗഭാഗ്യം അനുഭവ്ക്കുന്നവർക്കു കൂദാശകളാകുന്ന ഔഷധം വേണ്ട .ദൈവസന്നിധിയിൽ അവസനമില്ലതെ അവിടുത്തെ മുഖാമുഖം ദർശിച്ചുകൊണ്ടു സാന്തിഷിക്കുന്നു .മഹത്വത്തിൽനിന്നു മഹത്വത്തിലേക്കു ,ദൈവത്തിന്റെ ആഗാധങ്ങളിലേക്കു രൂപാന്തരപ്പെട്ടു മനുഷ്യനായ ദൈവവചനത്തെ ആസ്വദിച്ചു ,ആദിമുതൽ എന്നും ഒന്നുപോലെ ആയിരിക്കുന്നവനെ .

3.അവിടുത്തേക്ക്‌ മാത്രമേ ആത്മാവിനെ അറിയാവൂ

ഈ അത്ഭുതങ്ങൾ ഓർമിക്കുമ്പോൾ ആത്മീയാശ്വാസങ്ങൾ പോലും അരോചകമായാണ് തോന്നുന്നത് എന്റെ കർത്താവിനെ അവിടുത്തെ മഹത്വത്തിൽ വ്യക്തമായി കാണുന്നതുവരെ ഈ ലോകത്തിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം ഒന്നുമല്ല .യാതൊരു വസ്തു വിനും എനിക്ക് ആശ്വാസം തരാൻ കഴിവില്ല .ഒരു സുഷ്ടിക്കും എന്നെ ത്യുപ്തി പ്പെടുത്താനാവില്ല .നിന്നെ നിത്യവും ദർശിക്കാൻ ഞാനാഗ്രഹിക്കുന്നു .നിനക്ക് മാത്രമേ അതു തരാൻ സാധിക്കുവെന്നതിനു ,ദൈവമേ നീ തന്നെയാണ് സാക്ഷി .മരിച്ചു പോവൂന്ന ഈ അവസ്ഥയിൽ അതു സധ്യമല്ല .അതുകൊണ്ടു നി എനിക്കു വലിയ ക്ഷമ തരണം .എന്റെ എല്ലാ അനുഗ്രഹങ്ങളോടൊപ്പം എന്നെ നിനക്കു വിട്ടുതരണം .കർത്താവെ സ്വർഗ്ഗരാജ്യത്തിൽ സന്തോഷിക്കുന്നവർ വിശ്വാസത്തിലും വലിയ ഷമയിലും ജീവിച്ചിരുന്നപ്പോൾ നിന്റെ മഹത്വം പ്രതീക്ഷിച്ചിരുന്നു അവർ വിശ്വസിച്ചത് ഞാനും വിശ്വസിക്കുന്നു .അവർ പ്രത്യാശിച്ചിരുന്നത് ഞാനും പ്രത്യാശിക്കുന്നു അവർ എത്തിയിടത്തു നിന്റെ കൃപ വഴി ഞാനും എത്തും എന്ന് എനിക്കുറപ്പുണ്ട് .അതുവരെ ഞാൻ വിശ്വാസത്തിൽ വ്യാപാരിക്കും ,വിശുദ്ധരുടെ മാതൃകകൾ എന്നെ ബലപ്പെടുത്തും .ആശ്വാസത്തിനും ജീവിത മാതൃകക്കുമായി വിശൂദ്ധപുസ്തകങ്ങൾ എനിക്കുണ്ടകും .ഇതിലെല്ലാമുപരി നിന്റെ പരിശുദ്ധമായ ശരീരം എന്റെ പ്ര്ത്യേകമായ ഔഷധവും അഭയവുമായിരിക്കും .

4.ക്രിസ്തു തന്റെ സത്യം നമ്മെ പാഠിപ്പിക്കുന്നു തന്റെ ശരീരംകൊണ്ടു നമ്മെ പോറ്റുന്നു

എനിക്ക് ഈ ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ളത്‌ രണ്ടു കാര്യങ്ങളാണ് .അവ കൂടാതെ ഈ ദുരിത പൂർണമായ ജീവിതം ദുർബ്ബലമാണ് .ശരീരത്തിന്റെ ഈ താഴ്‌വരയിൽ കഴിയുമ്പോൾ എനിക്ക് രണ്ടവാശ്യങ്ങളുണ്ട് .
ഭക്ഷണവും വെളിച്ചവും .ദുർബ്ബലനായ എനിക്ക് മനസ്സിന്റെയും ശരീരത്തിന്റെയും ഉന്മേഷത്തിനായി നിന്റെ പ രിശുദ്ധ ശരീരം തന്നു .നിന്റെ വാക്ക് എന്റെ പാദങ്ങൽകൾക്ക് വിളക്കായി തന്നു (സങ്കീ 119/105)ഇവ രണ്ടും കൂടാതെ എനിക്ക് നന്നായി ജീവിക്കാൻ സാധ്യ്യമല്ല .ദൈവവചനം എന്റെ ആത്മാവിന്റെ പ്രകാശമാണ് .നിന്റെ കൂദാശ ജീവന്റെ അപ്പമാണ് .ഇവ രണ്ടു മേശകളാണെന്നു പറയാം ,നിന്റെ പള്ളിയിലെ രണ്ടാമൂല്യ നിധികൾ .ഒന്ന് പരിശുദ്ധമായ അൾത്താരയുടെമേൽ .അവിടെ ആശ്വാസമുണ്ട് ,അതായതു ക്രിസ്തുവിന്റെ അമൂല്യ ശരീരം. മറ്റത് ദിവ്യ നിയമത്തിന്റേതു .വിശുദ്ധമായ സത്യമുള്ളത് ,സത്യവിശ്വാസത്തിൽ പരിശീലനം തരുന്നത് .വിരികൾക്കപ്പുറവും പരമ പരിശുദ്ധമായ ഇടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നത് ,യേശുവേ നിത്യ പ്രകാശത്തിന്റ പ്രകാശമേ ,കർത്താവായ യേശുവേ ,ദിവ്യ സന്ദേശത്തിന്റെ മേശയെ ,നിന്റെ ദാസരായ പ്രവാചകന്മാരും അപ്പസ്തോലന്മാരും വഴി നീ ഞങ്ങളെ ശുശ്രുഷിച്ചു .

4.ഇത്ര വലിയ ദാനങ്ങൾക്കു നന്ദി പറയുക .

മനുഷ്യരുടെ സൃഷ്ടാവും രക്ഷകനുമായ നിനക്ക് നന്ദി പറയുന്നു .നിന്റെ സ്നേഹം ലോകത്തെ മുഴുവൻ അറിയിക്കാനായി വലിയ വിരുന്നൊരുക്കി .ഇതിൽ ഭക്ഷിക്കാൻ നൽകുന്നത് കുഞ്ഞാടിനെയല്ല ,നിന്റെ പരിശുദ്ധമായ ശരീരവും രക്തവുമാണ് .ഈ വിരുന്നു വഴി എല്ലാ വിശ്വാസികളെയും സന്തോഷിപ്പിക്കുന്നു .രസകരമായ കാസ വഴി ലഹരി പിടിപ്പിക്കുന്നു .ഇതിൽപറുദീസായും ,സകല മാധുര്യവുമുണ്ട് .നമ്മോടുകൂടെ പരിശുദ്ധമായ മാലാഖമാരും വിരുന്നനുഭവിക്കുന്നു ,പക്ഷെ അധികമായ മധുര്യത്തോടെയാണ് .

6.വൈദികന്റെ വിശുദ്ധി എപ്രകാരമായിരിക്കണം.

വൈദികന്റെ ജോലി എത്ര വലുതും സ്തുത്യര്ഹവുമാണ് .മഹത്വത്തിന്റെ കർത്താവിനെ തിരുവചനങ്ങളാൽ സന്നിഹിതനാക്കാം .നാവുകൊണ്ട് സ്തുതിക്കാം ,കരങ്ങളിലെടുക്കാം ,സ്വന്തം വായിൽ സ്വീകരിക്കാം ,ഇതരർക്കു നൽകാം .ആ കരങ്ങൾ എത്ര പരിശുദ്ധമായിരിക്കണം ,ആ അധരം എത്ര പരിശുദ്ധമായിരിക്കണം ആ ശരീരം എത്ര പരിശുദ്ധമായിരിക്കണം.പുരോഹിതന്റെ ഹൃദയം എത്ര പാപരഹിതമായിരിക്കണം .വിശുദ്ധിയോടെ നാഥൻ എത്ര തവണ അവിടെ പ്രവേശിക്കണം .വൈദികന്റെ വായിൽ നിന്ന് ,പരിശുദ്ധമായതു മാത്രം, സത്യ മയത് മാത്രം ,പ്രയോജനകരമായതു മാത്രമാണ് പുറപ്പെടേണ്ടത് .അത് ക്രിസ്തുവിന്റെ കൂദാശ എത്ര തവണയാണ് സ്വീകരിക്കുന്നത് .ക്രിസ്തുവിന്റെ ശരീരം കാണുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ ലളിതവും വിനയാന്വിതവും ആയിരിക്കണം .സ്വർഗ്ഗത്തിന്റെയും. ഭൂമിയുടെയും സൃഷ്ടാവിനെ കൊണ്ടു വരുന്ന കരങ്ങൾ പരിശുദ്ധമായിരിക്കണം .വൈദികരോട് നിയമം പ്രത്യേകമായി പറയുന്നത് :പരിശുദ്ധനായിരിക്കുക ,കാരണം നിന്റെ ദൈവമായ കർത്താവായ ഞാൻ പരിശുദ്ധനാണ് (ലേവ്യ 19/2)

7.വൈദിക പ്രാർത്ഥന.

സർവ്വ ശക്തനായ ദൈവമേ ,ഞങ്ങൾ ഏറ്റെടുത്ത വൈദിക കർത്തവ്യം യോഗ്യമയും ,ഭക്തിയോടുകൂടിയും ,എല്ലാ പരിശുദ്ധിയിലും ,നല്ല മനഃസാക്ഷിയോടുകൂടിയും .നിർവഹിക്കാൻ ഞങ്ങൾ പ്രാപ്തരാകട്ടെ .ഞങ്ങളുടെ ജീവിതം വേണ്ടത്ര നിര്മലമല്ലെങ്കിലും ,ഞങ്ങളുടെ തെറ്റുകൾ ഓർത്തു എളിമയോടെ വിലപിക്കാൻ ഞങ്ങളെഅനുഗ്രഹിക്കണമേ .ദൃഢനിശ്ചയത്തോടെ ഭാവിയിൽ കൂടുതൽ തീഷ്ണമായി നിന്നെ ശുശ്രുഷിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ .

അനുദിന പ്രാർത്ഥനകൾ

(മൂന്നാമത്തെ ആഴ്ചയിലെ ഒരുക്കസമയത്ത് എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനകൾ)

 1. പരിശുദ്ധാത്മാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

സർവ്വശക്തനായ പിതാവേ,

 • ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

 • ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

 • ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

 • ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

 • ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

 • ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,
എല്ലാ നന്മകളുടെയും കാരണമേ,
സ്വർഗ്ഗീയ നീരുറവയേ,
ദഹിപ്പിക്കുന്ന അഗ്നിയേ,
ആർദ്രമായ സ്നേഹമേ,
ആത്മീയാഭിഷേകമേ,
സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,
ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,
സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,
അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,
സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,
വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,
ആശ്വാസദായകനായ പരിശുദ്ധാത്മാവേ,
വിശുദ്ധീകരിക്കുന്ന ആത്മാവേ,
തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,
അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,
പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,
ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവേ,
പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,
അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,
അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

: പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.
ആമ്മേൻ

 1. സമുദ്രതാരമേ സ്വസ്തി!

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗൃഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.

അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.

അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ.

 1. ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

മിശിഹായേ, അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,

നിത്യപിതാവിന്റെ പ്രഭയായ ഈശോയേ,

മഹത്വത്തിന്റെ രാജാവായ ഈശോയേ,

നീതിസൂര്യനായിരിക്കുന്ന ഈശോയേ,

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയേ,

സ്നേഹത്തിന് ഏറ്റവും യോഗ്യനായ ഈശോയേ,

അത്ഭുതത്തിന് വിഷയമായ ഈശോയേ,

സർവ്വശക്തനായ ഈശോയേ,

വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയേ,

ശ്രേഷ്ഠമായ ഉപദേശത്തിന്റെ ദൂതനായ ഈശോയേ,

ഏറ്റവും ശക്തനായ ഈശോയേ,

ഏറ്റവും ക്ഷമയുള്ളവനായ ഈശോയേ,

ഏറ്റവും അനുസരണമുള്ള ഈശോയേ,

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,

ബ്രഹ്മചര്യത്തെ സ്നേഹിക്കുന്ന ഈശോയേ,

ഞങ്ങളുടെ സ്നേഹനിധിയായ ഈശോയേ,

സമാധാനത്തിന്റെ ദൈവമായ ഈശോയേ,

ആയുസ്സിനു കാരണമായ ഈശോയേ,

സകലപുണ്യങ്ങൾക്കും മാതൃകയായ ഈശോയേ,

ആത്മാക്കളെ അധികമായി സ്നേഹിക്കുന്ന ഈശോയേ,

ഞങ്ങളുടെ സങ്കേതമായ ഈശോയേ,

ദരിദ്രരുടെ പിതാവായ ഈശോയേ,

വിശ്വാസികളുടെ നിക്ഷേപമായ ഈശോയേ,

നല്ല ഇടയനായ ഈശോയേ,

സത്യപ്രകാശമായ ഈശോയേ,

നിത്യജ്ഞാനമായ ഈശോയേ,

നിത്യനന്മകളുടെ നികേതനമായ ഈശോയേ,

ഞങ്ങളുടെ ജീവനും വഴിയും സത്യവുമായ ഈശോയേ,

മാലാഖമാരുടെ സന്തോഷമായ ഈശോയേ,

പൂർവ്വപിതാക്കന്മാരുടെ രാജാവായ ഈശോയേ,

ദീർഘദർശികൾക്കു ജ്ഞാനം പകരുന്ന ഈശോയേ,

ശ്ലീഹന്മാരുടെ ഗുരുവായ ഈശോയേ,

സുവിശേഷകർക്കു ആചാര്യനായ ഈശോയേ,

വേദസാക്ഷികൾക്കു ശക്തിപകർന്ന ഈശോയേ,

വന്ദകന്മാരുടെ പ്രകാശമായ ഈശോയേ,

ബ്രഹ്മചാരികളുടെ പരിശുദ്ധിയായ ഈശോയേ,

സകല പുണ്യവാന്മാരുടെയും കിരീടമായ ഈശോയേ,

ദയാപരനായ കർത്താവേ!
ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ.

ദയാപരനായ കർത്താവേ!
ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ.

സകല പാപങ്ങളിൽനിന്ന്,

(കർത്താവേ ഞങ്ങളെ രക്ഷിക്കണമേ)

അങ്ങേ കോപത്തിൽനിന്ന്,

പിശാചിന്റെ സകല തന്ത്രങ്ങളിൽനിന്ന്,

മോഹാഗ്നിയിൽനിന്ന്,

എന്നന്നേക്കുമുള്ള മരണത്തിൽനിന്ന്,

ഞങ്ങൾക്ക് അങ്ങുതരുന്ന നല്ല പ്രേരണകളോടുള്ള ഞങ്ങളുടെ ഉദാസീനതയിൽനിന്ന്,

അങ്ങേ മനുഷ്യാവതാരത്തിന്റെ പരമരഹസ്യത്തെക്കുറിച്ച്,

അങ്ങേ പിറവിയെക്കുറിച്ച്,

അങ്ങേ ബാല്യപ്രായത്തെക്കുറിച്ച്,

അങ്ങേ ഛേദനാചാരത്തെക്കുറിച്ച്,

അങ്ങേ കഠിനാദ്ധ്വാനത്തെക്കുറിച്ച്,

അങ്ങേ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും കുറിച്ച്,

അങ്ങേ ദുഃഖങ്ങളെയും രക്തവിയർപ്പിനെയും കുറിച്ച്,

അങ്ങേ കുരിശിനെയും അങ്ങ് അനുഭവിച്ച പരിത്യക്തതയെയും കുറിച്ച്,

അങ്ങേ തിരുമരണത്തെയും സംസ്ക്കാരത്തെയും കുറിച്ച്,

മഹിമ പ്രതാപത്തോടെയുള്ള അങ്ങേ ഉയിർപ്പിനെക്കുറിച്ച്,

അത്ഭുതകരമായ അങ്ങേ സ്വർഗ്ഗാരോഹണത്തെക്കുറിച്ച്,

വി. കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച്,

അങ്ങേ ആനന്ദത്തെക്കുറിച്ച്,

അങ്ങ് മഹിമപ്രതാപത്തോടുകൂടി എഴുന്നള്ളി വരുവാനിരിക്കുന്ന വിധി ദിവസത്തിൽ,

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ.

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ഭൂലോക പാപങ്ങൾ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയേ,

 • കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

യേശുവേ കാരുണ്യപൂർവ്വം ഞങ്ങളെ ശ്രമിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കർത്താവായ യേശുവേ, ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും, അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്കു തുറന്നുകിട്ടും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
കർത്താവേ, ഞങ്ങൾക്ക് അങ്ങയുടെ ദിവ്യസ്നേഹം നൽകണമേ. ഞങ്ങളുടെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നതിനും ഞങ്ങളുടെ എല്ലാ പ്രവൃത്തികളും വ്യാപാരങ്ങളുംകൊണ്ട് അങ്ങയെ അവിരാമം മഹത്ത്വപ്പെടുത്തുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ തിരുനാമത്തോടു നിരന്തരമായ ഭയഭക്തി ഞങ്ങൾക്കു നൽകണമേ. അവിടുത്തെ സ്നേഹം അങ്ങു ശാശ്വതമായി സ്ഥാപിച്ചിട്ടുള്ള ഹൃദയങ്ങളെ ഭരിക്കുവാൻ ഒരിക്കലും വിമുഖത കാണിക്കാത്ത നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന യേശുവേ, ആമ്മേൻ.

 1. ഈശോയുടെ തിരുഹൃദയ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ.
കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ, അനുഗ്രഹിക്കണമേ.
മിശിഹായേ, അനുഗ്രഹിക്കണമേ.

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷകനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്റെ തിരുക്കുമാരനായ ഈശോയുടെ തിരുഹൃദയമേ,

കന്യകാമറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാരൂപിയാൽ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തിൽ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തപ്രതാപവാനായ ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകലഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉൾക്കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ദൈവത്വത്തിൻ പൂർണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,

നിത്യപർവ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ,

ക്ഷമയും അധികദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,

അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ പാപങ്ങൾക്കു പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

നിന്ദകളാൽ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം തകർന്ന ഈശോയുടെ തിരുഹൃദയമേ,

മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ ജീവനും ഉയിർപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ സമാധാനവും അനുരഞ്ജനവുമായ ഈശോയുടെ തിരുഹൃദയമേ,

പാപങ്ങൾക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങയിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങിൽ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,
ഞങ്ങളുടെ ഹൃദയം അങ്ങയുടെ തിരുഹൃദയത്തിന് അനുയോജ്യമാക്കണമേ.
നമുക്കു പ്രാർത്ഥിക്കാം

സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, അങ്ങേ ദിവ്യപുത്രന്റെ തിരുഹൃദയത്തെയും പാപികൾക്കായി അവിടുന്നു ചിന്തിയ തിരുരക്തത്തെയും തൃക്കൺപാർത്ത് അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെമേൽ കൃപയായിരിക്കണമേ. അങ്ങേക്ക് അവിടുന്നു സമർപ്പിച്ച സ്തുതികളോടും പരിഹാരപ്രവൃത്തികളോടും ചേർത്ത് ഞങ്ങളുടെ ഈ അപേക്ഷകൾ അങ്ങുന്നു സ്വീകരിക്കണമേ. ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താൽ സമ്പന്നരാക്കുകയും ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാവഴി അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
ആമ്മേൻ.

 1. വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ്‌ എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്താഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്കു നൽകി. മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്കു വലിയ ആശ്രയം. കഷ്ടം! ഓ! എന്റെ ദൈവമേ, ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തെ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ, പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽനിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ, അങ്ങയോടു സംസാരിക്കട്ടെ, അങ്ങയോടു പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ, അങ്ങയെ പ്രസാദിപ്പിക്കട്ടെ. മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോടുകാണിച്ച വലിയ കരുണകളെ ലോകം മുഴുവനുംപോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ! ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദി പ്രകാശിപ്പിക്കുവാൻ എനിക്കു സാധിക്കുമോ? മറിയം എന്നിലുണ്ട്.
ഓ! അക്ഷയമായ നിധിയേ,
ഓ! എത്ര വലിയ ആശ്വാസം!

ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്രവലിയ നന്ദിഹീനത! ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽപ്പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ, ഞാൻ പരിപൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻ ശ്ലീഹായോടുകൂടി കുരിശിൻ ചുവട്ടിൽനിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യംതന്നെ എന്നെ അവൾക്കു നൽകുകയും ചെയ്യുന്നു. പ്രിയ ഈശോയേ, അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും നിർവ്വഹിച്ചില്ലെങ്കിൽ ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയേ, എന്റെ ആത്മാവിലോ ശരീരത്തിലോ, ഈ മഹത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽനിന്നു ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, നാഥാ, അങ്ങേയ്ക്ക് അനുഗുണമല്ലതന്നെ.

ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്കു നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങുനടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അതു വളർന്നു പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ.
ഓ! പരിശുദ്ധാത്മാവേ, അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്കു വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്കു നൽകിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതുവഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്കു സാധിക്കട്ടെ.
ആമ്മേൻ.

 1. മറിയത്തിൽ ജീവിക്കുന്ന യേശുവേ

ഓ !മേരിയിൽ വാഴുവോരേശുവേ,
വന്നു വസിക്കണേ നിൻ ദാസരിൽ,
അങ്ങേ വിശുദ്ധിതൻ അരൂപിയിലും,
അങ്ങേ ശക്തിതന്നുടെ നിറവിലും,
അങ്ങേ പുണ്യത്തിൻ സത്യമോടെയും,
അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും,
അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും,
തിന്മതൻ ശക്തിയെല്ലാം തുരത്തണേ
അങ്ങേ അരൂപിയാൽ,
പിതാവിൻ മഹത്വത്തിനായ്.
ആമ്മേൻ.

ആദ്ധ്യാത്മികാഭ്യാസങ്ങൾ

ദൈവസ്നേഹപ്രകരണങ്ങൾ, യേശുവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുക, മനഃസ്താപവും പ്രതിജ്ഞയും.